ദാരിദ്ര്യനിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും പുതുവഴി വെട്ടിത്തെളിച്ച് രാജ്യത്തിന് ബദൽമാതൃക കാണിച്ച കുടുംബശ്രീ പ്രസ്ഥാനം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി; മേയ് 17വരെ നീളുന്ന ആഘോഷ പരിപാടികൾ, അന്താരാഷ്ട്ര കോൺക്ലേവോടെയാകും അവസാനിക്കുക. കഴിഞ്ഞദിവസം, ‘ചുവട് 2023’ എന്നപേരിൽ സംഘടിപ്പിച്ച അയൽക്കൂട്ട സംഗമത്തിൽ, മൂന്നു ലക്ഷത്തിൽപരം യൂനിറ്റുകളിൽനിന്നായി 40 ലക്ഷത്തിലധികം വനിതകളാണ് പങ്കാളികളായതെന്നാണ് ഔദ്യോഗിക വിവരം. 3.09 ലക്ഷം അയൽക്കൂട്ടങ്ങളിലായി പ്രവർത്തിക്കുന്ന 46 ലക്ഷത്തോളം വനിതകൾ; ഇതിനുപുറമെ,18നും 40നുമിടയിൽ പ്രായമുള്ളവർക്കായുള്ള 19,000 ഓക്സിലറി ഗ്രൂപ്പും. ഇത്രയും വിപുലമായൊരു വനിതാകൂട്ടായ്മ ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടാകുമോ എന്ന് സംശയമാണ്. കാൽനൂറ്റാണ്ടിനിടെ, അസാധ്യമെന്ന് തോന്നിയ പല കടമ്പകളും പിന്നിട്ടതിന്റെ ചരിത്രസാക്ഷ്യംകൂടിയുണ്ട് ഈ പ്രസ്ഥാനത്തിന്. അതുകൊണ്ടുതന്നെ, കുടുംബശ്രീ 25ാം വാർഷികം ആഘോഷിക്കുമ്പോൾ അത് ഓരോ മലയാളിയുടെയും അഭിമാനനിമിഷം തന്നെ.
1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കുടുംബശ്രീയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോൾ, അത് കേവലമൊരു ദാരിദ്ര്യനിർമാർജന പദ്ധതി മാത്രമായിരുന്നു. ജനകീയാസൂത്രണത്തിന്റെ തുടർച്ചയിൽ സംഭവിച്ച ഈ പ്രസ്ഥാനം വനിതാശാക്തീകരണത്തിന് എപ്രകാരമാകും മുതൽക്കൂട്ടാവുക എന്നതിൽ പലർക്കും അവ്യക്തതകളുണ്ടായിരുന്നു. പക്ഷേ, കൃത്യമായ ആസൂത്രണത്തോടെ അത് മുന്നോട്ടുപോയപ്പോൾ അത്ഭുതം തന്നെ സംഭവിച്ചു. വാസ്തവത്തിൽ, ‘കുടുംബശ്രീ’ക്ക് മുന്നേ, കേരളത്തിൽ സമാന സ്വഭാവത്തിലുള്ള ചെറു ‘അയൽക്കൂട്ട’ങ്ങൾ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. 70കളിൽതന്നെ, ആലപ്പുഴയിലെ കഞ്ഞിപ്പാടം പഞ്ചായത്തിൽ ഇത്തരത്തിലൊരു പരീക്ഷണം പ്രമുഖ ഗാന്ധിയൻ പങ്കജാക്ഷ കുറുപ്പ് നടത്തിയിരുന്നു. നിത്യവും കാണാറുള്ള വീട്ടുകാരുടെ ‘അയൽക്കൂട്ട’വും അഞ്ചോ ആറോ ‘അയൽക്കൂട്ടം’ ചേർന്ന ‘തറക്കൂട്ടവും’ അതിനുമുകളിൽ ‘ഗ്രാമക്കൂട്ടവു’മൊക്കെ ഏറക്കുറെ വിജയകരമായി സംഘടിപ്പിച്ച കുറുപ്പിന്റെയും അതുവഴി 90കളിൽ സാധ്യമായ ‘ആലപ്പുഴ മോഡലു’മൊക്കെയാണ് കുടുംബശ്രീയുടെ പൂർവമാതൃക. 94ൽ, ദാരിദ്ര്യനിർമാർജനത്തിനായി രൂപംകൊണ്ട ‘മലപ്പുറം മോഡലു’മുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ, ഇത്തരം പ്രാദേശിക കൂട്ടായ്മകളിലൂടെ ദാരിദ്ര്യനിർമാർജനം സാധ്യമാകുമെന്ന് തെളിഞ്ഞതോടെയാണ് വിപുലമായൊരു ദൗത്യത്തിന് അന്നത്തെ ഇടതു സർക്കാർ സജ്ജമായത്. ജനകീയാസൂത്രണം വലിയ ആഘോഷങ്ങളോടെ കൊണ്ടാടിയ കേരള ജനത ‘കുടുംബശ്രീ’യെയും ഏറ്റെടുത്തു. അത് വലിയ വിജയവുമായി.
ദാരിദ്ര്യനിർമാർജനത്തിൽ, മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം കേരളം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മുന്നോട്ടുകുതിച്ചത് ‘കുടുംബശ്രീ’യുടെകൂടി ബലത്തിലാണെന്ന് പറയേണ്ടിവരും. പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കുടുംബശ്രീ’യുടെ പ്രവർത്തനം ആരംഭിച്ചതുതന്നെ. ആ സമയത്ത്, കേരളത്തിലെ ദാരിദ്ര്യനിരക്ക് 25 ശതമാനത്തോളമായിരുന്നു. 2011ൽ അത് 5.3ലേക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചു. 2021ലെ, നിതി ആയോഗിന്റെ ദാരിദ്ര്യസൂചിക പ്രകാരം, കേരളത്തിൽ മുക്കാൽ ശതമാനം ജനങ്ങൾ മാത്രമാണ് ദരിദ്രരായിട്ടുള്ളത്. വീട്ടുമുറ്റത്തെ ബാങ്കായും ചെറുകിട സംരംഭങ്ങളിലൂടെയും മറ്റും സാധിച്ച നാരീവിപ്ലവം തന്നെയാണിത്. വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് ലക്ഷത്തിൽപരം സൂക്ഷ്മ സംരംഭങ്ങൾക്കാണ് കുടുംബശ്രീ നേതൃത്വം നൽകുന്നത്. ചെറിയ ഹോട്ടലുകളും അച്ചാർ കമ്പനികളും മറ്റുമായി നാം കണ്ടുവരുന്ന ഇത്തരം സംരംഭങ്ങൾ വലിയ അളവിൽ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പോലുള്ള പദ്ധതികളെ കേരളത്തിൽ ഏറെ സജീവമാക്കി നിലനിർത്തുന്നതിലും അത്തരം പ്രവൃത്തികളെയും പദ്ധതികളെയും ക്രിയാത്മകവും വികസനോന്മുഖവുമാക്കി മാറ്റിത്തീർക്കുന്നതിലും കുടുംബശ്രീക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സേവനരംഗത്തും ഇവർ നിലയുറപ്പിച്ചിട്ടുണ്ട്. കോവിഡ്, പ്രളയകാലങ്ങളിൽ അത് നേരിട്ട് അനുഭവിച്ചവരാണ് മലയാളികൾ. ഗ്രാമസഭകളിൽ സജീവ സാന്നിധ്യമാവുക വഴി, ജനാധിപത്യ ശാക്തീകരണ പ്രക്രിയകളിലും അവർ സ്തുത്യർഹമായ പങ്ക് വഹിച്ചു. ആ അർഥത്തിൽ, കേവലം ഒരു സർക്കാർപദ്ധതിയെ സമൂഹനന്മക്കായി എങ്ങനെയെല്ലാം പരിവർത്തിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണം തന്നെയാണീ പ്രസ്ഥാനം.
സ്ത്രീ ശാക്തീകരണത്തിന്റെ മഹനീയ മാതൃക എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും, ‘കുടുംബശ്രീ’യും വിമർശനങ്ങൾക്കതീതമായ പ്രസ്ഥാനമൊന്നുമല്ല. അക്കാദമിക, രാഷ്ട്രീയ വൃത്തങ്ങൾ നിരവധി ദൗർബല്യങ്ങൾ അതിന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണമാണ് അടിസ്ഥാന ലക്ഷ്യമെന്ന് പറയുമ്പോഴും, നിലവിലെ പുരുഷകേന്ദ്രീകൃത ഭരണവ്യവസ്ഥയുടെ വികസന കാഴ്ചപ്പാടുകൾക്ക് കൃത്യമായ ബദലുകൾ ആവിഷ്കരിക്കുന്നതിൽ കുടുംബശ്രീ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിൽ ശരിയുണ്ട്.
നിലവിലെ ഭരണവ്യവസ്ഥയിൽ, അധികരിപ്പിച്ച വനിതപ്രാതിനിധ്യം ഉറപ്പാക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്; 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴായിരത്തിലധികം കുടുംബശ്രീ പ്രവർത്തകർ വിജയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നിലൊന്നും കുടുംബശ്രീ അംഗങ്ങളാണ്. താഴേത്തട്ടിൽ ഇത്രയേറെ പേർ തെരഞ്ഞെടുക്കപ്പെട്ടിട്ടും ലിംഗനീതിയിലധിഷ്ഠിതവും സമഗ്രവുമായ ബദൽ വികസന കാഴ്ചപ്പാട് മുന്നോട്ടുവെക്കാൻ ഈ പ്രസ്ഥാനത്തിനായോ എന്നത് സംശയമാണ്. നിലവിലെ വ്യവസ്ഥയോട് ചേർന്നുനിന്നുതന്നെയാണ് കുടുംബശ്രീയുടെയും സഞ്ചാരമെന്ന് ചുരുക്കം. കുടുംബശ്രീ സി.പി.എമ്മിന്റെ മറ്റൊരു ജനകീയ രാഷ്ട്രീയായുധമാണെന്ന വിമർശനം മുഖവിലക്കെടുക്കേണ്ടിവരുന്നത് ഈ നിരീക്ഷണത്തിന്റെ പുറത്താണ്. അതുകൊണ്ടുതന്നെ, രജതജൂബിലി ആഘോഷങ്ങൾക്കിടയിൽ കുടുംബശ്രീ മിഷൻ സ്വയം വിമർശനത്തിനും സജ്ജമാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.