മണ്ഡലപുനർനിർണയം അഥവാ മുസ്ലിം അദൃശ്യവത്കരണം

ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലപുനർനിർണയം സംബന്ധിച്ച വാദവിവാദങ്ങൾ തുടരുന്നതിനിടെ, സമാനമായ സ്ഥിതിവിശേഷം അസമിലും ഉടലെടുത്തിരിക്കുന്നു. അവിടെ നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം പ്രയോഗതലത്തിൽ വംശീയമായ പാർശ്വവത്കരണമായി കലാശിക്കുകയാണെന്നാണ് ആരോപണം. വരുന്ന പാർലമെന്‍റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വിജയവും ഭരണവും ഉറപ്പിക്കാനുള്ള തരത്തിലാണ് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ പുനർനിർണയ കരട് സമർപ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. കോൺഗ്രസ് അടക്കമുള്ള 11 പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ബി.ജെ.പിയുടെ ആയുധമായി മാറിയ കമീഷൻ 2011 ലെ സെൻസസ് വിട്ട് 2001ലെ സെൻസസ് അവലംബിച്ചുകൊണ്ട് മണ്ഡലങ്ങൾ മാറ്റിവരക്കുന്നത് നിക്ഷിപ്തതാൽപര്യത്തോടെ, സുതാര്യതയില്ലാതെയാണെന്നും തങ്ങളുമായും സിവിൽസമൂഹവുമായും വേണ്ടത്ര കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. വിഷയം ശ്രദ്ധയിൽപെടുത്താൻ തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ചെങ്കിലും അവർ മുഖംതിരിച്ചുകളഞ്ഞു എന്നാരോപിച്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷകക്ഷികൾ തലസ്ഥാനത്ത് കമീഷൻ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി.

കഴിഞ്ഞ ജൂൺ 20നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ്കുമാർ, കമീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരടങ്ങുന്ന സമിതി അസമിലെ പാർലമെന്‍റ്, അസംബ്ലി സീറ്റുകൾ പുനർനിർണയിച്ച് കരട് പുറത്തിറക്കിയത്. 1976 ൽ നടത്തിയ അവസാന മണ്ഡല പുനർനിർണയത്തിൽ രൂപപ്പെട്ട ആകെയുള്ള 126 നിയമസഭ സീറ്റുകളിലോ 14 പാർലമെന്‍റ് സീറ്റുകളിലോ എണ്ണത്തിൽ വർധനയൊന്നും വരുത്തിയിട്ടില്ല. എന്നാൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണസീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. 16 സീറ്റുകളുള്ള പട്ടികവർഗത്തിന് മൂന്നു സീറ്റുകളും പട്ടികവിഭാഗത്തിന് നിലവിലെ എട്ടിൽ ഒരു സീറ്റും അധികമായി നൽകും. പാർലമെന്‍റിൽ ഇരുവിഭാഗത്തിനും ഓരോ സീറ്റ് വേറെയും. പടിഞ്ഞാറൻ അസമിലെ കർബി ആങ്ലോങ് ജില്ലയിൽ ഒന്നും ബോഡോലാൻഡ് സ്വയംഭരണ കൗൺസിൽ മേഖലയിൽ മൂന്നും സീറ്റുകൾ വർധിപ്പിക്കും. ബാറാക് വാലിയിൽ രണ്ടു സീറ്റുകളും കൂട്ടി.

ഇത്തരത്തിൽ തിടുക്കപ്പെട്ട പുനർനിർണയത്തിനു പിന്നിലെ ചേതോവികാരം മുസ്ലിംവോട്ടുകളുടെ നിർണായകശേഷിയെ ദുർബലപ്പെടുത്തുകയാണെന്നു വ്യക്തമാക്കുകയാണ് നീതിപീഠത്തെ സമീപിക്കുന്ന എ.ഐ.യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമീഷന്‍റെ പുനർനിർണയ കരട് അനുസരിച്ച് സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങൾ 29ൽ നിന്നു 22 ആയി ചുരുങ്ങും. 90 മണ്ഡലങ്ങളിൽ തനി അസമികളും 12 മണ്ഡലങ്ങളിൽ ബംഗാളി അസമികളുമായിരിക്കും ഭൂരിപക്ഷം. മുസ്ലിം പ്രാതിനിധ്യം കുറക്കുകയാണ് ഈ പ്രക്രിയയുടെ ഉദ്ദേശ്യം. കമീഷന്‍റെ പുനർനിർണയ പദ്ധതിയുടെ ചുവടുപിടിച്ച് ഹിമന്ത് ബിശ്വശർമയുടെ ബി.ജെ.പി സർക്കാർ നടത്തിയ നീക്കങ്ങളും മുസ്ലിം പാർശ്വവത്കരണത്തിനുവേണ്ടിയാണ് എന്നു വെളിപ്പെട്ടു. പുനർനിർണയ തീരുമാനം കഴിഞ്ഞ വർഷം ഡിസംബർ 27ന് പ്രഖ്യാപിച്ചു നാലുനാൾ കഴിഞ്ഞപ്പോൾ മുസ്ലിംകൾക്ക് ഗണ്യമായ സംഖ്യബലമുണ്ടായിരുന്ന സംസ്ഥാനത്തെ മൂന്നു ജില്ലകൾ (ബജലി, ബിശ്വനാഥ്, ഹോജയ്) പൂർവ അവിഭക്ത ജില്ലയോട് കൂട്ടിച്ചേർത്തു ഒന്നാക്കി. ഒരു ജില്ലയെ തൊട്ടടുത്തതുമായും ചേർത്തു. അങ്ങനെ അസമിലെ ജില്ലകളുടെ എണ്ണം 35 ൽ നിന്ന് 31 ആയി ചുരുങ്ങി. മണ്ഡല അതിരുകൾ മാറ്റിവരച്ചാലും ഉദ്ദിഷ്ടകാര്യം സാധ്യമാകാതെ വരുമോ എന്ന ആശങ്കയിൽ നിന്നാണ് ജില്ലകളെ തന്നെ ഇല്ലാതാക്കി മുസ്ലിം ദൃശ്യത കുറക്കാനുള്ള ബി.ജെ.പി സർക്കാറിന്‍റെ തീവ്രയത്ന പരിപാടി. ഒരു അഴിച്ചുപണിയിൽ സാധാരണ പരിഗണിക്കുക ഏറ്റവും പുതിയ സ്ഥിതിവിവരങ്ങളായിരിക്കുമല്ലോ. എന്നാൽ, അസമിലെ മണ്ഡലപുനർനിർണയം നടക്കുന്നത് 2011 ലെ സെൻസസ് മാറ്റിവെച്ച് 2001ലെ സെൻസസ് മുന്നിൽ വെച്ചാണ്. പട്ടികജാതി, പട്ടികവർഗക്കാർക്ക് സംവരണത്തിനു നീക്കിവെച്ച മണ്ഡലങ്ങളിൽ ചിലതിലെ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന പരിഗണിക്കാതിരിക്കാനാണ് ഈ ഉപായം. 1950 ലെ ജനപ്രാതിനിധ്യനിയമത്തിലെ എട്ട്-എ വകുപ്പ് അനുസരിച്ചാണ് മണ്ഡല പുനർനിർണയം നടത്തിയതെന്നാണ് ഔദ്യോഗികവിശദീകരണം. എന്നാൽ, മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഈ വകുപ്പ് അധികാരം നൽകുന്നില്ലെന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

മുസ്ലിംകളെ ഗെറ്റോകളിലേക്ക് ഒതുക്കുകയോ ചിതറിത്തെറിപ്പിക്കുകയോ ലക്ഷ്യമിട്ടുകൊണ്ടുള്ള അദൃശ്യവത്കരണത്തിനാണ് കേന്ദ്രസർക്കാറിന്‍റെ ഒത്താശയോടെ ഹിമന്ത് ബിശ്വശർമയുടെ നേതൃത്വത്തിലുള്ള അസമിലെ തീവ്രഹിന്ദുത്വ സർക്കാർ ശ്രമിക്കുന്നത്. ദേശീയ പൗരത്വപട്ടികയിലൂടെ പൗരത്വനിയമഭേദഗതി നടപ്പിലാക്കിയത് മുസ്ലിംസമുദായത്തെ ഉന്നമിട്ടായിരുന്നുവെങ്കിലും അതു പാളി. എന്നാൽ, അതിനെ പിഴവുകൾ തീർത്തൊരു മുസ്ലിം ഉന്മൂലന രജിസ്റ്ററാക്കി മാറ്റാനുള്ള യത്നത്തിൽ മുന്നോട്ടുപോകുകയാണ് അസം സർക്കാർ. മുസ്ലിംകളെ ശത്രുവും ഭീഷണിയുമായി ചൂണ്ടി ഇല്ലായ്മചെയ്യാൻ ഏതറ്റം വരെയും പോകുന്ന സംഘ്പരിവാർ വഴക്കമാണ് ഹിമന്ത സർക്കാർ പയറ്റുന്നത്. കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചുനിർത്താനാവാത്ത മുഖ്യമന്ത്രി അതിന്‍റെ കുറ്റം ബംഗാളി മുസ്ലിംവിഭാഗമായ ‘മിയ’ സമുദായത്തിന്‍റെ തലയിൽ വെച്ചുകെട്ടി അവരെ ഉന്മൂലനം ചെയ്യാൻ പരസ്യാഹ്വാനം നടത്തി. മുസ്ലിംകളെ നിയമനിർമാണസഭകളിൽനിന്നു സാധ്യമാവുന്ന വിധമെല്ലാം അകറ്റിനിർത്തുകയെന്ന അജണ്ടയുടെ ഭാഗമാണ് അസമിലെ മണ്ഡല പുനർനിർണയവും. നിയമയുദ്ധത്തോടൊപ്പം ജനാധിപത്യപോരാട്ടത്തിലൂടെ ഈ ഉന്മൂലനരാഷ്ട്രീയത്തെ മറികടക്കാനുള്ള കാര്യപരിപാടിക്കും അതിന്‍റെ നിർവഹണത്തിനുമാണ് പ്രതിപക്ഷം അടിയന്തരമായി മുന്നിട്ടിറങ്ങേണ്ടത്.

ഒരു അഴിച്ചുപണിയിൽ സാധാരണ പരിഗണിക്കുക ഏറ്റവും പുതിയ സ്ഥിതിവിവരങ്ങളായിരിക്കുമല്ലോ. എന്നാൽ, അസമിലെ മണ്ഡലപുനർനിർണയം നടക്കുന്നത് 2011 ലെ സെൻസസ് മാറ്റിവെച്ച് 2001ലെ സെൻസസ് മുന്നിൽ വെച്ചാണ്. ചില മണ്ഡലങ്ങളിൽ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന പരിഗണിക്കാതിരിക്കാനാണ് ഈ ഉപായം

Tags:    
News Summary - Madhyamam editorial: Assam constituency reorganization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT