രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലകളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായുള്ള മൂന്നംഗ ബെഞ്ച് ഗോരക്ഷയുടെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ തടയുന്ന പ്രത്യേക നിയമനിർമാണം നടത്തണമെന്ന് പാർലമെൻറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആൾക്കൂട്ടക്കൊലകൾ പോലുള്ള അക്രമസംഭവങ്ങൾ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പരമോന്നത കോടതി ഒാർമിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നാല് ആഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അനുവദിക്കാനാവില്ല. സമൂഹത്തിൽ അരാജകത്വം ഉടലെടുക്കുന്നത് തടയേണ്ടത് സംസ്ഥാനങ്ങളാണ് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരിക്കുന്നു.
ആൾക്കൂട്ടക്കൊലകൾ പ്രത്യേക ജാതിയെയും മതത്തെയും ഉന്നംവെച്ചുള്ള അക്രമങ്ങളാണെന്നും ഭരണഘടനയുടെ 15ാം വകുപ്പ് നിരോധിച്ച മതത്തെയും ജാതിയെയും ലിംഗത്തെയും മറ്റും അടിസ്ഥാനമാക്കിയുള്ള വിേവചനത്തിെൻറ പരിധിയിൽ അതുവരുമെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് േബാധിപ്പിക്കുകയുണ്ടായി. ഗോരക്ഷകഗുണ്ടകളുടെ സംഘടിതാക്രമണങ്ങൾ കർശനമായി തടയണമെന്ന് ജൂലൈ മൂന്നിന് സുപ്രീംകോടതി സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലും നോഡൽ ഒാഫിസർമാരെ നിയമിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും തദ്വിഷയകമായി പരമോന്നത േകാടതി പുറപ്പെടുവിച്ചതാണ്. പക്ഷേ, മുൻ നിർദേശങ്ങൾ നടപ്പാക്കിയതിെൻറ ഒരു തെളിവും കോടതി മുമ്പാകെ വരാത്ത സാഹചര്യത്തിലാണ് പുതിയ കർശനമായ ഉത്തരവ്.
കേരളം, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയൊഴിച്ച് ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലും ഗോവധം കർശനമായി നിരോധിക്കുന്ന നിയമങ്ങളും നിയമലംഘകർക്ക് പരമാവധി കടുത്ത ശിക്ഷ നൽകുന്ന ചട്ടങ്ങളും നിലവിലുണ്ട്. മനുഷ്യൻ മാംസാഹാരത്തിനും തുകലിനും മറ്റുമായി കൊല്ലുന്ന പോത്ത്, ആട് പോലുള്ള മൃഗങ്ങൾക്കില്ലാത്ത ഒരു പ്രത്യേകതയും പശുവിനില്ലെങ്കിലും സവർണ ഹിന്ദുക്കളുടെ ഗോപൂജ മാത്രം മുൻനിറുത്തിയാണ് ഗോവധ നിരോധനം മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലവിൽവന്നത് എന്നുള്ളത് പച്ചയായ സത്യം മാത്രമാണ്. ഒരുവേള വിശ്വാസത്തിെൻറ പേരിൽ ഗോഹത്യ നിരോധിച്ച ഭൂമുഖത്തെ ഒരേെയാരു രാജ്യവും നമ്മുടേതാണ്.
നിരോധിക്കുക മാത്രമല്ല കൈമാറ്റവും കടത്തും വിൽപനയുമടക്കം ഭീകര കുറ്റമായി പ്രഖ്യാപിച്ച് കടുത്ത ശിക്ഷ നടപ്പാക്കിയ രാജസ്ഥാൻ, മധ്യപ്രദേശ്, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. ചിലേടത്ത് വെറും സംശയത്തിെൻറ പേരിൽ ആളുകളെ പിടികൂടി ഒരുവർഷം വരെ ജയിലിലടക്കാനുള്ള ദേശീയ സുരക്ഷാ നിയമവും ഇക്കാര്യത്തിൽ നടപ്പാക്കിയിരിക്കുന്നു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും സാമാന്യ നീതിക്കും നിരക്കാത്ത ഇത്തരം നിയമങ്ങൾ നിലവിലിരിക്കെ അതുപോലും മതിയാവാതെയാണ് വിവിധ പേരുകളിൽ അറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പശുവിനെ കടത്തിയെന്നോ വിറ്റുവെന്നോ കൊന്നുവെന്നോ തിന്നുവെന്നോ ആരോപിച്ച് നിരപരാധികളായ മുസ്ലിം, ദലിത് വിഭാഗക്കാരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു കൊല്ലുന്നത്. ആദ്യമാദ്യം ഒറ്റപ്പെട്ട ആൾക്കൂട്ടക്കൊലകളായിരുന്നെങ്കിൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടപോലെ ഇപ്പോഴത് ആശങ്കജനകമാംവിധം വർധിച്ചിരിക്കുന്നു. ഡെമോക്രസിയെന്നല്ല മോബോക്രസി എന്നാണിതിനെ വിശേഷിപ്പിക്കേണ്ടത്.
രാജ്യത്തെ മനുഷ്യസ്നേഹികളും മതനിരപേക്ഷ സമൂഹവും രാഷ്ട്രാന്തരീയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമെല്ലാം നിരന്തരം പ്രതിഷേധിച്ചിട്ടും ആൾക്കൂട്ട കൊലപാതകങ്ങൾക്ക് അറുതിയുണ്ടാവുന്നില്ല. സംസ്ഥാന സർക്കാറുകളും പൊലീസും ഗോരക്ഷക ഗുണ്ടകളെ സംരക്ഷിക്കുന്നു എന്നതാണവസ്ഥ. മാത്രമല്ല, ഇവ്വിധത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ പേരിൽ ഗോരക്ഷാ നിയമലംഘനം ആരോപിച്ച്, കൊടുംക്രൂരതകളെ ന്യായീകരിക്കാനും മടിയില്ലാതായിരിക്കുന്നു. നിയമവാഴ്ച പാടെ തകർന്നതിെൻറ നേർക്കാഴ്ചയല്ലാതെ മറ്റൊന്നുമല്ല ഇൗ സ്ഥിതിവിശേഷം. ആരെങ്കിലും ഗോക്കളെ കടത്തുകയോ കൊല്ലുകയോ ചെയ്യുന്നതായി ജനക്കൂട്ടം കണ്ടാൽതന്നെ നിയമം കൈയിലെടുക്കാൻ അവർക്കാരാണ് അവകാശം നൽകിയത്? ഇത്തരം ചില തീവ്രവർഗീയ കാര്യങ്ങളിലൊഴിച്ച്, മനുഷ്യനെ പച്ചക്ക് കൊല്ലുന്നത് നോക്കിനിൽക്കാൻപോലും മടിയില്ലാത്തവരാണ് ഗോരക്ഷക ഗുണ്ടകളെന്നോർക്കണം.
പെൺകുട്ടികളെ സംഘംചേർന്ന് പിച്ചിച്ചീന്തുന്നവർ സുരക്ഷിതരായി സ്ഥലംവിടുന്ന സംഭവങ്ങൾ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരിക്കെ, സാാമന്യ മനുഷ്യത്വമോ നിയമലംഘനം തടയാനുള്ള ധർമരോഷമോ അല്ല തീവ്രവർഗീയതയും മതവൈരവും ജാതിവിരോധവും തന്നെയാണ് ക്രിമിനൽ സംഘങ്ങളെ പ്രചോദിപ്പിക്കുന്നതെന്ന് വ്യക്തം. വൈകിയാണെങ്കിലും നിയമവാഴ്ചയുടെ തകർച്ചയിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധക്ഷണിക്കുകയും സത്വര പരിഹാര നടപടികൾ ആവശ്യപ്പെടുകയും ചെയ്ത സുപ്രീംകോടതി അനുപേക്ഷ്യമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്.
കോടതി ഉത്തരവ് എത്ര ഗൗരവത്തോടെയാണ് സർക്കാറുകൾ മാനിക്കുന്നതും നടപ്പാക്കുന്നതുമെന്ന് കാത്തിരുന്നു കാണാം. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹിന്ദുത്വ പ്രീണനത്തിനോ ഭരണഘടനാ ബാധ്യതകൾ നിറവേറ്റുന്നതിനോ ഏതിനാണ് ബി.ജെ.പി സർക്കാറുകൾ മുൻഗണന നൽകുക എന്ന് നാലാഴ്ചക്കുള്ളിൽ അറിയാൻ പോവുന്നു. കോടതിവിധി അംഗീകരിച്ച് എന്ന് വരുത്തിത്തീർക്കാൻ ചില അഭ്യാസങ്ങൾ കാട്ടിക്കൂട്ടുകയല്ലാതെ ഉത്തരവാദിത്തത്തോടും പ്രതിബദ്ധതയോടും കൂടി സുപ്രീംകോടതി ഉത്തരവിെൻറ ചൈതന്യം പ്രതിഫലിപ്പിക്കുന്ന പ്രായോഗിക നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യമാണ് സർവോപരി ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.