മനുഷ്യർക്ക് ഇത്രയും ക്രൂരരാവാൻ കഴിയുമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോൾ ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും അധികം അനുകമ്പ അർഹിക്കുന്നവരാണ് കുഞ്ഞുങ്ങളും രോഗികളും അഭയാർഥികളും. അവരോട് സൗമനസ്യത്തോടെ പെരുമാറുന്നതാണ് മനുഷ്യത്വം. എന്നാൽ, സകല മാനുഷികമൂല്യങ്ങളും അന്താരാഷ്ട്ര മര്യാദകളും കാറ്റിൽപറത്തി ഫലസ്തീൻ ജനതക്കുനേരെ നിരന്തര ആക്രമണം അഴിച്ചുവിടുന്ന ഇസ്രായേൽ കഴിഞ്ഞ രാത്രി ഗസ്സ സിറ്റിയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലേറെ പേരാണ്; അധികവും കുഞ്ഞുങ്ങളും സ്ത്രീകളും.
ഇക്കഴിഞ്ഞ 10 ദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം ഉയിരറ്റത് ആയിരത്തിലേറെ കുഞ്ഞുങ്ങൾക്കാണ്. നാളെ എന്താകുമെന്ന് നിശ്ചയമില്ലാത്തതിനാൽ വിൽപത്രമെഴുതാൻപോലും ആ മക്കൾ ഒരുമ്പെടുന്നു എന്നറിയുമ്പോൾ അവർ കടന്നുപോകുന്ന മാനസിക സംഘർഷം എത്രമാത്രം കടുത്തതായിരിക്കും എന്നോർത്തുനോക്കുക. പരാശ്രയം കൂടാതെ ഒരു നിമിഷം മുന്നോട്ടുപോകാനാവാത്തവിധം, വെള്ളവും വെളിച്ചവും ഭക്ഷണവും ഇന്ധനവും നിഷേധിച്ചും ആക്രമിച്ചും കൊന്നൊടുക്കുന്നതിനെ മഹാപാതകം എന്നല്ലാതെ എന്തു പറയാനാവും. ആ കുഞ്ഞുടലുകളുടെ കൂമ്പാരത്തിനു മുകളിൽ ഏതു മഹാസാമ്രാജ്യമാണ് ഇസ്രായേൽ പടുത്തുയർത്താൻ പോകുന്നത്? ഇത് നിസ്സംഗമായി കണ്ടുനിൽക്കുന്ന ലോകം വരുംതലമുറകൾക്കു നൽകുന്ന സന്ദേശം എന്താണ്?
രണ്ടാം ലോകയുദ്ധശേഷം 1949ല് നടന്ന ജനീവ കണ്വെന്ഷനില് അംഗീകരിച്ച ഉടമ്പടിപ്രകാരം, യുദ്ധസമയത്ത് സാധാരണക്കാരോടും മുറിവേറ്റവരോടും തടവുകാരോടും മാനുഷികമായി പെരുമാറണമെന്ന് വ്യവസ്ഥയുണ്ട്. ആശുപത്രികൾ, അഭയാർഥി ക്യാമ്പുകൾ, സ്കൂളുകൾ തുടങ്ങിയവ ആക്രമിക്കാറുമില്ല. അതൊന്നും ഇസ്രായേലിനു ബാധകമല്ല. അവരോട് അതു പറയാനും ആരുമില്ല. ഗസ്സയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ മൂന്നെണ്ണം ഇതിനകം ചാരമാക്കിക്കഴിഞ്ഞു. ഓരോന്നിലും ഞെരുങ്ങിക്കഴിഞ്ഞത് ആയിരങ്ങളായിരുന്നു. അര ചതുരശ്ര കിലോമീറ്ററിൽ 90,000ത്തോളം പേർ താമസിക്കുന്ന ഷാത്വി ക്യാമ്പായിരുന്നു ഒടുവിലത്തേത്. വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ക്യാമ്പായ ജെനിനിൽ പലവട്ടം ആക്രമണം നടത്തി. 4000 അഭയാർഥികൾ കഴിയുന്ന ഗസ്സയിലെ യു.എൻ സ്കൂളും ബോംബിട്ടുതകർത്തു. ഇവിടങ്ങളിലെല്ലാം നിരവധി മരണവും പരിക്കും ഉണ്ടായി. കിണറുകൾ, പമ്പിങ് സ്റ്റേഷനുകൾ, ജലസംഭരണികൾ തുടങ്ങിയവയും തകർത്തു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒടുവിലത്തെ ഹീനമായ ആക്രമണമാണ് ആശുപത്രിക്കുനേരെ നടന്നത്; അവസാനത്തേതെന്ന് ആശ്വസിക്കാൻ ഒരു സാധ്യതയും കാണുന്നുമില്ല.
സ്ത്രീകൾ, കുഞ്ഞുങ്ങൾ, അഭയാർഥികൾ എന്നിങ്ങനെ മനുഷ്യത്വപരമായ പരിഗണനയൊന്നും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് ബാധകമല്ലെന്ന് ഇസ്രായേൽ നേരത്തേതന്നെ പലകുറി തെളിയിച്ചതാണ്. എന്നിരിക്കിലും ക്രൈസ്തവ മിഷനറികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കുള്ളിൽ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് സ്ത്രീകളും കുഞ്ഞുങ്ങളും അവിടെ അഭയംതേടിയത്. വംശീയ ഉന്മൂലനം ലക്ഷ്യമിടുന്നതുകൊണ്ടാവണം സയണിസ്റ്റുകൾ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്നംവെക്കുന്നത്. കൊല്ലപ്പെട്ടവരിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആശുപത്രി പൂർണമായി തകർന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്കരം.
ഗസ്സക്കുനേരെ നടക്കുന്ന ബോംബാക്രമണത്തിൽ ഇതുവരെ 4000ത്തിലേറെ പേർ മരിച്ചതായാണ് കണക്ക്. ഔദ്യോഗിക കണക്കിന് എത്രയോ മുകളിലായിരിക്കും യാഥാർഥ്യം. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾ വേറെ. ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീൻ കുഞ്ഞ് മരിക്കുന്നുണ്ടെന്നാണ് യു.എൻ കണക്ക്. ബാപ്റ്റിസ്റ്റ് ആശുപത്രിക്കുനേരെ നടന്നത് കഴിഞ്ഞ 15 വർഷത്തിനിടയിലുണ്ടായ വലിയ ആക്രമണമാണെന്നാണ് ഫലസ്തീൻ സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയത്. ഭീതിദമാംവിധം പൊള്ളലേറ്റും അവയവങ്ങൾ നഷ്ടപ്പെട്ടും ആശുപത്രികളിൽ കഴിയുന്ന കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു.
ഇത്ര വലിയ, ക്രൂരമായ ആക്രമണവും വംശഹത്യയും നടന്നിട്ടും ഇസ്രായേലിനെ വിലക്കാനോ ‘മാനിഷാദ’ പറയാനോ ഒരു ഭരണനേതൃത്വവും തയാറാകുന്നില്ല. ലോക പൊലീസ് ചമയുന്ന അമേരിക്കയാകട്ടെ, ഇസ്രായേലിന്റെ എല്ലാ ക്രൂരതകൾക്കും സമ്പൂർണ പിന്തുണ നൽകുന്നു, ആയുധവും ആൾബലവുമേകുന്നു. ഈ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നു പറയാൻ കൂട്ടാക്കാത്ത ഓരോ ഭരണകൂടവും അന്താരാഷ്ട്ര വേദികളും ഈ കൂട്ടക്കശാപ്പിൽ ഇസ്രായേലിന്റെ പങ്കുകാരാണ് എന്നുതന്നെ പറയേണ്ടിവരും.
ഭരണകൂടങ്ങളും ലോകനേതാക്കളും ഈ ചോരക്കളിയിൽ അർമാദിച്ചു നിൽക്കുമ്പോഴും പ്രതീക്ഷ തീരെ കെട്ടുപോയിട്ടില്ല എന്ന് വിളിച്ചുപറയുന്നുണ്ട് വിവിധ രാഷ്ട്രങ്ങളിൽ യുദ്ധക്കുറ്റങ്ങൾക്കും നരഹത്യക്കുമെതിരെ ശബ്ദമുയർത്തുന്ന മനുഷ്യസ്നേഹികൾ. അമേരിക്കയിലും പാരിസിലും ലണ്ടനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമെല്ലാം ഇസ്രായേലിനെതിരെ പടുകൂറ്റൻ റാലികൾ നടന്നുകഴിഞ്ഞു. യഹൂദ സമൂഹത്തിൽ നിന്നുള്ള സംഘടനകൾപോലും ഈ അതിക്രമം ഞങ്ങളുടെ പേരുപറഞ്ഞ് വേണ്ട എന്ന് ഇസ്രായേലിനെ ഓർമപ്പെടുത്തുന്നു. എന്നാൽ, രക്തക്കൊതിയന്മാരെ തിരുത്താൻ മാത്രം ശേഷി സമാധാനസ്നേഹികൾക്ക് കൈവന്നിട്ടില്ല എന്നതാണ് ലോകം നിലവിൽ നേരിടുന്ന ദുരന്തം. അത്തരം ശക്തമായ ജനകീയ മുന്നേറ്റങ്ങളിൽ മാത്രമാണ് ഇനി അശരണരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.