മുംബൈയിലെ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പ്രമാദമായ ഒരു വെടിവെപ്പു കേസിന്റെ വിസ്താരം നടക്കുന്നു. വീൽചെയറിലെത്തിയ 75 വയസ്സുള്ള പ്രധാന സാക്ഷികളിലൊരാൾ പ്രഖ്യാപിച്ചു, സംഭവിച്ചതൊന്നും തനിക്ക് ഓർമയില്ലെന്ന്. മുംബൈ മുഹമ്മദ് അലി റോഡിലെ പേരുകേട്ട പലഹാരക്കടയായ സുലൈമാൻ ഉസ്മാൻ ബേക്കറി ഉടമ അബ്ദുസ്സത്താറാണ് സ്വന്തം സ്ഥാപനത്തിനുള്ളിൽ അവിടത്തെ അഞ്ചു ജീവനക്കാരുൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ച് ഒന്നും ഓർത്തെടുക്കാനാവുന്നില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചത്.
കടയിൽ വെടിവെപ്പ് നടന്നുവെന്നല്ലാതെ ആരാണതു ചെയ്തതെന്ന് ഓർമയില്ലെന്നും കർഫ്യൂ ദിവസമായ അന്ന് താൻ വീട്ടിലായിരുന്നുവെന്നും പറഞ്ഞപ്പോൾ അദ്ദേഹം 2001ൽ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി ഓർമിപ്പിച്ചു പബ്ലിക് പ്രോസിക്യൂട്ടർ. കേസിൽ തന്നെ ആരെങ്കിലും ഇതിനുമുമ്പ് ചോദ്യം ചെയ്തതായിപ്പോലും ഓർമയില്ല എന്നായിരുന്നു മറുപടി. അതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കപ്പെട്ടു. പ്രായാധിക്യമാണ് മറവിക്കു കാരണമായി അബ്ദുസ്സത്താർ പറഞ്ഞത്. കേസിൽ ആദ്യം വിസ്തരിക്കപ്പെട്ട സാക്ഷിയും വിചാരണക്കിടെ കൂറുമാറിയിരുന്നു.
അബ്ദുസ്സത്താറും ആദ്യ സാക്ഷിയും എല്ലാം മറന്നുപോയെങ്കിലും മുംബൈ നഗരത്തെ ഇപ്പോഴും നടുക്കുന്നുണ്ട് ആ വെടിയൊച്ചയുടെ ഓർമകൾ. 1993 ജനുവരി ഒമ്പതിന് ബോംബെ കലാപത്തിനിടെയാണ് ബേക്കറിയിൽ പൊലീസ് വെടിവെപ്പുണ്ടായത്. മുൻ സിറ്റി പൊലീസ് കമീഷണർ രാംദേവ് ത്യാഗിയും രണ്ടു സ്പെഷൽ കമാൻഡോകളും ഉൾപ്പെടെ 18 പൊലീസ് ഉദ്യോഗസ്ഥരായിരുന്നു കുറ്റാരോപിതർ. ബേക്കറിക്കുള്ളിൽ തമ്പടിച്ച് സ്റ്റൺ ഗൺ ഉപയോഗിച്ച് പൊലീസിനുനേരെ നിറയൊഴിച്ച ഭീകരവാദികൾക്കെതിരെ നടന്ന പ്രത്യാക്രമണമായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം.
എന്നാൽ, കലാപം അന്വേഷിച്ച ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമീഷൻ പൊലീസിന്റെ അവകാശവാദം കള്ളമാണെന്നു കണ്ടെത്തി. 78 പേരെ ആ കെട്ടിടത്തിൽനിന്ന് അറസ്റ്റു ചെയ്തിരുന്നു. അതിൽ ഒരു തീവ്രവാദിയുമുണ്ടായിരുന്നില്ല, ഒരു തോക്കുപോലും കണ്ടെടുത്തില്ല, പൊലീസുകാർക്ക് പോറൽപോലും ഏറ്റിരുന്നില്ല. നിരായുധരായ മുസ്ലിംകൾക്കുനേരെ നടന്ന ഏകപക്ഷീയ വെടിവെപ്പാണിതെന്നായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോർട്ട്. പിന്നീട് സുപ്രീംകോടതി സമ്മർദത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ഉദ്യോഗസ്ഥരെ പ്രതിചേർക്കുകയുമായിരുന്നു. ഇതിൽ ത്യാഗിയെയും എട്ടു പൊലീസുകാരെയും പിന്നീട് കുറ്റമുക്തരാക്കി, രണ്ടുപേർ മരിച്ചു. അവശേഷിക്കുന്ന പൊലീസുകാർ കുറ്റക്കാരാണോ അല്ലേ എന്നു തീരുമാനിക്കാനാണ് 2019ൽ വിചാരണ ആരംഭിച്ചത്.
ചോര തളംകെട്ടിനിന്ന കാഴ്ചകളെക്കുറിച്ചും മൃതദേഹങ്ങളിലെ വെടിയുണ്ടപ്പാടുകളെക്കുറിച്ചും അവശേഷിച്ച തൊഴിലാളികൾ നൽകിയ ദൃക്സാക്ഷി വിവരണങ്ങളുമെല്ലാം സവിസ്തരം അന്വേഷണ സംഘത്തോട് പറഞ്ഞുകൊടുത്ത സാക്ഷി ഇപ്പോൾ തനിക്കൊന്നും ഓർമയില്ലെന്നു പറഞ്ഞത് പലരെയും വല്ലാതെ അമ്പരപ്പിച്ചു. ചിലരെങ്കിലും അയാളെ ചീത്തവിളിച്ചു. 29 വർഷം മുമ്പു നടന്ന കൂട്ടക്കൊലക്കേസിൽ ഇനിയും കുറ്റക്കാരെ കണ്ടെത്താനോ ഇരകളുടെ ബന്ധുക്കൾക്ക് നീതി നൽകാനോ സാധിച്ചില്ലെന്നു വരുകിൽ, കുറ്റവാളികളായി കോടതി വിധിച്ചാലും വൈകാതെ അവർ വീരോചിത സ്വീകരണം ഏറ്റുവാങ്ങി പുറത്തുവരുന്ന മാതൃക കൺമുന്നിലുണ്ടെങ്കിൽ, അതിലേറെ നല്ലത് എല്ലാം മറന്നുപോയെന്നു നടിക്കലാണെന്ന് ആർക്കെങ്കിലും തോന്നിയാലും അവരെയെങ്ങനെ കുറ്റപ്പെടുത്താനാവും?
കേരളത്തിലെ പ്രമാദമായ ഒരു കേസും അതിലെ കൂറുമാറ്റങ്ങളുംകൂടി ഇവിടെ ഓർമിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയിലെ മധു എന്ന ആദിവാസിയുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്ന കേസ്. ആദിവാസിയും ദരിദ്രനുമായതിനാൽ മധുവിന് നീതി നൽകണമെന്നാവശ്യപ്പെട്ട് മെഴുകുതിരി റാലി നടത്താനും സെക്രട്ടേറിയറ്റ് വളയാനും ആരുമുണ്ടായിരുന്നില്ലെങ്കിലും സംഭവം ഒരു കുറഞ്ഞപറ്റം മനുഷ്യരുടെയെങ്കിലും മനസ്സിനെ മുറിവേൽപിച്ചിരുന്നു. മധുവിന് സംഭവിച്ചത് നാളെ തനിക്കും സംഭവിച്ചേക്കുമെന്നു ബോധ്യമുള്ള ചിലരെങ്കിലും കുടുംബത്തിനു പിന്തുണയുമായെത്തി.
മാധ്യമശ്രദ്ധയും വൈകിയാണെങ്കിലും അധികൃതരുടെ ഇടപെടലും ഉണ്ടായതോടെ അന്വേഷണത്തിന് അനക്കംവെച്ചിരുന്നു. പക്ഷേ, വിചാരണ തുടങ്ങാൻ വന്ന കാലതാമസം പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാനും പലതും അട്ടിമറിക്കാനുമുള്ള സാവകാശം നൽകി. ഇതിനകം 24 സാക്ഷികളാണ് കേസിൽ കൂറുമാറിയിരിക്കുന്നത്. തങ്ങളെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനും അപായപ്പെടുത്താനും ശ്രമങ്ങൾ നടന്നതായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സകല സമ്മർദങ്ങളെയും അതിജീവിച്ച് നിയമപോരാട്ടം നടത്തുന്ന അത്തരം നിസ്വരായ മനുഷ്യർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നിലനിൽക്കണമെന്നുണ്ടെങ്കിൽ നീതിപീഠം കാര്യമായി മനസ്സുവെച്ചേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.