കനൽപോലെ സൂക്ഷിച്ച മുസ്ലിംവിരോധം ആളിക്കത്തിക്കാൻ ഈയിടെ സംഘ്പരിവാർ ഉപകരണമാക്കിയത് ഒരു പ്രോപഗണ്ട സിനിമയെയായിരുന്നു. തൊണ്ണൂറുകളിൽ താഴ്വരയിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട തീവ്രവാദി ആക്രമണങ്ങളും പലായനവും സംബന്ധിച്ച് വ്യാജ ആഖ്യാനങ്ങളും കള്ളങ്ങളും കുത്തിനിറച്ച് നിർമിച്ച സിനിമക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രചാരകരായി. ബി.ജെ.പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങൾ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോൾ സിനിമ കാണാൻ ജീവനക്കാർക്ക് പകുതി ദിവസം അവധി നൽകി അസം സർക്കാർ. കൈയയച്ചുള്ള ഈ പ്രോത്സാഹനം ലക്ഷ്യവും കണ്ടു. പ്രദർശനശേഷം തിയറ്ററുകളിൽ മുഴങ്ങിയ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളുടെയും കലാപാഹ്വാനങ്ങളുടെയും തുടർച്ചയായിരുന്നു തലസ്ഥാന നഗരിയിലുൾപ്പെടെ വടക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കർണാടകത്തിലുമെല്ലാം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടമാടിയ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾ. മുസ്ലിം വിരോധത്തിന് കൊഴുപ്പുകൂട്ടാൻ സിനിമയിൽനിന്ന് മുറിച്ചെടുത്ത തുണ്ടുകൾ സമൂഹമാധ്യമങ്ങളിലെ കാവിപ്പട ഗ്രൂപ്പുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നു.
കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയത് ഭീകരവാദം തടയാനും പണ്ഡിറ്റുകളെ തിരിച്ചെത്തിക്കാനുമാണെന്ന സർക്കാർ അവകാശവാദത്തെ സിനിമ ശരിവെച്ചപ്പോൾ ബുദ്ധിപരമോ ചരിത്രപരമോ ആയ സത്യസന്ധതയില്ലാത്ത നിർമിതിയാണീ ചിത്രമെന്ന് താഴ്വരയിൽ താമസിക്കുന്നവരും പലായനം ചെയ്തവരുമായ കശ്മീരി പണ്ഡിറ്റുകൾ വിളിച്ചുപറഞ്ഞിരുന്നു. വ്യാജം നിറഞ്ഞ ഇത്തരമൊരു ആഖ്യാനത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണെന്നും സിനിമ തങ്ങളെ കൂടുതൽ അരക്ഷിതത്വത്തിലേക്കാണ് നയിക്കുകയെന്നുമുള്ള അവരുടെ മുന്നറിയിപ്പ് പക്ഷേ, കലാപമുദ്രാവാക്യങ്ങൾക്കിടയിൽ മുങ്ങിപ്പോയി.
തെരഞ്ഞെടുപ്പു റാലികളിൽ കശ്മീരിനെ മറയാക്കി വർഗീയ ധ്രുവീകരണം വ്യാപിപ്പിക്കുകയും പ്രത്യേക പദവി റദ്ദാക്കുകയും കൂടുതൽ സൈനികവത്കരിക്കുകയും അടിസ്ഥാന പൗരാവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്തുവെന്നല്ലാതെ കേന്ദ്രഭരണം ലഭിച്ച് എട്ടു വർഷമായിട്ടും ഭീകരവാദം ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ഒരു നീക്കവും ബി.ജെ.പി നടത്തിയിട്ടില്ല. നിരവധി നിരപരാധികളുടെ ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഈ മാസം 12ന് ബഡ്ഗാം ജില്ലയിലെ ചദൂരയിലുള്ള റവന്യൂ ഓഫിസിൽ ഇരച്ചുകയറിയാണ് സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ചുകൊന്നത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അവകാശവാദങ്ങൾക്കിടയിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഈ വർഷം നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം. കേന്ദ്രസർക്കാറിന്റെ പ്രത്യേക തൊഴിൽപദ്ധതി പ്രകാരം 2010ൽ താഴ്വരയിലേക്ക് മടങ്ങി വന്നയാളാണ് രാഹുൽ. അഞ്ചു ലക്ഷം രൂപയും അവകാശിക്ക് നാലാം ഗ്രേഡ് ജോലിയും നഷ്ടപരിഹാരമായി നൽകാം എന്ന സർക്കാറിന്റെ വാഗ്ദാനം അദ്ദേഹത്തിന്റെ കുടുംബം നിരസിച്ചു. മാത്രമല്ല, ജീവന് സുരക്ഷ നൽകാൻ കഴിയില്ലെന്നാകിൽ തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് സർക്കാർ ജീവനക്കാരായ 350 ഓളം കശ്മീരി പണ്ഡിറ്റുകൾ ലഫ്. ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെടുകയും ചെയ്തു.
ജോലിയും സുരക്ഷയും വാഗ്ദാനം ചെയ്താണ് സർക്കാർ കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ബി.ജെ.പി നേതാക്കളുടെ ബന്ധുക്കളും ഇഷ്ടക്കാരുമായ സർക്കാർ ജീവനക്കാർക്ക് ജമ്മുവിലേക്ക് സ്ഥലം മാറ്റം നൽകി സുരക്ഷ ഉറപ്പാക്കുമ്പോൾ സ്വാധീനവും പിൻബലവുമില്ലാത്ത കശ്മീരി പണ്ഡിറ്റുകൾക്ക് മരണനിഴലിലെ ജീവിതമാണ് വിധിച്ചിരിക്കുന്നതെന്ന് അവരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച സ്ഥലംമാറ്റത്തിന്റെയും നിയമനത്തിന്റെയും കണക്കുകൾ അവരുടെ ആരോപണം ശരിവെക്കുന്നുമുണ്ട്. മടങ്ങി വന്നവർ മാത്രമല്ല, ഭീകരവാദം ശക്തിരൂപം പ്രാപിച്ച തൊണ്ണൂറുകളിൽപോലും കശ്മീർ വിട്ടുപോകാൻ കൂട്ടാക്കാതിരുന്ന പല കുടുംബങ്ങളും നാടുവിടുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നുവെന്നു വരികിൽ സാഹചര്യം അത്യന്തം ഗുരുതരം തന്നെ. ചദൂര കൊലപാതകത്തിന് ശേഷം ശ്രീനഗറിലെ ലാൽചൗക്കിലുൾപ്പെടെ കേന്ദ്രസർക്കാറിനെതിരെ പണ്ഡിറ്റുകൾ നിരവധി പ്രതിഷേധധർണ നടത്തി. പ്രതിഷേധക്കാരെ അനുഭാവവും ആശ്വാസവാക്കും കൊണ്ടല്ല, ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചാണ് ഭരണകൂടം നേരിട്ടത്.
സിനിമയുടെ പ്രചാരണവേളയിൽ പണ്ഡിറ്റുകളുടെ പേരിൽ ബി.ജെ.പി ഉന്നതർ ഒഴുക്കിയ കണ്ണുനീർ വ്യാജമായിരുന്നുവെന്ന് ഈ നിലപാട് കൂടുതൽ വ്യക്തമാക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കാനും ധ്രുവീകരണം ശക്തിപ്പെടുത്തി വോട്ടുറപ്പിക്കാനുമുള്ള ചീട്ടു മാത്രമായാണ് അവർ കാണുന്നത്. കശ്മീരിന്റെ സമാധാനമോ നിരപരാധികളുടെ ജീവനോ വർഗീയ ഫാഷിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നില്ല. അവിടത്തെ ജനങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസം ദുർബലപ്പെടുത്തുന്നതിലാണ് വർഗീയ ശക്തികളുടെയും ഭീകരസംഘടനകളുടെയും ശ്രദ്ധ. അവർ ലക്ഷ്യം സാധ്യമാക്കി മുന്നോട്ടു നീങ്ങും തോറും ഇന്ത്യ എന്ന ആശയമാണ് ദുർബലപ്പെടുക. ഭീകരവാദികളുടെയോ സർക്കാറിന്റെയോ കനിവിനു കാത്തുനിൽക്കാതെ പണ്ഡിറ്റുകളുടെ സുരക്ഷക്കായി സംസാരിക്കാൻ താഴ്വരയിലെ ജനങ്ങളും സമാധാനകാംക്ഷികളായ രാജ്യത്തെ ഓരോ മനുഷ്യരും മുന്നോട്ടു വരേണ്ട സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.