മറ്റു ജീവജാലങ്ങളുടെ ശബ്ദവും വേഷവും ചലനവുമെല്ലാം അനുകരിക്കുകയെന്നത് ജന്തുവർഗത്തിന്റെ സഹജവാസനയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതുകൊണ്ടാണ് ജീവശാസ്ത്രത്തിൽ ‘മിമിക്രി’ എന്നൊരു പദാവലിയും പഠനശാഖയുമുണ്ടായത്. സത്യത്തിൽ അവിടെനിന്നാണ് നമ്മൾ സാധാരണ പറയാറുള്ള അനുകരണകലയുടെ തുടക്കം. ആധുനിക കാലത്തെ ജനപ്രിയ കലകളിലൊന്നാണ് മിമിക്രി. വ്യക്തിയുടെ ശബ്ദവും ചേഷ്ടയും ആ വ്യക്തിയിൽനിന്ന് വേർപെടുത്തി അൽപം അതിശയോക്തി കലർത്തി അവതരിപ്പിച്ച് കാണികളെ കൈയിലെടുക്കുന്ന പരിപാടി. ഇത് വെറും തമാശക്കളിയല്ല; ജീവശാസ്ത്ര സിദ്ധാന്ത പ്രകാരം അത് അതിജീവനത്തിന്റെ സുപ്രധാന ഉപാധിയാണ്. അഥവാ, ജനാധിപത്യക്രമത്തിൽ അതൊരു സമരോപാധികൂടിയാണെന്നർഥം. അതുകൊണ്ടാണല്ലോ, രാഷ്ട്രീയ വിമർശനങ്ങളിൽ വലിയതോതിൽ ആക്ഷേപഹാസ്യം കടന്നുവരുന്നത്. ഈ സാധ്യതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയായിരുന്നു തൃണമൂൽ എം.പി കല്യാൺ ബാനർജി. രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാർക്ക് കൂട്ട സസ്പെൻഷൻ വിധിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ചേഷ്ടകൾ അനുകരിക്കാൻ ശ്രമിച്ചതാണ് ടിയാൻ. പക്ഷേ, അത് ധൻകറിനും ഭരണമുന്നണിക്കും രസിച്ചില്ല. തന്നെയും തന്റെ ജാതിയെയും പ്രതിപക്ഷം അവഹേളിച്ചേ എന്നായി ധൻകർ.
പാർലമെന്റിലെ പുകബോംബിലും തുടർന്നുണ്ടായ കൂട്ടപിരിച്ചുവിടൽ നാടകത്തിലും പ്രതിരോധത്തിലായ ഭരണമുന്നണിയുടെ തുരുപ്പുചീട്ടാണിപ്പോൾ ധൻകർ. ഭരണഘടന പ്രകാരം, ഉപരാഷ്ട്രപതിക്കാണ് രാജ്യസഭയുടെ അധ്യക്ഷസ്ഥാനം. സന്ദർശക ഗാലറിയിൽനിന്ന് ചാടിയിറങ്ങി പാർലമെന്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമികളെ പിടിച്ചുകെട്ടിയെങ്കിലും വിവാദത്തിന്റെ പുക അത്ര പെട്ടെന്ന് അടങ്ങില്ല. പ്രതിപക്ഷം ഒന്നടങ്കം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രസുരക്ഷയെക്കുറിച്ച് വീരവാദം മുഴക്കുന്നവർക്ക് പാർലമെന്റ് കെട്ടിടംപോലും സംരക്ഷിക്കാനാകുന്നില്ലെന്നാണ് വിമർശനത്തിന്റെ കാതൽ. ഇതിലെന്ത് മറുപടി പറയാനാണ്? വീഴ്ച സംഭവിച്ചെന്ന് കുറ്റസമ്മതം നടത്താൻ പറ്റില്ലല്ലോ. അപ്പോൾ പിന്നെ, പാർലമെന്റിനകത്തും ഫാഷിസത്തിന്റെ ദണ്ഡ് പ്രയോഗിക്കുകതന്നെ. അങ്ങനെയാണ്, സീറ്റിൽനിന്ന് എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കുകയെന്ന സ്ട്രാറ്റർജിയിലേക്ക് മോദി സംഘമെത്തിയത്. മൊത്തം 141 എം.പിമാർ ഔട്ട്; 95 എണ്ണം ലോക്സഭയിൽനിന്നും 46 ആളുകൾ രാജ്യസഭയിൽനിന്നും. അവസാനം പറഞ്ഞ 46 പേരുടെ ചീട്ട് കീറിയത് ധൻകറാണ്. അതോടെ, അവിടെ പ്രതിപക്ഷത്തിന്റെ അംഗബലം പകുതിയായി കുറയുകയും ചെയ്തു. ഇതാണ് സത്യത്തിൽ കല്യാൺ ബാനർജിയെ ചൊടിപ്പിച്ചത്. പുറത്താക്കപ്പെട്ടവർ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഖാർഗെ മുതൽ എ.എ. റഹീംവരെയുള്ള നേതാക്കളെല്ലാവരും ശക്തമായ പ്രതിഷേധ പ്രസംഗങ്ങൾ നടത്തിയപ്പോൾ ഒരു ചേഞ്ചിനുവേണ്ടിയാണ് ബാനർജി മിമിക്രി അവതരിപ്പിച്ചത്. എല്ലാവരും അത് നന്നായി ആസ്വദിച്ചു; ചിദംബരത്തെപ്പോലുള്ളവർ ഈ മിമിക്രിയുടെ വിഡിയോ സമൂഹമാധ്യമത്തിലിട്ട് ബാനർജിയെന്ന കലാകാരനെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അതിൽപിന്നെയാണ് കളിയാകെ മാറിയത്. ജാട്ട് സമുദായക്കാരനായ തന്നെ പ്രതിപക്ഷം അപമാനിച്ചെന്നായി ധൻകർ. ജാട്ട് സമുദായത്തെ അവഹേളിക്കുകയെന്നാൽ രാജ്യത്തെ കർഷക സമൂഹത്തെ അപമാനിക്കുക എന്നുകൂടിയാണെന്ന അധിക വായന വേറെയും. ഉപരാഷ്ട്രപതിയെ അനുകരിച്ചപമാനിച്ചത് ശരിയായില്ലെന്ന് മോദിയും അമിത് ഷായുമെല്ലാം പ്രസ്താവിച്ചതോടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ സർക്കസി’ൽ മിമിക്രി വിവാദത്തിന് തുടക്കമായി. ദുഃഖാർത്തനായ ധൻകറിനെ മോദി ഫോണിൽ വിളിച്ചാശ്വസിപ്പിച്ചപ്പോഴാണ് കാര്യങ്ങൾക്ക് അൽപമെങ്കിലും ശമനം വന്നത്. കഴിഞ്ഞ 20 വർഷമായി താനും ഇതേ മിമിക്രി കലാകാരന്മാരുടെ ഇരയാണെന്ന മോദിയുടെ സങ്കടം കേട്ടതോടെ തനിക്ക് ആശ്വാസമായെന്ന് പിന്നീട് ധൻകറിന്റെ ട്വീറ്റ്.
ധൻകറിന് ഈ സമുദായ സ്നേഹമൊക്കെ എപ്പോൾ തുടങ്ങിയെന്നാണ് പലരും ചോദിക്കുന്നത്. ഉപരാഷ്ട്രപതിപട്ടം പാർട്ടി കനിഞ്ഞുനൽകിയതുതന്നെ കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാനായിരുന്നല്ലോ. സ്വന്തം നാടായ രാജസ്ഥാനിൽനിന്നും മറ്റും രാഷ്ട്രതലസ്ഥാനത്തേക്ക് സമരകാഹളവുമായി ഒഴുകിയെത്തിയ കർഷകരിൽ ഭൂരിഭാഗവും ജാട്ട് സമുദായക്കാരായിരുന്നു. അവരെ ദേശദ്രോഹികളെന്നും അരാജകവാദികളെന്നും ഖാലിസ്ഥാൻ തീവ്രവാദികളെന്നും ചാപ്പയടിച്ചത് മോദിയും ഷായും കൂട്ടാളികളുമൊക്കെയായിരുന്നു. അന്നൊന്നും സമുദായത്തെ അപമാനിച്ചേ എന്ന് കരഞ്ഞുവിളിച്ചിട്ടില്ല. പകരം, ധൻകറിനെ ‘കർഷക പുത്ര’നായി അവതരിപ്പിച്ച് ഉപരാഷ്ട്രപതിയായി അവരോധിക്കുകയായിരുന്നു. ആ നാടകത്തിന് മിണ്ടാതെ നിന്നുകൊടുക്കുകയും ചെയ്തു. എല്ലാം രാഷ്ട്രീയ അതിജീവനത്തിനുവേണ്ടിയായിരുന്നു. അപ്പോൾ ആരാണ് ശരിക്കും മിമിക്രി കളിക്കുന്നത്: ധൻകറോ അതോ ബാനർജിയോ?
അല്ലെങ്കിലും, ബാനർജിയും തൃണമൂലും നേരത്തേതന്നെ ധൻകറിനെതിരെ മിമിക്രി കളിക്കാൻ തീരുമാനിച്ചതാണ്. അതിന്റെ കണക്ക് വേറെയാണ്. ഉപരാഷ്ട്രപതിയാകും മുമ്പ് വംഗനാട്ടിലെ ഗവർണറായിരുന്നല്ലോ. അന്നവിടെ, കേന്ദ്രസർക്കാറിനുവേണ്ടി മിമിക്രി കളിക്കാനായിരുന്നു നിയോഗം, ഇവിടെ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതുപോലെ! പക്ഷേ, മമതക്ക് മുന്നിൽ സകല ശ്രമങ്ങളും പരാജയപ്പെട്ടു. ആരിഫ് ഖാനെപ്പോലെതന്നെ, സർവകലാശാല ചാൻസലർ പദവി ഉപയോഗിച്ച് അക്കാദമിക് രംഗത്ത് ‘വിപ്ലവം’ സൃഷ്ടിക്കാനായിരുന്നു ധൻകറും ശ്രമിച്ചത്. ജാദവ്പൂർ സർവകലാശാലയിൽ അതിഥിയായി എത്തിയപ്പോൾ അധ്യാപകരും ജീവനക്കാരുമെല്ലാം ചേർന്ന് ഗേറ്റിൽ തടഞ്ഞു. സർവകലാശാല വി.സിമാരുടെ യോഗം വിളിച്ചപ്പോഴും സദസ്സ് കാലി! ഒരു ‘സംസ്ഥാന ദ്രോഹി’യുടെ അടിമയായി കഴിയാനാകില്ലെന്ന് മുഴുവൻ വി.സിമാരും ഒന്നിച്ച് പ്രഖ്യാപിച്ചു. മമതയുമായുള്ള രാഷ്ട്രീയപോരിൽ പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് വേറെ പണിതരാമെന്ന് പറഞ്ഞ് കേന്ദ്രം ധൻകറിനെ തിരിച്ചുവിളിച്ചത്.
വക്കീലായിരുന്ന കാലത്ത് ജാട്ട് സംവരണത്തിനുവേണ്ടിയും വക്കീലന്മാരെ അവഹേളിച്ചെന്ന കേസിൽ നടൻ ഷാരൂഖ് ഖാന് വേണ്ടിയും കൃഷ്ണമൃഗത്തെ വേട്ടയാടി തൊലിയുരിച്ചെന്ന കേസിൽ നടൻ സൽമാൻ ഖാന് വേണ്ടിയും ഫണ്ട് തിരിമറിക്കേസിൽ ഐ.പി.എൽ ചെയർമാനായിരുന്ന ലളിത് മോദിക്കുവേണ്ടിയും വാദിച്ചിട്ടുണ്ട്. രാജസ്ഥാൻ ബാർ അസോസിയേഷൻ പ്രസിഡൻറുമായിരുന്നു. അതിനിടയിലാണ് രാഷ്ട്രീയം തലക്കുപിടിച്ചത്. ലോക് ദളിലായിരുന്നു തുടക്കം. 1989ൽ പാർലമെന്റിലെത്തി; ചന്ദ്രശേഖർ മന്ത്രിസഭയിൽ സഹമന്ത്രിയുമായി. അതിനിടക്ക് നേതൃത്വവുമായി തെറ്റി; നേരെ കോൺഗ്രസിലേക്ക്. 91ലെ പൊതുതെരഞ്ഞെടുപ്പിൽ അജ്മീറിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, പാർട്ടി കൈവിട്ടില്ല. 93ൽ, നിയമസഭയിലെത്തിച്ചു. 98ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് പിന്നീട് സീറ്റ് കൊടുക്കാഞ്ഞതോടെ പാർട്ടി വിട്ട് ബി.ജെ.പിയിലെത്തി. സുപ്രീംകോടതിയിൽ കേസും കൂട്ടങ്ങളുമൊക്കെയായി കഴിഞ്ഞുകൂടുന്നതിനിടെയാണ് ബംഗാളിൽ ഗവർണർ പണിയേൽപിച്ച് വിട്ടത്. അവിടെ ദൗത്യം പാതിവഴിയിലിരിക്കെ, ‘കിസാൻ പുത്ര്’ എന്ന് ചാപ്പയടിച്ച് നേരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ആ പദവിയിലെ ഒന്നരവർഷത്തെ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണിപ്പോഴത്തെ മിമിക്രി. സുദേഷാണ് ഭാര്യ. മകൾ: കാമന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.