''ഗോദ്സെയെ ആരാധനാമൂർത്തിയായി പരിഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 20 മുതൽ ഗുജറാത്ത് പര്യടനത്തിലാണല്ലോ. വർഗീയസംഘർഷങ്ങളുണ്ടായ ഹിമ്മത് നഗർ, ഖംബത്ത് എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിക്കാനാവശ്യപ്പെടണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുന്നു. മഹാത്മാ മന്ദിറിന്‍റെ നിർമാതാവിൽനിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ചെറിയ കാര്യമാണിത്'' -ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയുടെ ഈ ട്വിറ്റർ കുറിപ്പ് ഇതുവരെ രാജ്യം പുലർത്തിപ്പോന്ന രാഷ്ട്രീയ വിമർശനത്തിൽ സാധുവും അനുവദനീയവുമായിരുന്നു.
ഭരണാധികാരികൾക്കെതിരെ ഇതിനേക്കാൾ കഠിനമായ പ്രയോഗങ്ങൾ നിഷ്കരുണം ധാരാളം പ്രയോഗിച്ചവരാണ് മുൻഗാമികൾ. ഭീതി കനംതൂങ്ങിക്കിടക്കുന്ന സമകാലികാവസ്ഥയിലും സംഘ്പരിവാറിന്‍റെ ഗോദ്സെ പ്രേമം മറച്ചുവെക്കാനാകാത്തവണ്ണം വെളിപ്പെട്ടുകിടക്കുന്ന വസ്തുത സംഘ് വിമർശകർ ജനങ്ങളെ നിരന്തരം ഉണർത്താറുമുണ്ട്. എന്നാൽ, ഇത്തരത്തിൽ സംഘ്പരിവാറുമായി ബന്ധപ്പെട്ട ചരിത്രസത്യങ്ങൾ പ്രധാനമന്ത്രി നിർമിച്ചുകൊണ്ടിരിക്കുന്ന നവഭാരതത്തിൽ ഗൗരവതരമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ജിഗ്നേഷ് മേവാനിയുടെ തുടർച്ചയായ അറസ്റ്റുകൾ വിളിച്ചുപറയുന്നത്.
ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയിൽ മതവികാരത്തെയും സാമൂഹിക സ്വൈരത്തെയും പ്രകോപിപ്പിക്കുന്ന ഒന്നുമില്ലെന്ന് ഒറ്റ വായനയിൽതന്നെ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അദ്ദേഹത്തിനെതിരായ കുറ്റപത്രം ആരെയും ഞെട്ടിക്കും. രാജ്യത്ത് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നിരോധിക്കപ്പെട്ടു എന്ന ധാരണയെ കടുപ്പിക്കുന്നു അത്. ക്രിമിനൽ ഗൂഢാലോചന (അനുച്ഛേദം120-ബി), ദേശീയോദ്ഗ്രഥനത്തിന് വിഘാതമുണ്ടാക്കൽ (153-ബി), ഏതെങ്കിലും വിഭാഗത്തിലെ മതവികാരങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യുക (295-എ), സാമൂഹിക സമാധാനം തകർക്കുന്നതിനുവേണ്ടി മനഃപൂർവം പ്രകോപിപ്പിക്കുക (504), സംസ്ഥാനത്തിനും പൊതു സ്വൈരവും ഇല്ലാതാക്കി പൊതുജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുക (501-1ബി), ഐ.ടി ആക്ട് തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് മേവാനിക്കെതിരെ അസം പൊലീസ് ചുമത്തിയിരിക്കുന്നത്.
ഗുജറാത്തിലിരുന്ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് അസമിലെ വിദൂര ജില്ലയായ കൊക്രജറിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് രായ്ക്കുരാമാനം ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്നതിന്‍റെ ന്യായമന്വേഷിക്കുന്നത് നവഭാരതത്തിൽ പോഴത്തമാണ്. അതിലെവിടെയാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നത്, സാമൂഹിക ജീവിതത്തെ അലോസരപ്പെടുത്തുന്നത്, രാജ്യത്തെ അവഹേളിക്കുന്നത് എന്നീ ചോദ്യങ്ങൾപോലും നവഭാരതത്തെയും നിയമസംവിധാനങ്ങളെയും അപഹസിക്കുന്നതിന് തുല്യമാണ്. നവഭാരതത്തിലെ ദേശീയ ദൈവം ഗോദ്സെയും ദേശീയ മതം ഹിന്ദു മഹാസഭയും ആർ.എസ്.എസുമാണ് എന്നാണോ ഈ സമീപനത്തിൽനിന്ന് അർഥമാക്കേണ്ടത്? അവരെ വിമർശിക്കുന്നതെന്തും തുറുങ്കിലടക്കേണ്ട മഹാപാതകവും ഭരണകൂടത്തിന് അസഹ്യവും അരോചകവുമാകുന്നത് ഈ നിലപാടുകൊണ്ടാണോ?
പൗരത്വപ്രക്ഷോഭത്തിൽ അണിചേർന്നതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയുടെ വിചാരണ വേളയിൽ ഏപ്രിൽ 22നും ഇന്നലെയും ഡൽഹി ഹൈകോടതി ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ നടത്തിയ നിരീക്ഷണങ്ങൾ സംഘ് വിമർശനങ്ങൾ കോടതിമുറികൾക്കുണ്ടാക്കുന്ന ഉത്കണ്ഠകളുടെ നേർസാക്ഷ്യമാണ്. മേവാനിയും ഖാലിദും എത്രനാൾ ജയിലിൽ കിടക്കേണ്ടിവരുമെന്ന സൂചനയും അത് നൽകുന്നു. 2020 ഫെബ്രുവരി 17ന് അമരാവതിയിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ കാണാം: ''ഞങ്ങൾ വെള്ളക്കാരുടെ കോളനിക്കെതിരെ പോരാടുമ്പോൾ, ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികളായ ആർ.എസ്.എസിന്‍റെയും ഹിന്ദു മഹാസഭയുടെയും പൂർവികർ ബ്രിട്ടീഷുകാരുടെ ഏജന്‍റുമാരായി പ്രവർത്തിച്ചു; ജാലിയൻ വാലാബാഗ് കൂട്ടക്കൊല മുതൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ വെടിവെച്ചുവീഴ്ത്തുകയും സ്വാതന്ത്ര്യം സ്വപ്നംകണ്ട നിരവധി പേരെ ജയിലിലടക്കുകയും ചെയ്ത നിരവധി സംഭവങ്ങളിൽ വരെ ഇന്ത്യയിലെ ജനങ്ങൾ ത്യാഗം സഹിക്കുമ്പോൾ, ഇന്നത്തെ ഭരണാധികാരികളുടെ പൂർവികർ ബ്രിട്ടീഷുകാരുടെ ഏജന്‍റുമാരായി പ്രവർത്തിക്കുകയായിരുന്നു.'' ഉമറിന്റെ ഈ വാക്കുകളിൽ കോടതി കടുത്ത അസഹ്യതയാണ് പ്രകടിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ അനുച്ഛേദം 153എ, 153 ബി എന്നിവ ചുമത്തപ്പെടുത്താവുന്നതുമല്ലേ ഇതെന്ന കോടതിയുടെ ചോദ്യവും ജനാധിപത്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും നാലു തൂണുകളിൽ മറ്റുള്ളവക്ക് ഇത്തരം പ്രയോഗങ്ങളാകാമെങ്കിലും ഇവിടെ അത് അസ്വീകാര്യമാണ് എന്ന പ്രസ്താവനയും ജനാധിപത്യത്തിലും നിയമസംവിധാനങ്ങളിലും വിശ്വസിക്കുന്നവർക്ക് അശേഷം ശാന്തത നൽകുന്നവയല്ല.
ആർ.എസ്.എസിനെയും ഹിന്ദു മഹാസഭയെയും വിമർശിക്കുന്നത് സമുദായസ്പർധയുടെ വർണംപൂശുന്ന ക്രിമിനൽ കുറ്റമായി പൊലീസും കോടതികളും നിരീക്ഷിക്കുന്നതിനർഥം ലളിതമാണ്. ഏതൊരു പൗരനെയും മറ്റൊരു സംസ്ഥാനത്തുനിന്നുള്ള പൊലീസ് വളരെ അനായാസമായി തടവിലിടാൻ അനുവദിക്കുന്ന രീതിയിൽ, അറസ്റ്റിന് അർഹതയില്ലാത്ത പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും പേരിൽ ക്രിമിനൽ നിയമങ്ങൾ ആർക്കെതിരെയും നടപ്പാക്കാമെന്ന അവസ്ഥ രാജ്യത്ത് സംജാതമായി എന്നുതന്നെ. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റും ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിലെ കോടതി പരാമർശങ്ങളും ഭരണകൂടത്തെ അഹമഹമികയാ പിന്തുണക്കുക; അല്ലെങ്കിൽ നാവടക്കുക എന്നതുമാത്രമാണ് ഇന്ത്യയിൽ ജീവിച്ചുപോകാനുള്ള ഏക വഴിയെന്ന് പഠിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.