ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടനവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഇടപെടലാണെന്നു പറയാം. ഇത്തരമൊരു സംവിധാനം മോദി സർക്കാർ കൊണ്ടുവരുമ്പോൾ തന്നെ, ഭരണകൂടത്തിൽ കോർപറേറ്റുകൾക്കും അതിസമ്പന്നർക്കുമുള്ള സ്വാധീനം ശക്തമാകുമെന്ന് പലരും വിമർശിച്ചതായിരുന്നു. എന്നാൽ, പൗരജനങ്ങളുടെ അറിയാനുള്ള മൗലികാവകാശങ്ങളെപ്പോലും റദ്ദാക്കി പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ തീർത്തും ജനാധിപത്യവിരുദ്ധമായൊരു സംവിധാനം നിയമനിർമാണത്തിലൂടെ ചുട്ടെടുക്കുകയായിരുന്നു ഒന്നാം മോദി സർക്കാർ. തൊട്ടുപിന്നാലെ, അതിന്റെ നിയമസാധുത പരമോന്നത നീതിപീഠത്തിൽ ചോദ്യം ചെയ്യപ്പെടുകയും പ്രാഥമിക വാദങ്ങൾക്കൊടുവിൽ വിഷയം ഭരണഘടനബെഞ്ചിന്റെ പരിഗണനക്കായി വിടുകയുംചെയ്തു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് കഴിഞ്ഞദിവസം ഇക്കാര്യത്തിൽ വിധി പ്രസ്താവിച്ചപ്പോൾ സകല വിമർശനങ്ങളെയും അടിവരയിട്ടു; പദ്ധതി സുതാര്യമല്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നവരെക്കുറിച്ച് അറിയാനുള്ള പൗരരുടെ അവകാശം റദ്ദുചെയ്യുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട് എന്നുമുള്ള കോടതിയുടെ നിരീക്ഷണം അക്ഷരാർഥത്തിൽ മോദിസർക്കാറിന്റെ ഏകാധിപത്യ പ്രവണതകൾക്കേറ്റ കനത്ത തിരിച്ചടിയാണ്. അതിലുപരി, കഴിഞ്ഞ ആറു വർഷക്കാലത്തിനിടെ ബി.ജെ.പി അക്കൗണ്ടിലേക്ക് ഒഴുകിയ ആറായിരത്തിൽപരം കോടി രൂപയുടെ വഴിയേതെന്നും കോടതിവിധിയുടെ തുടർച്ചയിൽ അറിയാൻ കഴിഞ്ഞേക്കും.
രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള കള്ളപ്പണമൊഴുക്ക് തടയുക എന്ന പ്രഖ്യാപനത്തോടെയാണ് 2017ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ഇലക്ടറൽ ബോണ്ട് എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇതുസംബന്ധിച്ച വിജ്ഞാപനവും വന്നു. എസ്.ബി.ഐ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങൾ വാങ്ങി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതു രാഷ്ട്രീയപാർട്ടികൾക്കും നൽകാം; പാർട്ടികൾക്ക് അത് പണമാക്കി മാറ്റാം. ഇങ്ങനെ വന്നുചേരുന്ന പണത്തിന്റെ കണക്ക് വർഷാവർഷം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചാൽ മതി. കേൾക്കുമ്പോൾ സുതാര്യമെന്ന് തോന്നുന്ന ഒരാശയമാണിത്. എന്നാൽ, വ്യവസ്ഥാപിതമായ അഴിമതിക്കാണ് ഇത്തരമൊരു സംവിധാനം കളമൊരുക്കുക എന്നതാണ് സത്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോർപറേറ്റുകൾ നടത്തുന്ന ഇടപെടലുകൾ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. തെരഞ്ഞെടുപ്പുകളിലും ഭരണതലത്തിലും അവരുടെ സ്വാധീനവും ശക്തിയും ചില സന്ദർഭങ്ങളിലെങ്കിലും വാർത്തയും വിവാദവുമായി ഉയർന്നുകേട്ടിട്ടുമുണ്ട്.
ഇലക്ടറൽ ബോണ്ട് സംവിധാനം ആവിഷ്കരിക്കുകവഴി ഈ കോർപറേറ്റ് ഇടപെടലുകളെ സ്ഥാപനവത്കരിക്കുകയായിരുന്നു മോദി സർക്കാർ. ആര്, ആർക്കൊക്കെ, എത്ര പണം നൽകിയെന്ന് പൗരജനങ്ങൾക്ക് അറിയാൻ കഴിയാത്തവിധം ഭരണചക്രം നിയന്ത്രിക്കുന്നവർക്ക് പിന്നിലുള്ള വൻശക്തികളെ അജ്ഞാതമാക്കി നിലനിർത്തുന്നതായിരുന്നു ഈ സംവിധാനം. അതിനുവേണ്ടി പല നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തി. പ്രധാനമായും 2017ലെ ഫിനാൻസ് നിയമം തന്നെയും ഇതിനുവേണ്ടിയുള്ളതായിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം, 20,000ത്തിൽ കൂടുതൽ സംഭാവന സ്വീകരിച്ചാൽ പാർട്ടികൾ അക്കാര്യം രേഖപ്പെടുത്തുകയും അതിന് ആദായനികുതി നൽകുകയും വേണമായിരുന്നു. ഇലക്ടറൽ ബോണ്ട് വന്നതോടെ അതില്ലാതായി. കമ്പനി നിയമമനുസരിച്ച്, തൊട്ടുമുമ്പത്തെ മൂന്ന് സാമ്പത്തിക വർഷത്തെ ശരാശരി ലാഭവിഹിതത്തിന്റെ 7.5 ശതമാനമാണ് ഒരു കമ്പനിക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന പരമാവധി സംഭാവന. ഇലക്ടറൽ ബോണ്ട് നടപ്പാക്കിയപ്പോൾ ഈ പരിധി ഇല്ലാതായി; പരിധികളില്ലാതെ എത്രവേണമെങ്കിലും നൽകാമെന്ന സ്ഥിതിവിശേഷമായി. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഒരു കടലാസ് കമ്പനി ആരംഭിച്ച് എത്ര രൂപ വേണമെങ്കിലും ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി നൽകാം. ഈ കൈമാറ്റത്തിന്റെ വിവരങ്ങൾ പൊതുരേഖയായി നിലനിൽക്കുകയുമില്ല. സ്വാഭാവികമായും, ഈ ഇടപാടുകളുടെ മുഖ്യ ഗുണഭോക്താക്കൾ ഭരണപക്ഷമായിരിക്കും. അക്കാര്യം അഞ്ചു വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നുമുണ്ട്. ഇലക്ടറൽ ബോണ്ട് വഴി ഒഴുകിയെത്തിയ പണത്തിൽ 60 ശതമാനത്തിലധികവും വന്നുചേർന്നിരിക്കുന്നത് ബി.ജെ.പിക്കാണ്. കള്ളപ്പണമൊഴുക്കിനും അഴിമതിക്കും വ്യവസ്ഥാപിതമായ പാതയൊരുക്കുന്നതിലൂടെ ആ പാർട്ടി നേടിയെടുത്തതാണ് ഇത്രയും തുക. ഈ സ്ഥാപനവത്കൃത അഴിമതിക്കാണ് പരമോന്നത നീതിപീഠം പ്രതിരോധം തീർത്തിരിക്കുന്നത്.
സാധാരണ ജനങ്ങളെ കാണാമറയത്ത് നിർത്തി വഴിവിട്ട കോർപറേറ്റ്-രാഷ്ട്രീയ പാർട്ടി ഇടപാടുകൾക്ക് കളമൊരുക്കിയ ഒരു സംവിധാനം റദ്ദാക്കപ്പെെട്ടങ്കിലും തെരഞ്ഞെടുപ്പ് രംഗങ്ങളിലും ഭരണതലത്തിലുമുള്ള വൻശക്തികളുടെ സ്വാധീനം ഇല്ലാതാക്കാനാകും എന്നൊന്നും കരുതാനാവില്ല. സുപ്രീംകോടതി വിധിയോടുള്ള കേന്ദ്രസർക്കാറിന്റെ സമീപനമെന്തായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ, വിശേഷിച്ചും പുനഃപരിശോധന ഹരജിയുടെ സാധ്യത കേന്ദ്രത്തിന്റെ മുന്നിലിരിക്കെ. അതോടൊപ്പം, ചില നിയമ സങ്കീർണതകളും സുപ്രീംകോടതി വിധിയോടെ സംജാതമായിട്ടുണ്ട്. ഇലക്ടറൽ ബോണ്ടിനായി കൊണ്ടുവന്ന നിയമഭേദഗതികളും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഈ സങ്കീർണതകളെ മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള സാവകാശവും സർക്കാറിനില്ല. അതോടൊപ്പം, രണ്ടാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമീഷനും എസ്.ബി.ഐയും ബോണ്ട് വിവരങ്ങൾ പുറത്തുവിടാനും സാധ്യതയുണ്ട്. അത് ബി.ജെ.പിക്ക് അത്രകണ്ട് ഹിതകരമായിക്കൊള്ളണമെന്നില്ല. അപ്പോൾ, ഇതിനെയെല്ലാം മറികടക്കാൻ എന്തു തന്ത്രമായിരിക്കും കേന്ദ്രം പ്രയോഗിക്കുക എന്ന് കാത്തിരുന്നുതന്നെ കാണണം. ഇതിനെല്ലാമുപരി, തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ-വിനിയോഗം സംബന്ധിച്ച് സുതാര്യമായൊരു നിയമത്തിന്റെ അഭാവം ഇപ്പോഴും നിഴലിക്കുന്നുവെന്നതും നീതിപീഠത്തിന്റെ ഈ ചരിത്ര ഇടപെടൽ ഓർമപ്പെടുത്തുന്നുണ്ട്. പ്രശ്നം മാത്രമാണ് നീതിപീഠം ചൂണ്ടിക്കാണിച്ചത്; പരിഹാരം ഇപ്പോഴും അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.