ഭരണരംഗത്തെ സുതാര്യത, നീതിന്യായ നടത്തിപ്പിൽ തെളിവുകൾ സംബന്ധിച്ച നിയമം തുടങ്ങി ഒേട്ടറെ വിഷയങ്ങളിൽ വ്യക്തതയും ന്യായയുക്തതയും ഉൾക്കൊള്ളുന്നതാണ് സുപ്രീംകോടതി ഇൗയിടെ പുറപ്പെടുവിച്ച ‘റഫാൽ കേസ്’ വിധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച പുനഃപരിശോധന ഹരജി പരിശോധിക്കുേമ്പാൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ‘ചോർത്തിയ’ രേഖകൾ പരിഗണിക്കാമോ എന്ന പ്രാഥമിക കാര്യത്തിലാണ് ഇൗ വിധി. പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാറിെൻറ വാദം പരമോന്നത കോടതി തള്ളുകയാണ് ചെയ്തത്. രേഖകൾ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾ അവ അനധികൃതമായിട്ടാണ് സമ്പാദിച്ചത് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ, പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പരിേശാധിക്കരുതെന്ന വാദം പ്രായോഗികമോ സാമാന്യയുക്തിക്ക് ചേരുന്നതോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ എങ്ങനെ ലഭ്യമായി എന്നതല്ല, അവ പ്രസക്തമോ എന്നതാണ് പരിഗണനീയമായിട്ടുള്ളത്. റഫാൽ ഇടപാടിൽ ഇന്ത്യൻ ചർച്ചാസംഘത്തിലെ മൂന്നുപേർ എഴുതിയ കുറിപ്പ്, ഒൗദ്യോഗിക രഹസ്യനിയമ പ്രകാരമുള്ള രഹസ്യമെന്ന പ്രതിരോധ മന്ത്രാലയത്തിെൻറയും ഡെപ്യൂട്ടി സെക്രട്ടറിയുടെയും കുറിപ്പുകൾ എന്നിവയാണ് ‘ചോർത്തിയ’ രേഖകൾ. ‘മോഷ്ടിച്ച’താണെന്നുവെച്ച് ഒരു രേഖയും രേഖയല്ലാതാകില്ല. മോഷ്ടിച്ചതായാലും അല്ലെങ്കിലും ‘ഹിന്ദു’വിലും ‘കാരവനി’ലും പ്രസിദ്ധപ്പെടുത്തിയതാണ് രേഖകൾ. അവ പരിഗണിക്കുമെന്ന കോടതിയുടെ തീരുമാനം നീതിന്യായ നടത്തിപ്പു സംബന്ധിച്ച് വ്യക്തത കൈവരുത്തിയിരിക്കുന്നു. അതിനപ്പുറം, കോടതി തീർപ്പിനെ ശ്രദ്ധേയവും സ്വാഗതാർഹവുമാക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തെയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് ജനാധിപത്യത്തിലുള്ള പ്രസക്തിയെയും അത് ഉയർത്തിക്കാട്ടി എന്നതാണ്. രേഖകൾ പ്രസിദ്ധീകരിച്ച ‘ഹിന്ദു’ പത്രത്തിെൻറ നടപടി ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രസ്താവിച്ചു. ഇത്തരം രേഖകളുടെ പ്രസാധനം വിലക്കുന്ന നിയമങ്ങളൊന്നുമില്ല. ചീഫ് ജസ്റ്റിസിെൻറ നിരീക്ഷണത്തോട് ചേർന്നുനിന്നുകൊണ്ട് ജസ്റ്റിസ് കെ.എം. ജോസഫ്, ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നുതന്നെ എടുത്തുപറഞ്ഞു.
ഭരണസുതാര്യതയുമായി ബന്ധപ്പെട്ടതാണ് റഫാൽകേസ് എന്നുകൂടി ഒാർക്കുേമ്പാൾ ഇൗ വിധിയുടെ അഗാധധ്വനികൾ രാജ്യത്തിെൻറ ഭരണനടത്തിപ്പിനെ ശുദ്ധീകരിക്കാൻ വരെ പോന്നതാണെന്നുകാണാം. തുടക്കംമുതൽ കേന്ദ്ര സർക്കാർ ഇൗ ഇടപാടിലെ വസ്തുതകൾ പുറത്തുവരുന്നത് തടയാനാണ് ശ്രമിച്ചുവന്നിട്ടുള്ളത്. മുൻ സർക്കാർ ഒപ്പുവെച്ച കരാറിൽ വ്യത്യാസം വരുത്തുകയും അതുവഴി വലിയ നഷ്ടമുണ്ടാകുകയും വ്യോമസേനയുടെ താൽപര്യം ഹനിക്കുകയും ചെയ്തു എന്നതാണ് ആരോപണങ്ങളുടെ കാതൽ. വസ്തുതകൾകൊണ്ട് ആരോപണങ്ങളെ നേരിടുകയാണ് ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ടത്. എന്നാൽ, ഒരു വസ്തുതയും പുറത്തുവരരുത് എന്ന ശാഠ്യത്തിലാണ് മോദി സർക്കാർ.
മുൻപരിചയമില്ലാത്ത പാപ്പരായ ഒരു കമ്പനിക്ക് 30,000 കോടിയുടെ കരാർ കൊടുക്കുന്നതിന് സർക്കാറിലെ ഉന്നതർ പ്രത്യേക താൽപര്യെമടുത്തു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് വിമാനങ്ങളുടെ എണ്ണത്തിലും വിലയിലും വരുത്തിയ മാറ്റങ്ങൾ. എന്നാൽ, വിലവിവരം പരിശോധിക്കാൻ പാടില്ലെന്ന് സർക്കാർ നിലപാടെടുത്തു. നടപടിക്രമങ്ങൾ പാലിച്ചെന്ന് കാണിക്കാൻ സർക്കാർ സമർപ്പിച്ച രേഖകൾ പരിഗണിച്ച കോടതി, വില നിർണയത്തിൽ നിലപാടെടുക്കാൻ വിസമ്മതിച്ചു; അന്വേഷണാവശ്യം നിരസിച്ചു. എന്നാൽ, സർക്കാർ നൽകിയ ആ രേഖകൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ഇക്കാര്യം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ ‘ഹിന്ദു’വും മറ്റും പ്രസിദ്ധപ്പെടുത്തിയതോടെ, കോടതിയിൽ പറഞ്ഞ തെറ്റ് തിരുത്താൻ സർക്കാർ അപേക്ഷയുമായെത്തി. മാധ്യമങ്ങളിൽ വന്ന രേഖകളുടെ ആധികാരികത തള്ളാനാവാതെ വന്നപ്പോൾ അവ മോഷ്ടിച്ചതാണ് എന്നായി വാദം. എന്നാൽ , രേഖകളുടെ ഉള്ളടക്കം ഇതിനെയൊക്കെ മറികടക്കുന്ന പ്രാധാന്യമുൾക്കൊള്ളുന്നു. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രതിരോധമന്ത്രാലയമറിയാതെ സമാന്തര ഇടപാട് ചർച്ചകൾ നടത്തി; അഴിമതിവിരുദ്ധ വ്യവസ്ഥകൾ എടുത്തുകളഞ്ഞു. പുറത്തുവന്ന വിവരങ്ങൾ ഇതൊക്കെയാണ്. മാധ്യമങ്ങൾക്കെതിരെ ക്രിമിനൽ നടപടി എടുക്കുമെന്ന് അറ്റോണി ജനറൽ പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയായിരുന്നു. പൊതുജനം അറിയരുതെന്ന് തങ്ങൾ തീരുമാനിച്ച വിഷയങ്ങളിൽ ഔദ്യോഗിക രഹസ്യനിയമം ബാധകമാക്കുന്നതും സുതാര്യതയോടുള്ള ഭയവും സൂചിപ്പിക്കുന്നത് എന്തൊക്കെയോ ഒളിക്കാനുണ്ട് എന്നുതന്നെയാവണമേല്ലാ.
കോടതി ഈ കേസ് തുടർന്ന് പരിശോധിക്കുേമ്പാൾ സർക്കാർ നിലപാടിലെ നിയമസാധുത സംബന്ധിച്ച് വ്യക്തത വരുമെന്ന് കരുതുക. അതേസമയം, ഭരണകർത്താക്കളുടെ ചെയ്തികൾ നിരീക്ഷിക്കാനും പൊതുതാൽപര്യമനുസരിച്ച് അന്വേഷണങ്ങൾ നടത്തി ഭരണവീഴ്ചകളുടെ തെളിവുകൾ കെണ്ടത്താനും മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യവും അവകാശവും അനിഷേധ്യമാണെന്ന് കോടതി ബോധ്യപ്പെടുത്തിയിരിക്കുന്നു. യു.എസിൽ ‘പെൻറഗൺ രേഖകളു’മായി ബന്ധപ്പെട്ട കേസിൽ അവിടത്തെ സുപ്രീംകോടതിയും സർക്കാർ വാദങ്ങൾ തള്ളി മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുകയായിരുന്നു. ജനാധിപത്യത്തെയും ഉത്തരവാദ ഭരണത്തെയും സംരക്ഷിക്കുന്ന നിർണായക വിധിയാണിത്. പൊതുതാൽപര്യമാണ് മാധ്യമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതെന്ന നിരീക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്തംകൂടി വർധിപ്പിക്കുന്നുണ്ടെന്നും എടുത്തുപറയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.