ഇന്ത്യയുടെ അത്യുത്തരദേശമായ ലഡാക്ക് ഒരു മാസത്തിലേറെയായി പ്രക്ഷോഭത്തിലാണ്. 2019ൽ ജമ്മു-കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയപ്പോൾ കേന്ദ്ര ഗവൺമെന്റ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജനം പ്രക്ഷോഭത്തിനിറങ്ങിയത്. മൂന്നു ലക്ഷത്തിലേറെ പേർ അധിവസിക്കുന്ന ലഡാക്കിന് പൂർണ സംസ്ഥാനപദവി, 97 ശതമാനം വരുന്ന ഗോത്രജനതക്ക് ഭരണഘടനപരമായ സംരക്ഷണം, ഭൂസ്വത്ത്, ആരോഗ്യം, കൃഷി എന്നിവയിൽ നിയമനിർമാണാധികാരമുള്ള സ്വയംഭരണ വേദികൾ തുടങ്ങിയ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ ആറാം വകുപ്പ് നടപ്പാക്കുക, തൊഴിൽസുരക്ഷ, ഭൂമിക്കും ഭൂവിഭവങ്ങൾക്കും സംരക്ഷണം, ബുദ്ധമത വിശ്വാസികൾ ഭൂരിപക്ഷമുള്ള ലേയിലും മുസ്ലിംകൾ കൂടുതലുള്ള കാർഗിലിലും ഓരോ പാർലമെന്ററി സീറ്റ് തുടങ്ങിയവയാണ് മൈനസിലും താഴ്ന്ന അതിശൈത്യത്തിൽ ആഴ്ചകൾ നീണ്ട സമരത്തിനിറങ്ങിയവരുടെ പ്രധാന ആവശ്യങ്ങൾ. പരിസ്ഥിതി ആക്ടിവിസ്റ്റ്കൂടിയായ എൻജിനീയർ സോനം വാങ്ചുക് കഴിഞ്ഞ 21 ദിവസമായി മഞ്ഞിലും മഴയിലും പുതഞ്ഞ് നിരാഹാരസമരത്തിലായിരുന്നു. ബുധനാഴ്ച സമരത്തിന്റെ പ്രാഥമികഘട്ടം പൂർത്തീകരിച്ചതായും വ്യാഴാഴ്ച മുതൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായും സോനം ‘എക്സി’ൽ പോസ്റ്റുചെയ്ത വിഡിയോ സന്ദേശത്തിൽ അറിയിച്ചു. പത്തുനാൾ സ്ത്രീനിരാഹാരത്തിനു പിറകെ യുവജനസംഘടനകളും ബുദ്ധഭിക്ഷുക്കളും മുതിർന്നവരും സമരരംഗത്തിറങ്ങും.
2019 ആഗസ്റ്റിൽ ജമ്മു-കശ്മീരിൽനിന്ന് വേർപെടുത്തുമ്പോൾ കേന്ദ്ര ഭരണകൂടം ലഡാക്കിന് കൂടുതൽ അധികാരവും പദവിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര ഭരണപ്രദേശമായതോടെ ലഡാക്കിന് മുമ്പുണ്ടായിരുന്ന അധികാരാവകാശങ്ങളും നഷ്ടമായി. നേരത്തേ, ജമ്മു-കശ്മീർ നിയമസഭയിൽ നാല് എം.എൽ.എമാർ ലഡാക്കിനുണ്ടായിരുന്നു. ഇപ്പോൾ അത് വെറും ഒരു പാർലമെന്റ് അംഗം എന്നതിൽ ഒതുങ്ങി. അതുകൊണ്ടുതന്നെ പ്രദേശവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമെടുക്കുന്നതിൽ തദ്ദേശീയർക്ക് ഒരു പങ്കുമില്ല. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുമെന്ന് ബി.ജെ.പി വാഗ്ദാനമുണ്ടായിരുന്നു. അടുത്തവർഷം ഒക്ടോബറിൽ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോഴും അവരുടെ മുഖ്യവാഗ്ദാനമായിരുന്നു ഇത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി വാക്കുമാറി.
ജമ്മു-കശ്മീർ വിഭജിക്കുന്നതിനു പിന്നിൽ രാഷ്ട്രീയത്തിനൊപ്പം കോർപറേറ്റ് ചങ്ങാത്ത താൽപര്യങ്ങൾകൂടി ബി.ജെ.പിയെ നയിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലഡാക്കിനോട് കേന്ദ്രം സ്വീകരിച്ച സമീപനം. ലഡാക്കിൽ ഏതു വികസനപദ്ധതികൾ നടപ്പാക്കുന്നതും തദ്ദേശ ഗോത്രജനതയുമായി ചർച്ച ചെയ്തായിരിക്കുമെന്നതാണ് ഭരണഘടനയുടെ ആറാം പട്ടിക ലഡാക്കിന് ബാധകമാക്കുന്നതിലൂടെ സംഭവിക്കുക. എന്നാൽ, അത് മോദിസർക്കാറിന്റെ മുതലാളിത്തതാൽപര്യങ്ങൾക്ക് ഹാനികരമായിരിക്കും. അതുകൊണ്ടുതന്നെ ലഡാക്കിനെ ഇപ്പോഴും കേന്ദ്രം കൈപ്പിടിയിലൊതുക്കിവെച്ചിരിക്കുകയാണ്. അതിനാൽ ഏതു ലോബിക്കും ഖനനത്തിനോ വ്യവസായങ്ങൾ തുടങ്ങുന്നതിനോ ലെഫ്.ഗവർണറുടെ അനുമതി മതി. അത്യുത്തരത്തിലെ ഗോത്രജനതയുടെ ആവാസവ്യവസ്ഥയെതന്നെ അവതാളത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ഈ ‘വികസന’മോഹം. ഉദാഹരണത്തിന് ജല ഉപഭോഗത്തിന് നൂറ്റാണ്ടുകളിലൂടെ ലഡാക്കുകാർ സ്വീകരിച്ചുവരുന്ന രീതിയുണ്ട്. ചില ഗ്രാമങ്ങൾ സിന്ധുനദിയെ, ചിലർ കൊച്ചു വെള്ളച്ചാട്ടങ്ങളെ, വേറെ ചിലർ അരുവികളെ-അങ്ങനെയാണ് ആശ്രയിച്ചുവരുന്നത്. ചിലർ ഒരേ സ്രോതസ്സുകൾ പങ്കുവെക്കുന്നവരാണ്. ഇതൊന്നും മാനിക്കാതെ കേന്ദ്രസർക്കാർ വക ജൽജീവൻ മിഷൻ ജലവിതരണ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത് ഒരു വിഭാഗത്തിന്റെ കുടിവെള്ളം മുട്ടിക്കുന്ന വിധമായിരുന്നു. അതിലും ഭീകരമാണ് ഉപജീവനമാർഗം പോലും മുട്ടിച്ച് വൻതോതിൽ ഭൂമി വൻകിട വ്യവസായികൾക്ക് തീറെഴുതുന്ന കേന്ദ്രനയം. ലോകപ്രശസ്തമായ കശ്മീരി പശ്മിന കമ്പിളി ചാങ്താങ് മേഖലയിലെ പ്രത്യേകയിനം ആടുകളിൽനിന്നാണ്. ഇവക്ക് മേഞ്ഞുതിന്നാനുള്ള പച്ചപ്പുള്ള 20,000 ഏക്കർ ഭൂമിയാണ് വൻകിടക്കാരുടെ സൗരോർജ പ്ലാന്റുകൾക്കായി സർക്കാർ പതിച്ചുനൽകുന്നത്. ചൈനയുടെ ചാരെയുള്ള ഈ ഇന്ത്യൻ അതിർത്തിഭാഗത്ത് ചൈനീസ് സേനയുടെ കടന്നുകയറ്റത്തിനും അവരുടെ ദ്രോഹത്തിനും കൂടി ഇരയാകുന്നുണ്ട് ആട്ടിടയരും കർഷകരും. അതിർത്തിസുരക്ഷ പറഞ്ഞ് പത്തും പതിനഞ്ചും കിലോമീറ്ററുകൾക്കിപ്പുറം സൈന്യം സുരക്ഷവിന്യാസം ഒരുക്കിയതിനാൽ ഇത്രകാലം ഉപയോഗിച്ചിരുന്ന ഭൂമിയും ഇടയന്മാർക്ക് ലഭിക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി, വാഗ്ദാനങ്ങൾ പാലിക്കണമെന്ന ആവശ്യവുമായി വാങ്ചുകിന്റെ ലേ അപെക്സ് ബോഡിയും കാർഗിൽ ഡെവലപ്മെന്റ് കൗൺസിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി മാർച്ച് നാലിന് നടത്തിയ അവസാനത്തെ ചർച്ചയും പരാജയപ്പെട്ടു. തുടർന്നാണ് മാർച്ച് ഏഴിന് മഹാത്മാ ഗാന്ധിയുടെ ഏറ്റവും ദീർഘ നിരാഹാര സമരം മാതൃകയാക്കി 21 നാൾ സമരത്തിന് വാങ്ചുക് മുന്നിട്ടിറങ്ങിയത്. ഏപ്രിൽ ഏഴിന് ചൈനീസ് അതിർത്തിയായ ചാങ്താങ്ങിലേക്ക് ആയിരങ്ങൾ മാർച്ചു ചെയ്യുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ലഡാക്കിലെ ഇടയന്മാർ ഉപയോഗിച്ചുപോന്ന ഭൂപ്രദേശങ്ങളിലേക്കാണ് തങ്ങളുടെ മാർച്ചെന്നും ഇന്ത്യക്ക് അത് തടയേണ്ട കാര്യമില്ലെന്നുമാണ് വാങ്ചുക്കിന്റെ പക്ഷം. അഥവാ, തടഞ്ഞാൽ ചൈനയുടെ അന്യാധീനപ്പെടുത്തലിനെ ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നതിനു തുല്യമാകും അത്.
ഒരു മാസമായി ലഡാക്കുകാർ തുടരുന്ന ഗാന്ധിയൻ സമരമുറയെയും പ്രക്ഷോഭറാലികളെയും അവഗണിക്കുകയാണ് കേന്ദ്രം. അതോടെ, ബി.ജെ.പി ഭരണകൂടത്തെ തികഞ്ഞ അവജ്ഞയോടെ കാണുന്ന ലഡാക്കുകാരുടെ പ്രതിഷേധവും ആളുകയാണ്. ആയിരങ്ങൾ പങ്കെടുത്തുവരുന്ന ജനകീയപ്രക്ഷോഭത്തെ ബി.ജെ.പി മടിത്തട്ടുമാധ്യമങ്ങൾ അവഗണിച്ചിട്ടും ലോകശ്രദ്ധയാകർഷിച്ചു. ഈ അവകാശ പോരാട്ടം അട്ടിമറിക്കുന്നത് മോദിയുടെ ഗാരന്റി അവകാശവാദങ്ങളെ മാത്രമല്ല, അപ്രതിരോധ്യമെന്നു വീമ്പിളക്കിയ മൂന്നാമൂഴത്തിലേക്കുള്ള മുന്നേറ്റത്തിന്റെ മാറ്റുകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.