ജോസഫ് സിറിൽ ബാംഫോർഡ് എന്ന ബ്രിട്ടീഷ് സംരംഭകൻ 1945ൽ നിർമിച്ചതാണ് ജെ.സി.ബി എന്ന മണ്ണുമാന്തി യന്ത്രം. 'ജിഹാദ് കൺേട്രാൾ ബോർഡ്' എന്നാണ് സംഘ്പരിവാറിെൻറ സൈബർ േട്രാളന്മാർ ജെ.സി.ബിക്ക് ഇപ്പോൾ നൽകുന്ന പൂർണനാമം. മുസ്ലിംകളെ ആക്രമിക്കാനുള്ള ആയുധങ്ങളിലൊന്നായി ബി.ജെ.പി സർക്കാറുകൾ ഈ യന്ത്രത്തെ മാറ്റിയെടുത്തിട്ട് കുറച്ചുകാലമായി. അതിനെ മറ്റൊരു രൂപത്തിൽ അംഗീകരിക്കുന്നതാണ് ബി.ജെ.പിക്കാർ ജെ.സി.ബിക്ക് ഇപ്പോൾ നൽകുന്ന നാമമാറ്റം.
'ബുൾഡോസർ ബാബ' എന്ന പേരിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയപ്പെടുന്നത്. ആദരവോടെ വിളിക്കപ്പെടുന്ന പേരാണത്. എതിരാളികളെ ബുൾഡോസർ ഉപയോഗിച്ച് നേരിടുന്ന അദ്ദേഹത്തിെന്‍റ രീതിയാണ് ഈ പേര് നേടിക്കൊടുത്തത്. ഉത്തർപ്രദേശിലെ ബുൾഡോസർ ഭരണം മധ്യപ്രദേശിലേക്കും നീണ്ടതാണ് നാം കഴിഞ്ഞയാഴ്ച കണ്ടത്. അവിടെ ഖർഗോൻ നഗരത്തിൽ രാമനവമി ആഘോഷത്തിന്‍റെ പേരിൽ മറ്റു പലയിടത്തുമെന്നപോലെ മുസ്ലിം വിരുദ്ധ ആക്രമണങ്ങളുണ്ടായി. സംഘ്പരിവാര നേതൃത്വത്തിൽ നടന്ന ആ ആക്രമണങ്ങളെ ചെറുത്ത മുസ്ലിംകളെ പൊലീസ് കലാപക്കേസിൽ കുടുക്കി. കലാപക്കേസിൽ പ്രതിചേർക്കപ്പെട്ടാൽ സാധാരണ ഗതിയിൽ അറസ്റ്റ് ചെയ്യപ്പെടുകയും സ്വാഭാവികമായ നിയമ പ്രക്രിയയിലൂടെ കടന്നുപോവുകയും ചെയ്യുകയാണ് വേണ്ടത്. എന്നാൽ, ഖർഗോനിൽ വിചിത്രമായ രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളും കടകളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു. 'ബുൾഡോസർ മാമ' എന്നാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇപ്പോൾ എടുത്തണിഞ്ഞിരിക്കുന്ന പേര്. ഡസൻ കണക്കിന് മുസ്ലിം വീടുകളും കടകളുമാണ് അവിടെ ഇടിച്ചുനിരത്തപ്പെട്ടിരിക്കുന്നത്.
ഉത്തർപ്രദേശും മധ്യപ്രദേശും കടന്ന് ബുൾഡോസർ രാജ് ഡൽഹിയിലുമെത്തിയിരിക്കുകയാണ്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃതകെട്ടിടങ്ങൾ എന്ന് ആരോപിച്ച് നിരവധി താമസസ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളുമാണ് ബുധനാഴ്ച മുൻസിപ്പൽ കോർപറേഷൻ അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സായുധ പൊലീസിെന്‍റ വൻ ബന്തവസ്സിലാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. വിഷയം ജംഇയ്യതുൽ ഉലമായെ ഹിന്ദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തിച്ചു. സുപ്രീംകോടതി പൊളിക്കൽ നടപടി സ്റ്റേ ചെയ്തു. കോടതി സ്റ്റേ ചെയ്തശേഷവും ഉത്തരവ് കൈയിൽ കിട്ടിയില്ല എന്നു പറഞ്ഞ് പൊളിക്കലുമായി മുന്നോട്ടുപോവുകയായിരുന്നു അധികൃതർ. അഭിഭാഷകർ സുപ്രീം കോടതിയിൽ വീണ്ടും വിഷയം ഉന്നയിച്ചതിനെ തുടർന്ന് വീണ്ടും കോടതി ഇടപെടലുണ്ടായപ്പോഴാണ് പൊളിക്കൽ നിർത്താൻ അധികൃതർ സന്നദ്ധരായത്.
ഹനുമാൻ ജയന്തിയുടെ പേരിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായിരുന്നു. ഹിന്ദുത്വ തീവ്രവാദികൾ സൃഷ്ടിച്ച ആ കലാപത്തെ ജഹാംഗീർപുരി വാസികൾ ഒറ്റക്കെട്ടായി നിന്നു ചെറുത്തു. അതിനോടുള്ള കലി തീർക്കാനാണ് മുൻസിപ്പൽ കോർപറേഷനും കേന്ദ്ര ആഭ്യന്തര വകുപ്പും സംയുക്തമായുള്ള ഈ പുതിയ ബുൾഡോസർ ഓപറേഷൻ . ജഹാംഗീർപുരി ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേന്ദ്രമാണെന്നും അവരെ ഒഴിപ്പിക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അന്നുമുതൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതിെന്‍റ തുടർച്ചയിലാണ് ബുധനാഴ്ചത്തെ ഓപറേഷൻ നടക്കുന്നത്. സുപ്രീംകോടതിയുടെ കനിവിൽ കുറെ പാവങ്ങളുടെ വീടും ജീവനോപാധികളും നശിക്കാതെ ബാക്കിയായി. പക്ഷേ, കുറെയധികം പേർക്ക് അതിനകം അത് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് ബി.ജെ.പിക്കാരുടെ വാദം. അനധികൃത കൈയേറ്റമാണെങ്കിലും ഒഴിപ്പിക്കലിന് ഒരു നടപടി ക്രമമുണ്ട്. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും വേണം. അല്ലാതെ, തലമുറകളായി തങ്ങൾ താമസിക്കുന്ന/ജോലി ചെയ്യുന്ന ഇടങ്ങളിൽനിന്ന് പൊടുന്നനെ ഇറക്കിവിടുകയും അത് തകർക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് നീതിയാണ്. സർക്കാർതന്നെ അനുവദിച്ച് നൽകിയ വൈദ്യുതി/കുടിവെള്ള കണക്ഷനുകൾ ഉള്ള കെട്ടിടങ്ങളാണ് ഇവയെന്ന് മനസ്സിലാക്കണം. അങ്ങനെ കുറെ പാവങ്ങൾ പ്രയാസപ്പെട്ട് കെട്ടിപ്പടുത്ത ജീവിതങ്ങളിൽ നിന്നുതന്നെയാണ് അവരെ പറിച്ചെറിയുന്നത്.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ അതെന്തുകൊണ്ട് മുസ്ലിംകളുടെ കെട്ടിടങ്ങളുടെ കാര്യത്തിൽ മാത്രമാകുന്നു എന്ന ചോദ്യവുമുണ്ട്. കൈയേറ്റം ഒഴിപ്പിക്കലല്ല, മുസ്ലിം ജീവിതങ്ങളെ സ്തംഭിപ്പിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് അതിൽനിന്ന് മനസ്സിലാവും. 'നിങ്ങൾ അധമ ജന്മങ്ങളും അധഃകൃതരുമാണ്; തങ്ങളുടെ ദയാവായ്പിൽ മാത്രം മുന്നോട്ടുപോകുന്നതാണ്/മുന്നോട്ട് പോകേണ്ടേതാണ് നിങ്ങളുടെ ജീവിതങ്ങൾ' എന്ന സന്ദേശം നിരന്തരം നൽകിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി ഇതിലൂടെ ചെയ്യുന്നത്. മുമ്പുള്ളതിൽനിന്ന് വ്യത്യസ്തമായി സംഘ്പരിവാറിന്റെ ആക്രമണങ്ങൾക്കെതിരെ ചെറിയ രീതിയിലുള്ള ചെറുത്തുനിൽപുകൾ സമുദായത്തിൽനിന്നുണ്ടാവുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളുകയെന്നതും ഇത്തരത്തിലുള്ള ബുൾഡോസർ പ്രയോഗങ്ങളുടെ ലക്ഷ്യമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാൻ നിങ്ങളെ അനുവദിക്കില്ല എന്ന സന്ദേശം നിരന്തരം നൽകിക്കൊണ്ടിരിക്കുകയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.