ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ജനാധിപത്യ രാഷ്ട്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഒന്നു വ്യക്തം: ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെങ്കിലും ഭൂഗോള രാഷ്ട്രീയ ഭൂപടം ഒന്നാകെ വലത്തേക്ക് മാറിയിരിക്കുന്നു; വലതു ചരിഞ്ഞു തൂങ്ങിയാടി കറങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ തന്നെ വാതിലുകളിലൂടെ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ അധികാരത്തിൽവരുന്ന അതിവിചിത്രമായ രാഷ്ട്രീയ നാടകങ്ങളാണെങ്ങും. മത-വർണ-വംശ കേന്ദ്രിതമായ തീവ്രദേശീയതയാണ് ആ നാടകങ്ങളുടെയെല്ലാം പ്രമേയം.
കൂട്ടിന് കുടിയേറ്റ വിരുദ്ധത, ഇസ്ലാമോഫോബിയ തുടങ്ങിയ ചേരുവകളുമാകുമ്പോൾ കാലം ഹിറ്റ്ലർ യുഗത്തിലേക്ക് സഞ്ചരിക്കും. യൂറോപ്പിൽ ഹിറ്റ്ലർ പുനർജനിച്ചുകഴിഞ്ഞെന്നാണ് പറയാറ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ജർമനി, പോളണ്ട് തുടങ്ങി ഏത് രാജ്യമെടുത്താലും നവനാസികളുടെ വിളയാട്ടമാണ്. ചില തുരുത്തുകളുമുണ്ട്. അതിലൊന്നാണ് അയർലൻഡ്. ഐറിഷ് ഫ്രീഡം പാർട്ടിയെപ്പോലുള്ള തീവ്രന്മാർ ഓടിനടക്കുന്നുണ്ടെങ്കിലും വേരുറച്ചിട്ടില്ല. എന്നുവെച്ച്, ആശ്വസിക്കാനും വകയില്ല. അപകടം അടുത്തുതന്നെയുണ്ട്; അതാണ് ബ്രിട്ടനും ഫ്രാൻസുമെല്ലാം ഓർമിപ്പിക്കുന്നത്. ആ ചരിത്രത്തിന്റെ ഉണർത്തുപാട്ടാണ് പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ എന്ന നോവൽ. സമീപ ഭാവിയിൽ വന്നുപതിച്ചേക്കാവുന്നൊരു ഭീമൻ ഉൽക്കയെക്കുറിച്ച മുന്നറിയിപ്പ്. ഇക്കുറി ബുക്കർ പുരസ്കാരം ഈ മുന്നറിയിപ്പിനാണ്.
‘പ്രോഫറ്റ് സോങ്ങി’ൽ പ്രവാചകനുമില്ല ഗീതവുമില്ല. അങ്ങനെയൊരു ശീർഷകം നോവലിസ്റ്റ് കടമെടുത്തത് ഒരുപക്ഷേ, പഴയ നിയമത്തിലെ യോനയുടെ പുസ്തകത്തിൽ നിന്നായിരിക്കാം. ഖുർആനിലുമുണ്ട് യോന (യൂനുസ് നബി)യെക്കുറിച്ചുള്ള പരാമർശങ്ങൾ. ഒരു വലിയ മത്സ്യത്തിന്റെ വയറ്റിലകപ്പെട്ട യോനയുടെ കഥ. അപകട സന്ധിയിൽ യോന ഇപ്രകാരം പറയുന്നുണ്ട്: ‘‘ജലം പ്രാണനോളം എന്നെ ചുറ്റി; ഞാൻ ആഴിയിൽ അകപ്പെട്ടു; കടൽപായലുകൾ എന്റെ തലപ്പാവുകളായി; പർവതങ്ങളുടെ യഥാർഥ അടിവാരങ്ങളിലേക്ക് ഞാനിറങ്ങി; ഈ ഭൂമി തന്റെ പൂട്ടുകളാൽ എന്നെ കാലങ്ങളോളം വരിഞ്ഞുമുറുക്കി’’.
ഇതുപോലെ സമഗ്രാധിപത്യമെന്ന തിമിംഗലത്തിന്റെ വായിലകപ്പെട്ട, ഫാഷിസത്തിന്റെ ചങ്ങലകളിൽ ബന്ധനസ്ഥരായ ഒരു രാജ്യവും ജനതയുമാണ് ‘പ്രോഫറ്റ് സോങ്ങി’ൽ പോൾ ലിഞ്ച് വരച്ചുകാട്ടുന്നത്. ഏതു നിമിഷവും അയർലൻഡിൽ സംഭവിച്ചേക്കാവുന്ന ഒരു അട്ടിമറിയെക്കുറിച്ചുള്ള മുന്നറിയിപ്പ്.
ഡബ്ലിനിലൊരിടത്തെ ചെറിയൊരു വീടിന്റെ വാതിലിൽ അന്വേഷണ സംഘം മുട്ടുന്ന ശബ്ദത്തോടെ കഥ തുടങ്ങുന്നു. എല്ലിഷ് സ്റ്റാക്ക് എന്ന വീട്ടമ്മ വാതിൽ തുറക്കുമ്പോൾ കാണുന്നത് ഗാർഡ നാഷനൽ സർവിസ് ബ്യൂറോയുടെ ആളുകളെയാണ്. അടുത്തിടെ രാജ്യത്ത് അധികാരത്തിൽവന്ന ഫാഷിസ്റ്റ് സർക്കാർ രൂപവത്കരിച്ച രഹസ്യസേനയാണിത്. ഫാഷിസത്തിനെതിരെ രൂപംകൊണ്ട സമര സംഘടനകളെ ഒതുക്കുകയാണ് അവരുടെ ജോലി. എല്ലിഷിന്റെ ഭർത്താവ് ലാറി രാജ്യത്തെ ഇടതു അധ്യാപക സംഘടനയുടെ നേതാവാണ്.
സമരം തുടങ്ങിയതിൽപിന്നെ ആളെ ആരും കണ്ടിട്ടില്ല. ഭർത്താവിന്റെ തിരോധാനത്തിൽ സങ്കടപ്പെട്ട് നാല് മക്കൾക്കും ഡിമൻഷ്യ രോഗിയായ പിതാവിനുമൊപ്പം നീറിക്കഴിയുകയാണ് എല്ലിഷ്. ഫാഷിസ്റ്റ് ഭരണവും ആഭ്യന്തരയുദ്ധവും കാരണം ആ കുടുംബം അഭയാർഥികളാവുന്നു. എല്ലിഷിലൂടെ, അവരുടെ അതിജീവനത്തിന്റെ പോരാട്ടത്തിലൂടെ ‘പ്രോഫറ്റ് സോങ്’ മുന്നോട്ടുപോകുമ്പോൾ അത് മികച്ചൊരു രാഷ്ട്രീയ നോവലായി മാറുന്നു. ആഖ്യാനത്തിലും നോവൽ വേറിട്ടുനിൽക്കുന്നു. 300 ഓളം പേജുകളിൽ ഒരു ഉദ്ധരണിപോലുമില്ല; ഖണ്ഡികകളുമില്ല. എല്ലിഷിനെയും മറ്റു കഥാപാത്രങ്ങളെയും പോലെ വായനക്കാർക്കും ഒരുതരം വീർപ്പുമുട്ടൽ അനുഭവപ്പെടാനാണത്രെ ഈ രീതി. എന്തുകൊണ്ടും ഗംഭീരമായ പരീക്ഷണം. ആ പരീക്ഷണത്തിനുകൂടിയാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
2018ൽ തുടങ്ങിയ രചനയാണ്. ഐലൻ കൂർദിയെ ഓർമയില്ലേ? സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെയും അഭയാർഥികളുടെയും പ്രതീകമായ ബാലൻ. മെഡിറ്ററേനിയൻ കടൽതീരത്ത് ജീവനറ്റ നിലയിൽ കണ്ടെത്തിയ ഐലൻ കുർദിയുടെ ചിത്രങ്ങൾ മറ്റെല്ലാവരെയും പോലെ പോൾ ലിഞ്ചിന്റെ ഉള്ളകങ്ങളിലും ചില ഇളക്കങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിനും ഒരു കുഞ്ഞുപിറന്ന (എലിയട്ട്) സമയം കൂടിയായിരുന്നു അത്.
ഏതു പിതാവിനെയും പോലെ ഐലൻ കുർദിയിൽ അയാൾ കണ്ടത് സ്വന്തം മകനെത്തന്നെ. ഏതു നിമിഷവും ഏതു രാജ്യത്തും വന്നുചേരാവുന്ന വിധി മാത്രമാണിതെന്നുതോന്നിയ സന്ദർഭം. ബ്രിട്ടനിൽ ബ്രെക്സിറ്റ് വാദികൾ വിജയിക്കുകയും തീവ്ര വലതുപക്ഷത്തിന്റെ സ്വാധീനം വർധിക്കുകയും ചെയ്യുന്നത് ഒരു വശത്ത് പോൾ ലിഞ്ച് കാണുന്നുണ്ട്. ഫ്രാൻസിലും ജർമനിയിലും നെതർലൻഡ്സിലും നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളും നോവലിസ്റ്റിന്റെ മുന്നിലുണ്ട്. ആ സമരങ്ങളുടെ അലയൊലികൾ മെല്ലെമെല്ലെ തന്റെ രാജ്യത്തേക്കും പടർന്നുകൊണ്ടിരിക്കുന്നതും അയാളറിയുന്നുണ്ടായിരുന്നു.
ആ തിരിച്ചറിവാണ് സിറിയയും ലിബിയയും അങ്ങകലെഏതോ ദേശമല്ലെന്ന തോന്നൽ അയാളിലുണ്ടാക്കിയത്. ആ തോന്നലുകൾ ‘വൺലൈനായി’ ഒരു കടലാസിൽ പകർത്തി. ചില സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ അതിലൊരു രാഷ്ട്രീയ നോവൽ ഒളിച്ചിരിക്കുന്നതായി അവർ പറഞ്ഞതോടെ പുതിയൊരു രചനയുടെ ആലോചനകൾ സജീവമായി. പക്ഷേ, എഴുത്തിടത്തിൽ ഇരുപ്പുറക്കും മുന്നേ ചില ശാരീരിക പ്രയാസങ്ങൾ അലട്ടാൻ തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ ‘വലിയ അസുഖ’മാണ്.
വൃക്കകളിലൊന്നിനെ അർബുദം കീഴടക്കിയിരിക്കുന്നു. പിന്നീട് എഴുത്തിന്റെയും ചികിത്സയുടെയും നാളുകൾ. അതിനിടയിൽ വിവാഹ മോചനം. അതെല്ലാം കഴിഞ്ഞപ്പോൾ കോവിഡ് കാലം. മഹാമാരിയുടെ വൈറസും ആ ശരീരത്തിന്റെ രുചിയറിഞ്ഞു. ഒരർഥത്തിൽ എല്ലിഷിന്റെ ജീവിതം പോലെത്തന്നെയായിരുന്നു പോൾ ലിഞ്ചും. ഇതിനിടയിൽ എപ്പോഴോ നോവൽ പൂർത്തിയാക്കി. മാസങ്ങൾക്കുമുമ്പ്, അർബുദം ബാധിച്ച വൃക്ക എടുത്തുകളയേണ്ടിവന്നു. അതിനായി ഓപറേഷൻ തിയറ്ററിൽ കിടക്കുമ്പോഴാണ് നോവൽ ബുക്കർ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട വാർത്തയറിഞ്ഞത്. അതിന്റെ പ്രതികരണം വരുംമുമ്പേ അയാൾ അനസ്തേഷ്യയുടെ മയക്കത്തിൽ ആണ്ടുപോയി.
പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണ് ‘പ്രോഫറ്റ് സോങ്’. അഞ്ചിലും കൃത്യമായും പറഞ്ഞത് രാഷ്ട്രീയം തന്നെയായിരുന്നു; അതും വ്യക്തമായ ചരിത്രപഠനങ്ങളുടെ പശ്ചാത്തലത്തിൽ. അതുകൊണ്ടുതന്നെ, പുതുനൂറ്റാണ്ടിൽ യൂറോപ്യൻ വലതുപക്ഷത്തിന്റെ വലിയ ‘ആശങ്ക’യായ കുടിയേറ്റം എല്ലാ നോവലിലും പലരൂപത്തിൽ കടന്നുവന്നത് യാദൃച്ഛികമാവില്ല. പ്രഥമ നോവലായ ‘റെഡ് സ്കൈ ഇൻ ദി മോണിങ്’ ആദ്യകാലത്ത് അമേരിക്കയിൽ നടന്ന കലാപങ്ങളെക്കുറിച്ചും അതിലെ ഐറിഷ് വംശജരായ കുടിയേറ്റക്കാർ ഇരയായതിനെപ്പറ്റിയുമൊക്കെയാണ്. രണ്ടാം നോവൽ ‘ദി ബ്ലാക്ക് സ്നോ’ അഭയാർഥികളുടെ മടക്കത്തെക്കുറിച്ച്.
ഒരു പക്ഷേ, ‘പ്രോഫറ്റ് സോങ്’ കഴിഞ്ഞാൽ ഏറ്റവും അധികം ചർച്ചയായ നോവൽ ‘ദി ഗ്രേസ്’ ആയിരിക്കും. ഒരുതരം ചരിത്രാഖ്യായിക എന്ന് വിശേഷിപ്പിക്കാവുന്ന ‘ഗ്രേസ്’, അയർലൻഡിലെ ഭക്ഷ്യക്ഷാമത്തിന്റെ ഓർമകളിലേക്ക് പുതുതലമുറയെ കൂട്ടിക്കൊണ്ടുപോകുന്നു. നാലാമത്തെ നോവലായ ‘ബിയോണ്ട് ദി സീ’യും നല്ല നിരൂപക പ്രശംസ ഏറ്റുവാങ്ങി. പലരും ഹെമിങ് വേയോടും നെരൂദയോടുമൊക്കെ ഉപമിച്ചു.
പ്രായമിപ്പോൾ 46. തെക്കു പടിഞ്ഞാറൻ അയർലൻഡിലെ ലിമറിക്കിൽ ജനനം. പിതാവ് ഐറിഷ് തീരദേശ സേനയുടെ ഭാഗമായ മറൈൻ എമർജൻസി സർവിസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ, സ്കൂൾ കാലത്ത് രാജ്യത്തിന്റെ വിവിധ തീരദേശങ്ങളിൽ കഴിയാൻ ഭാഗ്യമുണ്ടായി. ആ കാലം പല നോവലുകളിൽ വന്നിട്ടുണ്ട്. ’95നുശേഷം ഡബ്ലിനിലാണ് താമസം. അവിടെ ഫിലോസഫിയിൽ ബിരുദത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. അതിനുശേഷം, ‘സൺഡേ ട്രിബ്യൂണി’ൽ പത്രപ്പണി തുടങ്ങി. സിനിമ റിവ്യൂ ആയിരുന്നു പ്രധാനമായും ചെയ്തത്. അതുകഴിഞ്ഞാണ് പൂർണസമയ എഴുത്തിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.