സംസ്ഥാന മന്ത്രിസഭ വിവിധ മണ്ഡലങ്ങളിൽ പര്യടനത്തിനെത്തുന്ന നവകേരള സദസ്സ് ഇതിനകം 10 ജില്ലകളും 90ലധികം മണ്ഡലങ്ങളും താണ്ടിയിരിക്കുന്നു. യാത്രക്കിടെ വിവിധ ജില്ലകളിൽനിന്നായി ഇതുവരെ നാലു ലക്ഷത്തിലധികം പരാതികൾ ലഭിച്ചെന്നാണ് കണക്ക്. സദസ്സ് തലസ്ഥാന നഗരിയിൽ അവസാനിക്കുമ്പോഴേക്കും പരാതികളുടെ എണ്ണം ഇനിയും ഏറെ കൂടും. വിവിധ വിഷയങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്താനും നവകേരളം പടുത്തുയർത്തുന്നതിന് അവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമാണ് യാത്രയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും പരാതികൾ പരിഹരിക്കുന്നതിനുള്ള ഒരു അവസരം കൂടിയായാണ് ജനം സദസ്സിനെ കാണുന്നത് എന്നാണ് പരാതിക്കെട്ടുകളുടെ ബാഹുല്യം വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് ജനങ്ങളിൽനിന്ന് ഇത്രമാത്രം ആവലാതികളും പരാതികളും വരുന്നു എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. ഈ പരാതികളൊന്നും ആദ്യമായി നൽകുന്നവയല്ല. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ്‍വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ് സദസ്സുകളിൽ വയോധികരുൾപ്പെടെയുള്ളവർ എത്തുന്നത്. ഉദ്യോഗസ്ഥവൃന്ദം യഥാസമയം ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്നോ പരിഹൃതമാകുമായിരുന്ന പ്രശ്നങ്ങളാണ് പലതും.
ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തു ചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്. എന്താണ് നമ്മുടെ സർക്കാർ ഓഫിസുകളിൽ നടക്കുന്നത്, അവിടെയുള്ള ഉദ്യോഗസ്ഥരുടെ കർമശേഷി എത്രമാത്രം വിനിയോഗിക്കപ്പെടുന്നുണ്ട്, ഒരു പരാതി അല്ലെങ്കിൽ ഫയൽ എങ്ങനെയാണ് നിർജീവമായി പരിഹരിക്കപ്പെടാതെ പോകുന്നത്, ഇവ തീർപ്പാക്കാൻ നിശ്ചിത സമയം ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാന വരുമാനത്തിെൻറ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇതിന് കൃത്യമായ ഒരു ഉത്തരം ലഭിക്കാൻ, മികച്ച സേവനം ലഭിക്കാൻ പൊതു ജനത്തിന് അവകാശമുണ്ട്.
തന്റെ ആദ്യ മന്ത്രിസഭ അധികാരമേറ്റവേളയിൽത്തന്നെ ‘ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഫയൽ കാണുമ്പോൾ മനസ്സിൽ വേണ’മെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരെ ഓർമപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നിർദേശം പൂർണതയിൽ എത്തിക്കാനായിട്ടില്ലെന്ന് അദ്ദേഹം തന്നെ പിന്നീട് തുറന്നുപറഞ്ഞു. ഓരോരുത്തരും പ്രവർത്തിക്കുന്നിടത്ത് ശരിയായ രീതിയിൽ കാര്യങ്ങൾ നിറവേറ്റുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ ചിലർ വീഴ്ചവരുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു അദ്ദേഹം.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകളിൽവരെ എന്താണ് നടക്കുന്നതെന്ന് വിലയിരുത്തി കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് തയാറായില്ലെങ്കിൽ പരാതികളും ആവലാതികളും കുമിഞ്ഞുകൂടുമെന്ന് ഉറപ്പാണ്. പരാതികൾ കൂടുതലായും ഉയരുന്നത് റവന്യൂ, തദ്ദേശ, കൃഷി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ് എന്നാണ് വ്യക്തമാകുന്നത്. ജനന സർട്ടിഫിക്കറ്റ് മുതൽ മരണ സർട്ടിഫിക്കറ്റ് വരെ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഇത്തരം സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. എന്നാൽ, സേവനങ്ങൾ ലഭിക്കുന്നതിൽ അവർ ദയനീയമായി പിന്തള്ളപ്പെടുകയാണ്. ജനങ്ങൾക്ക് എത്രയുംവേഗം കാര്യങ്ങൾ, ആവശ്യങ്ങൾ നടന്നുകിട്ടാനുള്ള സൗകര്യം ചെയ്തുനൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. ചുവപ്പുനാടയിൽ കിടക്കുന്ന ഫയലുകൾ എത്രയെന്ന് പരിശോധിക്കണം. ഭരണനടപടികൾ കാലതാമസമില്ലാതെ അതിവേഗത്തിലാക്കുക എന്നത് വളരെ പ്രധാനമാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ നിലവിലെ സർക്കാർ ഓഫിസ് പോലെ ഈ പരാതി സ്വീകരിക്കലും വൃഥാവിലാകുമെന്നുറപ്പാണ്.
സേവനാവകാശ നിയമം സംസ്ഥാനത്ത് നിലവിൽവന്നിട്ട് 12 വർഷത്തോളമായിട്ടാണ് ഈ അവസ്ഥയെന്നുകൂടി കാണണം. ഓൺലൈൻ സൗകര്യങ്ങൾ വന്നതോടെ നിരവധി സേവനങ്ങൾക്ക് ഓഫിസിൽ പോകേണ്ട കാര്യമില്ല. എങ്കിലും ചുവപ്പു നാടയുടെ കുരുക്ക് പൂർണമായി അഴിക്കാൻ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട് എന്നാണ് ഈ പരാതിലക്ഷങ്ങൾ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർ വിചാരിച്ചാൽ മാത്രമേ ആ കുരുക്കഴിയൂ. കൈക്കൂലി നൽകിയാൽ മാത്രമേ സർക്കാർ ഓഫിസുകളിൽനിന്ന് അർഹമായ രേഖകളും അനുമതികളും ലഭിക്കൂ എന്ന മട്ടിലേക്ക് കൊണ്ടെത്തിക്കുന്നത് കാര്യങ്ങൾ അതിലേറെ ഗുരുതരമാക്കുന്നു. കേരളത്തെ നിക്ഷേപക/സംരംഭക സൗഹൃദ സംസ്ഥാനമാക്കാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം മാറ്റം വരുത്തേണ്ടത് ഓഫിസുകളിലെ മാമൂലുകൾക്കാണ്. സർക്കാർ ഓഫിസുകളിലെ പ്രതിഷേധങ്ങളും ആത്മഹത്യ ശ്രമങ്ങളുമൊക്കെ (ആത്മഹത്യ ഒന്നിനും പരിഹാരമല്ല) സർക്കാർ സംവിധാനത്തോടുള്ള രോഷമാണ് പ്രതിഫലിക്കുന്നത് എന്ന കാര്യവും ഉദ്യോഗസ്ഥർ ഉൾക്കൊള്ളേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.