വേട്ട തുടരും

യു.പി മുസഫർ നഗറിലെ സ്​കൂളിൽ ഒരു അധ്യാപിക വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട്​ വംശീയവെറിയോടെ മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ മനഃസാക്ഷിയുള്ളവരെല്ലാം നെഞ്ചുരുക്കത്തോടെയാണ്​ കണ്ടത്​. അധ്യാപിക എന്ന്​ വിളിക്കപ്പെടാൻ പോലും അർഹതയില്ലാത്തവിധം സകല ബാലനീതിയും മനുഷ്യാവകാശങ്ങളും ലംഘിച്ച ആ വ്യക്​തിക്കെതിരെ കേസെടുക്കാൻ തൊടുന്യായങ്ങൾ പറഞ്ഞ്​ അറച്ചും മടിച്ചുംനിന്ന ഉത്തർപ്രദേശ്​ പൊലീസ്​, വാർത്തകളുടെ വസ്​തുത പരിശോധിക്കുന്ന വെബ്​സൈറ്റായ ‘ആൾട്ട് ന്യൂസി’​െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട്​ കേസെടുത്തിരിക്കുന്നു. ആ മനുഷ്യത്വരഹിത സംഭവത്തി​െൻറ വിഡിയോ മർദനത്തിനിരയായ വിദ്യാർഥിയെ തിരിച്ചറിയുന്നവിധം സമൂഹമാധ്യമമായ ‘എക്സി’ (ട്വിറ്ററി​െൻറ പുതിയ പേര്​)ൽ പങ്കുവെച്ചു എന്നതാണ് സുബൈറിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ബാലനീതി നിയമത്തിലെ 74ാം വകുപ്പ് പ്രകാരമാണ് കേസ്.

തന്റെ ചെയ്തിയിൽ ലവലേശം ലജ്ജയില്ലെന്നാണ് വിദ്യാർഥിയെ മുഖത്തടിക്കാൻ നിർദേശം നൽകിയ അധ്യാപിക പറഞ്ഞത്. വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട്​ തല്ലിച്ചതിനെ ന്യായീകരിച്ച അവർക്ക്​ പിന്തുണയുമായി നാട്ടുകാരും പാർലമെൻറംഗം ഉൾപ്പെടെ ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്​. വിഡിയോ വിവാദമായ സമയത്ത് അധ്യാപികക്കും സ്കൂളിനുമെതിരെ ചില നടപടികൾ വിദ്യാഭ്യാസ അധികൃതർ പറഞ്ഞിരുന്നെങ്കിലും സംഭവിച്ചതെന്തെന്ന്​ വിശദീകരിക്കാൻ സ്കൂളിന് ഒരു മാസത്തെ സമയം നൽകിയിരിക്കുകയാണിപ്പോൾ. അധ്യാപികക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി പേരിനൊരു കേസുമെടുത്തു.

ഈ വിഡിയോ പങ്കുവെച്ച ആദ്യത്തെയോ രണ്ടാമത്തെയോ ആളല്ല സുബൈർ. വിദ്യാർഥിയുടെ ബന്ധു എടുത്തതെന്ന്​ പറയപ്പെടുന്ന വിഡിയോ നിരവധിപേർ നേരത്തേ തന്നെ പങ്കുവെച്ചിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളുടെയും സമൂഹമാധ്യമ പേജുകളിൽ ഈ വിഡിയോ സഹിതമായിരുന്നു വാർത്ത. ചില മുഖ്യധാരാ മാധ്യമങ്ങളും ഇത്​ സംപ്രേഷണം ചെയ്​തു. ഒടുവിൽ വിഡിയോ പങ്കുവെക്കരുതെന്ന് ദേശീയ ബാലാവകാശ കമീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിക്കപ്പെട്ടത്. സുബൈറും ഉടനടി വിഡിയോ പിൻവലിച്ചു. എന്നാൽ, അദ്ദേഹത്തിനെതിരെ മാത്രമാണ് കേസ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. ഏതുവിധവും വിമർശനശബ്ദങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നവർ പിന്നോട്ടുപോകുമെന്ന് കരുതാൻ ന്യായമില്ല. മുൻകാല നടപടികൾ അതാണ് തെളിയിക്കുന്നത്.

സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ്​ സംശയം വേണ്ടാ. വർഷങ്ങളായി സംഘ്പരിവാർ ശക്​തികളുടെയും അവർ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും നോട്ടപ്പുള്ളിയാണ്​ ഇദ്ദേഹം. സംഘ്പരിവാർ കാര്യക്ഷമമായി നടത്തുന്ന പ്രവർത്തനം വിദ്വേഷപ്രചാരണമാണല്ലോ. അത്തരം വ്യാജപ്രചാരണങ്ങളുടെ സത്യാവസ്​ഥ നെല്ലും പതിരും തിരിച്ച്​ പുറത്തുകൊണ്ടുവരുന്നുവെന്നതാണ്​ ഈ ശത്രുതക്ക്​ കാരണം. അതിശക്തരെന്ന്​ സ്വയം നടിക്കുന്ന ഭരണകൂടം ഈ മാധ്യമപ്രവർത്തകനെ എത്രമാത്രം ഭയക്കുന്നു എന്ന്​ ഒരിക്കൽകൂടി വ്യക്​തമാക്കിത്തരുന്നു ഈ കേസെടുപ്പ്​.

പതിറ്റാണ്ടുകൾ മുമ്പ്​ ഇറങ്ങിയ ഒരു സിനിമയുടെ ദൃശ്യം സഹിതം സുബൈർ 2018ൽ പോസ്​റ്റ്​ ചെയ്​ത ഒരു ട്വീറ്റിന്റെ പേരിൽ 2020ൽ കേസെടുത്ത് 2022ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് മറക്കാറായിട്ടില്ല. അറസ്റ്റിന് ഹൈകോടതി പരിരക്ഷയുണ്ടായിട്ടും അന്വേഷണത്തിന് വിളിച്ചുവരുത്തി മറ്റൊരു കേസി​െൻറ പേരിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവിൽ സുപ്രീംകോടതിയാണ് രക്ഷക്കെത്തിയത്. മുഴുവൻ എഫ്.ഐ.ആറുകളും ഒന്നാക്കിയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം നൽകിയത്. കേസുകൾ ഡൽഹി കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കീഴ് കോടതി നിർദേശിച്ച പോലെ സുബൈർ ഭാവിയിൽ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന യു.പി സർക്കാർ അഭിഭാഷകരുടെ വാദവും അന്ന്​ സുപ്രീംകോടതി തള്ളി. പത്രപ്രവർത്തകനോട് എഴുതാതിരിക്കാൻ പറയാനാവില്ലെന്നാണ് പ​രമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലെ മാധ്യമപ്രവർത്തനവും മാധ്യമപ്രവർത്തകരും അതിദയനീയ അവസ്ഥയിലാണെന്നാണ് ലോക മാധ്യമസ്വാതന്ത്ര്യ സൂചിക ഒടുവിൽ ചൂണ്ടിക്കാട്ടിയത്. നിലവിൽ സൂചികയിലെ 180 രാജ്യങ്ങളിൽ 161ാം സ്ഥാനത്താണ് ഇന്ത്യ. ഓരോ തവണയും പട്ടികയിൽ പിറകോട്ട് എന്നതാണ് കഴിഞ്ഞ കുറെ കാലങ്ങളായി ചരിത്രം. അത് വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ നടപടിയും. ഭരണകൂടത്തിന്​ ഇഷ്​ടമില്ലാത്ത വാർത്ത എഴുതുന്നവർക്കും വ്യാജവാർത്തകളുടെ നിജഃസ്​ഥിതി പുറത്തറിയിക്കുന്നവർക്കും നിർഭയമായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമെന്നാൽ ജനാധിപത്യം കടുത്ത അപായ ഭീഷണിയിലാണ്​ എന്നാണർഥം. ഈ അവസ്​ഥയെ മറികടക്കാൻ ഒറ്റക്കെട്ടായി വഴികണ്ടെത്തേണ്ട മാധ്യമസമൂഹം അധികാരശക്തികൾക്ക്​ കീഴൊതുങ്ങാൻ മത്സരിക്കുന്ന ദുരന്തക്കാഴ്​ചക്കുകൂടിയാണ്​ ഇന്ത്യയിന്ന്​ സാക്ഷ്യംവഹിക്കുന്നത്​ എന്നതാണ്​ അതിലേറെ ദയനീയം.

Tags:    
News Summary - Case against Muhammad Zubair of Alt News; The hunt will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.