വിഴിഞ്ഞത്ത് കേരള സർക്കാറിന്‍റെ സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി അദാനി പോർട്സ് നടത്തുന്ന തുറമുഖനിർമാണത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ നടത്തിവരുന്ന സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായി. ശനിയാഴ്ചത്തെ സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കണമെന്നും വൈദികരടക്കമുള്ള പ്രക്ഷോഭക്കാർക്കെതിരായ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച സമരക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അത് വൈകീട്ട് സംഘർഷത്തിൽ കലാശിച്ചു. ആക്രമികൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പൊലീസ് ജീപ്പുകൾ തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കേണ്ടിവന്നു. 35 പൊലീസുകാർക്കും സമരക്കാരിൽ ചിലർക്കും പരിക്കുണ്ട്. 105 ദിവസം പിന്നിട്ട സമരത്തിൽനിന്നു പിറകോട്ടില്ല എന്ന വാശിയിലാണ് തുറമുഖവിരുദ്ധ പ്രതിഷേധക്കാർ. മറുഭാഗത്ത് സർക്കാറാവട്ടെ, സമരങ്ങളും നിയമവ്യവഹാരങ്ങളുംമൂലം മുടന്തിനീങ്ങിയ തുറമുഖനിർമാണം അതിവേഗം പൂർത്തിയാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കൊരുക്കമില്ല എന്ന ദൃഢനിശ്ചയത്തിലും. ഇതോടൊപ്പം പ്രതിഷേധസമരം കൂടുതൽ കടുത്തതോടെ അദാനിയുടെ തുറമുഖപദ്ധതിയെ അനുകൂലിക്കുന്ന സി.പി.എമ്മും ബി.ജെ.പിയും 'ഐക്യമുന്നണി'യായി സമരക്കാർക്കെതിരെ പോർമുഖം തുറക്കുകകൂടി ചെയ്തതോടെ സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന നിലയായി. അതാണ് ഞായറാഴ്ച വിഴിഞ്ഞത്തെ അനിഷ്ടസംഭവങ്ങളിലേക്കു നയിച്ചത്.
ഏകദേശം 4000 ചതുരശ്ര മൈൽ അറേബ്യൻ സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന വിഴിഞ്ഞം കടൽപ്രദേശം 200ൽപരം മത്സ്യങ്ങൾ, അറുപതോളം അപൂർവം വളർത്തുമത്സ്യങ്ങൾ, അപൂർവ ഇനം ആമകൾ തുടങ്ങി കടൽ ജീവജാലങ്ങളുടെ കലവറയാണ്. 12 അതുല്യ പവിഴപ്പുറ്റുനിരകൾ നിറഞ്ഞ വിഴിഞ്ഞം 'കടലിനടിയിലെ കൊടുംവനം' എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെതന്നെ 'പ്രജനന തുറമുഖം' ആണിത്. ഇവിടെനിന്നാണ് കേരള തീരത്തേക്കും ബംഗാൾ ഉൾക്കടലിലേക്കും ഇന്ത്യ മഹാസമുദ്രത്തിന്റെ ഒരു ഭാഗത്തേക്കും ലക്ഷദ്വീപ് കടലിലേക്കും വേണ്ട മത്സ്യങ്ങൾ വളർന്നു ചേക്കേറുന്നത്. ഈ വമ്പിച്ച മത്സ്യവിഭവത്തിനു നിമിത്തമായ കടലിന്‍റെ സവിശേഷതതന്നെയാണ് അദാനി ഗ്രൂപ്പിന്‍റെ കണ്ണും ഇവിടെ പതിയാൻ കാരണം. 18-20 മീറ്റർ പ്രകൃത്യാ ആഴമുള്ള ഈ ഭാഗത്ത് അഡീഷനൽ ഡ്രഡ്ജിങ് കൂടാതെ ഭീമൻ കാർഗോ വാഹനശേഷിയുള്ള ബൾക് ഷിപ്പുകൾക്ക് നങ്കൂരമടിക്കാൻ കഴിയും. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച ഷിപ്പിങ് ചാനലുകളിലൊന്നായ മലാക്ക കടലിടുക്കിലേക്കുള്ള അന്താരാഷ്ട്രപാതയോട് വെറും 10 നോട്ടിക്കൽ മൈൽ ദൂരം മാത്രമേ വിഴിഞ്ഞത്തേക്കുള്ളൂ. ഇവിടെ 238 ഹെക്ടർ സ്ഥലമാണ് അദാനിക്കു കൈമാറുന്നത്.
വിഴിഞ്ഞം തുറമുഖത്ത് നടത്തുന്ന ഏതൊരു ഡ്രഡ്ജിങ്ങും അടിത്തട്ട് കോരലും പുലിമുട്ട് നിർമാണവും കടലിന്റെ സന്തുലനാവസ്ഥ തകർക്കുമെന്നു കണ്ടാണ് നേരത്തേ പദ്ധതി ഉപേക്ഷിച്ചത്. ഇപ്പോൾ വീണ്ടും തുടക്കമിട്ടപ്പോൾ പുലിമുട്ടിൽ ഇരുവശത്തും സംഭവിച്ച ഗുരുതര മാറ്റങ്ങൾ അന്നത്തെ ആശങ്ക ശരിവെക്കുന്നു. വിഴിഞ്ഞം ഫിഷിങ് ഹാർബർ ഉപയോഗശൂന്യമായി. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് വള്ളമിറക്കാനോ വലകെട്ടാനോ മീൻ ഉണക്കാനോ കഴിയാതെ വന്നു. മത്സ്യലഭ്യത വളരെ കുറഞ്ഞതിനാൽ വിഴിഞ്ഞം, വലിയതുറ, ചെറിയതുറ, ബീമാപള്ളി, കോവളം, ശംഖുംമുഖം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലായി. അങ്ങനെ ഇരിക്കപ്പൊറുതിയില്ലാതായപ്പോഴാണ് പ്രദേശത്തുകാർ സമരത്തിനിറങ്ങിയത്. ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയായതിനാൽ ചർച്ച് നേതൃത്വം സ്വാഭാവികമായും സമരത്തിന്‍റെ മുൻകൈയായി മാറി. വികസനമായിക്കോട്ടെ, അതു തങ്ങളുടെ ഉപജീവനമാർഗം മുട്ടിക്കരുത് എന്നാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിളിച്ചുപറയുന്നത്. ഗവൺമെന്‍റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതും അത്തരത്തിലുള്ള ഉറപ്പ് നൽകാൻ കഴിയുന്നില്ല എന്നതിനാലാണ്.
വികസനപദ്ധതികൾക്കെതിരായ സമരത്തിൽ ഭരണകൂടങ്ങളും കോർപറേറ്റുകളും അടുത്ത കാലത്തായി കണ്ടുപിടിച്ച സൂത്രംതന്നെ ഇവിടെയും അവതരിച്ചു-സമരത്തിനെതിരായി കൂട്ടായ്മയൊരുക്കുക. വിഴിഞ്ഞത്ത് അത് കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും അവരുടെ സാമ്പത്തിക, വികസനനയങ്ങളെ അടിമുടി എതിർക്കുന്ന സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും ചേർന്ന മുന്നണിയായി എന്നതാണ് കൗതുകകരം. പിന്നെ സമരക്കാരെ ബ്രാൻഡ് ചെയ്യുന്ന അഭ്യാസമായി. ഗെയിൽ, നാഷനൽ ഹൈവേ സമരത്തിലെന്നപോലെ ഇവിടെ തീവ്ര/ഭീകരവാദി ചാപ്പയടി നടന്നില്ല (അത് എരഞ്ഞിമാവ് മുതൽ ആവിക്കലും കോതിയും വരെയുള്ള പ്രത്യേക സമുദായത്തിനു സംവരണം ചെയ്യപ്പെട്ടതാണ്). വിഴിഞ്ഞത്ത് സമരത്തിനിറങ്ങിയ ബഹുഭൂരിഭാഗത്തിന്‍റെ മതം നോക്കി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ വരെ പ്രതിപ്പട്ടികയിൽ ചേർക്കുകയാണ്. സമരത്തിനെതിരെ വംശീയമായ ആക്രമണവും ഭീഷണിയുമായി സംഘ്പരിവാർ നേതാക്കളും രംഗത്തെത്തി. അങ്ങനെ സമരത്തിന് സമാധാനപരിഹാരം കണ്ടെത്താനുള്ള വഴികൾ കൊട്ടിയടക്കുന്ന രീതിയാണ് നിർഭാഗ്യവശാൽ വിഴിഞ്ഞത്ത് കണ്ടത്. അതിൽ സർക്കാർ കൃത്യമായി ഒരു പക്ഷം പിടിക്കുന്ന നിലയുമായി.
വിവേകപൂർവമായ പരിഹാരത്തിന് മുൻകൈയെടുക്കേണ്ടത് ഭരണകൂടമാണ്. അന്നം മുട്ടിപ്പോവുന്ന വെപ്രാളത്തിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളും സാധാരണക്കാരും സമരത്തിനിറങ്ങിയത് എന്നു മനസ്സിലാക്കി, അവരോട് അനുതപിച്ചും കുത്തകകൾ കുഴിതോണ്ടുന്നത് നിരാലംബ ജീവിതങ്ങളുടേതാണെന്നു തിരിച്ചറിഞ്ഞ് വികസനയജ്ഞത്തിൽ വിദ്രോഹങ്ങളുടെ ആഴം കുറക്കാൻ ആവതു ശ്രമിച്ചുമുള്ള പരിഹാരമാണ് സർക്കാറിൽനിന്നു പ്രതീക്ഷിക്കുന്നത്. ആയുധം പ്രയോഗിച്ചും കേസിൽ കുടുക്കിയും നഷ്ടപരിഹാരം ചുമത്തിയും പ്രദേശവാസികളെ തമ്മിലടിപ്പിച്ചും കുത്തകകൾക്കു വികസനമുന്നേറ്റമാവാം. എന്നാൽ, ആ വിദ്രോഹക്കാരുടെ ഒത്താശക്കാരാകരുതല്ലോ ഇടതു ജനാധിപത്യ സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.