പ്രബുദ്ധ മലയാളമെന്ന പാഴ്വാക്ക്

കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാന സങ്കൽപങ്ങളിലൊന്ന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടമായിരുന്നു. നാരായണഗുരു, സഹോദരൻ അയ്യപ്പൻ, വി.ടി. ഭട്ടതിരിപ്പാട്, വക്കം മൗലവി തുടങ്ങിയ നവോത്ഥാന നായകർ തുടങ്ങിവെച്ച ആ പോരാട്ടത്തിന്റെ തുടർച്ചയിലാണ് ആധുനിക കേരളം സാധ്യമായതെന്ന് അഭിമാനിക്കുന്നവരാണ് മലയാളികൾ. ഇതോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച വളർച്ചകൂടിയായപ്പോൾ കേരളം ലോകത്തിനുതന്നെ സവിശേഷമായൊരു മാതൃകയായിത്തീർന്നു. ആ അർഥത്തിൽ, പ്രബുദ്ധമെന്നവകാശപ്പെടാവുന്നൊരു മണ്ണും ജനതയുമാണ് കേരളത്തിന്റേതെന്നതിൽ തർക്കമില്ല.

എന്നാൽ, ഈ 'പ്രബുദ്ധത'ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും കേരളത്തിൽ തുടർക്കഥയാണ്. വ്യാജവൈദ്യത്തിനും മന്ത്രവാദ ചികിത്സകൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും തലവെച്ചുകൊടുക്കുന്ന മലയാളിയുടെ കഥ ഇന്നൊരു വാർത്തയേയല്ല; ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നൊരു സാധാരണ സംഭവം മാത്രമാണവ. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന 'നരബലി' വാർത്ത അതിനുമെല്ലാമപ്പുറമാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തികാഭിവൃദ്ധിക്കുമെന്ന പേരിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയിരിക്കുന്നു. പ്രബുദ്ധ മലയാളമെന്ന നമ്മുടെ അവകാശവാദത്തെ പൂർണമായും റദ്ദുചെയ്യുന്നൊരു സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞദിവസം പൊലീസ് വൃത്തങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അപമാനഭാരത്താൽ നമ്മുടെ തലകൾ താനേ താഴ്ന്നുപോകുന്നു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കടുത്ത ഇലന്തൂരിലാണ് പൈശാചികമായ ഈ കൊലകൾ അരങ്ങേറിയിരിക്കുന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കപ്പെട്ട ക്രൂരകൃത്യമാണിതെന്നുതന്നെ കരുതേണ്ടിവരും. സംഭവത്തിന്റെ സൂത്രധാരൻ എന്നു കരുതപ്പെടുന്ന ഷാഫി എന്ന മുഹമ്മദ് ശിഹാബ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അതുവഴി മറ്റുപ്രതികളായ ഭഗവൽ സിങ്-ലൈല ദമ്പതികളെ പരിചയപ്പെടുന്നു. സ്വയമൊരു സിദ്ധനായി ചമഞ്ഞ ഷാഫി, ഐശ്വര്യ ലബ്ധിക്കായി നരബലി നടത്താൻ ദമ്പതികളെ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. വ്യാജ അക്കൗണ്ട് വഴി പലവിധ ഐശ്വര്യ സാക്ഷ്യങ്ങളും ഇയാൾ നിരത്തിയതോടെ ദമ്പതികൾ അതിൽ വീണു.

കാലടി സ്വദേശിനി റോസ്‍ലിനെയും കടവന്ത്രയിൽ താമസിച്ചിരുന്ന പത്മയെയും ബലിയറുക്കാനായി തരപ്പെടുത്തിയതും ഷാഫി തന്നെ. 10 ലക്ഷം രൂപ നൽകാമെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്നുമെല്ലാം വാഗ്ദാനം ചെയ്താണ് ഇവരെ രണ്ടുമാസത്തെ ഇടവേളകളിലായി ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. നിഷ്ഠുരമായി കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടിമുറിച്ച് കുഴിച്ചിട്ടുവെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ഈ 'നരബലി കർമങ്ങള'ത്രയും അയൽവാസികൾപോലും അറിഞ്ഞിരുന്നില്ല. പത്മയുടെ തിരോധാനം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ പിന്തുടർന്ന് തീർത്തും യാദൃച്ഛികമായി ഇലന്തൂരിലെത്തിയപ്പോഴാണ് കരൾ മരവിപ്പിക്കുന്ന നരബലിക്കഥയുടെ ചുരുളഴിയുന്നത്.

ഐക്യകേരളത്തെ സംബന്ധിച്ച് കേട്ടുകേൾവിയില്ലാത്തതാണ് നരബലി. ഒരു സംഭവംപോലും അത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുതന്നെ പറയാം. എന്നാൽ, തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മന്ത്രവാദത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ പലകുറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുരയിൽ ഗ്രാനൈറ്റ് ക്വാറി മുതലാളിമാർ ഡസനിലധികം ആളുകളെ ബലി നൽകിയ സംഭവം പുറത്തുവന്നത് ആറേഴ് വർഷം മുമ്പാണ്. അനധികൃത ഖനനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നരബലിയുടെ വിവരങ്ങൾ അന്ന് അധികാരികൾക്ക് ലഭിച്ചത്. 2006ൽ, യു.പിയിലെ ബുലന്ദ്ശഹറിൽ കാളിപൂജയുടെ ഭാഗമായി നരബലി നടന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസംമുമ്പ് തമിഴ്നാട്ടിൽ ഒരു മന്ത്രവാദി, കർഷകനെ ബലി നൽകിയതും വാർത്തയായിരുന്നു.

ഇക്കാലമത്രയും നരബലിയെന്നത് പ്രബുദ്ധ കേരളത്തിനൊരു വാർത്ത മാത്രമായിരുന്നു; ഇന്നിപ്പോൾ അത് നമ്മുടെ പ്രബുദ്ധതയെ പല്ലിളിച്ച് പരിഹസിക്കുന്നൊരു യാഥാർഥ്യമായി മുന്നിൽവന്നുനിൽക്കുന്നു. വാസ്തവത്തിൽ, നരബലി കേരളത്തിൽ ആദ്യത്തേതാകാമെങ്കിലും അതിനോളംപോന്ന അന്ധവിശ്വാസ-ദുരാചാരക്കൊലകൾ ഇവിടെ സംഭവിക്കുന്നത് ഇതാദ്യമല്ല. ദുർമന്ത്രവാദത്തിനും വ്യാജ സിദ്ധ ചികിത്സക്കും ആഭിചാര ക്രിയകൾക്കും ഇരയായി എത്രയോപേർ നമ്മുടെ നാട്ടിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2014ൽ, മന്ത്രവാദിയുടെ അതിക്രൂര മർദന ചികിത്സയുടെ ഫലമായി കരുനാഗപ്പള്ളിയിലെ തഴവയിൽ യുവതി കൊല്ലപ്പെട്ട സംഭവം മറക്കാനാവാത്തതാണ്. അതിനുശേഷവും ചികിത്സയുടെ മറവിൽ മന്ത്രവാദികളും ജിന്നു ചികിത്സകരും ബ്ലാക്ക് മാജിക്കുകാരുമെല്ലാം എത്രയോ ജീവനപഹരിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ തുടർച്ചയിൽതന്നെയാണ് ഇവിടെ നരബലിയും അരങ്ങേറുന്നതെന്ന് സമ്മതിച്ചേ മതിയാകൂ.

മഹാമാരിയുടെ വൈറസുകളെ കൃത്യമായി പ്രതിരോധിച്ച ജനതയാണ് നമ്മൾ. തീർത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സങ്കേതങ്ങളും പ്രവർത്തനപദ്ധതികളും കൈമുതലായുള്ളതുകൊണ്ട് സാധ്യമായതാണത്. എന്നാൽ, പല ഘട്ടങ്ങളിലും ഈ സൂക്ഷ്മത നഷ്ടപ്പെടുമ്പോഴാണ് ഇതുപോലുള്ള ദുരന്തങ്ങൾ അരങ്ങേറുന്നത്. 'ഐശ്വര്യലബ്ധിക്കും സാമ്പത്തികാഭിവൃദ്ധിക്കും വിളിക്കുക' എന്നൊരു ഫേസ്ബുക്ക് പരസ്യമാണ് ഈ നരബലിയിലേക്ക് ആ ദമ്പതികളെ എത്തിച്ചതെന്ന് മറക്കരുത്. സമാനമായ എത്രയോ പരസ്യവാക്യങ്ങൾ പലരൂപത്തിൽ നമുക്ക് മുന്നിലെത്താറുണ്ട്. നമ്മുടെ മുഖ്യധാര മാധ്യമങ്ങൾപോലും അതിന്റെ പ്രചാരകരാണ്.

നൂറുശതമാനവും അന്ധവിശ്വാസജടിലവും മനുഷ്യത്വവിരുദ്ധവുമായിട്ടും ഇതെല്ലാം നിർബാധം തുടരുന്നത് ഇത്തരം പ്രചാരണങ്ങൾക്കൊണ്ടുകൂടിയാണ്. ഇവ ചെറുക്കാനുള്ള കൃത്യമായ നിയമവും നമുക്കില്ലെന്നതാണ് ഖേദകരം. ഏറെക്കാലമായി പറഞ്ഞുകേൾക്കുന്ന അന്ധവിശ്വാസവിരുദ്ധ നിയമത്തിന് അടിയന്തരമായി രൂപം നൽകാൻ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സർക്കാർ തയാറാവേണ്ടതുണ്ട്. ഒപ്പം, ജനങ്ങളെ ഇക്കാര്യത്തിൽ ബോധവത്കരിക്കുകയും വേണം. ശാസ്ത്രാവബോധം വളർത്തുക എന്നത് ഭരണഘടനപരമായി എല്ലാവരുടെയും ബാധ്യതയാണ്. അതിന് നേതൃത്വം നൽകൽ സർക്കാറിന്റെ ചുമതലയുമാണ്.

Tags:    
News Summary - Madhyamam editorial on elanthoor human sacifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.