'അത്യന്തം നിർഭാഗ്യകരം' എന്ന വിശേഷണംപോലും തീർത്തും അപര്യാപ്തമായിപ്പോകുന്ന ഒന്നാണ് സകിയ ജാഫരിയുടെ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി നൽകിയിരിക്കുന്ന വിധി. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ ആക്രമികൾ നടത്തിയ കൂട്ടക്കൊലയിൽ സകിയയുടെ ഭർത്താവ് ഇഹ്സാൻ ജാഫരി ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടിരുന്നു. കൂട്ടക്കൊലയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം 63 ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ഹരജിയാണ് കോടതി നിരാകരിച്ചിരിക്കുന്നത്. മുമ്പ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) മോദിക്കും മറ്റുള്ളവർക്കും ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ ഖാൻവിൽകർ, ദിനേശ് മഹേശ്വരി, രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഗുജറാത്ത് വംശഹത്യയിൽ ഭരണകൂടത്തിന്റെ നിസ്സംഗതയും വീഴ്ചയുമൊന്നും ഗൂഢാലോചനക്ക് തെളിവല്ല. വംശഹത്യയിലെ ഗൂഢാലോചനയെപ്പറ്റി ഇനിയൊരു അന്വേഷണം ആവശ്യമില്ല; മതിയായ അന്വേഷണം നടത്തിയശേഷം എസ്.ഐ.ടി നൽകിയ റിപ്പോർട്ട് അംഗീകരിക്കുന്നു-കോടതി പറഞ്ഞു. ഇരുപത് വർഷമായി സകിയ ജാഫരി നടത്തിവന്ന നിയമപോരാട്ടത്തിന് കോടതി ഇങ്ങനെ അന്ത്യംകുറിക്കുമ്പോൾ, നീതി നടപ്പായില്ലെന്ന തോന്നലാണ് ബാക്കിനിൽക്കുന്നത്. അതിശക്തരായ ഉന്നതർക്കെതിരെ ഒരു വയോധിക നടത്തിയ പോരാട്ടത്തിൽ, ജുഡീഷ്യറിയുടെ നീതിബോധം തന്നെയും പരിശോധിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കപ്പെട്ടു. ഒടുവിൽ സുപ്രീംകോടതിവിധി രാജ്യത്തിന് നൽകുന്ന സന്ദേശം ആശ്വാസകരമായില്ല.
ഗൗരവമേറിയ കേസിൽ, നീതിയുടെ താൽപര്യം സംരക്ഷിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നില്ല എസ്.ഐ.ടിയുടെ അന്വേഷണം. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു സകിയയുടെ ഹരജി. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയെപ്പറ്റി മുഖ്യമന്ത്രി അഞ്ചുമണിക്കൂർ അറിയാതിരുന്നതെങ്ങനെ, സ്ഥലം സന്ദർശിക്കാൻ അദ്ദേഹം അഞ്ചുദിവസമെടുത്തതും ഇരകളെ പാർപ്പിച്ച ദുരിതാശ്വാസ കേന്ദ്രത്തിലെത്താൻ ഒരുമാസമെടുത്തതും എന്തുകൊണ്ട്, ഗോധ്രയിൽ കത്തിക്കപ്പെട്ട ട്രെയിൻ കോച്ച് പരിശോധിക്കേണ്ട ഫോറൻസിക് വിദഗ്ധരെ വിളിക്കാൻ രണ്ടുമാസം വൈകിയതെങ്ങനെ, വംശഹത്യാ ദിനങ്ങളിലെ ഫോൺവിളികളുടെ രേഖകൾ പരിശോധിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയതെന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ എസ്.ഐ.ടി ഉന്നയിക്കാതിരുന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഭരണവീഴ്ചയൊന്നും ഗൂഢാലോചനക്ക് തെളിവല്ലെന്ന സുപ്രീംകോടതി നിരീക്ഷണം അംഗീകരിക്കുന്നതോടെ ഒരു ഗൂഢാലോചനക്കും ഇനി തെളിവുണ്ടാവുക സാധ്യമല്ലാതെ വരുകയല്ലേ ചെയ്യുക? നിർണായകമായ തെളിവുകൾ എസ്.ഐ.ടി അവഗണിച്ചു എന്നും ഫോണുകളടക്കം സുപ്രധാന തെളിവുകൾ പിടിച്ചെടുക്കാതിരുന്നത് വെറും വീഴ്ചയല്ലെന്നും ഹരജിക്കാരി വാദിച്ചു. സാക്ഷിമൊഴികളെപ്പറ്റി തുടരന്വേഷണം നടന്നില്ലെന്നും ചൂണ്ടിക്കാട്ടി. എസ്.ഐ.ടി റിപ്പോർട്ട് ശരിയല്ലെന്ന അവരുടെ വാദത്തിന് മറുപടിയായിട്ടാവാം കോടതി, ഇതേ എസ്.ഐ.ടി അന്വേഷിച്ച മറ്റു കേസുകളിൽ പ്രശ്നമൊന്നുമില്ലല്ലോ എന്ന് നിരീക്ഷിച്ചത്.
ഹരജി സംബന്ധിച്ച വിധിയിൽ ചോദ്യങ്ങൾ ബാക്കിയാണ് എന്നതിനപ്പുറം, കേസിൽ സകിയയെ സഹായിച്ച ടീസ്റ്റ സെറ്റൽവാദിനും മറ്റുമെതിരെ കോടതി നടത്തിയ പരാമർശം ഞെട്ടിക്കുന്നതാണ്. ഉന്നതരുടെ അനീതിക്കും അന്യായത്തിനുമെതിരെ കോടതിയെ സമീപിക്കേണ്ടതില്ല എന്ന സന്ദേശം ഇതിനേക്കാൾ ശക്തമായി പറയാനാകില്ല-കോടതി അത് ഉദ്ദേശിച്ചിരിക്കില്ലെങ്കിലും. ഭരണകൂടത്തിന്റെ ശബ്ദമായി ഇതിലും വ്യക്തമായി ജുഡീഷ്യറിക്ക് സ്വയം അടയാളപ്പെടുത്താനാകില്ല-കോടതി അത് ഉദ്ദേശിച്ചിരിക്കില്ലെങ്കിലും. നീതി തേടുന്നവർക്ക് താങ്ങായി നിൽക്കുന്നവരെ വേട്ടയാടാൻ ഭരണകൂടത്തിന് വഴിയൊരുക്കണമെന്നും കോടതി ഉദ്ദേശിച്ചിരിക്കില്ല - പക്ഷേ, ടീസ്റ്റയെയും ആർ.ബി. ശ്രീകുമാറിനെയും സഞ്ജയ്ഭട്ടിനെയും ഉന്നമിട്ട് കേന്ദ്ര ഏജൻസികൾ ഇറങ്ങിയതോടെ സംഭവിക്കുന്നത് അതാണ്. എസ്.ഐ.ടിയെ പ്രശംസിച്ച കോടതി, സർക്കാറിലെ ഉന്നതർക്കെതിരെ സംസാരിച്ചവരെയാണ് ഗൂഢാലോചനക്കാരായി കണ്ടെത്തുന്നത്. അവരെ പ്രതിക്കൂട്ടിലെത്തിക്കുകയാണ് വേണ്ടതെന്നും പറയുന്നു. ജനാധിപത്യ വിശ്വാസികളും നിയമവിദഗ്ധരും ജുഡീഷ്യറി തന്നെയും ഗൗരവത്തിൽ ആലോചനക്കെടുക്കേണ്ടതാണ് ഈ വിധി ഉയർത്തുന്ന ധ്വനികളും പ്രത്യാഘാതങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.