സർക്കാറും ഗവർണറും തമ്മിലെ പോര് മൂർധന്യത്തിൽ നിൽക്കുന്നതിനാൽ മാധ്യമനിയന്ത്രണ ബിൽ കൊണ്ടുവരുന്നതിൽനിന്ന് സംസ്ഥാന ഭരണകൂടം തൽക്കാലം പിൻവാങ്ങിയിരിക്കുന്നു. രണ്ടു മാധ്യമങ്ങളോട് 'ഗെറ്റൗട്ട്' പറഞ്ഞതിനെതിരെയുൾപ്പെടെ, ഗവർണർക്കെതിരെ പ്രതിഷേധം ഉയർത്തുന്നതിനിടെ മാധ്യമ മാരണനിയമം കൊണ്ടുവന്നാൽ തിരിച്ചടിയായേക്കുമെന്ന ഭയത്തിൽനിന്ന് രൂപംകൊണ്ട അടവുനയം മാത്രമാണ് ഈ പിൻവാങ്ങൽ എന്ന് വ്യക്തം. നിയമത്തിന് വ്യക്തതയും കൂടുതൽ പഴുതടച്ച ഭേദഗതികളും ആവശ്യമാണെന്ന വിലയിരുത്തലുമുണ്ട്. അതായത് അനുകൂല സാഹചര്യം രൂപപ്പെട്ടാൽ ഏതുസമയവും കൂടുതൽ നിയന്ത്രണങ്ങളോടെ ബിൽ വീണ്ടുമെത്താം.
കേരളത്തിലെ പിണറായി വിജയൻ സർക്കാർ ഇത്തരം ഒരു ഉള്ളടക്ക നിയന്ത്രണ ബില്ലുമായി വരുന്നത് ആദ്യമല്ല. രണ്ടുവർഷം മുമ്പ് ഇതേ പരീക്ഷണത്തിന് സർക്കാർ മുതിർന്നിരുന്നു. പൊലീസ് നിയമത്തിലെ 118 എ നിയമം ഭേദഗതി ചെയ്തായിരുന്നു ഈ നീക്കം. വിമർശനം സംസ്ഥാനവും കടന്നുപോയതോടെ ഓർഡിനൻസായി വന്ന ബിൽ മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിലെ ഭേദഗതി മാധ്യമങ്ങൾക്കെതിരെയും പ്രയോഗിക്കാവുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. ഐ.പി.സി നിയമത്തിലെ 292ാം വകുപ്പ് ഭേദഗതി ചെയ്താണ് പുതിയ നീക്കം. ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ലക്ഷ്യമിട്ട് ഏതെങ്കിലുംതരത്തിൽ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളുന്ന ഈ വ്യവസ്ഥകൾ പ്രകാരം ഉള്ളടക്കം അപമാനമാണെന്നോ അപകീർത്തികരമാണെന്നോ ആർക്ക് തോന്നിയാലും പരാതി നൽകാനും അത് നിയമം ഉപയോഗിച്ച് നേരിടാനും സാധിക്കും. അതായത് ഹിതകരമല്ലാത്ത വാർത്ത നൽകുന്നതോ സംപ്രേഷണം ചെയ്യുന്നതോ എന്തിന് ആക്ഷേപഹാസ്യകരമായ ട്രോൾ വിഡിയോ ഇറക്കുന്നതുപോലും ഈ നിയമസംവിധാനത്തിൽ വലിയ പാതകമായി മാറിയേക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടുവർഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ആവർത്തിച്ചാൽ ശിക്ഷ പിന്നെയും കൂടും. സമൂഹമാധ്യമങ്ങളിലെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനാണിതെന്ന് പറയുമെങ്കിലും നിയമം വളച്ചൊടിക്കാനോ അത് ദുരുപയോഗം ചെയ്യാനോ നിലവിലെ നിയമവാഴ്ചാസംവിധാനത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. യു.എ.പി.എ പോലുള്ള നിയമങ്ങളുടെ പ്രയോഗം ഇതിനകംതന്നെ ഉദാഹരണമായി മുന്നിലുണ്ട്.
ഭരണകൂടത്തിന് അസ്വാരസ്യം തോന്നുന്ന ഘട്ടങ്ങളിൽ മാധ്യമങ്ങളെ ശല്യക്കാരായി പ്രഖ്യാപിക്കുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അടിയന്തരാവസ്ഥക്കാലത്ത് സാക്ഷ്യംവഹിച്ചതിനെക്കാൾ മാരകമായ സെൻസർഷിപ്-അടിച്ചമർത്തൽ നീക്കങ്ങളാണ് നിലവിൽ നാം നേരിടുന്നത്. അതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും ഇല്ല.
രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് സർക്കാർ പത്രമാരണ ബിൽ തയാറാക്കിയപ്പോൾ രൂക്ഷമായി എതിർത്തവരാണ് ഇന്ന് ഏറ്റവും മാരകമായ മാധ്യമവിരുദ്ധ നീക്കങ്ങൾ നടത്തുന്നത്. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളെയും ഭരണകൂടം ഒന്നൊന്നായി കീഴ്പ്പെടുത്തിവരുന്നു. വഴങ്ങാൻ കൂട്ടാക്കാത്തവർക്കുനേരെ റെയ്ഡും കേസും നടപടികളും. ഈയിടെ ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ 'ദ വയറി'നെതിരെ നടത്തുന്ന പകപോക്കലുകളാണ് ഒടുവിലത്തെ ഉദാഹരണം.
അധികാരത്തിലിരിക്കുന്നവർക്കും അവരുടെ ആരാധകർക്കും അപ്രിയസത്യങ്ങളോട് എന്നും അനിഷ്ടമാണ്; ഭരണപക്ഷത്തിന്‍റെ അരുതായ്മകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾ പ്രതിപക്ഷത്തിന് ഏറെ പ്രിയപ്പെട്ടതുമാവും. എന്നാൽ, ഭരണപക്ഷത്തെത്തുമ്പോൾ അവരും മാധ്യമവിരുദ്ധരാവും. മാധ്യമപ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്ന് പറയുന്ന മുഖ്യമന്ത്രിയും 'ഇറക്കിവിടാത്തത് എന്‍റെ മര്യാദ'യെന്ന് പറയുന്ന പ്രതിപക്ഷ നേതാവും 'ഗെറ്റൗട്ട്' പറയുന്ന ഗവർണറും പ്രസരിപ്പിക്കുന്നത് ഒരേതരത്തിലെ മാധ്യമവിരുദ്ധ മനോഗതിതന്നെയാണ്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തിരുവായ്ക്ക് എതിർവായ് പറയാത്ത അപദാനമെഴുത്തുകാരാക്കാൻ വർഗീയ വലതുപക്ഷം നടത്തിവരുന്ന നീക്കങ്ങൾ ഇടതുപക്ഷ സർക്കാറും അനുകരിക്കുന്നു എന്നത് അത്യന്തം അപകടകരമാണ്.
മാധ്യമ നിയന്ത്രണ ബിൽ തൽക്കാലം മാറ്റിവെച്ചു എന്നല്ലാതെ, അത് വേണ്ടെന്നുവെക്കാൻ സർക്കാർ തയാറായിട്ടില്ല. തക്ക അവസരത്തിന് കാത്തിരിക്കുന്നു എന്നുമാത്രം. ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പിന് മാധ്യമസ്വാതന്ത്ര്യം കൂടിയേ തീരൂ. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അനുബന്ധമായാണ് മാധ്യമസ്വാതന്ത്ര്യത്തേയും കണക്കാക്കുന്നത്. അവ നിയന്ത്രിക്കാനോ കൂച്ചുവിലങ്ങിടാനോ തകർക്കാനോ ഉള്ള ഏതുനിയമവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഏതുവിധവും എതിർത്തേതീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.