പാർട്ടി കോൺഗ്രസിന്റെ ബാക്കിപത്രം

ഇന്ത്യൻ ഭരണവർഗത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത്, അഞ്ചു ദിവസം നീണ്ട 23ാം പാർട്ടികോൺഗ്രസിന് കൊടിയിറങ്ങി. കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചരിത്രമുറങ്ങുന്ന കണ്ണൂരിന്റെ ഭൂമിയിൽ, സമ്മേളനത്തിന്റെ അവസാനനാൾ ജനലക്ഷങ്ങൾ അണിനിരന്ന റാലിയും സമാപന സമ്മേളനവും ആവേശകരവും പാർട്ടി പ്രവർത്തകരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതും തന്നെയായിരുന്നു. അടുത്ത മൂന്നു വർഷത്തേക്കുള്ള നേതൃത്വത്തേയും പാർട്ടികോൺഗ്രസിൽ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെത്തന്നെ, സീതാറാം യെച്ചൂരിതന്നെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദലിതൻ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്നതും ഈ സമ്മേളനത്തിന്റെ സവിശേഷതയാണ്.

പശ്ചിമ ബംഗാളിൽനിന്നുള്ള ഡോ. രാമചന്ദ്ര ഡോം ആണ് സി.പി.എമ്മിന്റെ ആദ്യ ദലിത് പി.ബി അംഗം. എസ്. രാമചന്ദ്രൻ പിള്ളക്കുപകരം ഇടതുമുന്നണി കൺവീനർകൂടിയായ എ. വിജയരാഘവൻ പി.ബിയിലെത്തിയതും, സി.എസ്. സുജാതയും പി. സതീദേവിയും പി. രാജീവും കെ.എൻ. ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമൊക്കെയാണ് പുതിയ നേതൃത്വത്തെക്കുറിച്ച് കേരളത്തിന് എടുത്തുപറയാവുന്ന മറ്റു കാര്യങ്ങൾ. 85 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് 17 പേർ പുതുതായെത്തി എന്നുപറയുമ്പോൾ, അത് പാർട്ടിയിലെ തലമുറ മാറ്റത്തിന്റെ സൂചന നൽകുന്നു എന്നത് ശുഭോദർക്കമാണ്.

ഓരോ മൂന്നു വർഷംകൂടുമ്പോഴും ഇതുപോലെ പാർട്ടികോൺഗ്രസുകൾ ചേർന്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും അടുത്ത പ്രവർത്തനകാലത്തേക്കുള്ള പദ്ധതികളും നയങ്ങളും ചർച്ച നടത്തി തീരുമാനിക്കുകയും ചെയ്യുകയാണ് സി.പി.എമ്മിന്റെ രീതി. രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികൾക്കും അവകാശപ്പെടാനാവാത്തവിധമുള്ള ഈ സമ്മേളനങ്ങൾ, അതുകൊണ്ടുതന്നെ ദേശീയതലത്തിൽ ഏറെ ചർച്ചചെയ്യപ്പെടാറുണ്ട്; മറ്റു പാർട്ടികൾക്ക് ലഭിക്കാത്ത മാധ്യമശ്രദ്ധയും ലഭിക്കാറുണ്ട്. ഇക്കുറിയും അതുണ്ടായി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ, പാർട്ടിക്ക് ബീജാവാപം നൽകിയ കണ്ണൂരിന്റെ മണ്ണിൽ ഇതാദ്യമായി ഒരു ദേശീയ സമ്മേളനം നടക്കുന്നുവെന്നതുതന്നെയായിരുന്നു അതിന്റെ ഒന്നാമത്തെ കാരണം.

പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിലും ഉന്മാദികളായ ആൾക്കൂട്ടത്തെ തെരുവിലിറക്കിയും മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ ഭരണകൂടം അതിന്റെ ഫാഷിസ്റ്റ് ദ്രംഷ്ട്രകൾ പുറത്തെടുത്ത സന്ദിഗ്ധഘട്ടത്തിൽ മതേതര ഇന്ത്യക്ക് പ്രതിരോധം തീർക്കാനുള്ള വല്ല മാർഗങ്ങളും സി.പി.എമ്മിന് നിർദേശിക്കാനുണ്ടോ എന്ന വിവിധ വർഗ-ബഹുജനങ്ങളുടെ ആകാംക്ഷയും ഈ സമ്മേളനത്തിന് വാർത്താപ്രാധാന്യം നൽകി.

ആ പ്രതീക്ഷയിൽ സമ്മേളനം വീക്ഷിച്ചവരെ പാർട്ടികോൺഗ്രസ് നിരാശപ്പെടുത്തി എന്നുതന്നെ പറയേണ്ടിവരും. ഒന്നാമതായി, മോദിയുടേത് ഫാഷിസ്റ്റ് സർക്കാറാണോ എന്ന കാര്യത്തിൽതന്നെ നേതൃത്വത്തിന് സംശയമാണിപ്പോഴും. ആ അർഥത്തിൽ, 2018ലെ ഹൈദരാബാദ് പാർട്ടികോൺഗ്രസിന്റെ ആവർത്തനസ്വരങ്ങൾതന്നെയാണ് കണ്ണൂരിലും കേട്ടത്. ബഹുസ്വര-മതേതര ഇന്ത്യയുടെ സർവ സൗന്ദര്യങ്ങൾക്കുനേരെയും ഹിന്ദുത്വ രാഷ്ട്രീയം പാഞ്ഞടുക്കുകയും ന്യൂനപക്ഷങ്ങളുടെ ജീവിതം തന്നെയും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയും ചെയ്യുമ്പോഴും 'ഇത് ഫാഷിസമല്ല, ഫാഷിസ്റ്റ് പ്രവണതമാത്രം' എന്നു വിശദീകരിക്കുന്ന പാർട്ടിനേതൃത്വത്തിന് എങ്ങനെയാണ് മോദി ഭരണകൂടത്തിനെതിരെ വ്യവസ്ഥാപിതമായൊരു ജനകീയ സമരത്തിന് നേതൃത്വം നൽകാനാവുക എന്ന ചോദ്യമുയരുക സ്വാഭാവികം മാത്രം.

പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടും സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയവുമായിരുന്നു പാർട്ടി കോൺഗ്രസിന്റെ അജണ്ടകളിൽ പ്രധാനപ്പെട്ടവ. രാജ്യത്ത് ബി.ജെ.പിയുടെ വളർച്ച മനസ്സിലാക്കാൻ പാർട്ടി സംവിധാനങ്ങൾക്കു കഴിയാതെപോയി എന്ന് സംഘടനാ റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. മോദി ഭരണകൂടത്തെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും വിശകലനം ചെയ്യുന്നതിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നുകൂടിയാണ് ഇതിനർഥം. അതുകൊണ്ടുകൂടിയാണ് മോദി ഭരണം ഫാഷിസമല്ലെന്ന് ആവർത്തിക്കുന്നതും. എന്നാലും, ബി.ജെ.പിതന്നെയാണ് മുഖ്യ രാഷ്ട്രീയ ശത്രുവെന്ന് അർഥശങ്കക്കിടയില്ലാത്തവിധം പാർട്ടികോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബി.ജെ.പിയെ എങ്ങനെ നേരിടുമെന്നതിൽ വ്യക്തതയില്ലെന്നാണ് രാഷ്ട്രീയപ്രമേയം പറയുന്നത്. ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന യെച്ചൂരിയുടെ ആവർത്തിച്ചുള്ള പ്രസ്താവന ഇതോടൊപ്പം ചേർത്തുവായിക്കാം. ഓരോ സംസ്ഥാനത്തും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ തെരഞ്ഞെടുപ്പാനന്തര സഖ്യമാണ് പ്രായോഗികമെന്ന യെച്ചൂരിയുടെ വാദത്തെ മുഖവിലക്കെടുക്കാമെങ്കിലും ആത്യന്തികമായി ആ പ്രസ്താവനയിൽ കോൺഗ്രസ് വിരുദ്ധത നിഴലിക്കുന്നുണ്ട്. മതേതര ദേശീയസഖ്യം രൂപപ്പെട്ടാൽ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വേരുകളുള്ള പാർട്ടി എന്ന നിലയിൽ അതിൽ കോൺഗ്രസുണ്ടാകുമെന്നത് നിസ്തർക്കമാണ്.

അത്തരമൊരു സഖ്യത്തിന്റെ ഭാഗമാകുന്നത് കേരളത്തിലടക്കം രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നതിനാലാകണം സി.പി.എം ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടത്. കോൺഗ്രസിന് ഒട്ടേറെ പരിമിതികളുണ്ടെന്നത് ശരി തന്നെ. എങ്കിലും, മോദിവിരുദ്ധ പക്ഷത്തിന്റെ ഐക്യം എന്ന അജണ്ടയിൽ കോൺഗ്രസിനെ മാറ്റിനിർത്തുന്നത് ഫാഷിസ്റ്റ് വിരുദ്ധ മതേതരസഖ്യമെന്ന ആശയത്തിൽ വെള്ളം ചേർക്കലായി മാറും. മാത്രവുമല്ല, ഇങ്ങനെയൊരു തീരുമാനം കേരളഘടകത്തിന് മാത്രമേ അൽപമെങ്കിലും ഗുണം ചെയ്യൂ എന്നും വ്യക്തം. പാർട്ടി അജണ്ടകൾ കേരളത്തിലേക്ക് ചുരുങ്ങിയെന്നും ഇതിനെ വ്യാഖ്യാനിക്കാം; സിൽവർ ലൈൻ അടക്കമുള്ള 'കേരള മോഡൽ' പദ്ധതികൾ ദേശീയ തലത്തിൽ പ്രചരിപ്പിക്കാനുള്ള കരട് പ്രമേയത്തിലെ ഭേദഗതിയും ഈ അജണ്ടയുടെ ഭാഗമാണ്.

ഈയർഥത്തിൽ, 23ാം പാർട്ടി കോൺഗ്രസ് കേരളത്തിന്റെ സവിശേഷ സമ്മേളനമായി ചുരുങ്ങി. അതേസമയം, രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കുന്നതിനായി പാർട്ടികോൺഗ്രസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ സർവ മതേതര പ്രസ്ഥാനങ്ങളും ഏറ്റെടുക്കേണ്ടതാണ്. മോദിവിരുദ്ധ പക്ഷത്തുള്ള സംസ്ഥാനങ്ങളെ സംയോജിപ്പിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രഖ്യാപനവും ആശാവഹമാണ്.

Tags:    
News Summary - Madhyamam Editorial on CPM Party congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT