നാനൂറ് സീറ്റ് നേടുമെന്നും അധികാരം നിലനിർത്തുമെന്നും സകല വേദികളിലും കയറി നേതാക്കൾ വീരസ്യം പറയുമ്പോഴും സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കാനാകുമോ എന്ന കാര്യത്തിൽ രാജ്യത്തെ നിലവിലെ ഭരണകൂടത്തിന് കടുത്ത ആത്മവിശ്വാസക്കുറവുണ്ട്. വീണ്ടുമൊരു ഊഴം കൂടി ലഭിച്ചില്ലെങ്കിലോ എന്ന ഉത്കണ്ഠയാണ് ഭരണ കാലാവധിയുടെ അവസാന ആഴ്ചകളിലും തിരക്കിട്ട് ചില തീരുമാനങ്ങൾ കൈക്കൊള്ളാനും നയപരിപാടികൾ നടപ്പാക്കാനും ഏതു സർക്കാറിനെയും നിർബന്ധിതമാക്കുന്നത്. അവ്വിധത്തിൽ തിടുക്കപ്പെട്ട് എടുത്ത ഒരു തീരുമാനം സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു- കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലെ മൗലാനാ ആസാദ് എജുക്കേഷൻ ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന തീരുമാനം.
കരാർ ജീവനക്കാരെ പിരിച്ചുവിട്ട്, ആസ്തികൾ കേന്ദ്ര വഖഫ് ബോർഡിന് കൈമാറി എത്രയുംവേഗം അടച്ചുപൂട്ടൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. നിർഭയ മാധ്യമപ്രവർത്തനത്തിന്റെ മഹിത മാതൃക കാണിച്ചുതന്ന, ജീവിതത്തിന്റെ നല്ലൊരു കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദനത്തിനുവേണ്ടി ജയിലിലും തെരുവുകളിലുമായി ചെലവിട്ട, രാഷ്ട്രവിഭജനത്തെ മുച്ചൂടും എതിർത്ത, ഐ.ഐ.ടികൾ, എയിംസ്, യു.ജി.സി, സാഹിത്യ അക്കാദമി ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയായ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ ജന്മശതാബ്ദിവേളയിൽ നിലവിൽവന്നതാണ് ഈ സ്ഥാപനം. 1989ൽ ആരംഭിച്ച അന്നുമുതൽ രാജ്യത്തെ പാർശ്വവത്കൃത പിന്നാക്ക സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് ഫൗണ്ടേഷൻ ശ്രദ്ധയൂന്നിയിരുന്നത്. പൊടുന്നനെയൊരു ദിവസം അത്തരമൊരു സ്ഥാപനമേ വേണ്ടെന്നുവെക്കാൻ ഒരു ഭരണകൂടം തീരുമാനമെടുത്തത് എന്തു കൊണ്ടാണ്? മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങളുൾപ്പെടെയുള്ള പിന്നാക്ക-പാർശ്വവത്കൃത വിഭാഗങ്ങൾ വിദ്യാഭ്യാസ പ്രതിസന്ധികളെയൊക്കെ തരണംചെയ്തു കഴിഞ്ഞെന്നാണോ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന മുസ്ലിം വിദ്യാർഥികളുടെ എണ്ണം ഏറെ കുറഞ്ഞു എന്നാണ് 2020-21 വർഷത്തെ അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 43 ശതമാനം മുസ്ലിം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം തേടുന്ന കേരളത്തിലൊഴികെ രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി, വിശിഷ്യാ ബി.ജെ.പി സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. പിന്നാക്ക-പാർശ്വവത്കൃത സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി നിലവിലെ കേന്ദ്രഭരണകൂടത്തിന്റെ മുഖ്യ അജണ്ടകളിലോ വിദൂര പരിഗണനകളിലോ പോലും വരുന്നില്ല എന്നത് പുതിയ കാര്യമല്ല. സംവരണവും വിദ്യാഭ്യാസ അവകാശ നിയമവും അട്ടിമറിച്ചും സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചും ഹിജാബ് നിരോധിച്ചും മദ്റസകൾ അടച്ചുപൂട്ടിയും മാർക്ക് ജിഹാദ് പോലുള്ള പെരും നുണകൾ ആരോപിച്ചുമെല്ലാം ന്യൂനപക്ഷ വിദ്യാർഥികളെ വിദ്യാലയങ്ങളിൽനിന്ന് അകറ്റാൻ പല വഴികൾ തേടുന്നുണ്ട് അധികൃതർ.
ന്യൂനപക്ഷ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതിനൊപ്പം മൗലാനാ അബുൽ കലാം ആസാദിനെപ്പോലൊരു ദേശീയ നേതാവിന്റെ ഓർമകളും ആശയാദർശങ്ങളും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്ന പ്രതിലോമ രാഷ്ട്രീയ ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്നത് അവിതർക്കിതമാണ്. നേരത്തേ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിലെ ഭരണഘടന രൂപവത്കരണം സംബന്ധിച്ച പാഠഭാഗത്തിൽനിന്ന് മൗലാനാ ആസാദിന്റെ പേര് വെട്ടിമാറ്റിയിരുന്നു. ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നൽകിവന്നിരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപും ഞെരിച്ച് ഇല്ലാതാക്കി; ഇപ്പോഴിതാ മൗലാനാ ആസാദ് എജുക്കേഷൻ ഫൗണ്ടേഷനും അടച്ചുപൂട്ടുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും നാമധേയത്തിലുള്ള സ്ഥാപനങ്ങളും പദ്ധതികളും ഇല്ലാതാക്കുന്നതുപോലെ, അവരിരുവർക്കും മുമ്പേ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ മുസ്ലിം നേതാവിന്റെ ഓർമകൾ അതിലുമെളുപ്പത്തിൽ ഇല്ലാതാക്കാമെന്നാണ് മോദി സർക്കാർ കണക്കുകൂട്ടുന്നത് എന്ന് വ്യക്തം. സ്വാതന്ത്ര്യസമര നായകരുടെ ചിത്രഗാലറിയിൽനിന്ന് അദ്ദേഹത്തെ മായ്ച്ചുകളഞ്ഞ്, മടിത്തട്ട് മാധ്യമങ്ങൾ മുതൽ ആസാദ് രണ്ടു തവണ അഖിലേന്ത്യാ അധ്യക്ഷപദം അലങ്കരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ സംഘ്പരിവാർ വിധേയർ വരെ അതിന് കൂട്ടുനിൽക്കുന്നുമുണ്ട്. പക്ഷേ, ഭരണകൂടവും മാധ്യമങ്ങളും അങ്ങനെ തീരുമാനിച്ചാലും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാലും അവസാനിക്കുന്നതാണോ 14 വയസ്സുവരെയുള്ളവർക്ക് രാജ്യത്ത് സാർവത്രിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിന് അടിത്തറപാകിയ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ സംഭാവന പൈതൃകവും ഓർമകളും? അതോ, അദ്ദേഹത്തിന്റെ ചിന്താസന്തതികളായ ഐ.ഐ.ടികളും സാഹിത്യ, ലളിതകലാ, സംഗീത, നാടക അക്കാദമികളും യു.ജി.സിയുമെല്ലാം പൊടുന്നനെയൊരുനാൾ നിർത്തലാക്കിക്കളയുമോ സർക്കാർ?
‘മറ്റൊരു കോടതിയുടെ വാതിലുകൾ തുറക്കുന്നതുവരെ നിങ്ങൾ നിങ്ങളുടെ വിധിന്യായങ്ങൾ എഴുതിക്കൊണ്ടിരുന്നോളൂ’എന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ബ്രിട്ടീഷ് കോടതിയുടെ മുഖത്തുനോക്കിപ്പറഞ്ഞ് പുഞ്ചിരി തൂകിയ മൗലാന, തന്റെ അടയാളങ്ങളെ മായ്ച്ചുകളയാൻ ഒരു സർക്കാർ നടത്തുന്ന പങ്കപ്പാടുകൾ അറിയുമ്പോഴും മറ്റൊരു ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.