രാഹുലിന് ആശ്വസിക്കാം; ഇന്ത്യക്കും

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് 130 ദിവസങ്ങൾക്കുശേഷം സുപ്രീംകോടതിയിൽനിന്ന് നീതി ലഭിച്ചിരിക്കുന്നു. പരമാവധി ശിക്ഷയായ രണ്ടുവർഷത്തെ തടവ് ലഭിക്കാൻ മാത്രം കുറ്റകരമായ പരാമർശങ്ങളൊന്നും രാഹുൽ ഗാന്ധി നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്തത്. സ്വാഭാവികമായും, രാഹുലിന്റെ അയോഗ്യതയും നീങ്ങി. മറ്റു സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെങ്കിൽ, നടപ്പു പാർലമെന്റ് സമ്മേളനത്തിൽത്തന്നെ രാഹുലിന് പങ്കെടുക്കാനുമാകും. സൂറത്ത് സെഷൻസ് കോടതിയും പിന്നീട് ഗുജറാത്ത് ഹൈകോടതിയും രാഹുലിന്റെ അപ്പീൽ തള്ളിയതിനെ തുടർന്നാണ് കേസ് പരമോന്നത നീതിപീഠം വരെയെത്തിയത്. കീഴ് കോടതികളെല്ലാം, രാഹുലിന്റെ വിവാദ പരാമർശം പരമാവധി ശിക്ഷക്ക് അർഹമാണെന്ന് ഒരുപോലെ കണ്ടെത്തിയതിലുള്ള നീരസം പരോക്ഷമായെങ്കിലും സുപ്രീംകോടതി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സംസാരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് രാഹുലിനെ ഓർമിപ്പിക്കാനും കോടതി മറന്നില്ല. അതെന്തായാലും, സുപ്രിംകോടതി തീരുമാനം രാഹുലിനും പ്രതിപക്ഷത്തിനും ഒരുപോലെ ആശ്വാസമേകുന്നതാണ്; അത്യധികം പ്രക്ഷുബ്ധമായ പാർലമെന്റിൽ രാഹുലിന്റെ സാന്നിധ്യം പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് കൂടുതൽ ഊർജം പകരുമെന്നതിൽ സംശയമില്ല. എന്തുവിലകൊടുത്തും രാഹുലിനെ പുറത്തിരുത്താനുള്ള സംഘ്പരിവാർ ശ്രമം താൽക്കാലികമായെങ്കിലും പാളിപ്പോയതിന്റെ നിരാശ മറുവശത്തും പ്രകടമാണ്. എന്നല്ല, വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയുണ്ടായ കോടതിവിധി എല്ലാ അർഥത്തിലും ബി.ജെ.പിക്കും ഭരണമുന്നണിക്കും തിരിച്ചടി തന്നെയാണ്.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മാർച്ച് 23ന് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതാണ് അദ്ദേഹം അയോഗ്യനാക്കപ്പെടുന്നതിന് കാരണമായത്. പ്രസംഗത്തിൽ ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ട് വന്നു?’ എന്ന പരാമർശത്തിനെതിരെ ഗുജറാത്തിലെ മുൻമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ പൂർണേഷ് മോദിയാണ് കേസ് കൊടുത്തത്. പരാമർശത്തിൽ മാപ്പുപറയാൻ തയാറാകാതിരുന്ന രാഹുലിന് പരമാവധി ശിക്ഷതന്നെ കോടതി നൽകി. വിധിവന്ന് 24 മണിക്കൂർ തികയുംമുമ്പേ, ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് കേവലമായൊരു സ്വാഭാവിക നടപടിയല്ലെന്നും രാഹുലിനെ ലക്ഷ്യം വെച്ച് ഭരണപക്ഷം നടത്തിയ അത്യധികം നീചമാമൊരു രാഷ്ട്രീയനീക്കമാണിതെന്നും അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപദേശപ്രകാരം രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ട ഒരു നടപടിക്രമം ലോക്സഭ സെക്രട്ടേറിയറ്റ് നേരിട്ട് കൈകാര്യം ചെയ്തതിന്റെ സാംഗത്യം പലരും ചോദ്യം ചെയ്തെങ്കിലും മൗനമായിരുന്നു അധികാരികളുടെ മറുപടി. അമൂർത്തമായൊരു പരാമർശം എങ്ങനെയാണ് അപകീർത്തികരമാവുക, ഇനി അങ്ങനെ പരിഗണിക്കപ്പെട്ടാൽ പോലും അതിന് പരമാവധി ശിക്ഷ നൽകുന്നതിലെ നീതിയെന്താണ്, മുൻകാലങ്ങളിൽ ആരുടെ പേരിലെങ്കിലും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. അപ്പീൽ നൽകിയ സെഷൻസ് കോടതിയിലും ഗുജറാത്ത് ഹൈകോടതിയിലും ഇതേ വാദമുഖങ്ങൾ ഉയർന്നപ്പോഴും അതെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, പരമോന്നത നീതിപീഠം ഈ ചോദ്യങ്ങളെ ഏറെ ഗൗരവത്തോടെ തന്നെ സമീപിച്ചു. അതിന്റെ സ്വാഭാവിക പരിണതിയാണ് കോടതിവിധി. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിൽ, അയോഗ്യത സംബന്ധിച്ച പരാമർശങ്ങൾ ഏറെ പ്രധാനമാണ്. അകാരണമായി ഒരാൾ അയോഗ്യനാക്കപ്പെടുമ്പോൾ അയാളുടെ മാത്രം അവകാശമല്ല നിഷേധിക്കപ്പെടുന്നത്; മറിച്ച്, അയാൾ പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും കൂടി അവകാശപ്രശ്നമാണത്. ആ അവകാശ നിഷേധത്തിനെതിരായ വിധിയെഴുത്തായിക്കൂടി കോടതിവിധി വായിക്കാവുന്നതാണ്.

ഇത്തരമൊരു പരാതിയിലൂടെ പൂർണേഷ് മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും രാഷ്ട്രീയലക്ഷ്യത്തെയും കോടതിക്കുമുന്നിൽ മറനീക്കി പുറത്തുകൊണ്ടുവരാനും ഈ കേസിലൂടെ രാഹുലിന് കഴിഞ്ഞിട്ടുണ്ടെന്നതും ചെറിയ കാര്യമല്ല. രാജ്യത്ത് മോദി സമുദായത്തിൽ 13 കോടി ആളുകളെങ്കിലുമുണ്ടെങ്കിലും രാഹുലിന്റെ പരാമർശം ആകെ അപകീർത്തികരമായി തോന്നിയത് ഏതാനും ബി.ജെ.പി നേതാക്കൾക്കു മാത്രമായതെങ്ങനെ എന്ന രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയുടെ ഒറ്റച്ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ മറുഭാഗത്തിന് സാധിച്ചില്ല. അല്ലെങ്കിലും, ഇക്കാര്യത്തിൽ സംഘ്പരിവാറിന്റെ ലക്ഷ്യം ഏറെ വ്യക്തമായിരുന്നു. രാഹുലിനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനുള്ള പലവിധ പദ്ധതികളിലൊന്ന് മാത്രമായിരുന്നു ഈ കേസ് തന്നെയും. ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയുംകുറിച്ച് മാർച്ചിൽ രാഹുൽ ലണ്ടനിൽ നടത്തിയ പ്രഭാഷണം രാജ്യത്തെ അപമാനിക്കുംവിധമായിരുന്നുവെന്ന് ആരോപിച്ച് ഭരണപക്ഷം അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. ഇതിന്റെ പേരിൽ, രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക പാർലമെന്ററി സമിതി രൂപവത്കരിക്കണമെന്ന് ബി.ജെ.പി നേതാക്കൾ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകുകയും ചെയ്തു. ഈ കത്തൊക്കെ പുതിയ സാഹചര്യത്തിൽ ഏതു നിമിഷവും കുത്തിപ്പൊക്കാൻ സാധ്യതയുണ്ട്. അത്രമേൽ, രാഹുലിന്റെ സാന്നിധ്യം അവർ ഭയക്കുന്നുണ്ട്. ഈ ഭയപ്പാട് ഐക്യ പ്രതിപക്ഷ നിരയായ ‘ഇൻഡ്യ’ക്ക് ഊർജം പകർന്നെങ്കിൽ പുതിയ ചരിത്രത്തിന്റെ തുടക്കമായി ഈ കോടതിവിധി രേഖപ്പെടുത്തപ്പെടും. 

Tags:    
News Summary - Madhyamam editorial on rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT