2021ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നതിങ്ങനെ: ‘മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ഒരു ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും’. സമാനമായ വാഗ്ദാനം 2016 പ്രകടനപത്രികയിലും കാണാം.

എന്നാൽ, കഴിഞ്ഞ ഏഴു വർഷത്തിനിടെ ഒരു ദിവസം പോലും ഇമ്മട്ടിലൊരു വാഗ്ദാനം പാലിക്കാൻ ഇടതുസർക്കാർ തയാറായിട്ടില്ലെന്നു മാത്രമല്ല, ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകുംവിധവുമാണ്. ഏറ്റവുമൊടുവിൽ, രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം മദ്യനയവും തഥൈവ! ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, കള്ള്, പഴവർഗങ്ങളിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉൾപ്പെടെയുള്ളവയുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്ന് വിതരണശൃംഖല ശക്തമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ടൂറിസം സീസണിൽ വിദേശ വിനോദ സഞ്ചാരികള്‍ക്കും മറ്റുമായി തിരഞ്ഞെടുക്കപ്പെട്ട റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് നൽകാനും ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിച്ച് ഇന്ത്യൻ നിർമിത വിദേശമദ്യ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാനുമൊക്കെയാണ് സർക്കാറിന്റെ പരിപാടി. പുതിയ അബ്കാരി നയം പ്രാവർത്തികമാകുന്നതോടെ, മദ്യത്തിൽ മയങ്ങിപ്പോയൊരു നാടായി കേരളം പരിണമിക്കുമെന്നുറപ്പാണ്.

പുതിയ മദ്യനയത്തിന്റെ പ്രധാനലക്ഷ്യമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: അത് മദ്യവിൽപനയിലൂടെ വരുമാനം വർധിപ്പിക്കുക എന്നതാണ്. പുതിയ നയം നടപ്പാക്കുന്നതോടെ എക്സൈസ് വരുമാനം ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ വരുമെന്ന് പ്രാഥമികമായിത്തന്നെ വിലയിരുത്താം. ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 35 ലക്ഷത്തിലേക്കും മദ്യം വിളമ്പുന്നതിനുള്ള എഫ്.എൽ നാല് ലൈസൻസ് ഫീസ് 50,000ത്തിൽനിന്ന് രണ്ട് ലക്ഷവുമാക്കി ഉയർത്തിയിരിക്കുന്നു. മറുവശത്ത് 250 ബിവറേജ് ഔട്ട്ലറ്റുകൾ അധികമായി തുറക്കാൻ പോകുന്നു, ഐ.ടി പാർക്കുകളിലേതിന് സമാനമായി വ്യവസായ പാർക്കുകളിലും മദ്യവിൽപന തുടങ്ങുന്നു, ‘കേരള ടോഡി’ എന്നപേരിൽ കള്ളുവിൽപനയും തകൃതിയാക്കാനുദ്ദേശിക്കുന്നു.

ഇതിനെല്ലാം പുറമെ, ടൂറിസം സീസൺ മദ്യാഘോഷകാലമാക്കാനുള്ള നീക്കവും നടക്കുന്നു. ഇതെല്ലാംകൂടിയാകുമ്പോൾ, ആളുകളുടെ സിരകളിലെ മദ്യമൊഴുക്കിന് സമാന്തരമായി ഖജനാവിലേക്ക് കൂടുതലായി പണമൊഴുകും. കേന്ദ്രത്തിന്റെ സാമ്പത്തിക ഫാഷിസത്തിൽ ഊർധ്വൻ വലിക്കുന്ന ധനകാര്യ വകുപ്പിന് ഇത് ആശ്വാസമാകുമെങ്കിലും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഈ സമീപനം കാരണമാകുമെന്നതിൽ സംശയമില്ല. ഇപ്പോൾതന്നെ, കേരളീയരുടെ മദ്യ ഉപഭോഗം വളരെ കൂടുതലാണ്. സംസ്ഥാനത്ത് പ്രതിദിനം ആറു ലക്ഷം ലിറ്റർ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് ബിവറേജസ് കോർപറേഷൻ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെയാണ് കള്ള് വിൽപനയും മറ്റും. ഇതെല്ലാംകൂടി പ്രതിദിനം 50 കോടിയിലധികം രൂപ സർക്കാറിന് ലഭിക്കുന്നുണ്ട്. അഥവാ, ഒരു വർഷത്തെ വരുമാനം കാൽലക്ഷം കോടി രൂപ. മദ്യനയം കൂടുതൽ ഉദാരമാക്കുന്നതോടെ പ്രതിദിന വരുമാനം 75 കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സാമൂഹിക പ്രത്യാഘാതങ്ങൾ ഏറെ എന്നറിഞ്ഞിട്ടും സാമ്പത്തിക ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള ഈ നീക്കം കേരളത്തെ എങ്ങോട്ടാണ് നയിക്കുക?

പൊതുവിഭവ സമാഹരണത്തിന് ഭരണഘടന പല മാർഗങ്ങൾ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഏറക്കുറെ അവഗണിച്ച് ലോട്ടറി, മദ്യം, പെട്രോൾ തുടങ്ങിയവയുടെ വിൽപനയിലൂടെ ലഭിക്കുന്ന നികുതിവരുമാനത്തെയാണ് സർക്കാറുകൾ കാര്യമായും ആശ്രയിക്കുന്നത്. ഇതിൽത്തന്നെ മദ്യം, ലോട്ടറി എന്നിവ വഴിയാണ് മൊത്തം വിഭവ സമാഹരണത്തിന്റെ 35 ശതമാനമെങ്കിലും സംഭാവന ചെയ്യുന്നതെന്ന് കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്ത് പരിശോധിച്ചാൽ വ്യക്തമാകും. രണ്ട് ‘ലഹരി’കളാണ് കേരളത്തിന്റെ ഖജനാവ് കാലിയാകാതെ നിലനിർത്തുന്നതെന്ന് വേണമെങ്കിൽ പറയാം. ലോട്ടറി വില കഴിഞ്ഞവർഷംതന്നെ വർധിപ്പിച്ചു; ഖജനാവ് നിറയ്ക്കാൻ ഇനി മദ്യമൊഴുക്കുകയാണ് ലക്ഷ്യം. അതിന്റെ പരസ്യപ്രഖ്യാപനമായി കഴിഞ്ഞദിവസത്തെ മന്ത്രിസഭ യോഗം.

ഇടതുസർക്കാറിന്റെ പ്രഖ്യാപിത നയത്തിൽനിന്നുള്ള പിന്മാറ്റംതന്നെയാണിത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറച്ചുള്ള ‘മദ്യവർജന’ പരിപാടിയാണ് മുന്നണിയുടെ അടിസ്ഥാന നയം. പുതിയ മദ്യനയമാകട്ടെ, സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മദ്യവിൽപന ശാലകളെല്ലാം തുറക്കുക എന്നതാണ്. മദ്യവർജനത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച ‘വിമുക്തി’ പദ്ധതിയും പുതിയ നയത്തോടെ അപ്രസക്തമാവുകയാണ്. ‘വിമുക്തി’യുടെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ചെറുഗ്രാമങ്ങളിൽപോലും മദ്യം സുലഭമാകുന്ന സാഹചര്യത്തിൽ അതെന്തുപ്രയോജനമാണ് ചെയ്യുക എന്നചോദ്യം അവശേഷിക്കുന്നു. പരമാവധി, നിയമവിരുദ്ധ ലഹരിപദാർഥങ്ങളുടെ ഉപയോഗം തടയാൻ സാധിക്കുമായിരിക്കും. അപ്പോഴും നിയമവിധേയ ലഹരി ഇവിടെ ഒഴുകിക്കൊണ്ടിരിക്കും. ലഹരിപദാർഥങ്ങൾ ഏതുമായിക്കൊള്ളട്ടെ, അവ മൂലമുണ്ടാകുന്ന സാമൂഹികദുരന്തങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും ഇത്തരമൊരു മദ്യനയം പ്രഖ്യാപിച്ച സർക്കാറിന്റെ പ്രതിബദ്ധത ആരോടാണ്? സംസ്ഥാനത്തെ പുതിയൊരു മദ്യജന്യ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണോ അധികാരികൾ? ജനങ്ങളെ ലഹരിയിൽ മുക്കിക്കൊല്ലുന്ന ഈ നയം തിരുത്തിയേ തീരൂ.

Tags:    
News Summary - Madhyamam Editorial on Pinarayi government's liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.