കോവിഡ് മഹാമാരിയും തുടർന്ന് ഇന്ത്യയിൽ നടപ്പാക്കിയ അശാസ്ത്രീയ ലോക്ഡൗണുമെല്ലാം, രാജ്യത്തെ എപ്രകാരമാണ് അനിശ്ചിതത്വത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തുന്ന വിശദമായൊരു പഠനം കഴിഞ്ഞ ജൂലൈയിൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പുറത്തുവിട്ടിരുന്നു. ‘ഇന്ത്യയിലെ അസമത്വവും ദാരിദ്ര്യവും: കോവിഡ് പ്രത്യാഘാതങ്ങളും നയവൈകല്യങ്ങളും’ എന്ന പേരിലുള്ള റിപ്പോർട്ട് രാജ്യത്ത് നടത്തിയ രണ്ട് സർവേകളുടെ തുടർച്ചയായിട്ടാണ് ഐ.എം.എഫ് പ്രസിദ്ധീകരിച്ചത്. കോവിഡ് കാലം ഇന്ത്യയെ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും പടുകുഴിയിലേക്ക് തള്ളിവിട്ടതെങ്ങനെയെന്ന് വസ്തുതകളുടെ വെളിച്ചത്തിൽ കൃത്യമായി വിവരിക്കുന്നുണ്ട് പ്രസ്തുത റിപ്പോർട്ട്. ലോകത്താകമാനം, ഇക്കാലത്ത് ദാരിദ്ര്യം വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ തോത് വളരെ കൂടുതലായിരുന്നുവെന്നാണ് പഠനത്തിന്റെ തുടക്കത്തിൽത്തന്നെ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ നഗരകേന്ദ്രങ്ങളിൽ മാത്രം അസംഘടിത മേഖലയിലെ തൊഴിൽ നഷ്ടം കണക്കാക്കിയിരിക്കുന്നത് 20 ശതമാനമാണ്. ഈ ഗണത്തിൽ 70 ലക്ഷം പേർക്ക് വരുമാനമാർഗം ഇല്ലാതായി. കോവിഡിന്റെ ഒന്നാം തരംഗത്തിൽ മാത്രം വരുമാനം നിലച്ച കർഷകേതര തൊഴിലാളികളുടെയും സംരംഭകരുടെയും എണ്ണം ഒന്നരക്കോടിക്കും മുകളിൽവരുമത്രെ; രണ്ടാം തരംഗത്തിൽ ഇത് ഇരട്ടിയിലധികമായി. എന്നാൽ, ഈ പ്രതിസന്ധിയെ അതിജീവിക്കാൻതക്ക പ്രതിരോധ മാർഗങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതുമൂലം രാജ്യത്ത് ദാരിദ്ര്യവും അസമത്വവും വർധിച്ചുവെന്നാണ് ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സമാനമായൊരു പഠനഫലം നേരത്തെ, അസിം പ്രേംജി സർവകലാശാലയിലെ ഗവേഷകരും പുറത്തുവിട്ടിരുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം, കോവിഡ് കാലം ഇന്ത്യയിൽ 11 കോടി ദരിദ്രരെ അധികമായി സൃഷ്ടിച്ചുവെന്നാണ് പറയുന്നത്.
മേൽസൂചിപ്പിച്ച രണ്ട് റിപ്പോർട്ടുകളൊന്നുമില്ലാതെതന്നെ, കോവിഡ് കാലത്തെ അഭിമുഖീകരിച്ച ജനതയെന്ന നിലയിൽ ഇക്കാര്യങ്ങളൊക്കെ ഏതൊരാൾക്കും ഊഹിക്കാവുന്നതേയുള്ളൂ. കോവിഡ് വ്യാപനവും തുടർന്ന് ഒരു മുൻകരുതലുമില്ലാതെ ഒരു രാത്രിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും പിന്നീടുണ്ടായ തൊഴിലാളി പലായനങ്ങളുമൊക്കെ സമാനതകളില്ലാത്ത സന്ദിഗ്ധ സന്ധികൾതന്നെയായിരുന്നു. സമ്പൂർണമായും അനിശ്ചിതത്വത്തിലേക്ക് വഴിമാറിയ ആ നാളുകൾ രാജ്യത്തെയും ജനതയെയും എവിടെയെത്തിച്ചുവെന്നുമാത്രമാണ് വാസ്തവത്തിൽ ഈ റിപ്പോർട്ടുകൾ അടിവരയിടുന്നത്. ഭക്ഷ്യപ്രതിസന്ധിയുടെ ചില സൂചനകൾ അന്നേയുണ്ടായിരുന്നു. അക്കാലത്ത് നടത്തിയ ഒരു സർവേ പ്രകാരം, 35 ശതമാനം ജനങ്ങളും ഒരുദിവസത്തെ ഭക്ഷണം മൂന്നുനേരത്തിൽനിന്ന് രണ്ടാക്കി ചുരുക്കിയതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെ പ്രമുഖ എൻ.ജി.ഒ ആയ ‘ജൻ സഹസ്’ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, രാജ്യത്തെ 90 ശതമാനം കെട്ടിട നിർമാണ തൊഴിലാളികൾക്കും ലോക്ഡൗൺ കാലത്ത് വരുമാനം നിലച്ചുവെന്നാണ്. ഇങ്ങനെയൊക്കെയാണ് 11 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വാസ്തവത്തിൽ കോവിഡിനു മുമ്പേയുണ്ട് ഈ പ്രതിസന്ധി; ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ രാജ്യത്ത് രേഖപ്പെടുത്തിയത് 2020ലാണ്. ആ സമയത്ത് ആഗോള പട്ടിണി സൂചികയിൽ 103 സ്ഥാനത്തായിരുന്ന ഇന്ത്യ കോവിഡിനുശേഷം പിന്നെയും പത്ത് സ്ഥാനം പിന്നാക്കംപോയി. അഥവാ, രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം വർധിച്ചു. പക്ഷേ, ഈ കണക്കുകളും യാഥാർഥ്യങ്ങളുമൊന്നും നമ്മുടെ ഭരണകൂടങ്ങൾക്ക് വിഷയമേയല്ല; സങ്കൽപങ്ങളുടെ മറ്റൊരു സ്വപ്നലോകത്ത് അഭരമിക്കുകയാണവർ. കഴിഞ്ഞദിവസം നിതി ആയോഗ് ‘ദാരിദ്ര്യമുക്തി’ സംബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ട് നോക്കൂ: മോദിയുടെ ഒമ്പതര വർഷത്തെ ഭരണകാലത്തിനിടെ 24.8 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയത്രെ. ‘ദാരിദ്ര്യ മുക്തി’ക്ക് ലോകത്തെങ്ങുമില്ലാത്ത മാനദണ്ഡങ്ങൾ നിശ്ചയിച്ച് എണ്ണം പെരുപ്പിച്ചുകാട്ടുന്ന തന്ത്രം മാത്രമാണത്.
രാജ്യവും ജനതയും അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കെ അതിജീവിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതിനുപകരം അവയെ സമ്പൂർണമായും അവഗണിച്ച് ഉന്മാദ ദേശീയതയും തീവ്രഹിന്ദുത്വവും കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഭരണകൂടം. കൊടിയ ദാരിദ്ര്യത്തിൽ പ്രാണനുവേണ്ടി ജനങ്ങൾ ശബ്ദമുയർത്തുമ്പോൾ ഭരണകൂടമൊന്നാകെ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രാണപ്രതിഷ്ഠ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒപ്പം, ‘ഇവിടെ സർവം ശുഭം’ എന്ന വെറും പ്രഖ്യാപനങ്ങളും. അതിന്റെ ഭാഗമാണ് നിതി ആയോഗിന്റെ ‘ദാരിദ്ര്യ മുക്തി’ നാടകം. വാസ്തവത്തിൽ, ഇന്ത്യ മുൻ സർക്കാറിന്റെ നേട്ടങ്ങളത്രയും അട്ടിമറിച്ചുവെന്നാണ് ആ റിപ്പോർട്ട് സൂക്ഷ്മമായി വായിച്ചാൽ മനസ്സിലാവുക.
മൻമോഹൻ ഭരണകാലത്ത് 27 കോടി ജനങ്ങൾ പട്ടിണിയിൽനിന്ന് കരകയറിയെന്ന് ആസൂത്രണ കമീഷൻ സാക്ഷ്യപ്പെടുത്തിയതാണ്; മാനദണ്ഡങ്ങൾ തിരുത്തിയിട്ടും മോദി കാലത്ത് അത് 24 കോടിയിലെത്തിക്കാനേ സാധിച്ചിട്ടുള്ളൂ. അതിൽത്തന്നെ മേൽസൂചിപ്പിച്ച കോവിഡ് കാല പ്രതിസന്ധി പൂർണമായും ഒഴിവാക്കുകയും ചെയ്തു. അഥവാ, മോദിയുടെ ഭരണവും നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ‘സാമ്പത്തിക പരിഷ്കരണ’ പരിപാടികളുമെല്ലാം രാജ്യത്ത് കൂടുതൽ ദരിദ്രരെ സൃഷ്ടിക്കുകയാണ് ചെയ്തത്. 130 കോടി ജനങ്ങളിൽ കാൽഭാഗം പേരും ദാരിദ്ര്യത്തിലായിരിക്കുമ്പോഴും ഭരണകൂടത്തിന്റെ വികസന അജണ്ടകളുടെ മുൻഗണനയിലൊരിടത്തും ഇതൊന്നുമില്ല. പകരം, തീവ്രദേശീയ വിചാരങ്ങൾ കത്തിക്കുന്ന ആഹ്വാനങ്ങളും ആക്രോശങ്ങളും മാത്രമാണ് എല്ലായിടത്തും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. തീർത്തും അപകടകരമായ ഈ സമീപനത്തിനെതിരായ പ്രതിവിചാരങ്ങളും സമരങ്ങളും സജീവമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.