സാമ്രാജ്യത്വ വിരുദ്ധ പോരാട്ട നായകന് ലാല്‍സലാം

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശമായിരുന്ന ഫിദല്‍ കാസ്ട്രോ ചരിത്രത്തിന്‍െറ ഭാഗമായിരിക്കുന്നു.  ഏറ്റവും വലിയ അധിനിവേശ രാജ്യത്തിന്‍െറ അയല്‍പക്കത്തുനിന്ന് വിമോചനത്തിന്‍െറയും ചെറുത്തുനില്‍പിന്‍െറയും വിപ്ളവ ഇതിഹാസം രചിക്കാന്‍ ക്യൂബയെ പ്രാപ്തമാക്കിയ, ലോകമെമ്പാടുമുള്ള വിമോചന ശബ്ദങ്ങള്‍ക്ക് കരുത്തും പ്രചോദനവുമായിരുന്ന ഫിദലിന്‍െറ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം നികത്താനാകാത്തതായിരിക്കും. ശരീരത്തെ രോഗം ഗ്രസിച്ചപ്പോഴും അവസാന നിമിഷം വരെ ഒരു പോരാളിയുടെ ജാഗ്രത കാത്തുസൂക്ഷിക്കുന്നതില്‍ വിജയം നേടിയാണ് വര്‍ത്തമാനകാലത്തെ വിപ്ളവ ഇതിഹാസം വിടപറഞ്ഞിരിക്കുന്നത്. അമേരിക്കയുടെ ഏകപക്ഷീയമായ ആറുപതിറ്റാണ്ടു കാലത്തെ ഉപരോധത്തെ അതിജീവിക്കുകയും ക്യൂബന്‍ ജനതയുടെ വിപ്ളവബോധത്തെ അണയാതെ കാത്തുസൂക്ഷിക്കുകയും ചെയ്തതില്‍ ഫിദലിന്‍െറ നിശ്ചയദാര്‍ഢ്യവും ഭരണപരമായ സാമര്‍ഥ്യവും  വഹിച്ച പങ്ക് നിസ്തുലമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ 18 മാസത്തോളം നീണ്ടുനിന്ന രഹസ്യ ഉഭയകക്ഷി ചര്‍ച്ചകളുടെ പര്യവസാനമായ ബറാക് ഒബാമയുടെ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ നയതന്ത്ര മഞ്ഞുരുക്കങ്ങളും ഫിദലിന്‍െറ കൂടി അറിവോടെയും അനുവാദത്തോടെയുമായിരുന്നു നടന്നത്.  ക്യൂബയെയും കാസ്ട്രോയേയും ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിച്ച പത്ത് അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍നിന്ന് വ്യത്യസ്തമായി, അനുരഞ്ജനത്തിന്‍െറ ഭാഷയുമായി വന്ന ഒബാമക്ക് എന്നിട്ടും ഫിദല്‍ എഴുതി തയാറാക്കി നല്‍കിയ സന്ദേശം സാമ്രാജ്യത്വ അജണ്ടകളുടെ കുടിലതകളെക്കുറിച്ചുള്ള ബോധ്യവും വിപ്ളവത്തെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ തീവ്രപരിശ്രമങ്ങളെ സംബന്ധിച്ച ഓര്‍മപ്പെടുത്തലുകളുമായിരുന്നു. ’90ലത്തെിയിട്ടും അധിനിവേശ തന്ത്രങ്ങളോട് രാജിയാകാതെ നില്‍ക്കാനുള്ള ഈ ദൃഢതയാണ് ലോകത്തിലെ വിപ്ളവകാരികളുടെ നിത്യപ്രചോദകരിലൊരാളായി ഫിദലിനെ മാറ്റിത്തീര്‍ക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി  ഫിദല്‍ നിര്‍ഭയമായി സംസാരിച്ചു. അവരുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനത്തിന് വേണ്ടി ക്യൂബയുടെ നയതന്ത്രബന്ധങ്ങള്‍വരെ വിച്ഛേദിച്ചു. അനീതിക്കിരകളാകുന്ന ജനതകളെ നിരുപാധികമായി പിന്തുണച്ചു. അത്, അംഗോളയിലെയും മൊസാംബീക്കിലെയും അമേരിക്കന്‍ അട്ടിമറികളായിരുന്നാലും. സിറിയയിലും ഫലസ്തീനിലും ഇസ്രായേല്‍ നടത്തിയ സൈനിക കൈയേറ്റങ്ങളായിരുന്നാലും, ഉറ്റ ചങ്ങാതിയായ സോവിയറ്റ് യൂനിയന്‍ ചെക്കോസ്്ലാവാക്യയില്‍ നടത്തിയ സൈനിക അധിനിവേശമായിരുന്നാലും ശരി. എത്ര കടുത്ത ഉപരോധംകൊണ്ട് വലയുമ്പോഴും തന്‍െറ ശരികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ക്യൂബയെ സോഷ്യലിസത്തിന്‍െറ സാമ്പത്തിക, സാമൂഹിക പരീക്ഷണ ശാലയാക്കി. അതിലൂടെ, സാക്ഷരത, ആരോഗ്യപരിപാലനം എന്നീ മേഖലകളിലും വിവേചനരഹിത സാമൂഹിക ക്രമം സൃഷ്ടിക്കുന്നതിലും ക്യൂബ ലോകത്തിന് മാതൃകയാകുകയും ചെയ്തു. ഫിദല്‍ കാസ്ട്രോ വിമര്‍ശനാതീതമായ നേതാവായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. ഏകാധിപത്യം, കുടുംബവാഴ്ച, ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മചെയ്യല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, സാധാരണക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ സംഭവിച്ച പരാജയങ്ങള്‍ തുടങ്ങി അമേരിക്കയുടെ അട്ടിമറി ഭീഷണിയും ഉപരോധവുമെന്ന ന്യായംകൊണ്ട് പ്രതിരോധം ഉയര്‍ത്താനാകാത്തവിധം എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ച തെറ്റുകള്‍ അദ്ദേഹത്തിനും സംഭവിച്ചിട്ടുണ്ട്. എങ്കിലും ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. ഫിദല്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ട, ലോകം തിരസ്കരിച്ച ഭരണാധികാരിയായല്ല  വിടപറയുന്നത്. വിമോചനത്തെ സ്വപ്നംകാണുന്ന ആഗോള ജനതകളുടെ സ്നേഹവായ്പും അംഗീകാരവും ഏറ്റുവാങ്ങിക്കൊണ്ടാണ്.
സാമ്പ്രദായിക കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ സഞ്ചാരപഥമായിരുന്നില്ല ഫിദലിന്‍േറത്. ക്യൂബയില്‍ അധികാരമേറ്റെടുത്തതിനുശേഷം മാത്രമാണ് തന്‍െറ ഉറച്ച കമ്യൂണിസ്റ്റ് കൂറ് പരസ്യമായി പ്രഖ്യാപിച്ചത്. അവസാന ശ്വാസംവരെ അദ്ദേഹം കമ്യൂണിസ്റ്റു തന്നെയായിരുന്നു. എന്നിരുന്നാലും, തന്‍െറ ഏറ്റവും വലിയ സ്വപ്നമായിരുന്ന ലാറ്റിനമേരിക്കയുടെ ഐക്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങളിലും സോഷ്യലിസ്റ്റ് പരിവര്‍ത്തന പദ്ധതിയിലും ക്രൈസ്തവതയുടെ വിമോചന സാധ്യത തിരിച്ചറിയുന്നതില്‍ കമ്യൂണിസത്തിന്‍െറ മതപരികല്‍പനകള്‍ അദ്ദേഹത്തിന് വിഘാതമായില്ല. 1959ഓടെ പള്ളിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നുവെങ്കിലും ക്രിസ്തുവില്‍ വിമോചകനെയും സ്വതന്ത്രദാഹിയേയും കണ്ടത്തെുകയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍െറ മധ്യത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള സാധ്യത  ഉള്‍ക്കൊള്ളുകയും ചെയ്തു.  ഉത്തരാഫ്രിക്കയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഇസ്്ലാമിനും വിമോചനപരമായ നേതൃത്വം വഹിക്കാന്‍ സാധിച്ചേക്കുമെന്ന് പ്രവചിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയതും സോഷ്യലിസത്തിലേക്കുള്ള വിഭിന്ന കൈവഴികളെക്കുറിച്ച് യൗവനോത്സുകമായ അന്വേഷണങ്ങളും നിരീക്ഷണങ്ങളും വാര്‍ധക്യത്തിലും നിലനിര്‍ത്തുന്നതില്‍ വിജയിച്ചതുകൊണ്ടാണ്. സോഷ്യലിസത്തിന് ഒരു ലാറ്റിനമേരിക്കന്‍ മാതൃക സംഭാവന ചെയ്തുകൊണ്ടാണ് അദ്ദേഹം വിടപറയുന്നത്. അധിനിവേശവും മുതലാളിത്തവും കൂടുതല്‍ കനക്കുകയും ലോകത്തെ ഭരണാധികാരികളില്‍ സാമ്രാജ്യത്വ, വംശവെറിയുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഫിദലിന്‍െറ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ്  പരീക്ഷണങ്ങളില്‍ തീര്‍ച്ചയായും പ്രത്യാശയുടെ വെളിച്ചമുണ്ട്.
Tags:    
News Summary - madhyamam editorial on fidel castro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.