ഇന്ത്യയുടെ തെരഞ്ഞെടുപ്പുരംഗം മുമ്പ് കരുതിയതിനെക്കാൾ ദുരൂഹവും സുതാര്യതയില്ലാത്തതുമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഇലക്ടറൽ ബോണ്ടുകളെപ്പറ്റി പുറത്തുവന്ന വിവരങ്ങൾ. ജനങ്ങളിൽനിന്ന് സുപ്രധാന വിവരങ്ങൾ മറച്ചുപിടിച്ചതിന്റെയും ഈ കബളിപ്പിക്കലിന് ഭരണഘടന സ്ഥാപനങ്ങൾവരെ അരുനിന്നതിന്റെയും സൂചനകൾ 'റിപ്പോർട്ടേഴ്സ് കലക്ടിവ്' എന്ന സംഘടന നടത്തിയ അന്വേഷണഫലങ്ങളിലുണ്ട്.

ഒന്നാമത്, തെരഞ്ഞെടുപ്പ് ബോണ്ടെന്ന ഏർപ്പാടുതന്നെ തീർത്തും അതാര്യമായ സാമ്പത്തിക ഇടപാടാണ്. രണ്ടാമത്, കൃത്യമായ കണക്കുകൾ മറച്ചുപിടിക്കുന്നതിനു പുറമെ മൊത്തം കണക്കിൽപോലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായി തോന്നുന്നു. ഇലക്ടറൽ ബോണ്ട് വഴി കിട്ടിയ സംഭാവനകളുടെ കണക്കുകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി കൽപിച്ചിരുന്നു. അതനുസരിച്ച് കമീഷൻ 105 രാഷ്ട്രീയ പാർട്ടികളെ സംബന്ധിക്കുന്ന രഹസ്യറിപ്പോർട്ടുകൾ 2020ൽ സമർപ്പിച്ചു. വാസ്തവത്തിൽ കോടതി പറഞ്ഞിരുന്നത്, ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിച്ച പാർട്ടികൾ മാത്രം കണക്ക് സമർപ്പിച്ചാൽ മതി എന്നായിരുന്നു.

എന്നാൽ, ഇലക്ടറൽ ബോണ്ട് എന്താണെന്ന് അറിയാത്തവരിൽനിന്നുപോലും 'ഒന്നും കിട്ടിയില്ല' എന്ന റിപ്പോർട്ടുകൾ ചോദിച്ചുവാങ്ങുകവഴി കമീഷൻ മുദ്രവെച്ച കവറുകളുടെ എണ്ണം പെരുപ്പിച്ചു എന്നാണ് റിപ്പോർട്ടേഴ്സ് കലക്ടിവ് സൂചിപ്പിക്കുന്നത്. വെറും 17 പാർട്ടികൾക്കു മാത്രമാണ് ബോണ്ട് പണം ലഭിച്ചതെന്നിരിക്കെ 105 കവറുകൾ സമർപ്പിച്ചത് ഇത്തരം സംഭാവനകൾ ഏതാനും പാർട്ടികളിൽ ഭീകരമാംവിധം കേന്ദ്രീകരിക്കുന്നു എന്ന സത്യം മറച്ചുവെക്കാൻ സഹായിച്ചു എന്നർഥം. മൂന്നാമതായി, ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ദോഷകരമായി ബാധിക്കുന്ന ഈ ബോണ്ട് സംവിധാനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതിനുശേഷവും അപ്രകാരം സംഭാവന വാങ്ങിക്കൊണ്ടുള്ള തെരഞ്ഞെടുപ്പുകളും സർക്കാർ രൂപവത്കരണവും നടന്നു. പണാധിപത്യത്തിനും കോർപറേറ്റ് വിധേയത്വത്തിനുമായി തുറന്നിട്ട വാതിലുകളെല്ലാം അതേപടി നിലനിർത്തിക്കൊണ്ടാണ് 'ജനാധിപത്യം' മുന്നോട്ടു നീങ്ങുന്നത്.

ഇലക്ടറൽ ബോണ്ട് സമ്പ്രദായമനുസരിച്ച് കോർപറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിന്റെ വിവരങ്ങൾ (ആരു നൽകി, എത്ര നൽകി എന്നത്) വെളിപ്പെടുത്തേണ്ടതില്ല. ദാതാക്കൾക്കും അത് സ്വീകരിക്കുന്ന പാർട്ടികൾക്കുമല്ലാതെ, തെരഞ്ഞെടുപ്പിന്റെ യഥാർഥ കേന്ദ്രമായ ജനങ്ങൾ അതറിയേണ്ടതില്ല. കോടികളാണ് ബോണ്ടായി നൽകപ്പെട്ടത് എന്നതിൽനിന്ന്, കോർപറേറ്റ് ദാതാക്കളാണ് ഏറെയും എന്ന് ഊഹിക്കാനാകും. ഇത്ര വലിയ തുകകൾ നൽകുന്നത് തിരികെ പലതും പ്രതീക്ഷിച്ചുകൊണ്ടാകാതെ വയ്യ. അടുത്തകാലത്തായി ചില കോർപറേറ്റ് സ്ഥാപനങ്ങൾ നേടിയെടുക്കുന്ന വൻ പദ്ധതികളുടെയും സംരംഭങ്ങളുടെയും പിറകിൽ ഇലക്ടറൽ ബോണ്ട് എന്ന പ്രേരകമുണ്ടോ എന്നറിയാൻ ഇന്നത്തെ അവസ്ഥയിൽ നിർവാഹമില്ല.

ജനാധിപത്യത്തെ അട്ടിമറിക്കാൻ പോന്ന ഈ ഏർപ്പാടിന്റെ നിയമസാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജികൾ സമർപ്പിക്കപ്പെട്ടു. കേസിന്റെ ഭാഗമായി കോടതി ഇലക്ഷൻ കമീഷനിൽനിന്ന് മുദ്രവെച്ച കവറുകൾ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ അന്തരീക്ഷത്തിൽ കാര്യങ്ങൾ പിന്നെ മുന്നോട്ടുനീങ്ങിയില്ല. അതുകൊണ്ടാണ് 'റിപ്പോർട്ടേഴ്സ് കലക്ടിവ്' ആ രഹസ്യവിവരങ്ങൾ മറ്റുനിലക്ക് ശേഖരിച്ചത്. 2017-18 മുതൽ 2019-20 വരെയുള്ള സാമ്പത്തികവർഷങ്ങളിൽ നേടിയ സംഭാവനകൾ പാർട്ടി മേധാവികളുമായി നടത്തിയ അഭിമുഖങ്ങളിൽനിന്ന് ശേഖരിക്കുകയും ഇവ പാർട്ടികൾ ഇലക്ഷൻ കമീഷന് സമർപ്പിക്കുന്ന വാർഷിക ഓഡിറ്റഡ് കണക്കുകളുമായി ഒത്തുനോക്കുകയുമാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇത്രയേറെ രഹസ്യാത്മകത എന്ന് വെളിപ്പെടുത്തുന്നതാണ് അവരുടെ കണ്ടെത്തലുകൾ.

അന്വേഷണ കാലയളവിൽ 6201 കോടി രൂപയാണ് ബോണ്ട് വഴി വെറും 17 പാർട്ടികൾക്ക് കിട്ടിയത്. അതിൽതന്നെ 4215 കോടി ബി.ജെ.പിക്കാണ് (68 ശതമാനം). കോൺഗ്രസിന് 706 കോടിയും (11 ശതമാനം), ബി.ജെ.ഡിക്ക് 264 കോടിയും (നാലു ശതമാനം), ബാക്കി 14 പാർട്ടികൾക്കുംകൂടി 1016 കോടിയും (16 ശതമാനം) കിട്ടി. ഒരു കോടിയുടെ ബോണ്ടുകളായിരുന്നു 91 ശതമാനം എന്നത് കോർപറേറ്റ് സാന്നിധ്യത്തിന്റെ തെളിവാണ്- പണാധിപത്യത്തിന്റെയും. ദാതാക്കളുടെ വിവരം മറച്ചുപിടിക്കുന്നത് ചോദ്യംചെയ്ത പൊതുതാൽപര്യ ഹരജികൾ കോടതിയിലെത്തി വർഷങ്ങളായിട്ടും അതിന്റെ നിയമസാധുത പരിശോധിച്ചുകഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ കാതലാണ് സുതാര്യതയും ജനങ്ങളുടെ വിവരാവകാശവും. പക്ഷേ, അതെല്ലാം ഇല്ലാതാക്കുന്നതായിരുന്നു മോദി സർക്കാർ റിസർവ് ബാങ്ക് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി.

വിവരങ്ങൾ മറച്ചുപിടിക്കുന്ന രീതി അഴിമതി മാത്രമല്ല, ജനാധിപത്യത്തെതന്നെ തകർക്കലാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുപകരം വർഗീയവും വിഭാഗീയവുമായ കാര്യങ്ങൾ പൊലിപ്പിക്കപ്പെടുന്നു. വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടെങ്കിലും അക്കാര്യത്തിലും വ്യക്തവും പൊതുസ്വീകാര്യവുമായ നടപടി ഉണ്ടായില്ല. അതിനുപുറമെയാണ് രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകളിലെ ഒളിച്ചുകളിയും സുതാര്യതയില്ലായ്മയും. ഒപ്പം, പുറത്തുവന്നിടത്തോളം വിവരമനുസരിച്ച്, ഭീകരമായ അസന്തുലിതത്വവും. സുപ്രീംകോടതിയുടെ ഇടപെടൽ ഇനിയും വൈകിക്കൂടാ. പൊതുസമൂഹത്തിൽ ശരിയായ ബോധവത്കരണവും നടക്കേണ്ടതുണ്ട്.

Tags:    
News Summary - Madhyamam Editorial on electoral bond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.