ഛത്തിസ്ഗഢിലെ കാട്ടുപച്ചകൾക്കുമേൽ പിന്നെയും ചോര വീഴുകയാണ്. ഏപ്രിൽ മൂന്നിലെ മാവോവാദി ഭീകരാക്രമണത്തിൽ 22 സുരക്ഷ ഉദ്യോഗസ്ഥരാണ് രക്തസാക്ഷികളായത്. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ നടത്തിയ കൂട്ടക്കൊലക്കുശേഷം ഏറക്കുറെ പിൻവാങ്ങിയ മട്ടിലായിരുന്ന മേഖലയിലെ മാവോവാദികൾ മാർച്ച് 23ന് ബസിനുേനരെ ബോംബെറിഞ്ഞ് അഞ്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാണ് വീണ്ടും സാന്നിധ്യമറിയിച്ചത്. 2010 മുതൽ 11 വർഷത്തിനിടെ ദണ്ഡേവാഡ-സുക്മ-ബിജാപുർ മേഖലയിൽ മാത്രം മാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട 175 സുരക്ഷ ഉദ്യോഗസ്ഥർക്കാണ് കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ശക്തികേന്ദ്രങ്ങളിൽ അടിച്ചൊതുക്കപ്പെടുകയോ ക്ഷയിച്ചില്ലാതാവുകയോ ചെയ്യുേമ്പാഴും തീവ്രസായുധ ഇടതുപക്ഷം ഛത്തിസ്ഗഢിൽ നാൾക്കുനാൾ പുഷ്ടിപ്പെട്ടുവരുകയാണ് എന്നുകാണാം. തെലങ്കാന, ഒഡിഷ, ബംഗാൾ തുടങ്ങിയ മേഖലകളിൽ തിരിച്ചടിയേറ്റ് പിൻവാങ്ങിയ പീപ്പിൾസ് വാർ ഗ്രൂപ്പുകൾ ഛത്തിസ്ഗഢിലെ വനമേഖലകളിലേക്ക് ചേക്കേറി. അവിടെയവർക്ക് ആദിവാസി സമൂഹത്തിെൻറ പിന്തുണയും ആവോളം ലഭിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമാത്മാവ് മാവോയോടുള്ള വീരാരാധനയോ ആ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസമോ അല്ല, അവകാശങ്ങൾ പിടിച്ചുപറിച്ചും പിറന്ന മണ്ണിൽനിന്ന് പിഴുതെറിഞ്ഞും ജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തോടും വൻകിട കോർപറേറ്റുകളോടുമുള്ള ആദിവാസികളുടെ അമർഷത്തെ സായുധ മാർഗത്തിലേക്ക് തിരിച്ചുവിടാൻ നക്സൽ സംഘങ്ങൾക്കാവുന്നതുകൊണ്ടാണ് ഇൗ പിന്തുണ.
അവകാശങ്ങൾ ഹനിക്കാതിരിക്കുകയും ജീവിതം സുഗമമാക്കുന്നതിനാവശ്യമായ റോഡുകളും വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കുകയും ചെയ്താൽതന്നെ വീരശൂരരെങ്കിലും സമാധാനപ്രിയരായ ആദിവാസികൾ ചെങ്കൊടിയും തോക്കും വലിച്ചെറിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടന്നേനെ. എന്നാൽ, മാവോവാദി വേട്ടക്ക് എന്നപേരിൽ ആദിവാസികളെ ആയുധമണിയിച്ച് പരസ്പരം കൊല്ലിക്കുന്ന 'സൽവാ ജുദൂം' എന്ന മനുഷ്യത്വരഹിതമായ കുതന്ത്രമാണ് ഛത്തിസ്ഗഢിൽ നടപ്പാക്കിയത്. സ്കൂളുകൾ പട്ടാള ബാരക്കുകളായി മാറി. ഭീകരവിരുദ്ധ പ്രവർത്തനം എന്ന നാട്യത്തിൽ നിരപരാധികളുടെ വീടുകൾ കത്തിച്ചും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിച്ചും സംശയം തോന്നുന്നവരെയെല്ലാം കൊന്നുതള്ളിയും മുന്നേറിയ അവർ തെല്ലും അനുഭാവമില്ലാതിരുന്ന ആദിവാസികളെപ്പോലും മാവോവാദി പാളയത്തിലെത്തിച്ചു. ഭരണകൂടത്തിനുമേൽ ആദിവാസി സമൂഹത്തിന് അവശേഷിച്ചിരുന്ന വിശ്വാസവും രാജ്യത്തിനുവേണ്ടി സ്വയം സമർപ്പിച്ച നൂറുകണക്കിന് ജവാന്മാരുടെ ജീവിതവും നഷ്ടപ്പെടുത്തുന്നതിനാണ് അത് വഴിവെച്ചത്.
ഭീകരവിരുദ്ധ പോരാട്ടത്തിന് അനുവദിക്കപ്പെട്ട കണക്കറ്റ ഫണ്ടുകൾ വെട്ടിക്കുന്നതിലായിരുന്നു ഛത്തിസ്ഗഢിലെ മുൻകഴിഞ്ഞു പോയ ബി.ജെ.പി സർക്കാറിെൻറ കണ്ണ്. വീരപരിവേഷം നേടാനും തങ്ങൾ ചെയ്തുകൂട്ടിയ അരുതായ്മകളെ മൂടിവെക്കാനും അവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വ്യാജ മാവോവാദി ഏറ്റുമുട്ടൽ കൊലകളും നിഷ്കളങ്കരായ ഗ്രാമവാസികളെ മാവോവാദി വേഷം കെട്ടിച്ച് നടത്തിയ കീഴടങ്ങൽ നാടകങ്ങളുമെല്ലാം സായുധ തീവ്രവാദികൾക്ക് പോഷണമായി മാറുകയായിരുന്നു. കീഴടങ്ങിയവർ എന്നപേരിൽ കുറെയാളുകൾക്ക് നൽകിയ ധനസഹായവും പുനരധിവാസ പാക്കേജുകളും മൂലം സമൂഹത്തിലുണ്ടായ സാമ്പത്തിക അസന്തുലിതാവസ്ഥ പോലും ഭീകരവാദികൾ മുതലെടുക്കുമെന്ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ധീരജവാന്മാരുടെ അറുകൊലക്ക് മാവോവാദികളെപ്പോലെ പ്രതിക്കൂട്ടിൽ നിർേത്തണ്ടത് കേന്ദ്ര സർക്കാറിനെയാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെയും എതിരഭിപ്രായം പുലർത്തുന്നവരെയുമെല്ലാം മാവോവാദി മുദ്രചാർത്തി തുറുങ്കിലടക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന തിരക്കിൽ യഥാർഥ സായുധ സംഘങ്ങൾ തഴച്ചുവളരുന്നത് അവർ കാണാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ്.
ഛത്തിസ്ഗഢിലെ ഉൾക്കാടുകളിലിരുന്ന് യുദ്ധം ചെയ്യുന്ന ആക്രമികളെ നിർവീര്യരാക്കാൻ കഴിയുക സംസ്ഥാന സർക്കാറിനാണ്. അതിന് അത്യാധുനിക ആയുധങ്ങളൊന്നും വേണ്ട, വികസനത്തിെൻറ ഗുണഫലങ്ങൾ ആദിവാസി സമൂഹത്തിലെ അവസാനത്തെ ആളിലും എത്തി എന്ന് ഉറപ്പാക്കിയാൽ മാത്രം മതി. അവർ കളിച്ചു വളർന്ന മണ്ണും കഴിച്ചു വളർന്ന കായ്കനികളും പിടിച്ചുപറിക്കപ്പെടുകയില്ലെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.