വിവാദങ്ങളും ആശങ്കകളും ബാക്കിവെച്ചു ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ (ഡി.പി.ഡി.പി ബിൽ 2023) നിയമമാകുകയാണ്. ലോക്സഭയിലും രാജ്യസഭയിലും പാസായിരിക്കുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തത് പ്രാവർത്തികമാകും. മണിപ്പൂർ വംശീയാക്രമണ പശ്ചാത്തലത്തിൽ ലോക്സഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അംഗീകാരം നൽകിയിരിക്കെ ഇത്തരം പ്രധാന ബില്ലുകൾ സഭയിൽ വരുന്നതും പാസാക്കുന്നതും ശരിയായ നടപടിയാണോ എന്ന ക്രമപ്രശ്നം പ്രതിപക്ഷം ഉയർത്തിയിരുന്നു. പക്ഷേ, അത്തരം ജനാധിപത്യ മൂല്യങ്ങളും കീഴ്വഴക്കങ്ങളും പഥ്യമല്ലാത്ത സർക്കാർ എന്നത്തെയുംപോലെ ആ വാദഗതികൾ അവഗണിക്കുകയും ഇതൊരവസരമാക്കി പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ ഭേദഗതികളും തള്ളി വലിയ ചർച്ചകളൊന്നുമില്ലാതെ പാസാക്കിയെടുക്കുകയുമായിരുന്നു.

ഡേറ്റാ ചോർച്ചകൾ രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽകൂടിയായിരുന്നു സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുന്നതും അത് മൗലികാവകാശമാെണന്ന ചരിത്രപ്രധാനമായ വിധിയുണ്ടാവുകയും ചെയ്യുന്നത്. വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തിന് നിയമനിർമാണം നടത്താൻ സർക്കാറിനോടവർ നിർദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം 2017 ആഗസ്റ്റിൽ ആ നിയമനിർമാണത്തിനുവേണ്ടി കരട് തയാറാക്കുന്നതിന് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമീഷനെ നിശ്ചയിക്കുകയും അവർ 2018 ജൂലൈയിൽ അത് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കേന്ദ്രം പാർലമെന്‍റിൽ കൊണ്ടുവന്ന ബിൽ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന പുട്ടസ്വാമി കേസിലെ വിധിയുടെ അന്തഃസത്തക്ക് നേർവിരുദ്ധമായിരുന്നു. സർക്കാറിനുവേണ്ടി കരട് തയാറാക്കിയ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണക്കുപോലും ആശങ്ക രേഖപ്പെടുത്തേണ്ടിവരുമാറ് പൗരാവകാശധ്വംസന സാധ്യതകളടങ്ങിയതായിരുന്നു പാർലമെന്റിൽ സമർപ്പിച്ച ബില്ലിലെ ഉള്ളടക്കം. പ്രതിഷേധങ്ങൾക്കൊടുവിൽ 2022 ആഗസ്റ്റ് മൂന്നിന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ മന്ത്രി അശ്വിനി വൈഷ്ണവിന് അത് പിൻവലിക്കേണ്ടിവന്നു.

വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ അവരറിയാതെ ചൂഷണം ചെയ്യപ്പെടുന്നത് തടയുക എന്നതായിരിക്കണം ഒരു ഡേറ്റ സംരക്ഷണ നിയമനിർമാണത്തിന്‍റെ പ്രേരണ. ദൗർഭാഗ്യവശാൽ ലോക്സഭയും രാജ്യസഭയും പാസാക്കിയ പുതിയ ബിൽ, ഈ പരിരക്ഷയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യ സന്ദർഭത്തിലുയർന്ന ആശങ്കകളെ കേന്ദ്രം ഒട്ടും മുഖവിലക്കെടുത്തില്ല എന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് നിയമത്തിലെ പല വകുപ്പുകളും. ബില്ലിന്റെ സെക്ഷൻ 36 പ്രകാരം, മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ ഉറവിടങ്ങളുൾെപ്പടെ പൗരരുടെ സ്വകാര്യ വിവരങ്ങൾ സർക്കാറിന് നൽകാൻ നിർബന്ധിതമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തന്നെ പരസ്യമായി കുറ്റപ്പെടുത്തിയിരിക്കുന്നു. ദേശീയ സുരക്ഷ, വിദേശ സർക്കാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സമാധാന പരിപാലനം തുടങ്ങിയവ മുൻനിർത്തി വ്യക്തിവിവരങ്ങളിൽ കടന്നുകയറാനും ഔദ്യോഗിക വിവരങ്ങൾ പരസ്യപ്പെടുത്തുന്നതു വേെണ്ടന്നുവെക്കാനും ഈ ബിൽ സർക്കാറിന് അധികാരം നൽകുന്നു. സർക്കാർകൂടി പ്രതിയാകുന്ന വിഷ‍യങ്ങളിൽ പൗരജനങ്ങൾക്ക് നിയമപരിരക്ഷയില്ലെന്നു മാത്രമല്ല, ഏതൊരാളുടെയും സ്വകാര്യ വിവരങ്ങൾ വ്യക്തികളും സന്നദ്ധ സംഘടനകളും ഡേറ്റാ ശേഖരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികൾക്ക് നൽകാൻ നിയമപരമായി ബാധ്യതയുണ്ടാക്കുന്നതാണ് പാർലമെന്‍റ് പാസാക്കിയ നിയമമെന്ന് ചുരുക്കം.

2005ലെ വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) സെക്ഷൻ 8(1)(ജെ) മുഴുവൻ ഭേദഗതി ചെയ്യപ്പെടുന്നതിലൂടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പല വിവരങ്ങളും മറച്ചുവെക്കാനും രഹസ്യമായി സൂക്ഷിക്കാനും കഴിയും. മറ്റൊരർഥത്തിൽ സമർഥമായി സ്വകാര്യതാ സംരക്ഷണത്തിന്‍റെ പേരിൽ വിവരാവകാശ നിയമത്തിനെ ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ നിയമ നിർമാണത്തിലൂടെ കേന്ദ്രത്തിന് ഡിജിറ്റൽ സെൻസർഷിപ്പിനുള്ള വിപുലമായ അധികാരങ്ങളും ഡേറ്റകൾ രഹസ്യമായി സൂക്ഷിക്കാനുള്ള അപരിമിതമായ അവകാശങ്ങളും ലഭ്യമാകുകയാണ്.

സ്വകാര്യവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി രൂപവത്കരിക്കുന്നുവെന്ന് പറയപ്പെടുന്ന ഡേറ്റ സുരക്ഷാ സമിതിയുടെ അധികാരവും രാഷ്ട്രീയ ദുരുപയോഗ സാധ്യതയുണ്ടെന്ന് വിമർശനമുണ്ട്. ഡേറ്റ സംരക്ഷണ ബോർഡിന്‍റെ നടപടികളിൽ ഇടപെടാനോ വിലക്കാനോ സിവിൽ കോടതിക്ക് അധികാരമില്ല. അവരുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാറിന് ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യാനും പിഴചുമത്താനും അവകാശമുണ്ട്. തീർച്ചയായും പൗരജനങ്ങളുടെ സ്വകാര്യതക്ക് വിലകൽപിക്കുന്ന ധാരാളം നിയമപരിരക്ഷകൾ ഉൾപ്പെടുന്ന ബിൽ ഭരണകൂടത്തിന്‍റെ ഒരു മർദക ഉപകരണംകൂടിയാക്കി മാറ്റുന്നതിൽ സർക്കാർ വിജയിച്ചിരിക്കുന്നു. അതാകട്ടെ, സുപ്രീംകോടതി നിഷ്കർഷിച്ച പൗരരുടെ സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാെണന്ന പ്രഖ്യാപനത്തിന്‍റെ അന്തഃസത്തയെ നിരാകരിക്കുന്നതും.

Tags:    
News Summary - Madhyamam Editorial on The Digital Personal Data Protection Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.