ഭാഗ്യ ലഹരിയുടെ ബംപർ തട്ടിപ്പ്



തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹം സ്വദേശി അനൂപിനെ അറിയാത്തവരായി കേരളത്തിൽ ആരെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല. '25 കോടിയുടെ ഭാഗ്യവാൻ' എന്ന തലക്കെട്ടിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആ ചെറുപ്പക്കാരന്റെ 'നേട്ടം' ആഘോഷമാക്കിയിരിക്കുകയാണ് മലയാളികൾ. സംസ്ഥാനസർക്കാറി​ന്റെ ഇത്തവണത്തെ ഓണം ബംപറടിച്ചത് അനൂപിനാണ്​ -25 കോടി രൂപ. നറുക്കെടുപ്പിന്റെ തലേന്നാൾ പിതൃസഹോദരിയുടെ മകൾ നടത്തുന്ന ലോട്ടറി ഏജൻസിയിൽനിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായിരിക്കുന്ന ഈ വഴിത്തിരിവ് ഒരർഥത്തിൽ വലിയ വാർത്തതന്നെയാണ്. നാളെ മുതൽ അയാളുടെ ജീവിതം മറ്റൊന്നാകാൻ പോകുന്നു. സാമ്പത്തിക ക്ലേശങ്ങളാൽ വലിയ പ്രയാസങ്ങൾ അനുഭവിച്ചിരുന്നൊരാൾ രക്ഷപ്പെടുകയാണ്. നല്ല കാര്യം. എന്നാൽ, അനൂപി​ന്റെ 'നേട്ടം' ആഘോഷിക്കപ്പെടുമ്പോൾ തെറ്റാ​യ മറ്റനേകം സ​ന്ദേശങ്ങളും അതോടൊപ്പം പ്രചരിക്കുന്നു​ണ്ടെന്ന് കാണാതെ പോകരുത്. അതിലേറ്റവും പ്രധാനപ്പെട്ടത്, 'ലോട്ടറി' എന്ന ചതിക്കുഴിയിലേക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുന്നുവെന്നതാണ്. അനൂപിന്റെ വാർത്തയിൽ പ്രചോദിതരായി പുതിയ ബംപറുകൾക്കായുള്ള സാധാരണക്കാരുടെ ഓട്ടത്തിന്റെ വേഗം ഇനിയങ്ങോട്ട് കൂടുമെന്നതിൽ സംശയമില്ല. ഭാഗ്യക്കുറിയിൽ വിജയസാധ്യത എല്ലാവർക്കും ഒരുപോലെ എന്നാണല്ലോ പറയാറ്. അതിനാൽ, ഏതു സാധാരണക്കാരനും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പോക്കറ്റിൽ അവശേഷിക്കുന്ന അവസാന തുട്ടും ഭാഗ്യപരീക്ഷണത്തിനിറക്കാൻ മടിക്കുകയില്ല എന്നത് സാമാന്യയുക്തിയാണ്. ലോട്ടറി നടത്തിപ്പുകാരായ സർക്കാറും അതാണ് ആഗ്രഹിക്കുന്നത്. പരമാവധി ടിക്കറ്റുകൾ വിറ്റഴിച്ച് ഓണം ബംപറിനെ ജനകീയമാക്കുക; അതുവഴി ഖജനാവിലേക്ക് പണം സ്വരൂക്കൂട്ടുക.

പൊതുവിഭവ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഭാഗ്യക്കുറി ഏർപ്പെടുത്തിയത്. പൊതുവിഭവസമാഹരണത്തിന് ഭരണഘടന പല മാർഗങ്ങൾ നിഷ്കർച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഏറക്കുറെ അവഗണിച്ച് ലോട്ടറി, മദ്യം, പെട്രോൾ തുടങ്ങിയവയുടെ വിൽപനയിലൂടെ ലഭിക്കുന്ന നികുതിവരുമാനത്തെയാണ് സർക്കാറുകൾ കാര്യമായും ആശ്രയിക്കുന്നത്. ഇതിൽതന്നെ മദ്യം, ലോട്ടറി എന്നിവ വഴിയാണ് മൊത്തം വിഭവസമാഹരണത്തിന്റെ 35 ശതമാനമെങ്കിലും സംഭാവന ചെയ്യുന്നതെന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്ത് പരിശോധിച്ചാൽ വ്യക്തമാകും. രണ്ട് 'ലഹരി'കളാണ് കേരളത്തിന്റെ ഖജനാവ് കാലിയാകാതെ നിലനിർത്തുന്നതെന്ന് വേണമെങ്കിൽ പറയാം. ഇക്കാര്യം വിമർശനാത്മകമായി ഉന്നയിക്കപ്പെട്ടാൽ, ആരെയും മദ്യം കുടിക്കാനും ലോട്ടറിയെടുക്കാനും നിർബന്ധിക്കുന്നില്ലല്ലോ എന്ന മറുവാദമാണ് ഉയരാറുള്ളത്.

ലോട്ടറിയുടെ കാര്യത്തിലാണെങ്കിൽ, അത് പൊതുവിൽ നിരുപദ്രവകരമായൊരു പരിപാടിയായാണ് സർക്കാറും അതിന്റെ വക്താക്കളും അവതരിപ്പിക്കാറുള്ളത്. എന്നല്ല, കാരുണ്യ ലോട്ടറി പോലുള്ള സംവിധാനങ്ങളിലൂടെ പതിനായിരങ്ങൾക്ക് ചികിത്സ ലഭിച്ചതിന്റെ കണക്കുകളും മുന്നോട്ടുവെക്കും. കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നുമെങ്കിലും, ആത്യന്തികമായി അവയൊക്കെ ചൂഷണത്തിനായുള്ള വികലന്യായങ്ങൾ മാത്രമാണ്. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകൾ ​ഭാഗ്യക്കുറി വിറ്റ് ജീവിക്കുന്നുണ്ടെന്നത് ശരിതന്നെ; കാരുണ്യ ലോട്ടറി വഴി പലയാളുകൾക്കും ചികിത്സയും ലഭ്യമായിട്ടുണ്ട്. അതുകൊണ്ടൊന്നും ഭാഗ്യക്കുറിയുടെ അപകടകരമായ വശങ്ങളെ കാണാതിരിക്കാനാവില്ല. മേൽപറഞ്ഞ ചികിത്സ സഹായങ്ങളും മറ്റും ലഭ്യമാക്കാൻ ഇതര മാർഗങ്ങളിലൂടെ നികുതി പിരിവ് നടത്തി വിഭവസമാഹരണം സാധ്യമാക്കുകയാണ് വേണ്ടത്. അത് അത്ര എളുപ്പമല്ല; പലപ്പോഴും നികുതി പിരിക്കേണ്ടിവരിക മധ്യവർഗത്തോടും ഉപരിവർഗ​ത്തോടുമൊക്കെയായിരിക്കും. ഭരിക്കുന്ന പാർട്ടികളെ സംബന്ധിച്ച് അത് തീക്കളിയാണ്. ലോട്ടറിയാകുമ്പോൾ പരിക്കേൽക്കാതെ എത്രവേണമെങ്കിലും നികുതി പിരിക്കുകയും ചെയ്യാം.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ​പ്രതിസന്ധി മറികടക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികളിലൊന്ന് ലോട്ടറി വിപണനം കൂടുതൽ സജീവമാക്കുക എന്നതായിരുന്നു. അതിന്റെ ഭാഗമായി ഇക്കുറി ബംപർ ലോട്ടറി ടിക്കറ്റ് നിരക്ക് 500 രൂപയാക്കി. 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എന്നുവെച്ചാൽ, കേരളത്തി​ലെ പ്രായപൂർത്തിയായവരിൽ നാലിലൊന്നുപേരും ടിക്കറ്റെടുത്തു. ആ വകയിൽ സമ്മാനത്തുകയും ഏജന്റ് കമീഷനുമെല്ലാം കഴിച്ച് സർക്കാറിന് 300 കോടിയിലധികം രൂപയെങ്കിലും കിട്ടിയിട്ടുണ്ട്; സമ്മാനം നേടിയവർ അടക്കേണ്ട 12 കോടി വേറെയും. സാധാരണഗതിയിൽ, സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്ന മധ്യവർഗ-ഉപരിവർഗ വിഭാഗം അപൂർവമായേ ടിക്കറ്റെടുക്കാറുള്ളൂ. മിക്കപ്പോഴും ഭാഗ്യക്കുറി എടുക്കുന്നത് അനൂപിനെപ്പോലുള്ള സാധാരണക്കാരാണ്. പ്രധാന സമ്മാനമായ 25 കോടിയൊന്നുമല്ല, ആയിരത്തിന്റെയും പതിനായിരത്തിന്റെയുമൊക്കെ പ്രോത്സാഹന സമ്മാനങ്ങളെങ്കിലും ലഭിച്ചാൽ അത്രയെങ്കിലും അളവിൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമല്ലോ എന്ന സ്വപ്നത്തിന്റെ പുറത്താണ് ഇവരൊക്കെയും ടിക്കറ്റെടുക്കുന്നത്. കോവിഡാനന്തര പ്രതിസന്ധിയിൽ ഉഴലുന്ന ദരിദ്രജനങ്ങളാണിതിൽ മഹാഭൂരിപക്ഷവും. അക്കൂട്ടത്തിൽ അനൂപ് അടക്കം ഏതാനും പേ​ർക്കൊഴികെ ബാക്കിയെല്ലാവരുടെയും കാശ് പോയി എന്നുകൂടിയാണ് നറുക്കെടുപ്പ് ഫലം കാണിക്കുന്നത്.

ഓണക്കാലത്ത് 400 രൂപ വിലമതിക്കുന്ന ഭക്ഷ്യക്കിറ്റ് സമ്മാനിച്ച സംസ്ഥാനത്താണ് ഇതേ ജനങ്ങളിൽനിന്ന് സർക്കാർ ലോട്ടറിയിലൂടെ ആ പണം പലിശ സഹിതം വസൂലാക്കിയിരിക്കുന്നത്. ഭാഗ്യക്കുറിയുടെ ലക്ഷ്യം പണത്തിന്റെ പുനർവിതരണമല്ലെന്നും ഇത് വ്യക്തമാക്കുന്നു; കോടിപതികളായ ചില ഭാഗ്യവാന്മാരെ ചൂണ്ടിക്കാണിച്ച് സാധാരണക്കാ​രെ ഭാഗ്യലഹരിയിലേക്ക് തള്ളിവിടുന്ന സംവിധാനം മാത്രമാണിത്. അധ്വാനിച്ച് ജീവിക്കുക എന്ന മാനവികമൂല്യത്തെ ഭാഗ്യാന്വേഷണത്തിന്റെ യുക്തിയിലേക്ക് സമൂഹത്തെ വഴിതെറ്റിക്കുന്ന ഈ സംവിധാനം തുടരണമോ എന്നത് സർക്കാർ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനകം ലോട്ടറിക്ക് നിരോധനം ഏർപ്പെടുത്തിയതും ഓർക്കാവുന്നതാണ്. 

Tags:    
News Summary - madhyamam editorial about the real facts behind lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT