മല്ലയുദ്ധം നടത്തിവേണോ​? വികസനം




ജനങ്ങൾക്കുമേൽ അധിനിവേശം നടത്തി വേണോ വികസനം എന്ന ചോദ്യമുയർത്തുന്നതാണ് കെ-റെയിൽ സർവേയുടെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ. വിവിധ ജില്ലകളിൽ അധികൃതർ പൊലീസ് അകമ്പടിയോടെ നടത്തുന്ന കടന്നുകയറ്റം ജനങ്ങളുടെ വലിയ പ്രതിഷേധവും ആശങ്കയും വിളിച്ചുവരുത്തുന്നതാണ്​. വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും പ്രായമേറിയവരെയും ഭീഷണിപ്പെടുത്തി അടുക്കളയിൽ വരെ കെ-റെയിൽ ​കുറ്റിയിടുന്ന, പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ച് പിടിച്ചുകൊണ്ടുപോകുന്ന സ്ഥിതിവിശേഷം​ ഒരു ക്രമസമാധാന പ്രശ്നമായി വളരുകയാണ്​. വികസനപ്രവർത്തനം ജനപങ്കാളിത്തത്തോടെ നടത്താൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടം സ്വന്തം വീട്ടിലും വീട്ടുവളപ്പിലും സിൽവർലൈൻ കുറ്റികൾ അടിച്ചുതാഴ്ത്തുമ്പോൾ നെഞ്ചുപൊട്ടുന്ന പാവപ്പെട്ടവരെ മേക്കിട്ടുകയറാൻ കാട്ടുന്ന അത്യുത്സാഹം മനുഷ്യത്വവിരുദ്ധമാണെന്നു പറഞ്ഞേ തീരൂ.

സർവേ നടന്ന പലയിടത്തും വലിയ ജനകീയപ്രതിരോധങ്ങളും സംഘർഷങ്ങളുമുണ്ടായി. സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യക്ക് ഒരുമ്പെട്ടവരുണ്ട്​. ചെങ്ങന്നൂരി​നടുത്ത കൊഴുവല്ലൂരിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മണിയടിച്ച് ആളെ കൂട്ടിയാണ് സർവേക്കെതിരെ ജനം ചെറുത്തുനിൽപു നടത്തിയത്​. അവിടെ പൂതംകുന്ന് കോളനിയിൽ ജനങ്ങളുടെ ചെറുത്തുനിൽപ്​ ശക്തമായപ്പോൾ അധികൃതർക്ക്​ തൽക്കാലം പിന്തിരിയേണ്ടിവന്നു. വ്യാഴാഴ്ച കോട്ടയം മാടപ്പള്ളിയിലെ സംഘർഷം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമുന്നിലേക്കും എത്തി. കുട്ടികളെയും സ്ത്രീകളെയും ഒരു വിവേചനവും വിവേകവുമില്ലാതെയാണ്​ പൊലീസ് കൈകാര്യം ചെയ്തത്. പൊലീസ് അതിക്രമത്തിനെതിരെ വെള്ളിയാഴ്​ച ചങ്ങന​ാശ്ശേരിയിൽ ഹർത്താൽ ആചരിക്കുകയാണ്​. പൊലീസ് നടപടിയുടെ പേരിൽ നിയമസഭയിലും പ്രതിഷേധമുയർന്നു. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഭീകരതയാണ്​ പലയിടത്തും പൊലീസ്​ കാഴ്ചവെച്ചത്​. ജീവിതോപാധികൾക്കും ജീവിതയിടങ്ങൾക്കുംമേൽ കൈവെക്കുമ്പോൾ ഒരിത്തിരി മനുഷ്യ​പ്പറ്റ്​ ഭരണകൂടവും അവരുടെ പൊലീസ​ും കാണിക്കേണ്ടതില്ലേ? സങ്കൽപത്തിലും കടലാസിലും പ്രസംഗത്തിലുമല്ലാതെ ഇനിയും വ്യക്തമായ കർമപദ്ധതി പൂർത്തിയായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു സംരംഭത്തിനുവേണ്ടി ജനവുമായി ​തെരുവുയുദ്ധത്തിനിറങ്ങിത്തിരിക്കുന്നത്​ എന്തിന്​ എന്നു സർക്കാർ വ്യക്തമാക്കണം. രണ്ടും മൂന്നും സെന്‍റു സ്ഥലങ്ങളിൽ വേണ്ട മുന്നറിയിപ്പില്ലാതെ പെട്ടെന്നൊരു നാൾ സർവേക്കല്ലുകളുമായി ചാടിവീഴുന്നത്​ ഏതു ജനാധിപത്യരീതിയാണ്​ എന്നാണ്​ ജനം ചോദിക്കുന്നത്​. സംഘടനകളുടെ കൊടിപിടിച്ച പ്രതിഷേധങ്ങളായിരുന്നില്ല കഴിഞ്ഞ ദിവസം കോഴിക്കോട്​ നഗരപ്രാന്തത്തിൽ കണ്ടത്​. മരുഭൂമിയിലും മറുനാട്ടിലും ആയുഷ്കാലം ഹോമിച്ച്​ ​െപറുക്കിക്കൂട്ടിയതുകൊണ്ട്​ ഒരുക്കൂട്ടിയ പാർപ്പിടങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ ചാടിവീണു കല്ലിട്ടു കടന്നുകളയുന്ന രീതിയാണ്​ അവിടെ കണ്ടത്​. പെട്ടെന്നൊരു നാൾ കുടിയിറക്കിന്‍റെ കുറ്റി മുറ്റത്ത്​ അടിച്ചുതാഴ്ത്തുന്നതുകണ്ട്​ വാവിട്ട് കരയുന്ന അമ്മമാരും ലാത്തിയടിയേറ്റ് വീണിട്ടും എഴുന്നേറ്റുനിന്ന് മുദ്രാവാക്യം മുഴക്കുന്ന പെൺകുട്ടിയും പൊലീസിന്റെ കാലിൽ പിടിച്ച് കെഞ്ചുന്ന യുവാവുമൊക്കെ ഇടതുവികസനത്തിന്‍റെ വിശേഷമുദ്രകളായിത്തീരുന്നത്​ ആശാസ്യമാണോ? ഈ പാവങ്ങളുടെ സങ്കടങ്ങൾക്ക്​ ചെവികൊടുക്കേണ്ട ഹൃദയപക്ഷമെന്നു സ്വയം വിശേഷിപ്പിക്കുന്നവർ പക്ഷേ, കുടിയിറക്കപ്പെടുന്നവരുടെ നെഞ്ചിൽ അധികാരപ്രമത്തതയുടെ കുറ്റിയടിക്കുന്നതാണ്​ കാണുന്നത്​. പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും കെ- റെയിലിന്റെ കല്ലിളക്കിയാൽ ഇനിയും തല്ലുകിട്ടുമെന്നും നടക്കുന്നത് ഇവൻറ് മാനേജ്മെന്റ് സമരമാണെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ ഈ അഹന്തയുടെ വിളംബരമാണ്​. അതുകൊണ്ട്, മറച്ചുപിടിക്കാനോ പിന്നോട്ടടിപ്പിക്കാനോ കഴിയുന്നതല്ല ജനങ്ങളുടെ കണ്ണീരിലും ചോരയിലും മുങ്ങിയ പ്രതിഷേധം എന്ന്​ ഇത്തരം സമരങ്ങളുടെ പ്രായോജകരായിരുന്നവരെ ആരെങ്കിലും പഠിപ്പിച്ചിട്ടുവേണോ?

തിരൂർ മുതൽ കാസർകോട് വരെ പാത നിലവിലെ പാതക്ക് സമാന്തരമായാണ് പോകുന്നതെന്നും അതിനാൽ വലിയ തോതിൽ ഏറ്റെടുക്കലുണ്ടാകില്ലെന്നുമാണ് മലബാറിലെ വിവിധ ജില്ലകളിൽ പൗരപ്രമുഖരോട് നടത്തിയ വിശദീകരണങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ബുധനാഴ്ച കോഴിക്കോട് നിലവിലെ പാതയിൽ നിന്ന് 50 മീറ്റർ അകലെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുന്ന വീടുകളിലും കെ- റെയിൽ കല്ലു വന്നു വീണു. ഇവിടെ സ്ഥലമെടുപ്പ് ബാധിക്കില്ലെന്നു പറഞ്ഞാണ് കോർപറേഷൻ എൻജിനീയറിങ്​ വിഭാഗം നിർമാണത്തിന് പെർമിറ്റ് നൽകിയത്. അവരുടെ വാക്കും പെർമിറ്റും കണ്ടാണ് വിറ്റുപെറുക്കിയും കടമെടുത്തും നിർമാണമാരംഭിച്ചതും. സർക്കാർ വിഭാവനം ചെയ്യുന്ന വികസനത്തിന്റെ പേരിൽ പിഴുതുമാറ്റപ്പെടുന്ന മനുഷ്യർ അവരുടെ ആശങ്കകളും ജീവിക്കാനുള്ള അവകാശവും പിന്നെ എങ്ങനെയാണ് വിളിച്ചുപറയുക?

സിൽവർ ലൈൻ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന തത്ത്വാധിഷ്ഠിത അനുമതിയുടെ പേരിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണ് ബുധനാഴ്ചയും കേന്ദ്ര റെയിൽവേ മ​ന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞത്. പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുത്തിട്ടില്ല. അനുമതി നൽകിയിരിക്കുന്നത് സാധ്യതപഠനം, സർവേ, പദ്ധതി റിപ്പോർട്ട് തുടങ്ങിയ തയാറാക്കാനാണ്. കല്ലിടുകയോ, ഭൂമി ഏറ്റെടുക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാറിനോട് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി പറയുന്നു. ഇങ്ങനെ കേന്ദ്രവും സംസ്ഥാനവും തമ്മിലെ തർക്കം തീരാതെ എന്തിനാണീ ധിറുതിപിടിച്ച 'കൈയേറ്റ' നടപടികൾ? വികസനത്തിനു തറയൊരുക്കേണ്ടത്​ ജനപങ്കാളിത്തത്തിലും സഹകരണത്തിലുമാണ്​. ജനങ്ങളോട് മല്ലയുദ്ധം നടത്തുന്നത് നിർത്തി അവരുമായി ചർച്ചചെയ്യാനും ആശങ്കകൾ മാറ്റാനും ഭരണകൂടം തയാറാകണം. ദേശീയപാത വികസനത്തിൽ ഒരു പരിധി വരെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിഞ്ഞത്​ ചർച്ചകളിലൂടെയായിരുന്നുവല്ലോ. കേരളത്തിലെ അധ്വാനിക്കുന്നവരും നിസ്വരും നിർധനരുമായവരുടെ വിശ്വാസമർപ്പിച്ച പാർട്ടിക്കും ഭരണത്തിനും മനുഷ്യരുടെ നിലവിളി കേൾക്കാനാവാതെ വരുന്നത്​ മഹാദുരന്തം തന്നെയാണ്.  

Tags:    
News Summary - march 18th editorial about k rail protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.