കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ഷജിനും ജോസ്ന എന്ന യുവതിയും തമ്മിലുള്ള വിവാഹം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷജിൻ മുസ്ലിം സമുദായത്തിലും ജോസ്ന ക്രൈസ്തവ സമുദായത്തിലുംപെട്ടയാളുകളാണ്. പുരോഗമനവും നവോത്ഥാനവുമൊക്കെ കടലാസിലുണ്ടെങ്കിലും മതാന്തരവിവാഹങ്ങളെ അംഗീകരിക്കാൻ കുടുംബങ്ങൾ പലപ്പോഴും സന്നദ്ധമാവാറില്ല. അത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, കോടഞ്ചേരിയിലെ മിശ്രവിവാഹം സാധാരണ ഗതിയിലുള്ള അസ്വസ്ഥതകൾക്കപ്പുറം കത്തിപ്പടരുകയായിരുന്നു. അതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.
മിശ്രവിവാഹത്തിനെതിരെ ക്രൈസ്തവ പുരോഹിതന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതാണ് ഒന്ന്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് നടത്തിയ മാർച്ചിന് നേതൃത്വം കൊടുത്തത് കോടഞ്ചേരി സെന്‍റ് മേരീസ് ഫെറോന ചർച്ച് സഹവികാരി ഫാ. സെബിൻ തൂവുള്ളിൽ ആണ്. തങ്ങളുടെ പ്രാദേശിക നേതാവിന്റെ വിവാഹത്തെ തെരുവുപ്രശ്നമാക്കി മാറ്റി കാലുഷ്യം സൃഷ്ടിക്കാൻ നടത്തിയ നീക്കത്തെ അപലപിക്കുകയും ചെറുക്കുകയും ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം സി.പി.എമ്മിനുണ്ടായിരുന്നു. നാട് ഭരിക്കുന്ന പാർട്ടി എന്ന നിലയിലെ അധിക ഉത്തരവാദിത്തവും അവർക്കുണ്ട്. എന്നാൽ, കുഴപ്പം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചവരെക്കുറിച്ച് ഒരക്ഷരം പറയാതെ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ച് ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കാനാണ് പ്രദേശത്തെ സി.പി.എം നേതൃത്വം സന്നദ്ധമായത്. ഇതാണ് പ്രാദേശിക പ്രശ്നമായി ഒതുങ്ങുമായിരുന്ന ഒരു കാര്യത്തെ ഇത്രയും വിവാദമാക്കിയത്.
പാർട്ടി ഭാരവാഹിയുടെ മതാന്തര വിവാഹത്തിനെതിരെ മതപൗരോഹിത്യം രംഗത്തിറങ്ങിയാൽ അതിനെതിരായ ചെറുത്തുനിൽപാണ് സാധാരണഗതിയിൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, കോടഞ്ചേരിയിൽ അതുണ്ടായില്ല. ചില തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ ദിവസങ്ങളായി വിഷയത്തെ മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ കടുത്ത വർഗീയ പ്രചാരണങ്ങൾ നടത്തുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രധാനപ്പെട്ടൊരു സഖാവിനെ 'ലവ് ജിഹാദി'യായി മുദ്രകുത്തി പ്രചാരണം കൊഴുപ്പിക്കുമ്പോൾ സി.പി.എം നേതൃത്വം അതിനെ പ്രതിരോധിച്ചില്ലെന്നതോ പോകട്ടെ, വർഗീയവാദികളുടെ അതേ വാദങ്ങൾ ആവർത്തിക്കുന്ന സാഹചര്യം എന്തുകൊണ്ടുണ്ടായി എന്നതാണ് ആലോചനാവിധേയമാക്കേണ്ടത്. ക്രൈസ്തവ സമൂഹത്തിനകത്ത് അടുത്ത കാലത്തായി ഉയർന്നുവന്ന തീവ്രവാദ പ്രവണതകളോട് സി.പി.എം കാണിച്ച അനുഭാവസമീപനമാണ് ഇതിന്റെ കാരണമെന്ന് കണ്ടെത്താൻ കഴിയും.
ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം, ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഹലാൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾ മുൻനിർത്തി ക്രൈസ്തവസമൂഹത്തിനകത്ത് വലിയതോതിലുള്ള മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി നടക്കുന്നുണ്ടായിരുന്നു. സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിച്ചുപോന്നു. മേൽവിലാസമില്ലാത്ത ഗ്രൂപ്പുകൾ മാത്രമല്ല, ഉത്തരവാദപ്പെട്ട പുരോഹിതന്മാർ വരെ ഈ പ്രചാരണങ്ങളുടെ ഭാഗമായി. അതിന്റെ മൂർധന്യത്തിലാണ് പാലാ ബിഷപ് കുപ്രസിദ്ധമായ നാർകോട്ടിക് ജിഹാദ് പരാമർശം നടത്തുന്നത്. മുസ്ലിം സമുദായ മനസ്സിനുമേൽ വലിയ മുറിവുണ്ടാക്കുന്നതായിരുന്നു ആ പ്രസ്താവന. പ്രകടമായ ഒരു ക്രിമിനൽ കുറ്റവും. എന്നാൽ, പാലാ ബിഷപ്പിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിനു പകരം, അദ്ദേഹത്തെ അരമനയിൽ അങ്ങോട്ട് പോയി കണ്ട് പിന്തുണ പ്രഖ്യാപിക്കുകയാണ് സി.പി.എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ ചെയ്തത്. ക്രൈസ്തവ സമുദായത്തിനിടയിലെ മുസ്ലിംവിരുദ്ധതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലൈനാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലം മുതൽ സി.പി.എം സ്വീകരിച്ചുപോന്നത്. അതിന്റെ തുടർച്ചയിലാണ് കോടഞ്ചേരിയിലെ പാർട്ടി നേതാവിന്റെ മിശ്രവിവാഹത്തെ ലവ് ജിഹാദായി ആക്ഷേപിക്കുന്ന അവസ്ഥയുണ്ടായത്. കാര്യങ്ങൾ കൈവിട്ടുപോയി എന്നു തോന്നിയപ്പോൾ തിരുത്തുമായി ജില്ല നേതൃത്വം രംഗത്തുവന്നെങ്കിലും യഥാർഥ ഉള്ളിലിരിപ്പ് പുറത്തുചാടുകയായിരുന്നു.
മിശ്രവിവാഹത്തിന് സൈദ്ധാന്തികമായി സി.പി.എം എതിരല്ലെന്ന് എല്ലാവർക്കുമറിയാം. കോടഞ്ചേരി പ്രദേശമുൾക്കൊള്ളുന്ന തിരുവമ്പാടിയിലെ സി.പി.എം എം.എൽ.എ ലിന്റോ ജോസഫ് ഒരു ഹിന്ദു യുവതിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ലിന്റോക്ക് ഇല്ലാത്ത പ്രശ്നം എന്തുകൊണ്ടാണ് അതേ മണ്ഡലത്തിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷജിന്റെ വിവാഹത്തിന് ഉണ്ടാവുന്നത് എന്നതാണ് ചോദ്യം. ഇസ്ലാമോഫോബിയ എന്താണ് എന്നതിന്റെ ഉത്തരം അവിടെ കിട്ടും. ഷജിൻ എന്ന മുസ്ലിം യുവാവിന്റെ പ്രണയം അംഗീകരിക്കാൻ, അത് ലവ് ജിഹാദ് അല്ല എന്ന് ഉറപ്പിച്ചുപറയാൻ പാർട്ടി നേതൃത്വത്തിനുപോലും പറ്റാത്ത അവസ്ഥ. ഈ മാനസികാവസ്ഥയെ മറികടക്കാതെ വെറുതെ പുരോഗമനം നാക്കിട്ടടിച്ചിട്ട് കാര്യമൊന്നുമില്ല.
ക്രൈസ്തവ മതനേതൃത്വം ഗൗരവത്തിൽ എടുക്കേണ്ട കാര്യങ്ങളുണ്ട്. താമരശ്ശേരി രൂപതക്കു കീഴിൽ വരുന്ന പ്രദേശമാണ് കോടഞ്ചേരി. ലവ് ജിഹാദിനെതിരെ താമരശ്ശേരി രൂപത കൈപ്പുസ്തകം ഇറക്കിയത് കഴിഞ്ഞ വർഷമാണ്. മുസ്ലിംവിരുദ്ധ വിഷപ്രചാരണം കുത്തിനിറച്ച പുസ്തകമായിരുന്നു അത്. വലിയ വിവാദമായപ്പോൾ പിൻവലിച്ചെന്ന് പറഞ്ഞു തടിയൂരുകയായിരുന്നു. ഔദ്യോഗിക മതനേതൃത്വംതന്നെ അനുയായികൾക്കിടയിൽ അന്യമതവിദ്വേഷം കുത്തിനിറക്കുന്നതിന്റെ തുടർച്ചയിലാണ് ഇത്തരം വിവാദങ്ങൾ ഉയരുന്നത്. മിശ്രവിവാഹത്തിനെതിരെ പള്ളിവികാരിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുക എന്നൊക്കെയുള്ള വൈചിത്യ്രങ്ങൾ സംഭവിക്കുന്നത് അങ്ങനെയാണ്. വിശ്വാസികളെ തങ്ങൾ എങ്ങോട്ടാണ് നയിക്കുന്നതെന്ന് സഭാനേതൃത്വം ഗൗരവത്തിൽ ആലോചിക്കേണ്ട സന്ദർഭമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.