കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ വേഗ റെയിൽ പദ്ധതി സംബന്ധിച്ച് കെ-റെയിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദം പല കാരണങ്ങളാൽ ശ്രദ്ധേയമായി. സംവാദം പ്രഖ്യാപിക്കപ്പെട്ടനാൾ തൊട്ടുതന്നെ വലിയ വിവാദങ്ങളുയർന്നിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും മൂന്നുപേർ വീതമുള്ള പാനൽ എന്ന രീതിയിലാണ് പരിപാടി തുടക്കത്തിൽ ആവിഷ്കരിച്ചത്.

ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം സർക്കാർ തന്നെ നടത്തുന്ന പരിപാടി എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടതെങ്കിലും പിന്നീടത് കെ-റെയിലിന്റെ മാത്രം സംഘാടനത്വത്തിന് കീഴിലേക്ക് മാറി. ഈ സാഹചര്യത്തിലാണ്, പദ്ധതിയെ എതിർക്കുന്നവരുടെ പാനലിലുണ്ടായിരുന്ന റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമയും പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽനിന്ന് ഒഴിയുന്നതായി നേരത്തെ അറിയിച്ചത്. പദ്ധതിക്ക് ഓശാന പാടുന്നവരുടെ സംവാദമാണിതെന്ന് പ്രതിപക്ഷവും കെ-റെയിൽ വിരുദ്ധ പക്ഷത്തുള്ളവരും ആക്ഷേപിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു. ഈ വിമർശനങ്ങൾക്കിടയിലും സംവാദം ഏറെ ഭംഗിയായിത്തന്നെ അവസാനിച്ചു.

നാഷനല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍നിന്ന് വിരമിച്ച സീനിയര്‍ പ്രഫസര്‍ മോഹന്‍ എ. മേനോൻ നിയന്ത്രിച്ച സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ച് മുൻ റെയിൽവേ ബോര്‍ഡംഗം സുബോധ് കുമാര്‍ ജയിൻ, സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവർ പങ്കെടുത്തു. മറുവശം പറയാൻ വേദിയിലുണ്ടായിരുന്നത് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ആർ.വി.ജി. മേനോൻ മാത്രമായിരുന്നു. പാനലിലെ ഈ അസന്തുലിതത്തിനിടയിലും വിഷയത്തെ സമഗ്രതയോടെ സമീപിക്കാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, മാസങ്ങളായി ഈ വിഷയത്തിൽ സർക്കാറും മറ്റു അധികാര വൃത്തങ്ങളും പറയുന്നതിനപ്പുറമുള്ള യാഥാർഥ്യങ്ങളിലേക്ക് കടന്നുചെല്ലാൻ ഈ സംവാദത്തിലൂടെ സാധിച്ചിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുകയോ ആശങ്ക അറിയിക്കുകയോ ചെയ്യുന്നവരെ 'വികസന വിരോധി', 'സംസ്ഥാന ദ്രോഹി' എന്നിങ്ങനെ മുദ്രകുത്തി സംവാദത്തിന്റെ സാധ്യതകളെ തുടക്കത്തിലേ നുള്ളിക്കളയുക എന്ന സമീപനമാണ് പലപ്പോഴും പദ്ധതിയുടെ വക്താക്കളിൽനിന്നുമുണ്ടായിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽപോലും അതാണ് സംഭവിച്ചത്. വാസ്തവത്തിൽ ഇപ്പറഞ്ഞ ചാപ്പ പ്രതിപക്ഷവും ആഗ്രഹിക്കുന്നില്ല. അതിനാൽ, തങ്ങളുടെ വാദങ്ങളെ പലപ്പോഴും ലഘൂകരിക്കാനാണ് അവരും ശ്രമിച്ചിട്ടുള്ളത്. എന്നിട്ടുപോലും, പ്രസ്തുത ചർച്ചയിൽ മുഖ്യമന്ത്രിക്ക് ചുരുങ്ങിയത് രണ്ടു തവണയെങ്കിലും പ്രതിപക്ഷ നേതാവിനുമുന്നിൽ ഉത്തരം മുട്ടിപ്പോയി. പാതയുടെ ഇരുവശവും മതിലുപോലെ കെട്ടി കേരളത്തെ രണ്ടായി പകുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ, അങ്ങനെയൊരു 'മതിൽ' പദ്ധതിയിലില്ല എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

എന്നാൽ, മതിൽ പണിയുമെന്നും ആ മതിൽ പരസ്യങ്ങൾക്കുപയോഗിച്ച് വരുമാനമുണ്ടാക്കാമെന്നും ഡി.പി.ആർ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് തന്റെ വാദം സമർഥിച്ചപ്പോൾ, താൻ പറയുന്നതാണ് ഇക്കാര്യത്തിൽ ശരിയെന്നുപറഞ്ഞ് ആ ചോദ്യം അവിടെ അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇവിടെ ഡി.പി.ആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) പോലും മുഖ്യമന്ത്രി തള്ളിക്കളയുന്നുവെന്ന് ചുരുക്കം. സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ പുകമറ സൃഷ്ടിക്കാനാണ് സർക്കാറും കെ-റെയിലും ശ്രമിച്ചത്. എന്നാൽ, അത്തരം പുകമറകളെയെല്ലാം ഏറക്കുറെ പൊളിച്ചടുക്കാൻ ഈ സംവാദം ഉപകരിച്ചുവെന്നതാണ് യാഥാർഥ്യം.

പദ്ധതി സംബന്ധിച്ച് സർക്കാർ ഉന്നയിച്ച പല അവകാശവാദങ്ങളും സിൽവർ ലൈൻ അനുകൂലികളായ പാനലിസ്റ്റുകൾ തള്ളിയതാണ് സംവാദത്തിന്റെ ഫോക്കസ് പോയന്റുകളിലൊന്ന്. സാമൂഹികാഘാത പഠനത്തിന് എന്തിനാണ് കല്ലിടുന്നതെന്ന് പദ്ധതിയെ എതിർക്കുന്നവരും ജനകീയ സമരമുഖത്തുള്ളവരും ഒരുപോലെ ആവർത്തിച്ചുന്നയിച്ച ചോദ്യമാണ്. കല്ലിടാതെതന്നെ, ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റും അടയാളമിടൽ സാധ്യമാണെന്നിരിക്കെ, മഞ്ഞക്കല്ലിന്റെ ആവശ്യമില്ലെന്നാണ് സുബോധ് ജയിൻ വ്യക്തമാക്കിയത്. മാത്രമല്ല, പദ്ധതി ചെലവ് സംബന്ധിച്ച ഡി.പി.ആർ കണക്കുകളിലും അദ്ദേഹം സംശയമുന്നയിക്കുകയുണ്ടായി. ഡി.പി.ആറിൽ കാണിച്ചിട്ടുള്ളതിനേക്കാളും ചെലവ് വരുമെന്നും പദ്ധതിരേഖയിൽ പറയും പ്രകാരമുള്ള വരുമാനത്തിന് സാധ്യതയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം തന്നെയാണ് പലപ്പോഴും പദ്ധതിയെ എതിർക്കാനുള്ള കാരണമായും ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്.

അഥവാ, സിൽവർ ലൈൻ വരണമെന്ന് വാദിക്കുമ്പോഴും പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങളെ അദ്ദേഹം തള്ളിക്കളയുന്നില്ല. തള്ളിക്കളഞ്ഞതാകട്ടെ, സർക്കാറിന്റെയും കെ-റെയിലിന്റെയും അവകാശവാദങ്ങളെയും! സിൽവർ ലൈനിന് ബദലായി നിലവിലെ റെയിൽ ഗതാഗതത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്ന ആർ.വി.ജി. മേനോന്റെ നിർദേശങ്ങൾ അദ്ദേഹവും ശാസ്ത്ര സാഹിത്യ പരിഷത്തും ഇതിനു മുമ്പേതന്നെ അധികാരികൾക്കുമുന്നിൽ സമർപ്പിച്ചിട്ടുള്ളതാണ്. പരിഷത്ത് സമരപരിപാടികളിൽനിന്ന് പതിയെ മാറിനിന്നപ്പോൾ ആർ.വി.ജി. മേനോൻ തന്റെ നിലപാടുകൾ സംവാദത്തിലും ആവർത്തിച്ചുവെന്നുമാത്രം. ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന്റെ അഭാവത്തിൽ, സിൽവർ ലൈൻ മൂലമുണ്ടായേക്കാവുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് കാര്യമായ ചർച്ച നടന്നില്ല എന്നതായിരുന്നു സംവാദത്തിന്റെ പരിമിതി. എന്നിരുന്നാലും, പദ്ധതി സംബന്ധിച്ച് വിവിധ കോണുകളിൽനിന്നുയർന്ന ആശങ്കകളൊന്നും കേവല ഗൂഢാലോചന സിദ്ധാന്തങ്ങളോ 'വികസന വിരുദ്ധ' വാദങ്ങളോ ആയിരുന്നില്ലെന്ന് ഈ സംവാദം തെളിയിച്ചു. ഈ സംവാദത്തിനിടയിലും, വൻ പൊലീസ് സന്നാഹത്തിൽ കണ്ണൂരിലും മറ്റും കല്ലിടൽ പരിപാടി തുടരുന്നുണ്ടായിരുന്നു. പിന്നെയെന്തിനീ സംവാദമെന്ന ചോദ്യം സ്വാഭാവികം.

Tags:    
News Summary - Madhyamam Editorial on Silverline debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT