ഒരു മുന്നറിയിപ്പുമില്ലാതെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റിന്റെ ഇരു സഭകളും കഴിഞ്ഞദിവസം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കാനും ചർച്ച നടത്താനും കാര്യോപദേശ സമിതിയിൽ തീരുമാനമായതായിരുന്നു. പ്രതിപക്ഷവുമായുള്ള ഈ ധാരണ ലംഘിച്ചാണ് സർക്കാർ പൊടുന്നനെ സഭാനടപടികൾ അവസാനിപ്പിച്ചത്.
സർക്കാറിന്റെ ഈ നീക്കത്തെ ഏറ്റവും കൃത്യമായി വിശകലനം ചെയ്തത് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയാണ്. സ്വന്തം അജണ്ട പൂർത്തിയാക്കി സർക്കാർ രക്ഷപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബജറ്റ് സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായ ബജറ്റ് അവതരണംതന്നെ ഈ സർക്കാറിന്റെ മുന്തിയ കോർപറേറ്റ് അജണ്ടകളിലൊന്നായിരുന്നു. കൂടാതെ, ഭരണകൂടത്തിന്റെ ഹിന്ദുത്വ-ഫാഷിസ്റ്റ് അജണ്ടകൾക്ക് മാറ്റുകൂട്ടുന്ന മറ്റുചില നീക്കങ്ങളും സഭാകാലയളവിലുണ്ടായി. വിവാദ 'ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022' സ്ഥിരം സമിതിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി വേഗത്തിൽ പാസാക്കിയതും ഏക സിവിൽകോഡിനായുള്ള സ്വകാര്യ ബില്ലിന് അനുമതി നൽകിയതുമെല്ലാം ഖാർഗെ എണ്ണിയ സർക്കാർ അജണ്ടകളിൽ ഉൾപ്പെടും.
അതത്രയും പാർലമെന്റ് കടന്നപ്പോൾ, സഭക്ക് താഴിട്ടു പിരിഞ്ഞു. അപ്പോൾ ബാക്കിയായത് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയും അതിനുള്ള പരിഹാരങ്ങളുമാണ്. വിലക്കയറ്റമടക്കം വലിയ പ്രതിസന്ധികളിൽ ഉഴലുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കേൾക്കാനാഗ്രഹിച്ച ചർച്ചകളും സംവാദങ്ങളുമൊന്നും ജനാധിപത്യത്തിന്റെ ശ്രീകോവിലിൽനിന്നുയരാത്തത് അത്യന്തം നിരാശജനകവും പ്രതിഷേധാർഹവുമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട നമ്മുടെ രാജ്യവും ജനതയും വിലക്കയറ്റത്തിന്റെ കെടുതികളനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം ഭരണകൂടംപോലും സമ്മതിക്കുന്നുണ്ട്.
എന്നാൽ, വിലക്കയറ്റത്തെ കേവലം കോവിഡിന്റെ ജനിതകേതര വകഭേദമായി ചുരുക്കി അവതരിപ്പിക്കാനാണ് അവരുടെ ശ്രമം. ഇപ്പോഴുള്ള പ്രതിസന്ധികളുടെയെല്ലാം കാരണം കോവിഡ് മഹാമാരിയാണെന്ന് വരുത്തിത്തീർത്ത് പ്രതിസന്ധിയുടെ യഥാർഥ കാരണങ്ങൾ മറച്ചുപിടിക്കാനുള്ള പാഴ്ശ്രമം മാത്രമാണിത്. വാസ്തവത്തിൽ, വിലക്കയറ്റമെന്നത് നമ്മെ സംബന്ധിച്ച് മറ്റൊരു മഹാമാരിതന്നെയാണ്. തീർച്ചയായും, കോവിഡും ലോക്ഡൗണുമെല്ലാം ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്; എന്നാൽ, അതിനു മുമ്പേത്തന്നെ സാമ്പത്തികമാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ലക്ഷണങ്ങൾ നമ്മുടെ സമ്പദ് വ്യവസ്ഥ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ഉദാഹരണത്തിന്, ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്ന ഇന്ധന വിലവർധനയുടെ കാര്യംതന്നെയെടുക്കുക. ദക്ഷിണേഷ്യയിൽ ശ്രീലങ്ക കഴിഞ്ഞാൽ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വില ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കേണ്ട സമയങ്ങളിൽപോലും തീരുവ വർധിപ്പിച്ച് പകൽക്കൊള്ള നടത്തുന്നതുകൊണ്ടാണ് എണ്ണവില 100 കടന്നത്. വിപണിവിലയുടെ അനുപാതം വെച്ചുനോക്കിയാൽ 60 രൂപക്കെങ്കിലും കിട്ടേണ്ട എണ്ണയാണ് സമാനതകളില്ലാത്ത ചൂഷണംവഴി ഇരട്ടിവിലയോളമായിരിക്കുന്നത്.
കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ മൂന്നു രൂപ വീതമാണ് വർധിപ്പിച്ചത്. പിന്നീട്, ആഗോള വിപണിയിൽ എണ്ണവിലയിൽ കാര്യമായ കുറവുണ്ടായപ്പോഴും നികുതിനിരക്ക് കുറക്കാൻ സർക്കാർ തയാറായില്ല; പിന്നീട് വിപണിയിൽ വില കൂടിയപ്പോൾ ആനുപാതികമായി വർധിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ, തെരഞ്ഞെടുപ്പ് കാലത്ത്, ആഗോള വിപണിയിൽ വിലയെന്തായാലും ഇവിടെ വില മാറ്റമില്ലാതെ പിടിച്ചുനിർത്താനും സർക്കാറിനു കഴിഞ്ഞു. എണ്ണവിലയും കോവിഡ് പ്രതിസന്ധിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. അപ്പോൾ, എണ്ണ വിലവർധനയുണ്ടാക്കിയ വിലക്കയറ്റത്തിന്റെയും കാരണം കോവിഡല്ല; ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണ്.
രാജ്യത്ത് അനുനിമിഷം അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പുള്ളതിനേക്കാൾ ഇരട്ടി വിലയിലധികമാണ് പല ഭക്ഷ്യസാധനങ്ങൾക്കും ഇപ്പോൾ നൽകേണ്ടിവരുന്നത്. 10 ശതമാനമെങ്കിലും വിലവർധന രേഖപ്പെടുത്താത്ത ഒരു ഉൽപന്നവുമില്ലെന്നതാണ് സ്ഥിതി. ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും വർധിച്ചിരിക്കുന്നു. ഇന്ധനത്തിന്റെയും ഭക്ഷ്യസാധനങ്ങളുടെയും വില വർധിക്കുമ്പോൾ പിന്നെ ഹോട്ടലുകൾക്കു പിടിച്ചുനിൽക്കാൻ നിരക്ക് കൂട്ടിയേ തീരൂ. 2020ൽ, 1040 രൂപ വിലയുണ്ടായിരുന്ന പാചകവാതക വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2280 രൂപ കൊടുക്കണം. കോവിഡും ലോക്ഡൗണുമെല്ലാം ദുരിതത്തിലാഴ്ത്തിയ സാധാരണക്കാരാണ് ഇതിനൊക്കെയും വിലകൊടുക്കേണ്ടത് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ സംഗതി.
കോവിഡ് കാലം ഇന്ത്യയെ പട്ടിണിയിലേക്കു നയിച്ചുവെന്നാണ് ഇവിടെ പഠനം നടത്തിയ പല ഏജൻസികളും വ്യക്തമാക്കിയത്. രാജ്യത്തെ 55 ശതമാനം വീടുകൾ കോവിഡ് കാലത്ത് രണ്ടു നേരത്തെ ഭക്ഷണത്തിലേക്കു ചുരുക്കിയെന്ന് കണ്ടെത്തിയത് വേൾഡ് വിഷൻ ഏഷ്യ പസഫിക് എന്ന സന്നദ്ധ സംഘടനയാണ്. ഈ റിപ്പോർട്ടിനെ ശരിവെക്കുന്നു അന്താരാഷ്ട്ര പട്ടിണിസൂചികയുടെ പുതിയ റിപ്പോർട്ടും. ചുരുക്കത്തിൽ, ഒരു അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനമടക്കം സാമ്പത്തികപരിഷ്കരണങ്ങളെന്ന പേരിൽ ഇവിടെ നടപ്പാക്കിയ 'മോദിനോമിക്സ്' മണ്ടത്തങ്ങളുടെ പരിണിതഫലംകൂടിയാണ് ഈ ജനത അനുഭവിക്കുന്നത്. ഹിന്ദുത്വ ഫാഷിസം വമിപ്പിക്കുന്ന സാമ്പത്തിക അരാജകത്വത്തിന്റെ വ്യക്തമായ ദൃഷ്ടാന്തംകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.