ചൈനീസ് പ്രതിഷേധങ്ങളുടെ സന്ദേശം


ചൈനയിലെ വിവിധ നഗരങ്ങളിൽ നടന്ന സർക്കാർവിരുദ്ധ പ്രതിഷേധപ്രകടനങ്ങളും പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെതിരെ ഉയർന്ന ജനരോഷവും ലോകശ്രദ്ധയാകർഷിച്ചത് സ്വാഭാവികം. തലസ്ഥാനമായ ബെയ്‌ജിങ്‌, വ്യാപാരകേന്ദ്രമായ ഷാങ്ഹായ്, ജാൻജിങ്, ഉറുംചി, വുഹാൻ, ഗ്വാങ്ചോ അടക്കം ഇരുപതോളം നഗരങ്ങളിൽ സർക്കാറിന്റെ കോവിഡ് നയത്തോടുള്ള ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. ഷിയുടെ 'സീറോ കോവിഡ്' നയവും കർശന ലോക്ഡൗൺ നടപടികളും വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. അതിനിടയിലാണ് സിൻജ്യങ് പ്രവിശ്യയിലെ ഉറുംചി നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചതും തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധങ്ങൾ നടന്നതും. പ്രതിഷേധക്കാർ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ ഉൾപ്പെടെ പൊലീസുമായി ഏറ്റുമുട്ടി. ഷി താഴെ ഇറങ്ങണമെന്നായിരുന്നു പ്രതിഷേധക്കാർ ഉറക്കെ വിളിച്ചുപറഞ്ഞ മുദ്രാവാക്യം.

കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന നിലയിൽ ചൈനയിൽ തുടക്കംമുതലേ നിയന്ത്രണങ്ങൾ വരിഞ്ഞുമുറുക്കിയിരുന്നെങ്കിലും പൊതുവെ ജനങ്ങൾ അവയോടു സഹകരിച്ചിരുന്നു. എന്നാൽ, ഇന്ന് കോവിഡ് ഏറക്കുറെ നിയന്ത്രണവിധേയമാവുകയും ഉള്ളതുതന്നെ താരതമ്യേന സുഖപ്പെടുത്താവുന്നതാണെന്നു വരുകയും ചെയ്തിരിക്കെ ജനങ്ങൾ നിയന്ത്രണങ്ങൾക്കെതിരാണ്. ഭരണകൂടമാണെങ്കിൽ നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഈയിടെ പാർട്ടി കോൺഗ്രസിൽ വീണ്ടും അധികാരമേറ്റപ്പോഴും 'സീറോ കോവിഡ്' നയം തുടരുമെന്നാണ് പ്രസിഡന്‍റ് ഷി പ്രഖ്യാപിച്ചത്. മറുവാദമായി ഭരണകൂടം പറയുന്നത് നിയന്ത്രണങ്ങൾ നീക്കിയാൽ രോഗം പടർന്ന് 5.8 ദശലക്ഷം ജനങ്ങൾക്ക് തീവ്രപരിചരണ ചികിത്സ വേണ്ടിവരുമെന്നാണ്. തദ്‌ഫലമായി ജനജീവിതം കൂടുതൽ ദുസ്സഹമായി; ഭക്ഷണം, ഇന്ധനം, മരുന്ന് മുതലായവയിൽ ദൗർലഭ്യം നേരിട്ടുതുടങ്ങി. കരുത്തനെന്നു പൊതുവേ കരുതപ്പെടുന്ന ഷി ജിൻപിങ് തന്നെ പടിയിറങ്ങണമെന്ന ആവശ്യമാണ് പിന്നെ ഉയർന്നത്. ആ ആവശ്യം ചൈനയിലെ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ അഗ്നിയായാണ് നഗരങ്ങളിൽ പടർന്നത്. ഇത് 1989ൽ ടിയാനൻമെൻ ചത്വരത്തിൽ നടന്ന കൂറ്റൻ പ്രക്ഷോഭത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ജനമുന്നേറ്റമാണെന്നതും കാണാതിരുന്നുകൂടാ. സമീപകാല ചൈനീസ് ചരിത്രത്തെ വീക്ഷിക്കുമ്പോൾ ജനാധിപത്യ വാഞ്ഛ ഭരണകൂടത്തിന് കൂട്ടിലിട്ടുനിർത്താൻ പറ്റിയ ഒന്നല്ല എന്ന ബോധം നേതൃത്വത്തിന് പകർന്നുനൽകുന്നുണ്ടാകണം. തൽക്കാലം ജനവികാരത്തെ അടിച്ചമർത്താൻ കഴിഞ്ഞെന്ന് ഭരണകൂടത്തിന് സമാധാനിക്കാമെങ്കിലും ജനരോഷത്തിന്റെ സ്ഫുലിംഗങ്ങൾ എന്നെങ്കിലും കത്താനിടയുണ്ടെന്ന് അവർ തിരിച്ചറിയുന്നുണ്ടാവും. ഇക്കുറി ചൈനീസ് അധികാരികൾ പതിവിൽനിന്നു വ്യത്യസ്തമായി പ്രതിഷേധക്കാർക്കെതിരെ അൽപം മയമുള്ള നിലപാട് സ്വീകരിച്ചു എന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ചൈന ഭരിക്കുന്നതെന്നു പറയുമ്പോൾ ആ തെരഞ്ഞെടുപ്പു രീതി കൂടി നോക്കണം. 140 കോടി ജനസംഖ്യയുടെ ഒമ്പതു കോടി വരുന്ന പാർട്ടി അംഗങ്ങളിൽനിന്നുള്ള 2300 പ്രതിനിധികൾ ഉൾപ്പെട്ട പോളിറ്റ് ബ്യൂറോ നിയമിക്കുന്ന പാർട്ടി നേതാവാണ് പാർട്ടി ചെയർമാനും ചൈനീസ് പ്രസിഡന്‍റ് എന്ന് പുറംലോകം വ്യവഹരിക്കുന്ന ഭരണാധികാരിയും. അതിൽപിന്നെ ഭരണം നേതാവിന്‍റെ ഹിതാനുസാരം, അതിന് പാർട്ടി സമിതികളുടെ കൈയൊപ്പ് എന്നിങ്ങനെയാണ് ചൈനീസ് കമ്യൂണിസ്റ്റു രീതി. അക്കാര്യത്തിൽ ഷി ജിൻപിങ് മുൻനേതാക്കളെയെല്ലാം കവച്ചുവെച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യധ്വംസനത്തിനും മനുഷ്യാവകാശലംഘനങ്ങളിലും അങ്ങനെതന്നെ. അതാണിപ്പോൾ നിയന്ത്രണാതീതമായി ഇടക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നത്.

ഈയിടെ തായ്‌ലൻഡിൽ നാൻഫെയ് എന്ന ചൈനീസ് വിമതൻ അറസ്റ്റിലായത് അനധികൃത കുടിയേറ്റത്തിനാണെങ്കിലും അയാൾക്ക് അവിടെ അഭയം തേടേണ്ടിവന്നത് ചൈനയിലെ മർദകഭരണത്തിൽ പരസ്യമായി ഒറ്റയാൾ പ്രതിഷേധം നടത്തിയതിനാണ്. പ്രസിഡന്റ് ഷി ഏകാധിപത്യം അവസാനിപ്പിച്ച് അധികാരം ജനങ്ങൾക്ക് തിരിച്ചുകൊടുക്കുക എന്നായിരുന്നു അയാളുയർത്തിയ പ്ലക്കാർഡ്. ഒക്ടോബറിൽ പെങ് ലീഫ എന്ന വിമതനേതാവ് ബെയ്‌ജിങ്‌ സീറ്റോങ് പാലത്തിൽ നടത്തിയ ഒറ്റയാൾ പ്രതിഷേധവും ഈ രീതിയിലായിരുന്നു. 1997 മുതൽ ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിൽ താരതമ്യേന സ്വാതന്ത്ര്യങ്ങളുണ്ടായിരുന്നെങ്കിലും ക്രമേണ അവിടെയും സ്ഥിതി ചൈനക്ക് സമാനമാവുകയാണ്. ജനാഭിലാഷം പ്രസാരണം ചെയ്യാൻ പത്രങ്ങളോ സമൂഹമാധ്യമങ്ങളോ ചൈന അനുവദിക്കുന്നില്ല. അതിനിടയിലാണ് ചൈനീസ് നഗരങ്ങളിൽ സ്വാതന്ത്ര്യമോഹികൾ ഒന്നുമെഴുതാത്ത വെള്ളക്കടലാസ് ഷീറ്റുകൾ വലിയ ജനാധിപത്യ സന്ദേശമായി ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്. അവർ ഒന്നും എഴുതാതെ പ്രതീകാത്മകമായി ഒഴിച്ചിട്ട വെള്ളപ്പുറം ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ട്, ചൈനീസ് ജനതക്കും ലോകർക്കും. അത് ജനാധിപത്യത്തിന്‍റെ കാറ്റും വെളിച്ചവും രാജ്യത്തേക്കു കടത്തിവിടണം എന്നുതന്നെയാണ് വെള്ളക്കീറുകൾ ഉയർത്തി പറയാതെ പറയുന്നത്. 

Tags:    
News Summary - Madhyamam editorial on china protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.