കേരളീയം കൊടിയിറങ്ങുമ്പോൾ

കേരളസംസ്ഥാന രൂപവത്കരണത്തിന്റെ 68ാം വാർഷികാഘോഷം പ്രമാണിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ഒരാഴ്ചനീണ്ട ‘കേരളീയം’ ആഘോഷത്തിന് പരിസമാപ്തിയായി. ‘കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും കേരളത്തെ അതിന്റെ സമസ്​ത നേട്ടങ്ങളോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുമുള്ള അവസരമായിരിക്കും’ ഇതെന്നാണ് ഉദ്ഘാടനദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനത്തിൽ അവകാശപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണംപോലും നൽകാൻ ശേഷിയില്ലാത്ത സർക്കാർ നടത്തുന്നത് ആർഭാടമാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുകയും പരിപാടിയോട് നിസ്സഹകരണ മനോഭാവം സ്വീകരിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയതുസംബന്ധിച്ച ഹരജി പരിഗണിക്കവെ ബുധനാഴ്ച കേരള ഹൈകോടതി നടത്തിയ ഒരു പരാമർശത്തെ കേരളീയത്തിനെതിരായ ന്യായമായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.

സാമ്പത്തികപ്രതിസന്ധി ഒരു പച്ചയായ യാഥാർഥ്യമാണെങ്കിലും കേരളീയംപോലൊരു പരിപാടി അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ നിറവേറ്റുന്നുവെങ്കിൽ അതിനായി ഊർജവും വിഭവങ്ങളും വിനിയോഗിക്കുന്നത് പാഴ്​ച്ചെലവേ അല്ല. കേരളത്തിന്റെ സാംസ്കാരിക പ്രൗഢിയും സാമൂഹികപ്രസക്തിയും ലോകം അറിയേണ്ടതുതന്നെ. മലയാളനാടിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത് സഹായകമാണ്. പ്രത്യേകിച്ച്, കേരളത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും നമ്മുടെ ഏറ്റവും വലിയ സമ്പത്തായ സമുദായ സൗഹാർദത്തെ ഇകഴ്ത്തിക്കാണിക്കാനും വർഗീയപ്രേരിത സംഘങ്ങളും അവരുടെ മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നവേളയിൽ. അരുതെന്ന് കോൺഗ്രസ് പാർട്ടി പറഞ്ഞിട്ടും കേരളീയത്തിലെ പഞ്ചായത്തീരാജ് സെമിനാറിനെത്തി ജനപക്ഷ വികസനം സംബന്ധിച്ച ആലോചനകളെ പാർട്ടി സങ്കുചിതത്വങ്ങളിൽ തളച്ചിടേണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ചു, മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. എതിരഭിപ്രായങ്ങൾക്കും വിമതസ്വരങ്ങൾക്കും അത്തരത്തിൽ കൂടുതൽ ഇടങ്ങളുണ്ടാവുക എന്നത് കേരളത്തിന്റെ സ്വപ്നംതന്നെയാണ്.

അതേസമയം, ‘കേരളസമൂഹത്തിന്റെ സൂക്ഷ്മഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല. മഞ്ചേശ്വരം തൊട്ട് പാറശ്ശാലവരെ പട്ടണങ്ങളും ​നഗരങ്ങളും ചെറുനഗരങ്ങളും ഉൾഗ്രാമങ്ങളുമെല്ലാം കോർത്തിണങ്ങിയ കേരളത്തെ ആഘോഷിക്കാനുള്ള വേദികൾ തലസ്ഥാനനഗരിക്ക് മാത്രം അവകാശപ്പെട്ട സൗഭാഗ്യമെന്നമട്ടിൽ തിരുവനന്തപുരം നഗരത്തിന്റെ ചുറ്റുവട്ടത്തിൽ ഒതുങ്ങിനിന്നു എന്നത് കേരളീയത്തിന്റെ സാധ്യതകളെ വല്ലാതെ ഞെരുക്കിക്കളഞ്ഞു.

ബ്രോഷറിലെയും പി.ആർ.ഡി പരസ്യങ്ങളിലെയും വിവരണങ്ങൾക്കപ്പുറത്ത് കേരളത്തിന്റെ പ്രതിനിധാനം ഏതുരീതിയിൽ വേണം എന്നകാര്യത്തിൽ സംഘാടകർക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. കേരളത്തിന്റെ ആദിവാസി പൈതൃകം ചിത്രീകരിക്കാനെന്ന പേരിൽ ആ പാർശ്വവത്കൃത സമൂഹത്തിൽനിന്നുള്ള മനുഷ്യരെ പെയിന്റടിച്ചും വേഷംകെട്ടിച്ചും കാഴ്ചവസ്തുക്കളാക്കി നിർത്തിയതിൽനിന്ന് അത് വ്യക്തം. ഫോക് ലോർ അക്കാദമിയും ക്യൂറേറ്റർമാരുമെല്ലാം ആദിവാസി സമൂഹത്തെക്കുറിച്ച് ഉള്ളിൽ കൊണ്ടുനടക്കുന്ന മനോഭാവമെന്തെന്ന് വെളിപ്പെടുത്തിത്തരുന്നുണ്ട് ഗുരുതരമായ ഈ മര്യാദകേട്.

ആദിവാസി സമൂഹങ്ങളെയും അവരുടെ ജീവിതരീതിയെയും കലാസാംസ്കാരിക ഇടപെടലുകളെയും സംബന്ധിച്ചെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ച് പുതുതലമുറക്ക് നിർബന്ധമായും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. വിവിധ ലോകരാഷ്ട്രങ്ങൾ സംഘടിപ്പിക്കുന്ന സാംസ്കാരികമേളകളിൽ അവിടത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ പുരസ്കരിച്ചുള്ള പ്രദർശനങ്ങൾ അതിപ്രാധാന്യത്തോടെ ഒരുക്കാറുമുണ്ട്. നാടിന്റെ വിലമതിക്കാനാവാത്ത ഈടുവെപ്പ് എന്ന പരിഗണനയോടെയാണ് അവിടെ ആദിമ നിവാസികളെ എത്തിക്കാറും അവതരിപ്പിക്കാറും. അല്ലാതെ 1000 രൂപ ദിവസക്കൂലി എന്ന ഔദാര്യം നൽകി ജീവനുള്ള മ്യൂസിയം പീസുകളാക്കി വെക്കുകയല്ല. ആദിവാസിസമൂഹത്തെക്കുറിച്ച് നമുക്കുള്ള ധാരണ എന്താണെന്നും അതെന്താകണമെന്നുമുള്ള ആലോചനകൾക്ക് കേരളീയത്തിലെ വിവാദം നിമിത്തമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

പ്രദർശനനഗരിയിലും ഭക്ഷ്യമേളയിലും സംഗീത-നൃത്ത വേദികളിലുമുണ്ടായ ജനബാഹുല്യവും അതിഥികൾ പറഞ്ഞ നല്ലവാക്കും അനുഷ്ഠാനമെന്നോണം അനുഭാവികൾ നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റുകളും കണ്ടും കേട്ടും മതിമറക്കുകയും ഇതുതന്നെ മതിയെന്നുറപ്പിക്കുകയും ചെയ്യാതെ ക്രിയാത്മക വിമർശനങ്ങളെ അതിന്റെ അർഥത്തിൽ ഉൾക്കൊണ്ട് പിഴവുകൾ തിരുത്തി കൂടുതൽ ബഹുസ്വരവും ഇൻക്ലൂസീവുമായ കേരളീയം എഡിഷനുകൾ ഒരുക്കാൻ സർക്കാറിന് സാധിക്കട്ടെ, ലോകം കാത്തിരിപ്പുണ്ട്.

Tags:    
News Summary - Madhyamam editorial on keraleeyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.