വ്യത്യസ്ത സ്വഭാവത്തിലുള്ള ഫലങ്ങളും എന്നാൽ, പൊതുവായ സേന്ദശങ്ങളും ഉൾക്കൊള്ളുന്നതാണ് വിവിധ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ. കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലും ഭരണത്തുടർച്ചയുടെ ശക്തി പ്രതീക്ഷക്കും അപ്പുറത്തായെങ്കിൽ തമിഴ്നാട്ടിൽ പ്രതീക്ഷിച്ചപോലെ ഭരണമാറ്റം ഉണ്ടായി. അസമിൽ ബി.ജെ.പി സഖ്യം ഭരണത്തുടർച്ച നേടി. പുതുച്ചേരിയിൽ മതേതര സഖ്യത്തെ തോൽപിച്ച് എൻ.ഡി.എ മേൽക്കൈ നേടി. കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് അതിെൻറ രൗദ്രത പുറത്തെടുക്കുന്നതിനു മുേമ്പ മിക്ക സ്ഥലങ്ങളിലും വോട്ടെടുപ്പ് നടന്നുകഴിഞ്ഞതിനാൽ ബി.െജ.പിക്ക് ഭരണപ്പിഴവിെൻറ ഭാരം താങ്ങേണ്ടിവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നിട്ടും പൊതുവെ ആ പാർട്ടിയെയും അതിെൻറ രാഷ്ട്രീയത്തെയും ഇന്ത്യയുടെ കിഴക്കും തെക്കും ഭാഗങ്ങൾ ഏറക്കുറെ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് ജയിക്കുക, അധികാരം കൈക്കലാക്കുക എന്നതിൽ ഒതുങ്ങുന്നു ബി.ജെ.പിയുടെ ജനാധിപത്യമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതിെൻറ ലക്ഷണങ്ങൾ കാണാനുണ്ട്.
വർഗീയ കാർഡ് ന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭൂരിപക്ഷ വിഭാഗത്തെയും മടുപ്പിച്ചുതുടങ്ങി എന്നാണ് സൂചനയെങ്കിൽ അത് ശുഭകരമായ വഴിത്തിരിവാകാം. അസമിൽ ബി.ജെ.പി വർഗീയ പ്രചാരണം നടത്തി; േകാൺഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യം ജയിച്ചാൽ ഒരു മുസ്ലിം മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞ് ധ്രുവീകരണം സൃഷ്ടിച്ചു. എന്നാൽ, കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സർക്കാർ സ്വീകരിച്ച ആശ്വാസ നടപടികളും ഏതാനും ജനക്ഷേമ പരിപാടികളുമാണ് അവർക്ക് ഗണ്യമായ വോട്ട് നേടിക്കൊടുത്തത്. പൗരത്വ നിയമത്തിലൂടെ വോട്ട് നേടാമെന്ന് ബി.ജെ.പി കണക്കുകൂട്ടിയ സംസ്ഥാനമാണ് പശ്ചിമബംഗാൾ. അവിടെ അതുവഴി നേട്ടമുണ്ടായില്ല. അതേസമയം, അസമിൽ പലേടത്തും പൗരത്വ നിയമത്തെപ്പറ്റി മൗനം പാലിച്ചാണ് ബി.ജെ.പി വോട്ട് നേടാൻ മോഹിച്ചത്.
ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ദേശീയ പ്രാധാന്യം നേടിയതും ബംഗാളിലേതാണ്. ബി.ജെ.പി അതിെൻറ സകല തന്ത്രങ്ങളും തൃണമൂൽ കോൺഗ്രസിനും അതിെൻറ നേതാവ് മമത ബാനർജിക്കുമെതിരെ പ്രയോഗിച്ചു. സ്വാഭാവികമായ ഭരണവിരുദ്ധ വികാരം മുതലെടുത്തതിനു പുറമെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു സൂത്രങ്ങൾ മുഴുവൻ പുറത്തെടുത്തു. നാൽപതോളം മുതിർന്ന തൃണമൂൽ നേതാക്കളെ കൂറു മാറ്റിച്ചു. മമതക്കുനേരെ വർഗീയ വിദ്വേഷവും സ്ത്രീവിരുദ്ധതയും ഉപയോഗിച്ചു. 'ബീഗ'മെന്നും ന്യൂനപക്ഷ പ്രീണനക്കാരിയെന്നും വിളിച്ചു. പ്രധാനമന്ത്രി സ്വന്തം നില മറന്ന് 'ദീദി ഓ ദീദി' എന്ന് നീട്ടിപ്പാടി. മാധ്യമങ്ങളെ അവർക്കെതിരെ തിരിച്ചുവിട്ടു.
തെരഞ്ഞെടുപ്പ് കമീഷൻപോലും തൃണമൂലിനെ തോൽപിക്കാനിറങ്ങിയപോലെയായി. ഒരു യുക്തിയുമില്ലാതെ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തിയതിെൻറ പ്രയോജനം ബി.ജെ.പിക്ക് മാത്രമായിരുന്നു. നാലു വോട്ടർമാരെ വെടിവെച്ചുകൊന്ന സായുധ സേനയെ ശാസിക്കാൻപോലും കമീഷന് കഴിഞ്ഞില്ല. നാട്ടിൽ കോവിഡ് പരക്കുേമ്പാൾ കേന്ദ്ര ആഭ്യന്തര മന്ത്രി ബംഗാളിൽ തമ്പടിച്ചു; ബി.ജെ.പി അധ്യക്ഷൻ. നഡ്ഡയും അവിടെ ശ്രദ്ധയൂന്നി. പ്രധാനമന്ത്രി ഇരുപതോളം റാലികളിൽ പങ്കെടുത്തു. ഇതിനെല്ലാം പുറമെ കണക്കില്ലാത്ത പണമൊഴുക്കി. എന്നിട്ടും ചക്രക്കസേരയിലിരുന്ന് എല്ലാ മണ്ഡലങ്ങളിലുമെത്തിയ മമത മൂന്നിൽ രണ്ടു ഭൂരിപക്ഷവും കടന്നു. തോൽവി ബി.ജെ.പിയുടേത് എന്നതിനേക്കാൾ മോദി-ഷാമാരുടേതും അവരുയർത്തുന്ന രാഷ്ട്രീയത്തിേൻറതുമാണ് എന്നർഥം.
ബി.ജെ.പി തളരുകയാണ് എന്ന് ഇതിനർഥമില്ല. ബംഗാളിൽ അവർ വോട്ടു ശതമാനവും സീറ്റും വൻതോതിൽ ഉയർത്തിയിരിക്കുന്നു. കോൺഗ്രസും സി.പി.എമ്മും കൂടുതൽ തളർന്നു; ബംഗാളിൽ മുഖ്യ പ്രതിപക്ഷമെന്ന സ്ഥാനം ഇനി ബി.ജെ.പിക്കാണ്. പ്രാദേശിക രാഷ്ട്രീയവും ജനകീയ പ്രശ്നങ്ങളും കൈയാളുന്ന സംസ്ഥാന പാർട്ടികളുടെ ശക്തി എടുത്തുകാട്ടുന്നതായി ഈ തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം ഡി.എം.കെയിലൂടെ കൂടുതൽ ശക്തിനേടുന്നു. ദേശീയ കക്ഷിയായ കോൺഗ്രസ് കൂടുതൽ മെലിഞ്ഞു. ഒപ്പം, തോൽവി അറിയാത്ത കക്ഷി എന്ന അപ്രമാദിത്തം ബി.ജെ.പിക്ക് കൂടുതൽ നഷ്ടപ്പെട്ടു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഒരു മതേതര സഖ്യത്തിന് മുമ്പത്തേക്കാൾ സാധ്യത തുറക്കുന്നു എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.