പതിനൊന്നു ദിവസം നീണ്ട ആക്രമണത്തിനു ശേഷം ഗസ്സയിൽ വെടിനിർത്താൻ ഇസ്രായേലും പ്രത്യാക്രമണത്തിനു വിരാമമിടാൻ ഫലസ്തീനിലെ ചെറുത്തുനിൽപു പ്രസ്ഥാനം ഹമാസും തീരുമാനിച്ചതോടെ പശ്ചിമേഷ്യയിൽ തൽക്കാലം പുകയടങ്ങുമെന്നു കരുതാം. ഇൗജിപ്തിെൻറയും ഖത്തറിെൻറയും മാധ്യസ്ഥ്യത്തിലുള്ള 'നിരുപാധിക ഉഭയകക്ഷി' വെടിനിർത്തലിന് വ്യാഴാഴ്ച ഇസ്രായേലിെൻറ സുരക്ഷ കാബിനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും ഫലസ്തീൻ ഇസ്ലാമിക് ജിഹാദും അറിയിച്ചു. 65 പിഞ്ചുകുഞ്ഞുങ്ങളും 39 സ്ത്രീകളുമടക്കമുള്ള 232 ഫലസ്തീൻകാരുടെയും ഇസ്രായേലിൽ ഒരു മലയാളിയടക്കം 12 പേരുടെയും ജീവനെടുക്കുകയും ഗസ്സ എന്ന കൊച്ചു ഫലസ്തീൻ ഭൂഭാഗത്തെ മരണമുനമ്പാക്കി മാറ്റുകയും ചെയ്ത, 2014നു ശേഷമുള്ള ഏറ്റവും ക്രൂരമായ രക്തച്ചൊരിച്ചിലിനാണ് ഇസ്രായേൽ അന്ത്യം കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമ്മർദത്തിെൻറ ഫലമായി ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചതിൽ ഗസ്സയിലും ഫലസ്തീനിൽ മുഴുക്കെയും ആഹ്ലാദം അലയടിച്ചു. അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും െഎക്യരാഷ്ട്രസഭയും ഇസ്രായേലിെൻറ നിരുപാധിക വെടിനിർത്തലിെന സ്വാഗതം ചെയ്തിട്ടുണ്ട്.
ഫലസ്തീനി കുടുംബങ്ങളെ ശൈഖ് ജർറാഹ് പ്രദേശത്തുനിന്ന് നിർബന്ധപൂർവം ആട്ടിയോടിക്കാനുള്ള ഇസ്രായേൽ സേനയുടെ ശ്രമമാണ് ഇത്തവണ സംഘർഷങ്ങൾക്കു തുടക്കമിട്ടത്. അതുകൊണ്ടും നിർത്താതെ കഴിഞ്ഞ മേയ് 10ന് ലോക മുസ്ലിംകൾ വിശുദ്ധമായി പരിഗണിക്കുന്ന അൽഅഖ്സ പള്ളി ഇസ്രായേൽ സേന കൈയേറി. അന്നു തുടങ്ങിയ സംഘർഷം ഇരുഭാഗത്തെയും സിവിലിയന്മാരെയാണ് കൂടുതലായും ബാധിച്ചത്. ഗസ്സ എന്ന കൊച്ചുമുനമ്പിനെ നിശ്ശേഷം തകർത്തു തരിപ്പണമാക്കാനുള്ള ശ്രമമാണ് ആക്രമണത്തിലുടനീളം ഇസ്രായേൽ പുലർത്തിയത്. അതാണ് അമേരിക്കയടക്കമുള്ളവരുടെ അന്തർ ദേശീയ സമ്മർദത്തിനു വഴങ്ങാൻ ഇസ്രായേലിനെ നിർബന്ധിച്ചതും. ഒപ്പം മുൻ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായി ജറൂസലമിനു നേരെ േറാക്കറ്റുകൾ വർഷിച്ച് ഹമാസ് ഇത്തവണ പ്രത്യാക്രമണം രൂക്ഷമാക്കിയിരുന്നു. അതുവഴിയുണ്ടായ ആൾനാശം ചുരുക്കമെങ്കിലും ഇസ്രായേലിനെ ഞെട്ടിച്ചു. ഒപ്പം ഇസ്രായേലിനകത്തുതന്നെ രൂപം കൊണ്ട വംശീയസംഘർഷങ്ങൾ ഗസ്സയെ ആക്രമിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള ബിന്യമിൻ നെതന്യാഹുവിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇസ്രായേലിൽ ശുചീകരണത്തിനും ജറൂസലമിലേതടക്കം നിർമാണ മേഖലയിലും ഫലസ്തീൻ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇൗ വിഭാഗങ്ങൾ പണിമുടക്കി പ്രതിഷേധത്തിനിറങ്ങിയത് ഇസ്രായേലിൽ ഭരണവിരുദ്ധ വികാരമുണർത്തി. തൊഴിലാളികളുടെ പണിമുടക്കുകാരണം നിർമാണ മേഖലയിൽ നാലു കോടി യു.എസ് ഡോളറിെൻറ നഷ്ടമുണ്ടായതായി ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഹമാസിെൻറ ശക്തിയൊടിക്കാൻ എന്നു പറഞ്ഞു നടത്തിയ ആക്രമണങ്ങളെല്ലാം ഗസ്സയിൽ വൻ സിവിലിയൻനാശത്തിലും സ്വത്തുനഷ്ടത്തിലുമാണ് കലാശിച്ചത്. എല്ലാം കഴിഞ്ഞും പ്രതിയോഗിയുടെ വിഭവശേഷിയെ സംബന്ധിച്ച തിട്ടവിവരമില്ലാതെ പിൻവലിയാൻ നിർബന്ധിതരായ ഇസ്രായേലിെൻറ നിസ്സഹായത സ്വന്തം മാധ്യമങ്ങൾ തന്നെ വെളിപ്പെടുത്തി. ഇൗ പ്രതികൂല സാഹചര്യങ്ങളിലാണ് ഇസ്രായേൽ പിന്തിരിയാൻ നിർബന്ധിതമായത്.
ഇസ്രായേലിെൻറ പിൻവാങ്ങൽ തന്ത്രപരവും രാഷ്ട്രീയവുമായ പരാജയമാെണന്ന് രാജ്യത്തിനകത്തുനിന്നുതന്നെ വിമർശനമുയർന്നു കഴിഞ്ഞു. 'ഒാപറേഷൻ ഗാർഡിയൻ ഒാഫ് വാൾസ്' എന്നു പേരിട്ടുവിളിച്ച ഇസ്രായേൽ ആക്രമണത്തിനു ഹമാസിനെയും അവരുടെ പ്രതിരോധ സംവിധാനങ്ങളെയും അടുത്ത അഞ്ചുവർഷത്തേക്കെങ്കിലും നാമാവശേഷമാക്കുക എന്ന ലക്ഷ്യമായിരുന്നു തെൽഅവീവ് നിർണയിച്ചിരുന്നത്. എന്നാൽ, പതിവിനു വിപരീതമായി ഇസ്രായേലിെൻറ നൂതനമായ അയേൺ ഡോം പ്രതിരോധ കവചത്തെയും മറികടന്നാണ് ഗസ്സയിൽനിന്നുള്ള റോക്കറ്റുകൾ ജറൂസലമിൽ പതിച്ചത്. ഇസ്രായേലിെൻറ അസൂയാർഹമെന്നു വിശേഷിപ്പിക്കപ്പെട്ട ഇൻറലിജൻസ് പ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദപ്രകടനമാണ് െവടിനിർത്തലിനെ തുടർന്ന് ഗസ്സയിലും ഫലസ്തീനിലും കണ്ടത്. വൻതോതിലുള്ള ആളപായത്തിന് ഇരുപക്ഷത്തും ഇടയാക്കുന്ന മാരകമായ ഒരു സൈനികനീക്കത്തിന് ഇസ്രായേലി ജനതയിൽ പകുതിയിലേറെ പേർക്കും സമ്മതമുണ്ടായിരുന്നില്ലെന്നും തെൻറ വ്യക്തിനിഷ്ഠമായ രാഷ്ട്രീയ താൽപര്യങ്ങൾക്കായി കരുതിക്കൂട്ടിയുണ്ടാക്കിയ ഇപ്പോഴത്തെ ആക്രമണത്തിലൂടെ നെതന്യാഹു, ഉള്ള വിശ്വാസവും കളഞ്ഞുകുളിച്ചെന്നും ഇസ്രായേലി പത്രമായ 'ഹാരെറ്റ്സ്' വിമർശിച്ചിരുന്നു. ഇങ്ങനെ ഒേട്ടറെ സമ്മർദങ്ങൾക്കൊടുവിൽ ഇസ്രായേൽ പിന്തിരിയുേമ്പാഴും ഫലസ്തീനിലെ സമാധാനം ഇനിയും കടങ്കഥയായി തുടരാനാണിട. ഇസ്രായേലിനും ഫലസ്തീനും സമാധാനപൂർവം സഹവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ എന്ന് അമേരിക്കയും മാധ്യസ്ഥ്യത്തിനു മുതിർന്ന ഇൗജിപ്തുമൊക്കെ പറയുന്നു. എന്നാൽ, 1948ൽ രാഷ്ട്രം രൂപം കൊണ്ടതു മുതൽ അധിനിവേശ ഭീകരത നയമായി സ്വീകരിച്ച ഇസ്രായേലിനെ പിടിച്ചുകെട്ടാനും ഫലസ്തീൻ ജനതക്ക് സ്വാതന്ത്ര്യവും ജീവിതവും തിരിച്ചുനൽകാനും ആര്, എങ്ങനെ മുൻകൈയെടുക്കുമെന്നതാണ് ചോദ്യം. ഇപ്പോഴത്തെ വെടിനിർത്തലിെൻറ താൽക്കാലികാശ്വാസവും കെടുത്തുന്ന ആ ചോദ്യത്തിനു മറുപടിയാകുേമ്പാഴേ ഫലസ്തീനും ലോകത്തിനും ശാശ്വതസമാധാനം ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.