നിയമബാഹ്യമായ കൊലകൾ നമ്മുടെ നിയമപരിപാലനത്തിന്റെ പതിവുരീതികളിൽ ഉൾപ്പെട്ടുകഴിഞ്ഞെന്ന വസ്തുത ഒരിക്കൽകൂടി സ്ഥിരീകരിക്കുകയാണ് ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടലിനെപ്പറ്റി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട്. സുപ്രീംകോടതി മുൻ ജഡ്ജി വി.എസ്. സിർപുർകർ അധ്യക്ഷനായ മൂന്നംഗ സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, 2019ൽ നാലുപേരെ തെലങ്കാന പൊലീസിലെ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നശേഷം ഏറ്റുമുട്ടൽ കഥ കെട്ടിച്ചമക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.

വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബോധപൂർവം വെടിവെക്കുകയായിരുന്നു എന്ന കണ്ടെത്തൽ മറ്റനേകം ഏറ്റുമുട്ടൽക്കൊലകൾക്കും ബാധകമാകാവുന്നതാണെന്ന്, അത്തരം സംഭവങ്ങളുടെ സാഹചര്യവും ആവർത്തനങ്ങളും സൂചിപ്പിക്കുന്നുമുണ്ട്. പ്രതികൾ പൊലീസുകാരുടെ പക്കൽനിന്ന് തോക്കുകൾ പിടിച്ചുവാങ്ങിയെന്നും പൊലീസുകാരെ ആക്രമിച്ചെന്നുമുള്ള അവകാശവാദം കള്ളമാണെന്ന് കമീഷൻ സമർഥിക്കുന്നു. കൊല്ലപ്പെട്ടവർക്ക് തോക്കുപയോഗിച്ചുള്ള പരിചയമില്ലായിരുന്നു.

രക്ഷപ്പെട്ട് ഓടുന്നതിനിടെ അവർ പൊലീസിനുനേരെ വെടിവെച്ചു എന്നുപറയുന്നത് വിശ്വസിക്കാനാവില്ല. ആത്മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത് എന്നതും അവിശ്വസനീയം. കമീഷൻ നിരത്തുന്ന വാദങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുക, ഏറ്റുമുട്ടൽക്കഥ സത്യമല്ലെന്ന് മാത്രമല്ല, പൊലീസ് നിരത്തുന്ന വാദങ്ങൾ വളരെ ദുർബലമാണ് എന്നുകൂടിയാണ്. അതിനർഥം, ഇത്തരം സംഭവങ്ങളിൽ കൂടുതൽ അന്വേഷണമോ ശിക്ഷയോ ഒന്നും ഭയക്കേണ്ടതില്ലെന്ന ആത്മവിശ്വാസം പൊലീസ് സേനാ വിഭാഗങ്ങളിൽ വ്യാപകമായുണ്ട് എന്നുതന്നെയാണ്. സംഭവസ്ഥലത്ത് അന്യൂനമായ നിരീക്ഷണക്കാമറ സംവിധാനം ഉണ്ടായിട്ടും അത് പൂർണമായി തങ്ങൾക്ക് ലഭ്യമാക്കാതിരുന്നത് കമീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്.

എന്തുചെയ്താലും പ്രത്യാഘാതമുണ്ടാകില്ലെന്ന ധൈര്യമാണ് വ്യാജ ഏറ്റുമുട്ടൽക്കൊലകൾ പെരുകാൻ ഒരുകാരണം. ഹൈദരാബാദ് സംഭവം അന്വേഷിക്കണമെന്ന ഹരജി യഥാവിധി പരിഗണിക്കപ്പെട്ടത് ഒരു മാതൃകയാണ്. ശിക്ഷാമുക്തി (ഇംപ്യൂണിറ്റി) എന്ന മഹാരോഗം ഭരണത്തിന്റെ വിവിധതലങ്ങളിൽ പടരുന്നത് തടയാൻ ശക്തമായ നടപടികൾതന്നെ വേണം.

നിയമപാലകർതന്നെ നിയമം ലംഘിക്കുന്നതാണ് ഏറ്റുമുട്ടൽക്കൊലകളെങ്കിൽ, അവരുടെ ഒത്തുകളിയും നിഷ് ക്രിയത്വവും കാരണം ഭീകരമാംവിധം പരക്കുന്ന നിയമലംഘനമാണ് ആൾക്കൂട്ടക്കൊലകൾ. മധ്യപ്രദേശിലെ നീമച് ജില്ലയിൽ ഒരു 65കാരൻ കൊല്ലപ്പെട്ട സംഭവമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഭൻവർലാൽ ജെയിൻ എന്ന, മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹത്തെ ഒരാൾ തുരുതുരെ അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ, ആക്രമികൾ തന്നെയാവണം, പ്രചരിപ്പിച്ചിരുന്നു. പേര് മുഹമ്മദ് എന്നല്ലേ എന്ന് ചോദിക്കുന്നു; ആധാർ കാർഡ് കാണിക്കാൻ പറയുന്നു, നിർത്താതെ അടിക്കുന്നു. പിന്നീട് ആ പാവത്തെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു.

ആക്രമിച്ച ദിനേശ് കുശ്‍വാഹ എന്നയാളെ അറസ്റ്റ് ചെയ്തു-അയാൾ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രവർത്തകനാണെന്നാണ് റിപ്പോർട്ട്- ഈ കാലത്തും ഇത്തരം പൈശാചികതയോ എന്ന ചോദ്യത്തിനുപോലും അർഥം നഷ്ടപ്പെടുന്നതരത്തിലാണ് തെരുവുനീതിയും ഗുണ്ടായിസവും രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും അടിമുടി ബാധിച്ചിരിക്കുന്നത്. പശുമാംസം കഴിച്ചോ എന്ന് സംശയം തോന്നിയാൽ, അത് കൈവശംവെച്ചോ എന്ന് സംശയം തോന്നിയാൽ, അങ്ങനെ എന്ത് സംശയം തോന്നിയാലും അടിച്ചുകൊല്ലുക മാത്രമല്ല, അത് കാമറയിൽ പകർത്തി പ്രചരിപ്പിക്കുകകൂടി ചെയ്യുവോളം നിയമവാഴ്ച ഭേദ്യംചെയ്യപ്പെടുകയാണ്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, നീമച് കൊലയെപ്പറ്റി പ്രതികരിക്കെ പറഞ്ഞത്, കൊല്ലപ്പെട്ടയാൾക്ക് സ്വയം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ സംഭവിച്ച അബദ്ധമാണ് അതെന്നത്രെ. മുഹമ്മദല്ല, ജെയിനാണ് എന്ന് തെളിയിക്കാനായില്ലെന്ന് പറയുമ്പോൾ അതിനർഥമെന്താണ്? ഏത് ഗുണ്ടയെയും ബോധ്യപ്പെടുത്താൻ ആധാർ കൈവശം വെക്കണമെന്നു മാത്രമല്ല, ചില പേരുള്ളവർ കൊല്ലപ്പെടേണ്ടവരാണ് എന്നുകൂടിയല്ലേ?

കുറ്റവാളികളെ വളർത്തുന്നത് നിയമപാലകരും ഭരണകർത്താക്കളും ഭരണസംവിധാനങ്ങളുമാണ്. 2015ൽ മുഹമ്മദ് അഖ്‍ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. അതേ സംസ്കാരമാണ് പിന്നീട് അനേകം കുരുതികളിലൂടെ ഭൻവർലാൽ ജെയിനിലെത്തിയിരിക്കുന്നത്. പൊലീസ് വക വ്യാജ ഏറ്റുമുട്ടൽക്കൊലകളാകട്ടെ കഴിഞ്ഞ അഞ്ചേ അഞ്ചു വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 655 എണ്ണം രാജ്യത്ത് നടന്നു എന്ന് മൂന്നുമാസം മുമ്പ് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. നമുക്ക് നിയമമുണ്ട്; ഭരണസംവിധാനമുണ്ട്; നിയമപാലകരുണ്ട്; ഇവർക്ക് പിഴച്ചാൽ തിരുത്താൻ ജുഡീഷ്യറിയുണ്ട്; മനുഷ്യാവകാശ കമീഷനും അതിന്റെ ഉപഘടകങ്ങളുമുണ്ട്.

എന്നിട്ടും പൊലീസ് വക കൊലകളും തെരുവിലെ രാഷ്ട്രീയ ഗുണ്ടായിസവും ആൾക്കൂട്ടക്കൊലയുമെല്ലാം പതിവുരീതിയാകുന്നു. ഹൈദരാബാദ് സംഭവത്തിലെ കോടതി ഇടപെടൽ ശുഭസൂചകമാണ്. അതേസമയം, വ്യാജ ഏറ്റുമുട്ടലുകളും ആൾക്കൂട്ടക്കൊലകളും പതിവാകുമ്പോൾ കൂടുതൽ ശക്തവും ആഴത്തിലുള്ളതുമായ ഇടപെടൽ ആവശ്യമായിരിക്കുന്നു. പൊതുസമൂഹവും ജുഡീഷ്യറിയും ഇക്കാര്യത്തിൽ നേരിട്ടിറങ്ങേണ്ട സമയമായി.

Tags:    
News Summary - Madhyamam editorial on Hyderabad Fake encounters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT