സ്ഥാനനഷ്ടം ഉറപ്പായിക്കഴിഞ്ഞിരിക്കെ പോകുന്നപോക്കിൽ പരമാവധി ദ്രോഹം വരുത്തിവെക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അധികാരക്കൈമാറ്റത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ, അദ്ദേഹത്തിെൻറ നീക്കങ്ങളും നിലപാടുകളും അന്താരാഷ്ട്രതലത്തിൽതന്നെ അസ്വസ്ഥതകൾ വിതക്കുന്നതാണ്. അതിെൻറ ഒടുവിലെ ഉദാഹരണമാണ് നാറ്റോ സഖ്യകക്ഷിയായ തുർക്കിയുടെ മേൽ ഉപരോധമേർപ്പെടുത്താനുള്ള നീക്കവും ഇന്ത്യയടക്കമുള്ള ഇതരരാജ്യങ്ങളുടെ നേർക്കുള്ള കണ്ണുരുട്ടലും. റഷ്യൻനിർമിത എസ് 400 ട്രയംഫ് മിസൈൽവേധ ആയുധസാമഗ്രികൾ വാങ്ങാനുള്ള തുർക്കിയുടെ നീക്കമാണ് ട്രംപിെൻറ പുതിയ ശിക്ഷാവിധിക്കു കാരണം. സിറിയൻ പ്രതിസന്ധി, അർമീനിയ-അസർബൈജാൻ സംഘർഷം, പശ്ചിമേഷ്യ തുടങ്ങി വിവിധ വിഷയങ്ങളിൽ തുർക്കി നടത്തുന്ന ഇടപെടൽ നേരത്തേ തന്നെ വാഷിങ്ടണിനെ ചൊടിപ്പിച്ചിട്ടുള്ളതാണ്. അതിനൊടുവിലാണ് ഇപ്പോൾ റഷ്യൻ ആയുധ ഇടപാടിെൻറ പേരിൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
നാറ്റോയുടെ യുദ്ധോപകരണങ്ങളുമായി കിടപിടിക്കാത്ത ആയുധങ്ങളാണ് എന്നതു മാത്രമല്ല, അത് വിൽക്കുന്ന റഷ്യ നാറ്റോ രാഷ്ട്രസഖ്യത്തിനു വൻഭീഷണിയാണ് എന്നതുകൂടിയാണ് അവർക്കു വിലക്കേർപ്പെടുത്താനുള്ള കാരണമായി അമേരിക്ക പറയുന്നത്. അതേസമയം, 600 കിലോമീറ്റർ നിരീക്ഷണക്ഷമതയും 400 കി.മീ ആക്രമണവ്യാപ്തിയുമുള്ള എസ്-400 എയർമിസൈൽ ഇന്ന് ലോകത്തേറ്റവും മികച്ചതാണെന്നാണ് വിദഗ്ധാഭിപ്രായം. അതുകൊണ്ടുതന്നെ, രണ്ടു വർഷം മുമ്പ് റഷ്യ പുതിയ ആയുധത്തെക്കുറിച്ചു വിളംബരം ചെയ്തപ്പോൾതന്നെ ചൈന, ഇന്ത്യ, തുർക്കി, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഇതു വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ഇൗ ഉപഭോക്തൃരാജ്യങ്ങളെയെല്ലാം അമേരിക്ക സ്വന്തംപേരിലും നാറ്റോയുടെ പേരിലും ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും വഴങ്ങാൻ തുർക്കി തയാറാകാതെ വന്നപ്പോൾ അമേരിക്ക അങ്കാറക്ക് നൽകിവന്ന ആയുധവും പരിശീലനവുമൊക്കെ നിർത്തിവെച്ചു.
തുർക്കിയുടെ സൈനികാവശ്യത്തിന് നാറ്റോയുടെ പക്കൽതന്നെ ആവശ്യമായ ആധുധസന്നാഹമുണ്ടായിരിക്കെ, അതിനുനേരെ കണ്ണടച്ച് റഷ്യൻ ആയുധം വാങ്ങരുതെന്ന വിലക്ക് അവഗണിച്ചതാണ് ഉപരോധത്തിനു കാരണമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എടുത്തുപറഞ്ഞത്. തുർക്കി നാറ്റോയിലെ സുപ്രധാനകക്ഷിയായതിനാൽ അവർ പശ്ചാത്തപിച്ചു തിരിച്ചുവരുമെന്ന് അമേരിക്ക പ്രതീക്ഷയും പ്രകടിപ്പിച്ചു. എന്നാൽ, തങ്ങൾക്കുവേണ്ട ആയുധം വാങ്ങുന്നത് നാറ്റോ സഖ്യസമവാക്യങ്ങളെയോ ഇതര രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെയോ ബാധിക്കേണ്ടതില്ലെന്നുമാണ് തുർക്കിയുടെ നിലപാട്. നേരത്തേ ട്രംപ് തന്നെ തുർക്കി റഷ്യൻ ഇടപാട് വകവെച്ചു തന്നിരുന്നതാണെന്ന് പ്രതിരോധമന്ത്രാലയം വിശദീകരണക്കുറിപ്പിൽ പറഞ്ഞു. തുർക്കിസേനയുടെ വിഭവസംഭരണ ഏജൻസിയായ പ്രഡിസൻസി ഒാഫ് ഡിഫൻസ് ഇൻഡസ്ട്രീസ്, അതിെൻറ തലവൻ ഇസ്മാഇൗൽ ദെമിർ, മറ്റു മൂന്നു സീനിയർ ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പരിധിയിലുള്ള ഇൗ നാല് ഉദ്യോഗസ്ഥരുടെയും വസ്തുവകകൾ മരവിപ്പിക്കുകയും അവരുടെ യു.എസ് പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. ഏജൻസിയുടെ ഏതാണ്ടെല്ലാ കയറ്റുമതി ലൈസൻസുകളും വായ്പകരാറുകളും റദ്ദാക്കും.
തുർക്കിയെപോലെ തന്നെ ഇന്ത്യയും ഇൗ ആയുധ ഇടപാടിെൻറ പേരിൽ അമേരിക്കയുടെ ദോഷൈകദൃഷ്ടിയിലാണ്. ഉപരോധത്തിലൂടെ അമേരിക്കൻ പ്രതിയോഗികളെ നേരിടാനുള്ള നിയമം (കൗണ്ടറിങ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാങ്ഷൻസ് ആക്ട്-കാറ്റ്സ) അനുസരിച്ച് റഷ്യൻ ആയുധം വാങ്ങുന്ന ഏതു രാജ്യത്തിനുനേരെയും ഉപരോധം പ്രയോഗിക്കാമെന്നും കരുതിയിരിക്കണമെന്നും ഉപരോധം പ്രഖ്യാപിച്ച അന്താരാഷ്ട്രസുരക്ഷിതത്വകാര്യങ്ങൾക്കായുള്ള അസി.സെക്രട്ടറി ക്രിസ്റ്റഫർ ഫോഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു റഷ്യയുമായി ആയുധക്കരാറിലെത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ മുന്നിൽ കണ്ടാണ്. എസ്-400 ആൻറി മിസൈൽ സംവിധാനത്തിെൻറ അഞ്ചു യൂനിറ്റുകൾ 5.43 ബില്യൺ യു.എസ് ഡോളറിന് വാങ്ങാൻ 2018 ൽ ഇന്ത്യ റഷ്യയുമായി കരാറിലെത്തിയിരുന്നു. ഇന്ത്യക്കെതിരെയും അമേരിക്ക ആവർത്തിച്ച് ഉപരോധ ഭീഷണി മുഴക്കിയിരുന്നു. അതേസമയം, അമേരിക്കയുമായുള്ള ആയുധ ഇടപാടുകൾ രാജ്യം അഭംഗുരം തുടർന്നുവരുന്നുമുണ്ട്.
2019ൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനവേളയിൽ 3.5 ബില്യൺ യു.എസ് ഡോളറിെൻറ ആയുധ ഇടപാടിൽ ഒപ്പുവെച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ വേറെയും ചില പ്രതിരോധകരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഉപരോധഭീഷണിയിൽനിന്നു ഇതുവരെ ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിട്ടില്ല. പ്രസിഡൻറ് സ്ഥാനത്ത് ട്രംപ് മാറി ജോ ബൈഡൻ വന്നാലും 'കാറ്റ്സ' ഭീഷണി അമേരിക്ക ഒഴിവാക്കില്ലെന്നാണ് വിദഗ്ധനിരീക്ഷണം. ഡെമോക്രാറ്റുകളിൽ ഭൂരിഭാഗവും അമേരിക്കയുടെ ആധിപത്യം വകവെച്ചുകിട്ടാൻ ഇൗ നിയമവും തദടിസ്ഥാനത്തിലുള്ള ഉപരോധനീക്കങ്ങളും നിലനിൽക്കണമെന്ന് അഭിപ്രായമുള്ളവരാണ്. അത് കണ്ടറിഞ്ഞുതന്നെയാണ് ഭീഷണിക്കു വഴങ്ങില്ലെന്നും കരാറുമായി മുന്നോട്ടുപോകുമെന്നും തുർക്കി പ്രഖ്യാപിച്ചത്. ഇന്ത്യയും പ്രയോഗത്തിൽ പിറകോട്ടില്ല എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, മോദിയുടെ അടുത്ത കൂട്ടുകാരൻ ട്രംപ് മാറി, ഹിന്ദുത്വരാഷ്ട്രീയത്തോട് അത്രയൊന്നും അനുഭാവമില്ലാത്ത, അമേരിക്കൻ ഛത്രാധിപത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പുതിയ പ്രസിഡൻറിെൻറ കീഴിൽ നിലപാടു മാറുമോ എന്നു കണ്ടറിയണം. അമേരിക്ക ഏതു ദിശയിലേക്കു മാറിയാലും തുർക്കിയുടെ കാർക്കശ്യം ഇക്കാര്യത്തിൽ പുലർത്താൻ ഇന്ത്യക്ക് സാധിക്കുമോ എന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.