യൂറോപ്പിന് ഒരു യുദ്ധംകൂടി താങ്ങാനാകുമോ?


2022 ഫെബ്രുവരി 22ന് റഷ്യ തുടക്കം കുറിച്ച യുക്രെയ്ൻ യുദ്ധത്തിന് അതിശൈത്യം താൽക്കാലിക വിരാമം കുറിച്ചേക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. കൂടുതൽ ആക്രമണോത്സുകമായ പോരാട്ടത്തിന് സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണ് വ്ലാദ്മിർ പുടിൻ. മോസ്കോയുടെ തീരുമാനങ്ങൾ യുക്രെയ്ൻ അനുസരിച്ചില്ലെങ്കിൽ കാര്യങ്ങൾ സൈന്യം തീരുമാനിക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്‍റെ ഭീഷണി. അത് പ്രാവർത്തികമാകുന്നതിന്‍റെ ലക്ഷണങ്ങളും പ്രകടമാണ്. ഖേർസൺ അടക്കമുള്ള അതിർത്തി പ്രവിശ്യകളിൽ ശൈത്യകാലം തണുപ്പിച്ച ബോംബാക്രമണത്തിന്‍റെ തീവ്രത കുത്തനെ വർധിച്ചിരിക്കുന്നു. പ്രസവാശുപത്രിപോലും ഷെല്ലാക്രമണത്തിലൂടെ തകർക്കപ്പെട്ടു.


യുദ്ധഭീതി അധികരിച്ചതോടെ ക്രിസ്മസ് ദിനം മുതൽ അവിടെനിന്നുള്ള പലായനവും കൂടിയിരിക്കുന്നു. യുദ്ധം ഇനിയും കനപ്പിക്കാൻ രണ്ടരലക്ഷം പുതിയ സൈനികർക്കുള്ള പരിശീലനവും റഷ്യ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, 2014ൽ റഷ്യ പിടിച്ചെടുത്ത ക്രീമിയ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുക്രെയ്ൻ. നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണയും ആയുധ സഹായവും അതിനവർക്കുണ്ട്. നാറ്റോയും യൂറോപ്യൻ യൂനിയനും റഷ്യയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതിനാലും മധ്യസ്ഥ ചർച്ചകൾക്ക് പുടിൻ സന്നദ്ധനല്ലാത്തതിനാലും ഐക്യരാഷ്ട സഭയുടെ ഇടപെടലുകൾക്ക് ഒരു സ്വാധീനവുമില്ല. അവരുടെ അഭ്യർഥനകൾ ആരും മുഖവിലക്കെടുക്കുന്നതുപോലുമില്ല. പുതിയ കാലത്ത് ഐക്യരാഷ്ട്ര സഭ അപ്രസക്തമായി എന്ന തിക്ത യാഥാർഥ്യത്തിനുമേൽ ചുവന്ന ഒരടിവരകൂടിയായി മാറിയിരിക്കുകയാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം.

യുക്രെയ്ൻ പ്രശ്നം അപരിഹാരമായി തുടരുകയും യൂറോപ്യൻ രാജ്യങ്ങളിൽ സാമൂഹിക, സാമ്പത്തിക അസ്വസ്ഥതകൾ ശക്തമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അശനിപാതം പോലെ കൊസോവോ- സെർബിയ അതിർത്തിയും സംഘർഷഭരിതമാകുന്നത്. ഇതാകട്ടെ, 1998 കാലത്തെ വംശഹത്യയെ ഓർമപ്പെടുത്തുന്നതുമാണ്. 19 ലക്ഷം വരുന്ന ജനസംഖ്യയിൽ 92 ശതമാനം അൽബേനിയൻ വംശജരും ആറ് ശതമാനം സെർബുകളുമാണ്. വടക്കൻ കൊസോവോയിലെ മിട്രോവിച്ചയിൽ സെർബുകൾ സ്ഥാപിച്ച ബാരിക്കേഡുകൾക്കും അക്രമ സംഭവങ്ങൾക്കും പിന്നിൽ ബെൽഗ്രേഡിന്‍റെ പിന്തുണയും മോസ്കോയുടെ ആശീർവാദവുമുണ്ടെന്നാണ് കൊസോവോ പ്രധാനമന്ത്രി ആൽബിൻ കുർടിയുടെ പ്രതികരണം. അതുകൊണ്ട് സംഘർഷം അവസാനിപ്പിക്കാൻ നാറ്റോയുടെയും യൂറോപ്യൻ യൂനിയന്‍റെയും പിന്തുണ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. റഷ്യയുടെ സ്വാധീനത്തിന് വഴങ്ങി സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച് കൊസോവയിൽ താമസിക്കുന്ന സെർബ് വംശീയവാദികളെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രേരിപ്പിക്കുകയാണെന്ന ആക്ഷേപമുന്നയിക്കുകയാണ് കൊസോവോ ആഭ്യന്തര മന്ത്രി ഷെലാൽ സ്വക് ല. ബാൽക്കൻ മേഖലയിലെ റഷ്യയുടെ താൽപര്യങ്ങൾ മനസ്സിലാക്കി ബാരിക്കേഡുകൾ പിൻവലിക്കാനും കലാപകാരികൾക്ക് സെർബിയ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനും യൂറോപ്യൻ യൂനിയനും അമേരിക്കയും ആവശ്യപ്പെട്ടുകഴിഞ്ഞു.

അതേസമയം, ശക്തമായ യുദ്ധത്തിന് സന്നദ്ധരായിരിക്കാൻ വുവിച് സെർബിയൻ സൈന്യത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കരസേനാ മേധാവി ജനറൽ മിലാൻ മൊജ്സിലോവിചും പ്രതിരോധ മന്ത്രിയും കൊസോവ അതിർത്തി സന്ദർശിക്കുകയും സൈനിക തയാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തത് മേഖലയിലെ സംഘർഷത്തെ കൂടുതൽ ഭീതിജനകമാക്കിയിട്ടുണ്ട്. നാറ്റോയുടെ സൈനിക സാന്നിധ്യം അവിടെയുള്ളതിനാൽ ഈ സംഘർഷം യുദ്ധമായി മാറിയാൽ പ്രശ്നം കൂടുതൽ സങ്കീർണമായി യൂറോപ് മുഴുക്കെ അസ്വസ്ഥ പ്രദേശമായി പരിവർത്തിക്കപ്പെടും. അത് യൂറോപ്പിനെ രണ്ടാംലോക യുദ്ധകാലത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന് തുല്യമായിരിക്കും.

യുക്രെയ്നിനെ വരുതിയിലാക്കാനും യൂറോപ്യൻ യൂനിയനെ സമ്മർദത്തിലാക്കാനുമുള്ള എളുപ്പവഴി ബാൾക്കൻ മേഖലയിലേക്കുകൂടി സംഘർഷവും യുദ്ധഭീതിയും വ്യാപിപ്പിക്കലാണ് എന്ന പുടിന്‍റെ കുശാഗ്രബുദ്ധിയാണ് വടക്കൻ കൊസോവോയിലെ വംശീയ സംഘർഷത്തെ യുദ്ധജ്വരത്തിൽ കൊണ്ടെത്തിച്ചതെന്ന് കരുതപ്പെടുന്നു. അത് സാമ്പത്തികമായും സാമൂഹികമായും നിലനിൽക്കുന്ന യൂറോപ്യൻ സ്വാധീനത്തെ തകർക്കുമെന്ന് ചൈനയും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ റഷ്യയുടെ യൂറോപ് ഇടപെടലുകൾക്ക് ചൈനയുടെ മൗനാനുവാദവുമുണ്ട്. യൂറോപ്പാകട്ടെ യുക്രെയ്ൻ അഭയാർഥികളുടെ പ്രശ്നംതന്നെ വേണ്ടവിധത്തിൽ സംബോധന ചെയ്തിട്ടില്ല. സാമ്പത്തികമാന്ദ്യത്തിന്‍റെ പിടിയിലാണ് ജർമനിയും ബ്രിട്ടനും. അത് മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിക്കുമെന്ന ഭീതി എല്ലാ ഭരണാധികാരികൾക്കുമുണ്ട്. ഈ സാഹചര്യത്തിൽ നീണ്ടതും കൂടുതൽ പ്രദേശങ്ങളെ തകർക്കുകയും ചെയ്യുന്ന ഒരു യുദ്ധംകൂടി താങ്ങാനുള്ള കരുത്ത് യൂറോപ്പിനുണ്ടോ എന്ന ചോദ്യം അവിടെ ഉയരുന്നു. യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്ര വംശീയവാദവും അഭയാർഥിവിരുദ്ധതയും യുദ്ധാന്തരീക്ഷത്തിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ഭയവും അവർക്കുണ്ട്. ഫ്രാൻസ് അത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ സാമ്പത്തികമാന്ദ്യത്തെ മാത്രമല്ല ഒരു യുദ്ധാന്തരീക്ഷത്തെക്കൂടി മറികടക്കാനുള്ള പ്രതിജ്ഞ ചൊല്ലേണ്ട അവസ്ഥയിലാണ് യൂറോപ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.

Tags:    
News Summary - Madhyamam editorial on europe war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT