ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത നടപടികളിൽ ചില അസാധാരണത്വങ്ങൾ കാണാമെങ്കിലും അതെല്ലാം ഏറെനാളായി പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ജനുവരി ആദ്യവാരം മുതലേ അറസ്റ്റ് വാർത്തകൾ വരുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ്, കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിത അറസ്റ്റിലായപ്പോഴേ കെജ്രിവാളും ഉടൻ ‘ഇഡിക്കൂട്ടി’ൽ അകപ്പെടുമെന്ന് സൂചനയുണ്ടായിരുന്നു. ഇ.ഡി സമൻസുകൾ തുടർച്ചയായി അവഗണിച്ച കെജ്രിവാളിന് സംരക്ഷണം നൽകാൻ ഹൈകോടതി വിസമ്മതിക്കുകയും ചെയ്തതോടെ അറസ്റ്റ് സമയത്തിന്റെ മാത്രം പ്രശ്നമായി. കഴിഞ്ഞദിവസം രാത്രി, അത്യസാധാരണവും നാടകീയവുമായ സംഭവവികാസങ്ങൾക്കൊടുവിൽ കേന്ദ്ര അന്വേഷണ സംഘം അത് നടപ്പാക്കുകയും ചെയ്തു. കേസിൽ പുതിയ സമൻസ് നൽകാനാണെന്ന് ജീവനക്കാരെ അറിയിച്ച് സെർച് വാറന്റുമായാണ് അവർ കെജ്രിവാളിന്റെ വസതിയിൽ പ്രവേശിച്ചത്. വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ വസതിയിലേക്കു കയറിയ സംഘം കെജ്രിവാളിന്റെയും ഭാര്യയുടെയും ഫോണും ലാപ്ടോപ്പുമെല്ലാം പിടിച്ചെടുക്കുകയും അതിലെ വിവരങ്ങൾ പകർത്തുകയും ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്രിവാൾ. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. അതുകൊണ്ടാണ്, അറസ്റ്റ് വാർത്തയുടെ തൊട്ടടുത്ത നിമിഷംതന്നെ പാർട്ടിപ്രവർത്തകർ ഒന്നടങ്കം തെരുവിലിറങ്ങിയത്. വൻ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ രാത്രി രാഷ്ട്രതലസ്ഥാനം സാക്ഷിയായത്. വരുംദിവസങ്ങളിൽ ആ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇ.ഡി നടപടിക്കെതിരെ പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്തുതന്നെ സംഭവിച്ചാലും രാജിവെക്കില്ലെന്നും ജയിലിലിരുന്നും ഭരണം നടത്തുമെന്നുമാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. അദ്ദേഹത്തോട് ഐക്യപ്പെട്ട് ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും രംഗത്തുവരുകയും ചെയ്തിരിക്കുന്നു. മറ്റൊരർഥത്തിൽ, രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുതിയൊരു രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ് ഈ അറസ്റ്റും അനുബന്ധ സംഭവങ്ങളുമെല്ലാം.
ഡൽഹി മദ്യനയക്കേസിൽ ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ കാണിച്ചുകൂട്ടുന്ന അമിതാവേശത്തിന്റെ അജണ്ട എന്തെന്ന് നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടതാണ്. രാജ്യത്തെ എൻ.ഡി.എ ഇതര ‘പ്രതിപക്ഷ സംസ്ഥാന’ങ്ങൾക്കുനേരെ കേന്ദ്രസർക്കാർ നിരന്തരമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഫെഡറൽവിരുദ്ധവും സ്വേച്ഛാപരവുമായ പ്രതികാര രാഷ്ട്രീയത്തിന്റെ തുടർച്ചതന്നെയാണ് ഇതും. പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അർഹമായ നികുതിവിഹിതം നൽകാതെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുക, കേന്ദ്ര ഏജൻസികൾക്ക് അവിടേക്ക് യഥേഷ്ടം വഴിതുറക്കുക, രാജ്ഭവനുകൾ കേന്ദ്രീകരിച്ച് ഗവർണർമാർ വഴി സമാന്തര ഭരണത്തിന് അരങ്ങൊരുക്കുകയും സംസ്ഥാന ഭരണത്തെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ മോദി സർക്കാർ അധികാരത്തിലേറിയ നാൾ മുതലേ കണ്ടുവരുന്ന പ്രവണതയാണ്. ഈ പ്രതിലോമ രാഷ്ട്രീയത്തിന്റെ തുടർച്ചയിൽ ഒന്നുമാത്രമാണ് കെജ്രിവാളിന്റെ അറസ്റ്റ്. ഈ അറസ്റ്റിന് കാരണമായ മദ്യനയക്കേസ് രൂപപ്പെട്ടുവരുന്നതുതന്നെ വിഷയത്തിൽ ഗവർണർ ഇടപെടുന്നതോടെയാണ്. മദ്യനയം തിരുത്താൻ സർക്കാർ ചട്ടം ലംഘിച്ചുവെന്നും മദ്യ ഉൽപാദനം, വിതരണം എന്നിവയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുവെന്നും അതുവഴി ‘ആപ്’ വലിയതോതിൽ പണം സമ്പാദിച്ചുവെന്നും ആരോപണം ഉയർന്നപ്പോഴേക്കും ഗവർണർ സി.ബി.ഐയെ വിളിപ്പിച്ചു. അന്വേഷണത്തിന്റെ ആദ്യ ആഴ്ചകളിൽതന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴേ കെജ്രിവാൾ താനും ഉടൻ അകത്താകുമെന്ന് പ്രവചിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ പട്ടിക തയാറാക്കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ടു മാസം മുമ്പ്, ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതും ഇതേ മോഡസ് ഓപറാണ്ടിയിലൂടെയാണ്. ആകെയുള്ള വ്യത്യാസം അദ്ദേഹം അറസ്റ്റിനു മുന്നേ രാജിവെച്ചുവെന്നതുമാത്രമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട നാമനിർദേശപത്രിക സമർപ്പണം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ‘ഇൻഡ്യ’ മുന്നണിയിലെ പ്രധാന മുഖമായ കെജ്രിവാളിന്റെ അറസ്റ്റ് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ഇതേ ദിവസംതന്നെ തലസ്ഥാന നഗരിയിൽ മറ്റൊരു കാര്യംകൂടി അരങ്ങേറി: പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ നാലു ബാങ്കുകളിലായുള്ള 11 അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനാൽ പാർട്ടിയെ തെരഞ്ഞെടുപ്പിൽ പാപ്പരാക്കി മാറ്റിയെന്ന് സോണിയയും ഖാർഗെയും രാഹുലും എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ചത് കെജ്രിവാളിന്റെ അറസ്റ്റിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പായിരുന്നു. രണ്ടും വിളിച്ചുപറയുന്നത് ഒരൊറ്റ കാര്യമാണ്: മോദി ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം! തീർത്തും ഏകപക്ഷീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ശബ്ദങ്ങൾ സമ്പൂർണമായി ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് സംഘ്പരിവാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 370ൽ കൂടുതൽ സീറ്റുകൾ നേടി മൂന്നാമതും അധികാരത്തിൽ തുടരുമെന്ന് മോദിയും സംഘവും ആവർത്തിക്കുമ്പോഴും ആ ആത്മവിശ്വാസത്തിന് ഇളക്കംതട്ടുംവിധമുള്ള ചെറുമുന്നേറ്റങ്ങൾ മറുവശത്തുണ്ടാകുന്നുണ്ട് എന്നതാണോ ഈ അമിതാധികാര പ്രയോഗങ്ങളിലേക്ക് ഇക്കൂട്ടരെ നയിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2019ൽ ബി.ജെ.പി തൂത്തുവാരിയ ഡൽഹിയിൽ ഇക്കുറി ആപ്-കോൺഗ്രസ് സഖ്യം യാഥാർഥ്യമായതോടെ കാവിപ്പട ചിത്രത്തിന് പുറത്തായി. ഒരുപക്ഷേ, ആപ് തരംഗം പഞ്ചാബിലും അടിച്ചുവീശിയേക്കാം. ദക്ഷിണേന്ത്യയിലും ബി.ജെ.പിക്ക് കാര്യങ്ങൾ ഒട്ടും ശുഭകരമല്ല. ഹിന്ദി ഹൃദയഭൂമിയിൽ ദൗർബല്യങ്ങളോടെയെങ്കിലും ‘ഇൻഡ്യ’ സഖ്യം മുന്നോട്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ ചെറുനീക്കങ്ങൾപോലും തച്ചുടക്കുക എന്ന ഹീനതന്ത്രമാണ് സംഘ്പരിവാർ പയറ്റിക്കൊണ്ടിരിക്കുന്നത്. അതിനാൽ, സാമ്പത്തിക ഉപരോധവും അറസ്റ്റുമെല്ലാം ഇനിയും തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ആത്യന്തികമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യവേട്ടതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.