ഗുജറാത്തിലെ ജാംനഗർ ഒരു വ്യവസായ നഗരമാണെന്നും വ്യവസായ ഭീമൻ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ പെട്രോളിയം-പെട്രോകെമിക്കൽ വ്യവസായശാല അവിടെ സ്ഥിതിചെയ്യുന്നുണ്ടെന്നും അറിയുന്നവർക്കുപോലും അന്നാട്ടിൽ ഒരു വിമാനത്താവളമുള്ള കാര്യം അറിയണമെന്നില്ല. എന്നാൽ, താൽക്കാലികമായാണെങ്കിലും അന്താരാഷ്ട്ര പദവി നേടുക വഴി ജാംനഗറിലെ വിമാനത്താവളം വാർത്താ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചൻറും തമ്മിലെ വിവാഹത്തിന്റെ മൂന്നുനാൾ നീളുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന വിശിഷ്ടാതിഥികളുടെ സുഗമ സഞ്ചാരത്തിനാണ് ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ചുവരെ അന്താരാഷ്ട്ര പദവി. രാഷ്ട്രനേതാക്കളുടെയും സെലിബ്രിറ്റികളുടെയും സാന്നിധ്യം കൊണ്ട് ജാംനഗർ അനുഗ്രഹിക്കപ്പെടുമ്പോൾ അവരെന്തിനു അകലെയുള്ള അഹ്മദാബാദിൽ വിമാനമിറങ്ങി ആഭ്യന്തര വിമാനത്തിലേക്ക് മാറിക്കയറി വിഷമിക്കണം എന്ന ഭാവത്തിൽ ഇന്ത്യൻ ഭരണത്തിന്റെ സർവ മെഷിനറിയും ഏകോപിച്ചൊരുക്കിയ ഒരു സവിശേഷ സൗകര്യം!. മാർക് സുക്കർബർഗ്, ബിൽ ഗേറ്റ്സ്, ഗായിക റിഹാന, കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ മുൻ പ്രധാനമന്ത്രിമാർ തുടങ്ങി ഒരു വൻനിരതന്നെയാണ് അതിഥി പട്ടികയിലുള്ളത്. അവർക്കെല്ലാം ഇറങ്ങാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധാരണ ഒരു പ്രതിരോധ എയർപോർട്ടായ ജാംനഗറിൽ ഇമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യപരിശോധന തുടങ്ങിയ സംവിധാനങ്ങളെല്ലാം സർക്കാർ ഒരുക്കിക്കൊടുത്തു. യാത്രക്കാരുടെ ടെർമിനൽ കെട്ടിടത്തിന്റെ വലുപ്പം ഇരട്ടിയാക്കി. മൊത്തം അതിഗംഭീരമാക്കി ഒരുക്കിയ സംവിധാനങ്ങൾ സർക്കാറോ സ്വകാര്യ സംരംഭമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധം ഇഴചേർന്നിരിക്കുന്നു.
ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിന് ഭരണകൂടം ഒരുക്കിനൽകുന്ന ഈ സംവിധാനങ്ങൾക്ക് വേണ്ടിവരുന്ന ചെലവിന്റെ എത്രഭാഗം പ്രസ്തുത വ്യക്തി വഹിക്കുമെന്നൊന്നും വ്യക്തമല്ല. വ്യോമസേനയുടെ ഒരു വിമാനത്താവളമെന്ന് കേൾക്കുമ്പോഴേക്കും ഉന്നയിക്കാറുള്ള സുരക്ഷാ ആകുലതകളോ അവിടെ എത്തിപ്പെടുന്ന അതിഥികളെ സ്വീകരിക്കുമ്പോഴുള്ള നടപടിക്രമങ്ങളുടെ കണിശതയോ ഒന്നും ചർച്ചയാവുന്നില്ല. മൂന്നു കേന്ദ്രമന്ത്രിമാരെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം ഭരണകൂടത്തിന്റെ ഉറ്റ ചങ്ങാതിയായ ഒരു കുടുംബത്തിന്റെ ചടങ്ങിന് വേണ്ടിയാവുമ്പോൾ അത് വെറും ചങ്ങാത്ത മുതലാളിത്തമല്ല. അതിനു ജനാധിപത്യത്തിന്റെതന്നെ ആവരണംകൂടി നൽകപ്പെടുമ്പോൾ അതിനെ ചങ്ങാത്ത ജനാധിപത്യമെന്നും വിളിക്കാം. കാരണം, തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ അംബാനിയെപ്പോലുള്ളവരുടെ സംഭാവനകളുടെ ഗുണഭോക്താക്കളിൽ ബി.ജെ.പി തന്നെയാണല്ലോ മുന്നിൽ; എന്നല്ല 2360 കോടി രൂപ ബി.ജെ.പിക്ക് കിട്ടിയപ്പോൾ, അടുത്ത മുഖ്യ ദേശീയ പ്രതിപക്ഷമായ കോൺഗ്രസിന് ലഭിച്ചത് അതിന്റെ അഞ്ചിലൊന്നായ 452 കോടി രൂപയാണ്.
ഭരണകക്ഷിയും മൂലധനശക്തികളും പരസ്പരം തോളിൽ കൈയിട്ട് നടത്തുന്ന ഭരണമെന്ന പ്രക്രിയ എത്രമാത്രം നിഷ്പക്ഷവും നീതിയുക്തവുമാവും എന്നതിൽ പൗരജനങ്ങൾക്ക് സന്ദേഹം ഉണ്ടാവുക സ്വാഭാവികം. പക്ഷേ, മോദിയുൾപ്പെടെ ബി.ജെ.പി നേതാക്കളുടെ മുഖ്യ വിമർശനം കുടുംബവാഴ്ചയെക്കുറിച്ചാണ്. എന്നാൽ, ഭരണചക്രം തിരിക്കുന്നവർ മൂലധന ശക്തികൾക്ക് എത്രത്തോളം വഴിപ്പെടാൻ സാധ്യതയുണ്ട് എന്നിടത്താണ് ജനാധിപത്യത്തിന്റെ അപകടം പതിയിരിക്കുന്നത്. അംബാനി മാത്രമല്ല, ഇന്ത്യയിലെ മറ്റൊരു വ്യവസായ ഭീമനായ അദാനിയുടെ വിമാനം ഉപയോഗിച്ചതടക്കം എന്തെല്ലാം സൗകര്യങ്ങളാണ് ഭരണകക്ഷിയും പ്രധാനമന്ത്രിയും സ്വീകരിച്ചതെന്നതും അതോടൊപ്പം അദാനി ഗ്രൂപ്പിന് അനുകൂലമായി സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള എത്ര അടിസ്ഥാന സൗകര്യവികസനവും സ്ഥാപനങ്ങളുമാണ് കുത്തകയായി നൽകപ്പെട്ടത് എന്നതും വിഷയമാവേണ്ടതാണ്.
ചേർത്ത് വായിക്കേണ്ട മറ്റൊന്നാണ് ഫെബ്രുവരി 27 നു പതഞ്ജലി ആയുർവേദ എന്ന കമ്പനിക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും അതിലെ പരാമർശങ്ങളും. പതഞ്ജലിയുടെ പരസ്യങ്ങളിൽ ദീർഘകാല രോഗങ്ങൾ നിവാരണം ചെയ്യുമെന്ന അവകാശവാദങ്ങളും അലോപ്പതി ചികിത്സയെക്കുറിച്ച് നടത്തിയ വിമർശനങ്ങളും നിയമ വിരുദ്ധമാണെന്ന് വിധിയിൽ പറയുന്നു. നേരത്തേ പുറപ്പെടുവിച്ച വിധി നടപ്പിലാക്കാത്തതിന് കമ്പനിയുടെ എം.ഡിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും ഉത്തരവിറക്കി. കൂട്ടത്തിൽ തക്കസമയത്ത് അടിയന്തരനടപടി സ്വീകരിക്കാഞ്ഞതിന് കേന്ദ്ര സർക്കാറിനെ ശക്തമായി വിമർശിക്കുകയും ചെയ്തു കോടതി. എന്തായിരുന്നു കേന്ദ്രത്തിന് അതിനുള്ള തടസ്സം? പതഞ്ജലി സ്ഥാപകരിൽ മുഖ്യനും അവരുടെ വിപണനത്തിലെ പ്രധാന മുഖവുമായ ബാബാ രാംദേവിന് ബി.ജെ.പിയുമായും പ്രധാനമന്ത്രിയുമായുമുള്ള അടുപ്പം സകലർക്കും അറിവുള്ളതാണ്. രാംദേവിന്റെ സ്ഥാപനം നടത്തുന്ന കബളിപ്പിക്കലിനെതിരെ ഭരണകൂടം യഥാവിധി നടപടിയെടുത്തില്ലെന്ന് പരമോന്നത കോടതിക്ക് പറയേണ്ടിവന്നതുതന്നെ രാഷ്ട്രീയ-ആത്മീയ-വ്യാപാര ബാന്ധവത്തിന്റെ പ്രകടമായ തെളിവാണ്. എങ്കിലും ജനാധിപത്യത്തിന്റെ ‘ഭദ്രമായ’ തണലിൽ അത്തരം എല്ലാ വ്യാജ വൈദ്യ പ്രചാരണങ്ങളും തഴച്ചുവളരുന്നു. ചങ്ങാത്ത ജനാധിപത്യം ഇങ്ങനെയൊക്കെ വളർന്നു പന്തലിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യകരമായ വ്യവസ്ഥക്ക് എത്ര വലിയ വെല്ലുവിളിയാകുമെന്നത് അസ്വസ്ഥത ഉണ്ടാക്കേണ്ട വിഷയം തന്നെയാണ്. പക്ഷേ, അതിലേറെ ആശങ്കജനകമാണ് ഇത്തരം വ്യാപാര താൽപര്യക്കാരും മൂലധനശക്തികളും ഒരു ഭരണ കക്ഷിയുമായി കൈകോർത്താൽ ആ കക്ഷിയുടെ അപകടകരമായ സിദ്ധാന്തങ്ങൾക്ക് കൈവരുന്ന അതിജീവനശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.