കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തൊരു കീഴ്വഴക്കം സൃഷ്ടിച്ചാണ് സഖാവ് കാനം വിടപറഞ്ഞത്. മരണശയ്യയിൽ കിടക്കെ സഖാവ് കേന്ദ്രനേതൃത്വത്തിനൊരു കത്തെഴുതി. രോഗാവസ്ഥ പരിഗണിച്ച് പാർട്ടി ലീവ് അനുവദിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അതോടൊപ്പം കാനം തന്റെ പിൻഗാമിയെക്കൂടി നിർദേശിച്ചുവെന്നതാണ് ടി. കത്തിന്റെ പ്രത്യേകത. കത്ത് കിട്ടിയ ദേശീയ നേതാക്കൾ കൂടുതലൊന്നും ചിന്തിക്കാതെ സഖാവിന്റെ അഭിലാഷം നിറവേറ്റി. കാനത്തിന്റെ സംസ്കാര ചടങ്ങുകൾക്കുപിന്നാലെ, ദേശീയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി പിൻഗാമിയെ പ്രഖ്യാപിച്ചു: സഖാവ് ബിനോയ് വിശ്വം. പാർട്ടി ഭരണഘടനയനുസരിച്ച്, ഒരു കത്തിന്റെ ബലത്തിൽ മാത്രമായി സെക്രട്ടറിയാകാനാവില്ല; സംസ്ഥാന കൗൺസിൽ അംഗീകാരം വേണം. അതിനായി, പത്തു ദിവസം കൂടി കാത്തിരിക്കണം. അതുവരെ ആക്ടിങ് സെക്രട്ടറി മാത്രം; അതുകഴിഞ്ഞാണ് ശരിക്കും പിൻഗാമിയാവുക.
സഖാവ് ബിനോയെക്കുറിച്ച് എതിരഭിപ്രായമൊന്നുമില്ലെങ്കിലും പുതിയ കീഴ്വഴക്കത്തിൽ മുറുമുറുപ്പുള്ളവർ പാർട്ടിക്കകത്തുണ്ട്. എന്തിനാണിത്ര ധിറുതിയെന്ന് ചോദിച്ചത് കെ.ഇ ഇസ്മായിലാണ്. മലപ്പുറം സമ്മേളന ശേഷം പാർട്ടിയിൽ കാര്യമായ ശബ്ദമില്ലാത്തയാളാണ് കെ.ഇ. എന്നുവെച്ച്, പാർട്ടി ഭരണഘടനാതത്വം ലംഘിച്ച് പുതിയ കീഴ്വഴക്കങ്ങളുണ്ടാകുമ്പോൾ സീനിയർ നേതാവെന്ന നിലയിൽ മിണ്ടാതിരിക്കാനാവില്ല. സഖാവിന്റെ ചിതയടങ്ങും മുമ്പേ, കെ റെയിൽ മോഡൽ വേഗത്തിൽ നിർവാഹക സമിതി ചേരണമായിരുന്നോ, അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഖാവിനെ വീണ്ടും കേരളത്തിലേക്ക് ആനയിച്ചുകൊണ്ടുവന്നത് സംസ്ഥാന ഘടകത്തിൽ ആളില്ലാഞ്ഞിട്ടാണോ എന്നൊക്കെയാണ് സഖാവിന്റെ ചോദ്യങ്ങൾ. പാർട്ടിയിലായാലും മുന്നണിയിലായാലും അപ്രിയ സത്യങ്ങൾ വിളിച്ചുപറയാൻ മടിയില്ലാത്തയാളാണ് കക്ഷിയെന്നറിയാമല്ലൊ. ആ ചോദ്യങ്ങളുടെ ശക്തിയും ചൂടും സാക്ഷാൽ വി.എസ് പോലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൃപ്തി തുറന്നുപറഞ്ഞത് കെ.ഇ മാത്രമായിരിക്കും; പക്ഷേ, പാർട്ടി അച്ചടക്കം മാനിച്ച് അത് ഉള്ളിലൊതുക്കിയ വേറെയും സഖാക്കളുണ്ട്. ഈ എതിർപ്പിലൊന്നും വലിയ കാര്യമില്ലെന്ന് ആരെക്കാളും നന്നായി അറിയുന്ന ആളാണ് ബിനോയ് വിശ്വം. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അളവുകോൽ വെച്ചുനോക്കുമ്പോൾ ഇത്തരം വിമത സ്വരങ്ങളെ വകവെച്ചുകൊടുക്കാവുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ അടിയന്തരമായി വേണ്ടത് ചരിത്രദൗത്യം ഏറ്റെടുക്കുകയാണ്. അതിനാൽ, തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. തുടർന്ന്, നേരെ കാനത്തിന്റെ വസതിയിലേക്ക്. അതുകഴിഞ്ഞ് വീണ്ടും ഡൽഹിയിലേക്ക്.
ഒരർഥത്തിൽ, കാനത്തിന്റെ ഒസ്യത്ത് ചരിത്രരേഖയാണ്. അതില്ലായിരുന്നുവെങ്കിൽ പ്രകാശ് ബാബുവോ സത്യൻ മൊകേരിയോ ഒക്കെ ബിനോയ് യുടെ സ്ഥാനത്ത് വന്നേനെ. അങ്ങനെ സംഭവിച്ചാൽ അവരെയൊന്നും കാനത്തിന്റെ ‘പിൻഗാമി’യെന്ന് വിളിക്കാനാവില്ല. സഖാവിന്റെ ‘രാഷ്ട്രീയ പിൻഗാമി’ ബിനോയ് വിശ്വം തന്നെ. അത് പലകുറി തെളിയിക്കപ്പെട്ടതാണ്. ഭരണമുന്നണിയിലെ ‘പ്രതിപക്ഷ നേതാവു’കൂടിയായിരുന്നുവല്ലൊ കാനം. മുന്നണി മര്യാദയുടെ പരിധിയിൽനിന്നുകൊണ്ടും ചിലഘട്ടങ്ങളിൽ അത് ലംഘിച്ചുമെല്ലാം സഖാവ് പ്രതിപക്ഷം കളിച്ചിട്ടുണ്ട്. അതേ മാതൃകയിൽ ബിനോയ് വിശ്വവും പലകുറി തകർത്താടിയിട്ടുണ്ട്. അതിന്റെ പേരിൽ പലവട്ടം വിമർശിക്കപ്പെട്ടിട്ടുണ്ട്. കെ. റെയിൽ വിവാദ കാലത്ത് ‘വികസന വിരുദ്ധ’രുടെ പക്ഷത്തായിരുന്നു സഖാവ്; മുന്നണി മര്യാദയുടെ പേരിൽ പരസ്യപ്രകടനത്തിന് തയാറായില്ലെന്നു മാത്രം. പക്ഷേ, ഡൽഹിയിൽ കെ. റെയിൽ ആവശ്യപ്പെട്ട് ഇടതു എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ ടി. സംഘത്തിൽനിന്ന് വിട്ടുനിന്നു. സംഭവം വിവാദമായപ്പോൾ സഖാവിന്റെ വിശദീകരണം വന്നു: നിവേദക സംഘത്തിൽനിന്ന് വിട്ടുനിന്നത് പരിസ്ഥിതി പ്രേമത്താലല്ല; പല്ലുവേദനമൂലമായിരുന്നു! പിണറായിയുടെ മാവോവേട്ടക്കെതിരെ ഭരണമുന്നണിയിൽ കാനത്തിനൊപ്പം പ്രതിഷേധിക്കാനും സഖാവ് ബിനോയ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ സി.പി.എമ്മിന് അതുപിടിച്ചില്ല. ബിനോയ് ആകാശത്തിലെ സ്വപ്നജീവിയെന്നായി പി. ജയരാജൻ അടക്കമുള്ളവർ. താൻ സ്വപ്നജീവിയെങ്കിൽ ആ സ്വപ്നത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്ന് ബിനോയിയുടെ മറുപടി.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനോടുള്ള സമീപനം എന്തായിരിക്കണമെന്ന കാര്യത്തിലും കാനത്തിന്റെ അസ്സൽ പിൻഗാമിയാണ്. അല്ലെങ്കിലും ഇതൊരു സങ്കീർണ വിഷയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെതന്നെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇതായിരുന്നുവല്ലൊ. നെഹ്റു സർക്കാർ സോവിയറ്റ് പക്ഷത്തോട് ആഭിമുഖ്യം പുലർത്തിയപ്പോൾ പാർട്ടിയിലെ ഔദ്യോഗികവിഭാഗം ചെയർമാൻ ഡാങ്കേയുടെ നേതൃത്വത്തിൽ അവരോടൊപ്പം നിലയുറപ്പിച്ചു. ഈ ‘വലതുപക്ഷ വ്യതിയാന’ത്തിൽ പ്രതിഷേധിച്ചാണല്ലോ സുന്ദരയ്യ, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവർ പാർട്ടി പിളർത്തി പുറത്തുപോന്നത്. സഖാക്കൾ പി.കെ.വി, സി. അച്യുതമേനോൻ തുടങ്ങിയവർ മറുവശത്തും. ഈ ‘വലതുപക്ഷ’ ചായ്വിലാണ് പാർട്ടിക്ക് മുഖ്യമന്ത്രിപദമടക്കം കിട്ടിയത്. ആ കെട്ടകാലത്തിനുശേഷം ഇടതുപാളയത്തിലേക്കുതന്നെ തിരിച്ചുപോന്നു. അതിൽപിന്നെ മുന്നണിയിലെ ‘രണ്ടാമനായി’ കഴിയാനാണ് വിധി. എന്നാലും ചില സന്ദർഭങ്ങളിൽ ‘ഡാങ്കെ’ പുനർജനിക്കും. ഇപ്പോൾ ആ ദൗത്യം സ്ഥിരമായി ഏറ്റെടുത്തിരിക്കുന്നത് ബിനോയ് ആണ്. കഴിഞ്ഞവർഷം പി.ടി. തോമസ് അനുസ്മരണ സമ്മേളനത്തിൽ അക്കാര്യം തുറന്നടിക്കുകയും ചെയ്തു. ‘‘വിയോജിപ്പുകളുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകാനിടയുള്ള ശൂന്യതയെക്കുറിച്ച് ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. കോൺഗ്രസ് തകർന്നാൽ ശൂന്യത നികത്താനുള്ള കെൽപ് നിലവിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിനില്ല. അവിടെയെത്തുക സംഘ്പരിവാറും അവരുടെ ഫാഷിസ്റ്റ് ആശയങ്ങളുമായിരിക്കും.’’ കോടിയേരി അടക്കമുള്ളവർക്ക് ഇത് സഹിച്ചില്ല. എന്നുവെച്ച്, പാർട്ടി ലൈൻ അവതരിപ്പിച്ച സഖാവിനെ തള്ളിപ്പറയാനാകുമോ? അന്ന് കട്ടക്ക് കൂടെനിന്നത് സഖാവ് കാനമായിരുന്നു.
നിലവിൽ രാജ്യസഭാംഗമാണ്. സഭയിൽ അച്ചടക്കം പാലിച്ചില്ല എന്നാരോപിച്ച് ഒരിക്കൽ സസ്പെഷന് വിധേയനായിട്ടുണ്ട്. സ്പീക്കർ മാപ്പുപറയാൻ നിർദേശിച്ചുവെങ്കിലും പുറത്തുനിൽക്കാനാണ് തീരുമാനിച്ചത്. സമരോത്സുകമായ ആ പാർലമെന്റ് കാലം അവസാനിക്കാൻ ഇനി ആറുമാസം മാത്രം. അതുകഴിഞ്ഞാൽ, ഡൽഹിയിൽ ബാക്കിയാവുക ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്ന ഉത്തരവാദിത്തമായിരിക്കും. അതിനിടയിലാണ് പുതിയ ദൗത്യം.
പ്രായം 68. തിരു-കൊച്ചി നിയമസഭാംഗമായിരുന്ന സി.കെ. വിശ്വനാഥനാണ് പിതാവ്. മാതാവ് സി.കെ ഓമന. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സംഘടനയുടെ സംസ്ഥാന-ദേശീയ പ്രസിഡന്റ് ആയിരുന്നു. വി.എസ് മന്ത്രിസഭയിൽ വനംവകുപ്പ് കൈകാര്യം ചെയ്തു. ഇക്കാലത്ത് മന്ത്രിസഭാംഗം എന്നതിലുപരി തിളങ്ങിയത് പി. ഗോവിന്ദ പിള്ളയുമായി നടത്തിയ സൈദ്ധാന്തിക സംവാദങ്ങളിലായിരുന്നു. സത്യത്തിൽ രണ്ട് പാർട്ടികളും തമ്മിലുള്ള നയപരമായ വ്യത്യാസവും ലയനത്തിന്റെ പ്രായോഗിക തടസ്സങ്ങളുമെല്ലാം സാധാരണക്കാർക്ക് മനസ്സിലായത് ഈ സംവാദത്തിലൂടെയാണ്. ആ സംവാദം പുതിയ സാഹചര്യത്തിൽ ഇനിയും പ്രതീക്ഷിക്കാം. എഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തൻ. കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈല തോമസ് ആണ് ജീവിത സുഹൃത്ത്. രണ്ട് മക്കൾ: രശ്മിയും സൂര്യയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.