കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കാനും ഇതിനായി പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്താനും പിണറായി വിജയന്റെ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതാണ് ഈ ആശയം. പ്രതിപക്ഷവും പൗരസമൂഹവും അന്നേ എതിർപ്പ് പ്രകടിപ്പിച്ചതാണെങ്കിലും അവയെല്ലാം സമ്പൂർണമായും അവഗണിച്ച് മുന്നോട്ടുപോയിരിക്കുന്നു ഭരണകൂടം. ഏറ്റവുമൊടുവിൽ, പ്രസ്തുത തീരുമാനത്തിന് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരവും നൽകി. ലൈസൻസ് നൽകിത്തുടങ്ങുന്നമുറക്ക്, ഐ.ടി പാർക്കുകളിൽ അതത് കമ്പനികൾക്ക് സ്വന്തം നിലയിൽ മദ്യം വിൽക്കാനും വിളമ്പാനുമെല്ലാം സാധിക്കും.
എട്ടു വർഷം മുമ്പ്, തൊട്ടുമുമ്പെ ഭരണത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാറിന്റെ ബാർ അഴിമതിക്കും മദ്യനയത്തിനുമെതിരെ ‘മദ്യവർജന’ സിദ്ധാന്തവുമായി രംഗത്തെത്തിയവരാണ് ഇടതുമുന്നണി. 2016ലെ, അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇങ്ങനെ വായിക്കാം: ‘‘മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതു ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരത പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും.’’ എന്നാൽ, ഓരോ വർഷം മദ്യനയം പ്രഖ്യാപിക്കുമ്പോഴും, കൂടുതൽ മേഖലകളിലേക്ക് മദ്യം വ്യാപിച്ചുകൊണ്ടിരിക്കുന്നതായാണ് അനുഭവം.
കഴിഞ്ഞ ജൂലൈയിലാണ് രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം മദ്യനയം പ്രഖ്യാപിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, കള്ള്, പഴവർഗങ്ങളിൽനിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയവയുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുമെന്ന് ആ നയം വ്യക്തമാക്കി. അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്ന് വിതരണശൃംഖല ശക്തമാക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനുപുറമെ, ടൂറിസം സീസണിൽ വിദേശ വിനോദസഞ്ചാരികള്‍ക്കും മറ്റുമായി തിരഞ്ഞെടുക്കപ്പെട്ട റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് നൽകാനും ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിച്ച് ഇന്ത്യൻ നിർമിത വിദേശമദ്യ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാനുമൊക്കെ പ്രത്യേക പദ്ധതികൾതന്നെ ആവിഷ്കരിച്ചു. അതിനു മുമ്പേ, ത്രീ സ്റ്റാർ ഹോട്ടലുകൾക്കും അതിനു മുകളിലുള്ളവക്കും ബാർ ലൈസൻസ് നൽകാനും തീരുമാനിച്ചിരുന്നു. ഇത്തരം തീരുമാനങ്ങളിലൂടെ സംഭവിച്ചത്, എല്ലായിടത്തും മദ്യം സുലഭമായി എന്നതാണ്. ആ നയത്തിന്റെ തുടർച്ചയിലാണിപ്പോൾ, പതിനായിരക്കണക്കിനാളുകൾ ജോലി ചെയ്യുന്ന ഐ.ടി പാർക്കുകളിൽ ഉദാരമായ വ്യവസ്ഥകളോടെ മദ്യശാലകൾ അനുവദിക്കാനുള്ള നീക്കം. ഐ.ടി പാർക്കുകളിൽ പ്രത്യേകമായി അനുവദിച്ച വിനോദകേന്ദ്രങ്ങളിൽ ക്ലബ് മാതൃകയിൽ ബാർ അനുവദിക്കുമെന്നാണ് പറയുന്നത്. വിദേശമദ്യ ചില്ലറവിൽപന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധിയും സമയപരിധിയുമൊന്നും ഈ മദ്യശാലകൾക്ക് ബാധകമല്ല; പാർക്കിൽ എവിടെയും രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കാവുന്ന തരത്തിലാണ് അനുമതി. ഈ ബാറുകൾ ഐ.ടി പാർക്കുകളിലെ ജോലിയെയും ഉൽപാദനക്ഷമതയെയും ബാധിക്കില്ലേ എന്ന ആശങ്കയൊന്നും സർക്കാറിന് പ്രശ്നമല്ല; അതെല്ലാം അതത് കമ്പനികൾ കൈകാര്യം ചെയ്യട്ടെ എന്ന തീർത്തും നിസ്സംഗമായ നിലപാട്. കഴിയാവുന്നിടത്തെല്ലാം പരമാവധി മദ്യമൊഴുക്കി ഖജനാവിലേക്ക് സാധ്യമാകുന്നത്രയും പണം സ്വരുക്കൂട്ടുക എന്നതിനപ്പുറം മറ്റൊരു താൽപര്യവും ഇടതുസർക്കാറിനില്ല.
നിലവിലെ മദ്യനയത്തിലൂടെ എക്സൈസ് വരുമാനം ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി എന്ന് ധനമന്ത്രി തന്നെ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയതാണ്. ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 35 ലക്ഷത്തിലേക്കും മദ്യം വിളമ്പുന്നതിനുള്ള എഫ്.എൽ നാല് ലൈസൻസ് ഫീസ് 50,000ത്തിൽനിന്ന് രണ്ടു ലക്ഷത്തിലേക്കും ഉയർത്തിയ സർക്കാർ ഐ.ടി പാർക്കുകളിലെ മദ്യശാല ലൈസൻസിന് വിലയിട്ടിരിക്കുന്നത് 20 ലക്ഷം രൂപയാണ്. നിലവിലെ സാഹചര്യത്തിൽ, ഐ.ടി കേന്ദ്രങ്ങളെ വലിയ മദ്യശാലകളാക്കാൻ ഈ ലൈസൻസ് ധാരാളം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാറിന് ഇതൊക്കെ ഗുണകരമാകുമെങ്കിലും ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ എത്ര വലുതാണെന്ന് ആലോചിക്കുന്നുണ്ടോ? പ്രതിദിനം ആറ് ലക്ഷത്തിലധികം ലിറ്റർ മദ്യമാണ് ബിവറേജസ് കോർപറേഷൻ വഴി സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഇതിനുപുറമെയാണ് കള്ള് വിൽപനയും മറ്റും. അപകടകരമായ ഈ മദ്യ ഉപഭോഗം സംസ്ഥാനത്തെ മദ്യജന്യ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുമെന്നതിൽ സംശയമില്ല. അതിനാൽ, ഈ നയത്തിൽനിന്ന് സർക്കാർ പിന്മാറിയേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.