മാറ്റേണ്ട ചില ചട്ടങ്ങൾ


ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ചേരാത്ത തരത്തിൽ ​​പ്രയോഗിക്കപ്പെടുന്ന ചില നിയമങ്ങൾ ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. സമൂഹമാധ്യമങ്ങളി​ൽ നിർദോഷമായ കമൻറി​​​െൻറ പേരിൽ​പോലും ചാർത്തപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യദ്രോഹനിയമമാണ്​ ഇവയിൽ ഒന്ന്​. ഇത്​ സർക്കാറി​​െൻറ കൈയിലെ ജനവിരുദ്ധ ആയുധമാണിന്ന്​​. ഇതേപോ​ലെ ജ​ുഡീഷ്യറിയുടെ കൈയിൽതന്നെ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആയുധമാണ്​ കോടതിയലക്ഷ്യ നിയമം. സ്വന്തം ദുഷ്​ചെയ്​തികൾ പുറത്തുവരാതിരിക്കാൻ കമ്പനികളും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്​തികളും അവിഹിതമായി ഉപയോഗിച്ചുവരുന്നതാണ്​ അപകീർത്തിനിയമം. ദേശീയസുരക്ഷ നിയമം (എൻ.എസ്​.എ), നിയമവിരുദ്ധ ​പ്രവൃത്തി നിരോധന നിയമം (യു.എ.പി.എ), സായുധസേന രക്ഷാനിയമം (അഫ്​​സ്​പ) തുടങ്ങിയ ​ ​പ്രത്യേക മാരണനിയമങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്​. മറിച്ച്​, ദുരുപയോഗ​ം ഏറെ ഇല്ലാതിരുന്നതിനാൽ അത്രമേൽ ജനവിരുദ്ധമെന്ന്​ ഇതുവരെ കരുതപ്പെടാതിരുന്ന കുറെ 'സാധാരണ' നിയമങ്ങളുടെ കാര്യമാണ്​. ഭദ്രമായ സാമൂഹിക ജീവിതത്തിന്​ ആവശ്യ​മെന്ന്​ ഗണിക്കപ്പെടുന്ന ഈ നിയമങ്ങളിൽ ഉപയോഗത്തിലേറെ ദുരുപയോഗമാണ്​ അടുത്തകാലത്തായി കാണുന്നത്​. അതുകൊണ്ടുതന്നെ ഇവയിൽ കാലോചിതമായ മാറ്റം വേണ​മെന്നും അവ നടപ്പാക്കുന്നതിൽ കൂടുതൽ സുതാര്യതയും നീതിനിഷ്​ഠയും വേണമെന്നും അല്ലെങ്കിൽ പൂർണമായി പിൻവലിക്കണമെന്നുമാണ്​ ആവശ്യമുയരുന്നത്​. ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണിത്​.

ഇന്ത്യയിൽ രാജ്യ​ദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്​ വാർത്തയല്ല. അനേകം നിയമവിദഗ്​ധരും ജഡ്​ജിമാരും മനുഷ്യാവകാശ പ്രവർത്തകരും ഇക്കാര്യം ആവർ​ത്തിച്ച്​ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഏറ്റവും ഒടുവിലായി, ഐക്യരാഷ്​ട്രസഭ മനുഷ്യാവകാശ കമീഷണർ അതി​നെ ശക്​തമായ ഭാഷയിൽ വിമർ​ശിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർക്കും ആക്​ടിവിസ്​റ്റുകൾക്കു​െമതിരെ രാജ്യ​ദ്രോഹ​​ക്കേസെടുത്ത്​ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ വിലങ്ങിടുന്നത്​, അടിസ്​ഥാന മനുഷ്യാവകാശ തത്ത്വങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്ന്​ യു.എൻ ഹൈകമീഷണർ മിഷേൽ ബഷ്​​െല തുറന്നടിച്ചു. ഇന്ത്യക്കാ​രെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ1870ൽ കൊണ്ടുവന്ന ഈ പഴഞ്ചൻ നിയമം ഇന്ന്​ പൗരത്വപ്രക്ഷോഭകർക്കും കർഷക പ്രക്ഷോഭകർക്കും അവരുടെ പക്ഷം വാദിക്കുന്നവർക്കു​െമതിരെ ​പ്രയോഗിക്കപ്പെടുകയാണ്​. 1962 ​െല കേദാർനാഥ്​ കേസിൽ സുപ്രീംകോടതി ഈ നിയമത്തി​​െൻറ അതിരുകൾ കൃത്യമായി വരച്ചിരുന്നതാണ്​. സർക്കാറിനെയോ സർക്കാർനടപടികളെയോ വിമർശിക്കാൻ ഏതു പൗരനും അവകാശ​മുണ്ടെന്നും അക്രമത്തിന്​ പ്രേരിപ്പിക്കരുതെന്നേയുള്ളൂ എന്നും അന്ന്​ കോടതി തീർപ്പ്​ പറഞ്ഞതാണ്​. പക്ഷേ, ഒരു ട്വീറ്റ്​ പോലും അക്രമത്തിന്​ ​​​പ്രേരണയാണെന്നു പറഞ്ഞ്​ രാജ്യദ്രോഹക്കുറ്റം ചാർത്താൻ ഇന്നത്തെ സർക്കാറുകൾ തയാറാകുന്നു.

2016-19 കാലത്തെ ദേശീയ ക്രൈം ബ്യൂ​േറായുടെ കണക്കനുസരിച്ച്​ ശിക്ഷാനിയമം 124(എ) പ്രകാരമുള്ള രാജ്യ​ദ്രോഹ കേസുകൾ 160 ശതമാനം വർധിച്ചു; ശിക്ഷാ നിരക്കാക​ട്ടെ 33.3 ശതമാനത്തിൽനിന്ന്​ 3.3 ശതമാനത്തിലേക്ക്​ താഴ്​ന്നു. എന്നുവെച്ചാൽ, ഒട്ടും നിലനിൽക്കാത്ത കള്ളക്കേസുകളാണ്​ രാജ്യ​ദ്രോഹക്കുറ്റം ചാർത്തപ്പെടുന്നവയിൽ കൂടുതലും. രാജ്യദ്രോഹനിയമത്തി​​​െൻറ കർത്താക്കളായ ബ്രിട്ടീഷുകാർ അതി​​െൻറ ജനവിരുദ്ധത മനസ്സിലാക്കി അത്​ ഉപേക്ഷിച്ചുകഴിഞ്ഞു. 2010 ലാണ്​ ബ്രിട്ടൻ രാജ്യദ്രോഹനിയമം പിൻവലിച്ചത്​. ഇവിടെ രാജ്യദ്രോഹമായി സർക്കാർ കാണുന്ന കുറ്റങ്ങൾക്ക്​ വേറെയും നിയമങ്ങളും ശിക്ഷാവ്യവസ്​ഥകളും ഉണ്ടെന്നിരിക്കെ 124 (എ) വകുപ്പ്​ ​ എടുത്തുകളയണമെന്ന്​ 2018 ൽ ഇന്ത്യൻ നിയമകമീഷൻ നിർദേശിക്കുകയും ചെയ്​തിട്ടുണ്ട്​. പക്ഷേ, ഇപ്പോഴത്തെ എൻ.ഡി.എ സർക്കാർ വ​ിശേഷിച്ചും ഈ നിയമത്തെ തന്നിഷ്​ട​പ്രകാരം ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ ഡൽഹി വംശീയ അതിക്രമങ്ങൾക്ക്​ പരസ്യമായി ആഹ്വാനം നൽകിയ കപിൽ മിശ്രക്കെതിരെ നടപടി ഇല്ലാതിരിക്കുന്നതും കർഷക പ്രക്ഷോഭത്തിനനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ദിശ രവിക്കുമേൽ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടതും. സർക്കാറി​െൻറ കൈയിൽ ജനവിരുദ്ധ ഉപകരണം മാത്രമായി നിൽക്കുന്ന രാജ്യദ്രോഹ നിയമം പിൻവലിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ജുഡീഷ്യറിയും ജഡ്​ജിമാരും പരിശോധനക്കും വിമർശനത്തിനും അതീതരല്ലെന്നിരിക്കെ, ന്യായമായ നിരൂപണംപോലും അസാധ്യമാക്കുന്ന തരത്തിൽ കോടതിയലക്ഷ്യ നിയമം ഉപയോഗിക്കപ്പെടുന്നതും ജനാധിപത്യത്തിന്​ പരിക്കേൽപിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരാണ്​ കൂടുതലും ഇത്തരം നിരൂപണം നടത്തുന്നതെന്നതിനാൽ അവരാണ്​ നിയമ ദുരുപയോഗത്തിന്​ കൂടുതൽ ഇരയാകുന്നത്​. ഇപ്പോൾ കൃഷ്​ണപ്രസാദ്​, എൻ. റാം, അരുൺഷൂരി, പ്രശാന്ത്​ ഭൂഷൻ എന്നിവർ കോടതിയലക്ഷ്യ നിയമത്തി​​െൻറ 2 (c) (i) വകുപ്പ്​ ഭരണഘടനയുടെ 19ഉം 14ഉം വകുപ്പുകളുടെ ലംഘനമെന്ന നിലക്ക്​ അസാധുവാക്കണമെന്ന്​ അപേക്ഷിച്ചിരിക്കുകയാണ്​. കർണാടക ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കോടതി കേന്ദ്രത്തിന്​ നോട്ടീസയച്ചിരിക്കുന്നു. സുതാര്യതയില്ലാത്ത ഒരു നിയമവും ന്യായമോ നീതിയുക്​തമോ അല്ല. കോടതിയലക്ഷ്യത്തെ മാത്രമല്ല, ഭരണഘടനാ അലക്ഷ്യത്തെ തന്നെയാണ്​ കുറ്റമായി കണക്കാക്കേണ്ടത്​. ഭരണഘടനക്കെതിരായ നിയമനിർമാണവും വിധിയുമെല്ലാം ഭരണഘടനാ അലക്ഷ്യത്തിൽ ഉൾപ്പെടുകയും വേണം.

Tags:    
News Summary - madhyamam editorial on 1st march 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.