രാജ്യത്തിെൻറ പ്രധാനമന്ത്രിയെ ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവ് പ്രശംസിക്കുന്നത് ജനാധിപത്യത്തിൽ അചിന്ത്യമോ അശുഭകരമോ ആയ കാര്യമല്ല. ഭരണപക്ഷത്തിെൻറ സർവചലനങ്ങളെയും തള്ളിപ്പറയേണ്ടതും ഭരണാധികാരികളെ എല്ലാ കാര്യങ്ങളിലും എതിർക്കേണ്ടതും ആരോഗ്യകരമായ ജനാധിപത്യത്തിെൻറ ആവശ്യവുമല്ല. ഈ തത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ പറയേണ്ടിവരുന്നു, ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ സമുന്നത നേതാക്കളിൽ ഒരാളും പാർലമെൻറിെൻറ ഇരുസഭകളിലുമായി 40 വർഷം പാർട്ടിയെ പ്രതിനിധാനം ചെയ്ത പ്രഗല്ഭനുമായ ഗുലാം നബി ആസാദ് രാജ്യസഭയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി പിരിഞ്ഞ് ദിവസങ്ങൾക്കുശേഷം, കഴിഞ്ഞ ദിവസം ജമ്മുവിലെ ഒരു പൊതുപരിപാടിയിൽ മോദിയെ വാഴ്ത്തിയത് അസാധാരണ നടപടിയാണ്. തലേദിവസം അദ്ദേഹത്തോടൊപ്പം കോൺഗ്രസിലെ 23 അംഗ 'വിമത ഗ്രൂപ്' നേതാക്കൾ ജമ്മുവിൽ സമ്മേളിച്ച് പാർട്ടിയുടെ പോക്കിൽ അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ വിശേഷിച്ചും. സ്വന്തം സ്വത്വം മറച്ചുവെക്കാത്ത വ്യക്തിത്വം എന്ന നിലയിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. ചായപ്പീടികയിൽ ജോലിക്കാരനായിരുന്നുവെന്ന് അവകാശപ്പെടാറുള്ള നരേന്ദ്ര മോദി പിൽക്കാലത്ത് സാഭിമാനം അത് തുറന്നുപറയാറുള്ളതിനെ കുറിച്ചാണ് ആസാദിെൻറ അഭിപ്രായപ്രകടനം.
പാവപ്പെട്ട ചായക്കടക്കാരെൻറ റോളിൽ ജീവിക്കേണ്ടിവന്ന വ്യക്തി രാജ്യത്തെ ഏറ്റവും സമുന്നത പദവിയിലെത്തിയശേഷം പാവപ്പെട്ടവരുടെയും സാധാരണ ജനകോടികളുടെയും പ്രിയങ്കരനായിട്ടല്ല, അദാനി-അംബാനിമാരുടെ ഇഷ്ടതോഴനായാണ് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നത് എന്ന വസ്തുത ഇരിക്കട്ടെ. ഗുലാംനബി ആസാദും അദ്ദേഹത്തോടൊപ്പം ഒത്തുചേർന്ന കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, രാജ് ബബ്ബർ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരടങ്ങിയ ടീം കഴിഞ്ഞവർഷം, പാർട്ടിയെ അടിമുടി അഴിച്ചുപണിത് പുതിയ നേതൃത്വത്തിെൻറ കീഴിൽ ഊർജസ്വലമായി നീങ്ങേണ്ട അത്യാവശ്യകത ഉണർത്തി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കത്തെഴുതിയവരാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ തിരിച്ചടിയെ തുടർന്ന് പാർട്ടി നേതൃസ്ഥാനത്തുനിന്ന് രാഹുൽഗാന്ധി രാജിവെച്ചൊഴിഞ്ഞശേഷം ഗത്യന്തരമില്ലാതെ അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കേണ്ടിവരുകയായിരുന്നല്ലോ രോഗിയായ സോണിയ ഗാന്ധി. ഈ മാറ്റം താൽക്കാലികം മാത്രമാണെന്നും താമസിയാതെ രാഹുൽ ഗാന്ധി തന്നെ സ്ഥാനമേൽക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു പാർട്ടി അണികളും മതേതരസമൂഹവും. എന്നാൽ, താൻ ഒരു കാരണവശാലും അധ്യക്ഷസ്ഥാനം ഏൽക്കില്ലെന്ന് ശഠിച്ച രാഹുലിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അമ്മ സോണിയയോ സഹോദരി പ്രിയങ്കയോ പ്രത്യക്ഷത്തിൽ തയാറായതുമില്ല.
മറുവശത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ പോലും എം.എൽ.എമാരെ പണവും പദവിയും ഭീഷണിയുമുപയോഗിച്ച് രായ്ക്കുരാമാനം കാലുമാറ്റാനും സർക്കാറുകളെ അട്ടിമറിക്കാനും സഫലശ്രമം നടത്തിയ ബി.െജ.പിയുടെ കള്ളക്കളികൾ കോൺഗ്രസും രാജ്യമാകെയും നെടുവീർപ്പോടെ നോക്കിനിൽക്കേണ്ടിവന്നു. ശക്തവും ധീരവുമായ ഒരു നേതൃത്വം പാർട്ടിക്കുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് മിക്കവരും കരുതി. ഈ സാഹചര്യത്തിലായിരുന്നു 23 സമുന്നത നേതാക്കൾ ചേർന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. പക്ഷേ, അതിനെ മുഖവിലക്കെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന് ഒരുവേള മതിയായ കാരണങ്ങളുണ്ടാവാം. എങ്കിൽ പോലും പ്രശ്നങ്ങൾ ഒരുവിധം ഒത്തുതീർത്ത കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം സ്ഥിതി മെച്ചപ്പെടുമെന്നും അവസരത്തിനൊത്തുയരാൻ പാർട്ടിക്ക് കഴിയുമെന്നും പൊതുവായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ മാറ്റമൊന്നും ദൃശ്യമായില്ലെന്നു മാത്രമല്ല, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ബി.ജെ.പി കൂട്ടുകെട്ടിനെ തോൽപിക്കാവുന്ന സാഹചര്യം തെളിഞ്ഞുവന്നിട്ടുപോലും കോൺഗ്രസിെൻറ ദൗർബല്യവും അനാഥത്വവുംമൂലം ബി.ജെ.പി മുന്നണിക്ക് സുവർണാവസരം കൈവരുകയാണുണ്ടായത്. ദിവസങ്ങൾക്കു മുമ്പാണ് ആരും ചോദിക്കാനും പറയാനുമില്ലാതെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാറിനെ ബി.ജെ.പി ലജ്ജാകരമായി അട്ടിമറിച്ചത്.
ഈ പശ്ചാത്തലത്തിൽ വേണം ജമ്മുവിൽ സമ്മേളിച്ച 'വിമത' സംഘത്തിെൻറ നിലപാടുകളെ നോക്കിക്കാണാൻ. ഒന്നുകിൽ ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. അല്ലെങ്കിൽ കോൺഗ്രസിനെ പിളർത്തി ചരിത്രം ആവർത്തിക്കാൻ പരിപാടിയിടുന്നു. ഇതാണ് സാമാന്യ രാഷ്ട്രീയനിരീക്ഷകർക്ക് വായിച്ചെടുക്കാവുന്ന കാര്യം. അതിലേത് സംഭവിച്ചാലും ഇന്നത്തെ സാഹചര്യത്തിൽ മതേതര ജനാധിപത്യ ഇന്ത്യക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കും പുതിയ സംഭവവികാസം. കോൺഗ്രസ്മുക്ത ഭാരതം എന്ന കാവിസ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അന്ത്യം കുറിക്കുകയേ ചെയ്യൂ. കാരണം, കപിൽ സിബലിെൻറ ഭാഷയിൽ കോൺഗ്രസ് എത്രതന്നെ ശോഷിച്ചിട്ടുണ്ടെങ്കിലും മറ്റൊരു മതേതര ബദൽ രാജ്യത്ത് ഉയർന്നുവരാനില്ല. രാജ്യത്തിെൻറ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഇടതുപക്ഷവും ദുർബലമായ ഘട്ടമാണിപ്പോൾ. പശ്ചിമബംഗാളിൽ നിലനിൽപിനുവേണ്ടി ഇടത്-കോൺഗ്രസ് സഖ്യം രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും തൃണമൂലിനെയും ബി.ജെ.പിയെയും ഒരുപോലെ തോൽപിച്ച് ഭരണം പിടിക്കാനുള്ള ശേഷി സഖ്യത്തിനുണ്ടെന്ന് ഏറ്റവും വലിയ ഗുണകാംക്ഷികൾ പോലും പ്രതീക്ഷിക്കുന്നില്ല. കേരളത്തിൽ ഇടതുമുന്നണി സർക്കാറിന് ഭരണത്തുടർച്ച ലഭിച്ചാലും ദേശീയതലത്തിൽ അതൊരു പ്രത്യാഘാതവും ഉണ്ടാക്കാൻ പോകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.