സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ബാബരി മസ്ജിദ് തകർത്തത്. അത് വ്യക്തമായ നിയമലംഘനവും കുറ്റകൃത്യവുമായിരുന്നു എന്ന് കോടതി വിധിക്കുകയും ചെയ്തു. എന്നാൽ, ഇതേ കോടതിതന്നെയാണ് ഒടുവിൽ നിയമവിരുദ്ധ കുറ്റകൃത്യത്തിന് നിയമസാധുത നൽകുന്ന വിധിയിലൂടെ പള്ളി നിന്നിടത്ത് ക്ഷേത്രം നിർമിക്കാൻ വഴിതുറന്നുകൊടുത്തത്. ബാബരി മസ്ജിദ്-രാമക്ഷേത്ര വിവാദത്തിന്റെ വിവിധ ഘട്ടങ്ങളിൽ എക്സിക്യൂട്ടിവിന്റെ ഭാഗത്തുനിന്നുണ്ടായ വർഗീയ നിലപാടുകളും നിർണായക വഴിത്തിരിവുകളിൽ ആ നീതിനിഷേധങ്ങളോട് ജുഡീഷ്യറി രാജിയായതും വർത്തമാനകാല ഇന്ത്യയുടെ വസ്തുനിഷ്ഠ ചരിത്രമെഴുതിയ പലരും രേഖപ്പെടുത്തിയിട്ടുള്ളതാണ്.
തർക്കഭൂമിയുടെ പുറംഭാഗം തങ്ങളുടെ ഉപയോഗത്തിലുള്ളതാണെന്ന് ഹിന്ദുവിഭാഗത്തിന് തെളിയിക്കാനായി എന്നതിനാൽ ഭൂമി മുഴുവൻ അവർക്ക് നൽകാമെന്ന കോടതിയുടെ അന്തിമവിധി അനേകം നിയമവിശാരദരുടെ നിശിത വിമർശനത്തിന് വിധേയമായിട്ടുള്ളതാണ്. ഇതെല്ലാമായിട്ടും, ആ വിധിക്ക് പിന്നാലെ എന്തൊക്കെയോ നടക്കുമെന്ന ഭീതി വളർത്തപ്പെട്ടിട്ടും രാജ്യത്തൊരിടത്തും അതിന്റെ പേരിൽ അക്രമം നടന്നില്ലെന്നതും ചരിത്രമാണ്.
മുസ്‍ലിംപക്ഷത്തിന്റെ നിസ്സഹായതയും നിരാശയും ആ അവസ്ഥക്ക് പിന്നിലുണ്ടാകാമെങ്കിലും ജുഡീഷ്യറിയോടുള്ള ബഹുമാനവും ഒരു ഘടകമായിരുന്നു. എത്രതന്നെ അന്യായമായാലും സുപ്രീംകോടതിയുടെ തീർപ്പ് അംഗീകരിക്കുന്നതരത്തിൽ ന്യൂനപക്ഷ മനസ്സ് പാകപ്പെട്ടിരുന്നു. പള്ളി പൊളിച്ചതിലെ കോടതിയലക്ഷ്യവുമായി താരതമ്യപ്പെടുത്തിയ നിരീക്ഷകർ ഈ നിലപാടിനെ പ്രശംസിക്കുകകൂടി ചെയ്തു. ജുഡീഷ്യൽ തീർപ്പുകളിൽ അതിനുമുമ്പ് എന്തൊക്കെ പാകപ്പിഴവുകളുണ്ടെങ്കിലും നാട്ടിൽ പടരുന്ന ന്യൂനപക്ഷ വിരുദ്ധതക്ക് ഇനി തടയിടണമെന്ന ചിന്തയും ആ അന്തിമവിധിയുടെ വരികൾക്കിടയിൽ ഉണ്ടായിരുന്നു.
1991ലെ ആരാധനാലയ നിയമം ആ വിധിയിൽ കോടതി എടുത്തുപറഞ്ഞു. 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന അവസ്ഥയിൽനിന്ന് ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം മാറ്റരുതെന്നും അങ്ങനെ മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ആ നിയമത്തിൽ പറയുന്നു. ബാബരി പള്ളി നിന്നിരുന്ന സ്ഥലം ക്ഷേത്രത്തിന് നൽകിക്കൊണ്ടുള്ള അന്തിമവിധിയിൽ സുപ്രീംകോടതി ഈ നിയമം പരാമർശിക്കുക മാത്രമല്ല നിയമബലം കൂട്ടുന്നതരത്തിൽ ആ നിയമം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം ഉൾക്കൊള്ളുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എക്സിക്യൂട്ടിവിനോ മറ്റാർക്കെങ്കിലുമോ ഇനിയങ്ങോട്ട് മറ്റൊരു മസ്ജിദിന്റെയോ ചർച്ചിന്റെയോ ക്ഷേത്രത്തിന്റെയോ മതപരമായ സ്വഭാവത്തെ തൊട്ടുകളിക്കാൻ കഴിയരുത് എന്നുതന്നെയായിരുന്നു ഉദ്ദേശ്യം.
നിർഭാഗ്യവശാൽ എക്സിക്യൂട്ടിവോ വർഗീയ സംഘങ്ങളോ അവിഹിതമായ അവകാശവാദങ്ങളുയർത്തുന്നത് തടയണമെന്ന് പറഞ്ഞ ജുഡീഷ്യറിതന്നെ ആരാധനാലയ നിയമത്തിന്റെ ചൈതന്യത്തിന് നിരക്കാത്ത നിലപാടാണ് പല കേസുകളിലുമെടുക്കുന്നതെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജി വകുപ്പിനോട് കോടതി നിർദേശിച്ചു. മഥുര ശാഹി ഈദ്ഗാഹ് മസ്ജിദിലും കോടതി മേൽനോട്ടത്തിൽ സർവേ നടത്താൻ ഉത്തരവിട്ടു. അലഹബാദ് കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ആരാധനാലയ നിയമം അവിടെയും നടപ്പാക്കിയിട്ടില്ല. നിയമങ്ങളിലെ പഴുതുകളുപയോഗിച്ച് കോടതികളിലൂടെ അന്യായവിധികൾ സമ്പാദിച്ചെടുക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുന്നതിൽ ജുഡീഷ്യറി പരാജയപ്പെടുന്നതായി ഭയക്കണം.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമല്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതരത്തിൽ ഉന്നത തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭരണഘടന അനുസരിച്ചുള്ള ഭരണമാണത്. എന്നാൽ, മുക്കാൽ നൂറ്റാണ്ടിന്റെ പാകതയിലെത്തേണ്ട നമ്മുടെ ഭരണഘടന പലതരത്തിൽ ഭീഷണിക്കിരയാകുന്നു. പാർലമെന്റിൽ പ്രതിപക്ഷശബ്ദം അടിച്ചമർത്തുന്നു. ഇരുസഭകളുടെയും നടത്തിപ്പിൽ ജനാധിപത്യ വിരുദ്ധത വർധിക്കുന്നു. ഫെഡറൽ ഘടനയുടെ കടക്കൽ കത്തിവെക്കപ്പെടുന്നു. സംസ്ഥാനങ്ങൾക്കുള്ള ന്യായമായ നികുതിവിഹിതം കൃത്രിമങ്ങളിലൂടെ വെട്ടിക്കുറച്ചതായി റിപ്പോർട്ട് ഈയിടെ പുറത്തുവന്നു. മുൻവർഷങ്ങളിൽ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രദർശനം കൂടിയായിരുന്ന റിപ്പബ്ലിക്ദിന പരേഡിൽനിന്ന് ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഇനങ്ങൾ നീക്കം ചെയ്യപ്പെടുന്നു. സംഖ്യാബലവും കൈയൂക്കും ജനാധിപത്യത്തെ ഇല്ലാതാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കഴിയുക ജുഡീഷ്യറിക്കാണ്. ആത്മവിചാരണക്കും ഉത്തരവാദിത്ത നിർവഹണത്തിനും ജുഡീഷ്യറി തയാറാകുമെന്ന് പ്രതീക്ഷിക്കാമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.