കൂട്ടുകക്ഷി സർക്കാറിനെ മോദി നയിക്കുമ്പോൾ

കാബിനറ്റ്​ റാങ്കിൽ മുപ്പതും സ്വതന്ത്ര ചുമതലയിൽ (സഹമന്ത്രി) അഞ്ചും സഹമന്ത്രിമാരായി മുപ്പത്താറുമടക്കം 71 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും പൂർത്തിയായതോടെ ന​രേന്ദ്ര ദാമോദർദാസ്​ മോദിയുടെ ​നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യമുന്നണി സർക്കാറിന്‍റെ മൂന്നാംവട്ട ഭരണത്തിന്​ തുടക്കമായിരിക്കുന്നു.

പാർലമെന്‍റ്​ ​​തെരഞ്ഞെടുപ്പിൽ തനിച്ച്​ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന്​ ആന്ധ്രപ്രദേശിലെ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ തെലുഗുദേശം പാർട്ടി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദൾ-യുനൈറ്റഡ്​ എന്നീ പ്രമുഖ കക്ഷികളുമായി ചേർന്നുള്ള കൂട്ടുകക്ഷി സർക്കാറാണ്​ മോദിയുടെ മൂന്നാമൂഴത്തിൽ​. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി യശഃശരീരനായ ജവഹർലാൽ നെഹ്​റുവിനുശേഷം തുടർച്ചയായ മൂന്നാംവട്ടം പ്രധാനമന്ത്രിപദമേറുന്ന ആദ്യ നേതാവാണ്​ നരേന്ദ്ര മോദി.

മൂന്നുവട്ടവും നെഹ്​റു സ്വന്തം കക്ഷിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷത്തിലാണ്​ ഭരിച്ചത്​ എന്ന വ്യത്യാസം മാത്രം. നരേന്ദ്ര മോദിയാവട്ടെ, നേര​ത്തേ മുഖ്യമന്ത്രിപദത്തിലും പിന്നീട്​ പ്രധാനമന്ത്രിയായിരുന്നപ്പോഴും വൻഭൂരിപക്ഷത്തിലുള്ള പാർട്ടിയുടെ നേതാവായാണ്​ അധികാരം കൈയാളിയത്​. അതിനാൽ ഏകഛത്രാധിപത്യത്തിൽ നിന്ന്​ മുന്നണി ഭരണനായകത്വത്തിലേക്കുള്ള മോദിയുടെ മാറ്റം എങ്ങനെയാവും, അതും മുന്നണി രാഷ്ട്രീയത്തിന്‍റെ ചട്ടവട്ടങ്ങളും ചതുരുപായങ്ങളും പയറ്റിത്തെളിഞ്ഞ രണ്ടു പ്രബല രാഷ്ട്രീയ നേതാക്കളുടെ തിണ്ണബലത്തിൽ, എന്നു രാജ്യം കൗതുകപൂർവം ഉറ്റുനോക്കുന്നു.

സ്വയംവാഴ്ത്തിന്‍റെ തൃതീയ പുരുഷാഖ്യാനമൊക്കെ കൈയൊഴിഞ്ഞ്​ ‘മുന്നണി മര്യാദ’ അനുക്രമമായി ശീലി​ക്കാനുള്ള ഒരുക്കത്തിലാണ്​ പ്രധാനമന്ത്രി​യെന്ന്​ മുന്നണി പാർലമെന്‍ററി പാർട്ടിയോഗം മുതൽ സത്യപ്രതിജ്ഞ ചടങ്ങുവരെയുള്ള അദ്ദേഹത്തിന്‍റെ വാക്കും പോക്കും നോക്കി നിരീക്ഷകർ വിലയിരുത്തുന്നു.

ബി.ജെ.പി സ്വന്തം കാലിൽ ഉറച്ചുതന്നെയെന്നും ഒന്നും രണ്ടും ഊഴത്തിന്‍റെ ബാക്കിയോ അതിലും ‘കേമമോ’ ആവും മൂന്നാമത്തേതെന്നും ബോധ്യപ്പെടുത്തുന്ന തരത്തിൽ നിലവിലെ മന്ത്രിപ്രമുഖരെ മിക്കതും അതേ വകുപ്പിൽ തന്നെ പുനഃപ്രതിഷ്ഠിക്കാൻ മോദി ശ്രമിച്ചിട്ടുണ്ട്​; പുതിയ വിജയികളെ കൂടെ കൂട്ടാനും. അതേസമയം, കഴിഞ്ഞ രണ്ടുവട്ട ഭരണത്തിനും കരുത്തും കരുതലുമായി മാറിയ പ്രമുഖ വകുപ്പുകളും സ്പീക്കർ സ്ഥാനവും സഖ്യകക്ഷികൾക്ക്​ വിട്ടുകൊടുക്കാതെ, അപ്രധാനവകുപ്പുകളിൽ അവരെ കുടിയിരുത്തുന്നതിലൂടെ മുന്നണിയായാലും താൻപ്രമാണിത്തം കളയാതെ സൂക്ഷിക്കുമെന്ന സന്ദേശമാണ്​ ബി.ജെ.പി നൽകുന്നത്​.

ന്യൂനപക്ഷ സർക്കാറിനെ ഭൂരിപക്ഷമാക്കി മാറ്റി​യെടുക്കാനുള്ള ഉപായങ്ങളിലേക്കിറങ്ങുമ്പോൾ സ്പീക്കർ പദവിയടക്കം ഇത്രകാലം അകത്തെയും പുറത്തെയും പ്രതിയോഗികളെ മെരുക്കിവഴക്കാൻ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാവും ബി.ജെ.പിയുടെ മൂലധനം.‘ആരുടെ സ്പീക്കറാണോ, അവരുടെ ഭരണം’ എന്ന സൂത്രവാക്യം 1991ൽ 240 എം.പിമാരുമായി അധികാരമേറി, ക്രമത്തിൽ ഭൂരിപക്ഷം ഒപ്പിച്ചെടുത്ത പി.വി. നരസിംഹറാവുവിൽനിന്നു പഠി​ച്ചെടുക്കേണ്ട കാര്യമൊന്നും മോദി-അമിത്​ ഷാ ദ്വയത്തിനില്ല.

മഹാരാഷ്ട്ര, ഗോവ അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരെയും സ്പീക്കർമാരെയും ഉപയോഗിച്ച്​ നിരവധി വാഴ്ത്തലും വീഴ്ത്തലുമൊക്കെ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വേണ്ടത്ര പരീക്ഷിച്ചതാണ്​. സഖ്യകക്ഷികളുടെ ബലക്ഷയങ്ങൾ വെച്ചുള്ള രാഷ്ട്രീയക്കളികൾ ഇനി കൂടുതൽ സജീവമാവാനാണിട. എന്നാൽ, കൊടിയ ഭൂരിപക്ഷത്തിലിരുന്നിടത്തോളം എളുപ്പമാവില്ല കാര്യങ്ങൾ.

കരുത്തുറ്റ ഒരു പ്രതിപക്ഷത്തിന്‍റെ സാന്നിധ്യത്തിൽ ഈ വർഷം മഹാരാഷ്ട്ര, ഝാർഖണ്ഡ്​, ഹരിയാന സംസ്ഥാനങ്ങളിലും അടുത്ത വർഷാദ്യം ഡൽഹിയിലും ബിഹാറിലും നിയമസഭ തെരഞ്ഞെടുപ്പ്​ ജയിച്ചുകയറുക എൻ.ഡി.എയുടെ അഭിമാനപ്രശ്നമാണ്​. അഗ്​നിവീർ​, ജാതിസെൻസസ്​, ഏകസിവിൽ കോഡ്​, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്​, ആന്ധ്രയും ബിഹാറും ആവശ്യപ്പെടുന്ന പ്രത്യേകപദവി തുടങ്ങിയ പ്രശ്നങ്ങളിലൊന്നും തീർപ്പി​ലെത്താൻ അധികകാലം മുന്നണിക്കു മുന്നിലില്ല എന്നർഥം.

വിദ്വേഷം വിതച്ച്​ വിജയം കൊയ്യാമെന്നു കണക്കുകൂട്ടിയ ബി.ജെ.പിയുടെ മുസ്​ലിംവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തെ പ്രധാന സഖ്യകക്ഷികൾ അംഗീകരിക്കാത്തതും എൻ.ഡി.എക്കുമുന്നി​ലെ കടമ്പയാണ്​. മുസ്​ലിം സംവരണത്തിനെതിരെ പടനയിച്ച മോദിക്കും ബി.ജെ.പിക്കും നാലു ശതമാനം സംവരണം നടപ്പാക്കിയ ടി.ഡി.പിയെ ദഹിച്ചിട്ടുവേണം. മറുഭാഗത്ത്​, മുസ്​ലിം അദൃശ്യവത്​കരണം കൂടുതൽ തീവ്രമായി​ മുന്നോട്ടു കൊണ്ടുപോകുന്ന മോദിയുമായുള്ള കൂട്ട്​ സഖ്യകക്ഷികൾക്ക്​ സ്വന്തം തട്ടകങ്ങളിൽ ഭീഷണിയുമാകും. പുതിയ മന്ത്രിസഭയിൽ രാജ്യത്തെ പ്രബല മതന്യൂനപക്ഷമായ മുസ്​ലിംകളുടെ പ്രാതിനിധ്യമില്ലായ്മ ഇതിനകം ചർച്ചയായിക്കഴിഞ്ഞു.

രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു യൂനിയൻ മന്ത്രിസഭ മുസ്​ലിം പ്രതിനിധിയില്ലാതെ അധികാരമേറുന്നതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാനമൊഴിയുന്ന മോദി സർക്കാറിലും രാജ്യസഭ അംഗത്വ കാലാവധി അവസാനിച്ച മുഖ്​താർ അബ്ബാസ്​ നഖ്​വി സ്ഥാനമൊഴിഞ്ഞ ശേഷം ​ആ ഒഴിവ്​ നികത്തിയിരുന്നില്ല. 18ാം ലോക്സഭയിൽ എൻ.ഡി.എയിൽനിന്ന്​ ഒരു മുസ്​ലിം സ്ഥാനാർഥിയും വിജയിച്ചിട്ടില്ല എന്നതു ശരിയാണ്​ (ബി.ജെ.പി രാജ്യത്തുടനീളം ഒരേയൊരു മുസ്​ലിമിനെയാണ്​ മത്സരിപ്പിച്ചത്​ എന്നുമോർക്കണം). എന്നാൽ, ജയിച്ച എം.പിമാരില്ലാത്ത പ്രദേശങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നുമൊക്കെ മന്ത്രിസഭയിൽ ​പ്രാതിനിധ്യം നൽകുന്ന പതിവുണ്ട്​. ഈ മന്ത്രിസഭയിൽ തന്നെ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പിച്ചത്​ അങ്ങനെയാണ്​. ഇനിയുമൊരു മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള ആശ്വാസവാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും മോദിയുടെ നേതൃത്വത്തിൽ​ നടന്ന മുസ്​ലിം വിരുദ്ധ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ തരവും രീതിയും നോക്കുമ്പോൾ മുസ്​ലിം പരിഗണന പടിപ്പുറത്തുതന്നെ കിടക്കാനാണ്​ സാധ്യത.

പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതിചെയ്യുമെന്നു സത്യപ്രതിജ്ഞ ചെയ്താണ്​ മോദിയുടെ നേതൃത്വത്തിൽ പുതിയ എൻ.ഡി.എ സർക്കാർ ഭരണത്തിലേറിയിരിക്കുന്നത്​. ഇന്ത്യൻ ബഹുസ്വരതയുടെ പരിച്ഛേദമായി എൻ.ഡി.എയെ വിശേഷിപ്പിച്ച ന​​രേന്ദ്ര മോദിയും എൻ.ഡി.എ സർക്കാറും അതിൽ ആരെ, എങ്ങനെയൊക്കെ ഉൾക്കൊള്ളും എന്നതിനെ ആശ്രയിച്ചിരിക്കുന്നു, മുന്നണിയുടെയും ഭരണത്തിന്‍റെയും മാത്രമല്ല, രാഷ്ട്രത്തിന്‍റെ തന്നെ സ്വസ്ഥവും സ്വച്ഛവുമായ മുന്നോട്ടുപോക്ക്​.

Tags:    
News Summary - Narendra modi and coalition government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.