നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ എൻ.ഡി.എ സർക്കാർ രാജ്യത്തിെൻറ അധികാരമേറ്റെടുത്തിട്ട് ഏഴു വർഷം പിന്നിട്ടിരിക്കുകയാണ്. 2500ൽപരം ദിവസങ്ങൾ തുടർച്ചയായി അധികാരത്തിലിരിക്കുക എന്നത് ജനാധിപത്യത്തിൽ ചെറിയ കാര്യമല്ല. ആ അർഥത്തിൽ മോദിക്കും സംഘത്തിനും അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ, അതിനപ്പുറം ഈ സർക്കാറിന് ആഘോഷിക്കാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെന്ന് അതിെൻറ വക്താക്കൾക്കുപോലും അവകാശപ്പെടാനാകില്ല. വികസന മുരടിപ്പിെൻറയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും ദിനങ്ങൾ മാത്രം രാജ്യത്തിന് സമ്മാനിച്ചൊരു സർക്കാറാണിത്. അവശേഷിക്കുന്ന മൂന്നു വർഷങ്ങളും നിലവിലെ സാഹചര്യത്തിൽ മറ്റൊന്നാകാൻ വഴിയില്ല. പാർലമെൻറിലെ കനത്ത ഭൂരിപക്ഷത്തിെൻറ ബലത്തിൽ സർവം അടിച്ചമർത്തുക എന്ന ഒരൊറ്റ അജണ്ടയിൽ പ്രവർത്തിക്കുന്നൊരു ആൾക്കൂട്ടമായി ഭരണകൂടം നിപതിച്ചിരിക്കുന്നു.
നരേന്ദ്ര മോദിയെ വികസന നായകനാക്കി ഉയർത്തിക്കാട്ടി സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ തികച്ചും ആസൂത്രിതമായ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് 2014ൽ ഇവ്വിധമൊരു ഭരണമാറ്റമുണ്ടായത്. അതിനായി പല ദേശീയ മാധ്യമങ്ങളെയും ഈ സംഘം വിലക്കെടുത്തു; പി.ആർ ഏജൻസികളും മറ്റുമായി വലിയൊരു പട സൈബർ ലോകത്തും അണിനിരന്നു. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സർക്കാറിനെതിരെ ഉയർന്നുകേട്ട അഴിമതി ആരോപണങ്ങളും അവരുടെ സാമ്രാജ്യത്വ ദാസ്യമടക്കമുള്ള നയങ്ങളുമൊക്കെ ഭരണമാറ്റത്തിലേക്കുള്ള വഴി എളുപ്പവുമാക്കി. അങ്ങനെയാണ് ദുർബലമായൊരു പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തിൽ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. വർഗീയ പാർട്ടിയാണെങ്കിലും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണമായിരിക്കും ഉണ്ടാവുക എന്നാണ് തുടക്കത്തിൽ പലരും ധരിച്ചത്. എന്നാൽ, ആ ധാരണ ഭരണത്തിന്റെ ആദ്യനാളുകളിൽതന്നെ തിരുത്തേണ്ടിവന്നു.
രാജ്യ വികസനമല്ല, ഹിന്ദുത്വ രാഷ്ട്രീയ അജണ്ട മാത്രമാണ് തനിക്കു മുന്നിലുള്ളതെന്ന് ഓരോ നടപടികളും നിലപാടുകളും വഴി പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. നടപ്പാക്കിയ വികസന പദ്ധതികളാകട്ടെ തികഞ്ഞ അബദ്ധങ്ങളുമായിരുന്നു. ആറര പതിറ്റാണ്ടുകൊണ്ട് രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആസൂത്രണ കമീഷൻ ഇല്ലാതാക്കി, പകരം നിതി ആയോഗ് സ്ഥാപിച്ചാണ് ഈ അബദ്ധങ്ങൾക്ക് എല്ലാം തുടക്കംകുറിച്ചത്. ഓരോ സമയത്തും നിതി ആയോഗ് നൽകിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങളും നിർദേശങ്ങളുമാണ് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ഇതിനൊക്കെ ആക്കംകൂട്ടി എന്നുമാത്രം. ഇന്നിപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിലും കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നു. രാജ്യത്തിെൻറ പല കോണുകളും പട്ടിണിയിലമരുന്നു. കോവിഡും ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ഡൗണുമെല്ലാം ഇതിന്റെ വേഗം വർധിപ്പിച്ചെന്നേയുള്ളൂ. വാസ്തവത്തിൽ കോവിഡിനു മുന്നേയുണ്ട് ഈ പ്രതിസന്ധിയെല്ലാം. അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ യാതൊന്നും ഈ സർക്കാറിെൻറ കൈവശമുണ്ടായിരുന്നില്ല. പത്തുവർഷം മുമ്പ് ലോകത്ത് ആദ്യം ആഞ്ഞടിച്ച സാമ്പത്തിക പ്രതിസന്ധിയെന്ന വൻ തരംഗത്തെ ഏറ്റവും മികച്ച രീതിയിൽ നേരിട്ട രാജ്യമാണ് പട്ടിണിയിലേക്ക് ഇവ്വിധം വഴിമാറിക്കൊണ്ടിരിക്കുന്നതെന്നോർക്കണം.
വികസനത്തിൽ മാത്രമല്ല, ജനാധിപത്യത്തിെൻറ വിവിധ സൂചികകളിലും ഇക്കാലങ്ങളിൽ നാം ഏറെ പിന്നാക്കംപോയി. മതസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമൊക്കെ ഞെരുങ്ങിയമർന്നുകൊണ്ടിരിക്കുന്ന ദേശമായി ഇന്ത്യ മാറിയെന്ന് ഒന്നിലേറെ അന്താരാഷ്ട്ര ഏജൻസികൾ സാക്ഷ്യപ്പെടുത്തി. ഹിന്ദുത്വയുടെ ഹിംസാത്മക രാഷ്ട്രീയത്തിനപ്പുറം മറ്റെല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുന്ന തികഞ്ഞ ഫാഷിസമാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഓരോ ദിനവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഉന്മാദികളായ ആൾക്കൂട്ടം നയിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടമായി രാജ്യം പരിണമിച്ചിരിക്കുന്നു. ആൾക്കൂട്ട ആക്രമണത്തിെൻറയും അധിനിവേശത്തിെൻറയും ആഭ്യന്തര പലായനത്തിെൻറയും ഹോട്ട്സ്പോട്ടായി ഈ രാജ്യം മാറിയിരിക്കുന്നു. ഫാഷിസത്തിന് വഴിപ്പെട്ട്, ജനാധിപത്യത്തിെൻറ സകല സ്തംഭങ്ങളും ഈ മാറ്റത്തിന് വഴികാണിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. ഫാഷിസം കൈവരിച്ച ഈ വളർച്ചയാണ് ആദ്യത്തേതിലും ദുർബലമായ പ്രതിപക്ഷത്തിെൻറ സാന്നിധ്യത്തിൽ അവർക്ക് രണ്ടാമൂഴം സാധ്യമാക്കിയത്.
വികസനത്തെക്കാൾ അപ്പുറം ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളാണിപ്പോൾ ഇന്ത്യയിൽ എന്നും ഉയർന്നുകേൾക്കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥയിൽ വിശുദ്ധ നദികൾപോലും ശവവാഹിനികൾ ആകുമ്പോൾ മത-ജാതിക്കൊലവിളികൾ പിന്നെയും മുഴങ്ങിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. അവശേഷിക്കുന്ന ജനാധിപത്യത്തെക്കൂടി തച്ചുടക്കാനേ ഇതുപകരിക്കൂ. ഇതിനിടയിലും പ്രതീക്ഷയുടെ നാമ്പുകൾ അസ്തമിച്ചു എന്ന് തീർത്തുപറയാറായിട്ടില്ല. പൗരെൻറ ജീവിക്കാനുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്നു തോന്നുന്ന സന്ദർഭങ്ങളിലൊക്കെ ജനാധിപത്യത്തിെൻറ ശബ്ദങ്ങൾ രാജ്യത്ത് മുഴങ്ങിക്കേട്ടിട്ടുണ്ട്. പൗരത്വ സമരം, കർഷക പ്രക്ഷോഭം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം നാം അത് കേട്ടതാണ്. ഒരുവേള, ആ മുദ്രാവാക്യങ്ങൾ ഭരണകൂടത്തെ പ്രതിരോധത്തിലുമാക്കി. എന്നാൽ, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ സമരങ്ങളോട് എത്രമാത്രം ഐക്യപ്പെട്ടു എന്നത് സംശയകരമാണ്. സാമ്പ്രദായിക ചട്ടപ്പടി സമരങ്ങളിൽനിന്നും മുക്തിനേടി നവ ജനാധിപത്യത്തിെൻറ രാഷ്ട്രീയാക്രമങ്ങളിലേക്ക് വഴിമാറാൻ അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, എങ്കിൽ മാത്രമേ ഫാഷിസത്തിനെതിരെ ക്രിയാത്മക പ്രതിപക്ഷത്തിെൻറ വിശാലമായ ഐക്യനിര രൂപപ്പെടുകയുള്ളൂ. ആ മഹാസഖ്യത്തിനായി ജനാധിപത്യ ചേരി അടിയന്തരമായി കൈകോർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.