ഫാഷിസത്തെ നിർവചിക്കാനുള്ള ഏറ്റവും എളുപ്പമാർഗം ഫാഷിസത്തിെൻറ ചരിത്രം എഴുതുക എന്നതാണെന്ന് ഇറ്റാലിയൻ ചരിത്രകാരനായ ടാസ്ക് പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിെൻറയും സഹവർത്തിത്വത്തിെൻറയും പാതവെടിഞ്ഞ് ആക്രമണോത്സുകതയുടെ ശൈലി സ്വീകരിച്ച ഹിന്ദുത്വാധിഷ്ഠിത തീവ്രവലതുപക്ഷത്തെ ഫാഷിസവുമായി എത്രകണ്ട് സമീകരിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരം അനുഭവങ്ങളിലൂടെ കണ്ടെത്തിക്കൊണ്ടിരിക്കയാണല്ലോ നാം ഓരോ ദിവസവും. ഡൽഹിയിൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ കടന്നുകയറി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാൻ ‘ഭാരതീയ ഹിന്ദുസേന’ എന്ന സംഘടനയുടെ ബാനറിൽ രണ്ടു ചെറുപ്പക്കാർ നടത്തിയ ഹീനശ്രമം ഫാഷിസ്റ്റ് പ്രവണതകൾ നമ്മുടെ ദൈനംദിനജീവിതത്തെ എന്തുമാത്രം അസ്വാസ്ഥ്യമാക്കുന്നുവെന്നതിെൻറ അവസാനത്തെ മുന്തിയ ഉദാഹരണമാണ്.
സംഘ്പരിവാർ ഭീഷണി നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പോളിറ്റ് ബ്യൂറോ യോഗത്തിൽ സംബന്ധിക്കാൻ എത്തിയതുകൊണ്ട് എ.കെ.ജി ഭവന് മതിയായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നിട്ടും ഇമ്മട്ടിൽ അതിക്രമിച്ചുകയറിയതും വാർത്തസമ്മേളനത്തിനു പുറപ്പെട്ട യെച്ചൂരിയെ പിന്തുടർന്ന് കൈയേറ്റത്തിനു ശ്രമിച്ചതും ഗൗരവതരമായി കാണേണ്ട വിഷയമാണ്. സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായവർ ഭാരതീയ ഹിന്ദുസേന പ്രവർത്തകരാണെന്നാണ് പൊലീസ് ഭാഷ്യം. ഏതു പേരിലായാലും അക്രമികൾ ആർ.എസ്.എസുകാരാണെന്ന് സി.പി.എം തറപ്പിച്ചുപറയുന്നു. ഓരോരോ ദൗത്യം നിർവഹിക്കാൻ ഓരോരോ പേരിൽ സംഘങ്ങളെ പറഞ്ഞുവിടുകയും സംഭവം വിവാദമാകുമ്പോൾ തലയൂരുകയും ചെയ്യുന്ന ഏർപ്പാട് സംഘടനയുടെ പിറവി തൊട്ട് നമുക്ക് കാണാൻ സാധിക്കുന്നതുകൊണ്ട് നിഷേധം കാര്യമാക്കേണ്ടതില്ല. കടുത്ത ജനാധിപത്യവിരുദ്ധതയാണ് ഹിന്ദുത്വയുടെ മുഖമുദ്ര. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും പാർട്ടിയോടും എതിർപ്പുണ്ടെങ്കിൽ അത് വെച്ചുപുലർത്താനും അതിനെതിരെ ആശയപ്രചാരണം നടത്താനും അവർക്ക് അവകാശമുണ്ട്. എന്നാൽ, ഒരു പാർട്ടിയുടെ ആസ്ഥാനത്ത് ചെന്ന് അതിെൻറ അമരക്കാരനുനേരെ മുദ്രാവാക്യം വിളിക്കുകയും കൈയോങ്ങുകയും ചെയ്യുന്ന തെമ്മാടിത്തം കഴിഞ്ഞ 70 വർഷമായി നാം വളർത്തിയെടുത്ത ജനാധിപത്യത്തിെൻറ സകല ഈടുവെപ്പുകളെയും തരിപ്പണമാക്കുന്നുണ്ട്്. ഗുണ്ടായിസവും ജനാധിപത്യവും ഒരിക്കലും ഒത്തൊരുമിച്ച് പോകില്ല.
കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സൈന്യത്തിെൻറ നടപടിയെ വിമർശിച്ച് സി.പി.എം മുഖപത്രമായ പീപ്ൾസ് ഡെമോക്രസിയിൽ മുഖപ്രസംഗം എഴുതിയതിന് പ്രതിഷേധിക്കാനാണ് പ്രവർത്തകർ എ.കെ.ജി ഭവനിലെത്തിയത് എന്ന ഹിന്ദുസേന തലവൻ വിഷ്ണു ഗുപ്തയുടെ വിശദീകരണത്തിൽനിന്നുതന്നെ മറ്റുള്ളവരെ രാജ്യേദ്രാഹികളാക്കാനുള്ള തത്രപ്പാടിൽ ഇക്കൂട്ടർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ നമ്മുടെ ജനാധിപത്യജീവിതത്തിന് എന്ത് ആഘാതമാണ് ഏൽപിക്കുന്നതെന്ന് വ്യക്തമാവുന്നു. കശ്മീരിൽ പട്ടാളം ചെയ്ത മനുഷ്യത്വരഹിതവും ക്രൂരവുമായ ഒരു നടപടിയെ അപലപിച്ചതിനെ സൈന്യത്തോടുള്ള അവഹേളനമായും രാജ്യസ്നേഹമില്ലായ്മയുടെ നിദാനമായും അവതരിപ്പിച്ച് സ്വയം ദേശസ്നേഹികളായി ചമയാനുള്ള തറവേല കണ്ടില്ലേ? തീവ്രവലതുപക്ഷത്തിെൻറ സ്ഥിരം അടവുകളിലൊന്നാണിത്.
ദേശസ്നേഹവും സാംസ്കാരികമഹിമകളുമെല്ലാം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ ശത്രുക്കളാക്കി മുദ്രകുത്താനും വിദ്വേഷത്തിെൻറ രാഷ്ട്രീയം പരന്നൊഴുക്കാനുമുള്ള ഒളിപ്പുരകൾ മാത്രമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഇത് മൂന്നാം തവണയാണെത്ര സി.പി.എം പാർട്ടി ആസ്ഥാനം ആക്രമിക്കപ്പെടുന്നത്. യെച്ചൂരിക്കുനേരെ നാഗ്പുരിലും മുഖ്യമന്ത്രി പിണറായി വിജയനുനേരെ ഹൈദരാബാദിലും മംഗളൂരുവിലും സംഘ്പരിവാർ തെരുവിലിറങ്ങിയത് ഹിന്ദുത്വ രീതിശാസ്ത്രം എന്തുമാത്രം ജനായത്തവിരുദ്ധവും പ്രാക്തനവുമാണെന്ന് ലോകത്തിനു കാട്ടിക്കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ടത് ഉജ്ജൈനിലെ ഒരു വി.എച്ച്.പി നേതാവാണ്. തങ്ങൾ ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ എന്താണോ ലക്ഷ്യമിടുന്നത് അതിെൻറ വിപരീതഫലമാണ് ഇതുകൊണ്ടുണ്ടാവുന്നതെന്ന യാഥാർഥ്യം ഇവർ മനസ്സിലാക്കുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കുന്നതിൽ തങ്ങൾ മാത്രമാണ് ഇച്ഛാശക്തിയോടെ രംഗത്തുള്ളതെന്നും തങ്ങളുടെ പ്രതിജ്ഞാബദ്ധതക്ക് മുന്നിൽ കേന്ദ്രത്തിലെ അധികാരംപോലും നിഷ്പ്രഭമാണെന്നും സി.പി.എം നേതൃത്വത്തിന് വേണമെങ്കിൽ വാദിക്കാം.
സമീപകാലത്ത് മോദി സർക്കാർ കൊണ്ടുവന്ന കന്നുകാലിച്ചന്തയുടെമേലുള്ള കടിഞ്ഞാണും പൗരന്മാരുടെ ഭക്ഷണശൈലിയിൽ നടത്തിയ ഇടപെടലുകളും ദേശീയതലത്തിൽതന്നെ വിവാദമാക്കുന്നതിൽ ഇടതുപക്ഷത്തിനു നേതൃത്വംകൊടുക്കുന്ന പാർട്ടി വഹിക്കുന്ന പങ്ക് അധികാരത്തിലിരിക്കുന്നവരെ അലോസരപ്പെടുത്തുന്നുണ്ടാവാം. തെറ്റ് തിരുത്തുന്നതിനു പകരം ശബ്ദിക്കുന്നവരെ അടിച്ചമർത്താൻ ഒരുമ്പെടുന്നത് ഭീരുത്വവും അവിവേകവുമാണ്. ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്നും നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കു മുന്നിൽ കീഴടങ്ങുന്ന പ്രശ്നമില്ലെന്നുമുള്ള യെച്ചൂരിയുടെ വാക്കുകൾ ആർജവത്തിേൻറതാണ്. നാമിതുവരെ വളർത്തിയെടുത്ത പറയാനും കേൾക്കാനുമുള്ള ജനാധിപത്യസംസ്കാരം കാടത്തത്തിെൻറ ദംഷ്ട്രകൾക്കുള്ളിൽ ഞെരിഞ്ഞമരാൻ അനുവദിച്ചുകൂടാ എന്ന് പ്രതിജ്ഞ പുതുക്കേണ്ട സന്ദർഭമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.